താമരശ്ശേരി: ബൈബിൾ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പിൽ (80) നിര്യാതനായി. തൊടുപുഴക്കടുത്തുള്ള നെടിയശാലയിലെ കാപ്പിൽ ദേവസ്യ- അന്ന ദമ്പതികളുടെ മകനാണ്. പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട്, കുളത്തുവയൽ സ്കൂളുകളിൽ പൂർത്തിയാക്കി. തലശ്ശേരി രൂപതയുടെ മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. ഫിലോസഫി പഠനത്തിനായി മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലും തിയോളജി പഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത ഫിദെ കോളജിലേക്കും അയക്കപ്പെട്ടു. വൈദിക പരിശീലനത്തിനൊടുവിൽ റോമിൽവെച്ച് 1970 മേയ് 17ന് പോൾ ആറാമൻ മാർപാപ്പായിൽനിന്ന് വൈദികപട്ടം സ്വീകരിക്കുകയും മേയ് 17ന് റോമിൽവെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.
1971ൽ മാനന്തവാടി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. 1974 മുതൽ 1977 വരെ തലശ്ശേരി രൂപതയിലെ പെരുംപുന്ന ഇടവകയിൽ വികാരിയായി. തുടർന്ന് ഷീരാടി, നെല്ലിയാടി, നെല്ലിക്കുറ്റി, ചാപ്പൻതോട്ടം, തേക്കുംകുറ്റി, താമരശ്ശേരി, മരുതോങ്കര, തിരുവമ്പാടി, പെരിന്തൽമണ്ണ, മുക്കം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ൽ താമരശ്ശേരി രൂപതയുടെ പ്രൊക്കുറേറ്ററായി സേവനം ചെയ്തു. 1993ൽ പുല്ലുരാംപാറ ബഥാനിയാ സെന്ററിന്റെ ഡയറക്ടർ, 1995ൽ താമരശ്ശേരി രൂപതയുടെ പ്രൊക്കുറേറ്റർ, 2000ൽ കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോം, പി.എം.ഒ.സി, മതബോധനം, ബൈബിൾ അപ്പസ്തോലേറ്റ് എന്നിവയുടെ ഡയറക്ടർ, എപ്പാർക്കിയൽ കൺസൽട്ടർ, ലിറ്റർജി കമീഷൻ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.
2015ൽ വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: സി. മരിയ ജെമ്മ (പരിയാരം), പരേതയായ ചിന്നമ്മ താമരക്കാട്ട് (കല്ലാനോട്), ജോസ് കാപ്പിൽ (തേർത്തല്ലി).
ഞായറാഴ്ച ഉച്ചക്ക് 1.30 വരെ ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിലും രണ്ടു മുതൽ വൈകീട്ട് 5.30 വരെ താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലും തുടർന്ന് രാത്രി 10.30 മുതൽ തലശ്ശേരി അതിരൂപതയിലെ, തേർത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരൻ ജോസ് കാപ്പിലിന്റെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച്, കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.