കോളേരി (വയനാട്): ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശ് കോളേരിയെ കുറച്ചുദിവസമായി വീടിനുപുറത്ത് കാണാത്തതിനെതുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ചനിലയിലായിരുന്നു. പരിശോധിച്ചപ്പോൾ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിനുശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം.
ചലച്ചിത്രമേഖലയിൽ 37 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാണം, തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നി മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1987ൽ പുറത്തിറങ്ങിയ മിഴിയിതളിൽ കണ്ണീരുമായ് എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് തുടക്കമിട്ടത്.
മറ്റു സിനിമകൾ: അവൻ അനന്തപത്മനാഭൻ (1994), വരും വരാതിരിക്കില്ല, ദീർഘസുമംഗലീഭവ (1988), വലതുകാൽവെച്ച് (2006), പാട്ടുപുസ്തകം (2004). കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: സുനിൽ, ഷീബ, അംബിക, പരേതയായ ഷൈല.