ആം ആദ്മിയെ കുറ്റിച്ചൂലാക്കുന്ന വിധം
text_fieldsഹിമാചല്‍പ്രദേശിലെ ധര്‍മശാലക്കടുത്ത് ഒരു വിപാസന കേന്ദ്രത്തില്‍ 10 ദിവസത്തെ ധ്യാനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുമ്പ് വിപാസന ധ്യാനത്തിന് വിദേശത്തേക്ക് രഹസ്യയാത്ര നടത്തിയിട്ടുണ്ട്. ധ്യാനം മനസ്സിനെ ഏകാഗ്രവും ശാന്തവുമാക്കുന്നു. വെല്ലുവിളികള്‍ സമചിത്തതയോടെ നേരിടാനും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാനുമെല്ലാം ധ്യാനത്തിലൂടെ മനസ്സിലൊരു മുന്നൊരുക്കം നടക്കുന്നു. യഥാര്‍ഥത്തില്‍ കെജ്രിവാള്‍ ഒരു മുന്നൊരുക്കത്തിലാണ്. ഡല്‍ഹിയിലെന്നപോലെ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കും കോണ്‍ഗ്രസിനും വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
ഗുജറാത്ത്, ഗോവ, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളിലും തന്‍െറ സാന്നിധ്യം ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദുസ്വപ്നമായി തീരാനാണ് കെജ്രിവാള്‍ ആഗ്രഹിക്കുന്നത്. മോദിക്കു പറ്റിയ പ്രതിയോഗിയെന്ന പ്രതിച്ഛായ ദേശീയതലത്തില്‍തന്നെ നേടിയെടുക്കാന്‍ തന്‍െറ സാഹസങ്ങള്‍ വഴി കെജ്രിവാളിന് സാധിച്ചിട്ടുമുണ്ട്.
കെജ്രിവാള്‍ ഒന്നരവര്‍ഷമായി നയിക്കുന്ന സര്‍ക്കാറിന്‍െറയും കുറ്റിച്ചൂല്‍ വിപ്ളവം സൃഷ്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെയും ഡല്‍ഹിയിലെ സ്ഥിതി എന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കൊല്ലാനും മടിക്കില്ളെന്ന് ഡല്‍ഹി മുഖ്യമന്ത്രി വിളിച്ചു പറഞ്ഞത് അടുത്തിടെയാണ്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി ദിവസങ്ങള്‍ ഡല്‍ഹിയെ സ്തംഭിപ്പിച്ചുനിര്‍ത്തി, തെരുവുപോരാളിയെന്ന മുദ്ര സമ്പാദിച്ച കെജ്രിവാള്‍, ഡല്‍ഹിയിലെ ഒൗദ്യോഗിക വസതിക്കു ചുറ്റുവട്ടത്ത് ഏതൊരുവിധ സമരവും പ്രകടനവും നിരോധിച്ചിരിക്കുന്നു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ദൃഢപ്രതിജ്ഞ ബാക്കിനില്‍ക്കേ, മോദി സര്‍ക്കാറും ലഫ്. ഗവര്‍ണറുമായുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിക്ക് ഡല്‍ഹി ഹൈകോടതിയില്‍നിന്ന് വലിയൊരു തിരിച്ചടിയാണ് കിട്ടിയത്. സംസ്ഥാന പദവിയുണ്ടെങ്കിലും ഡല്‍ഹി ഇന്നും കേന്ദ്രഭരണ പ്രദേശംതന്നെയാണെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്. ഗവര്‍ണറാണ് ഭരണാധിപനെന്നും അദ്ദേഹത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും കഴിയേണ്ടതെന്നുമാണ് ഹൈകോടതി വിധി.
ധ്യാനപ്രേരകമായ ഒരുകൂട്ടം കുരുക്കുകള്‍ക്കുള്ളിലാണ് അരവിന്ദ് കെജ്രിവാള്‍. 60ല്‍ മൂന്നുസീറ്റ് മാത്രം ബി.ജെ.പിക്ക് വിട്ടുകൊടുത്ത്, മൂന്നുവട്ടം ഭരിച്ച കോണ്‍ഗ്രസിനെ ‘സംപൂജ്യ’രാക്കി ഡല്‍ഹി നിയമസഭയിലേക്ക് കടന്നുചെന്ന ആം ആദ്മി പാര്‍ട്ടിയുടെ 12 എം.എല്‍.എമാരാണ് ഇതിനകം വിവിധ കേസുകളിലായി അറസ്റ്റിലായത്. അന്യപദവി വിവാദത്തില്‍ 21 എം.എല്‍.എമാരുടെ നിയമസഭാംഗത്വം തുലാസിലാണ്. പാര്‍ലമെന്‍റിന്‍െറ ഉള്ളകങ്ങള്‍ വിഡിയോവിലാക്കി ഇന്‍റര്‍നെറ്റിലേക്ക് തട്ടിയ പാര്‍ട്ടി എം.പി ഭഗവന്ത് മാനിന് പാര്‍ലമെന്‍റില്‍ താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു. മദ്യപിച്ച് സഭയില്‍ എത്താറുള്ള അദ്ദേഹത്തെ ലഹരിമുക്ത കേന്ദ്രത്തിലാക്കണമെന്നാണ് ചില ബി.ജെ.പി-അകാലിദള്‍ എം.പിമാരുടെ ആവശ്യം. മുന്‍കാല അഴിമതിക്കേസുകളില്‍ കുരുക്കി കെജ്രിവാളിന്‍െറ ഉറ്റ സുഹൃത്തുകൂടിയായ രാജേന്ദ്രകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിക്ക് ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്ല.
മോദി-കെജ്രിവാള്‍ പോരിനിടയില്‍ പകരക്കാരനായി ചെല്ലാന്‍ ഒരൊറ്റ ഐ.എ.എസുകാരനും ധൈര്യമില്ല. ഓരോ കേസിലായി സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാറിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ തിണ്ണ നിരങ്ങുകയുമാണ്. അധികാര ത്വരയില്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് മോദി സര്‍ക്കാറിന്‍െറ ചട്ടുകം മാത്രം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ തുടങ്ങിവെച്ച അധികാര വടംവലിയില്‍ കെജ്രിവാളിനെ പീഡിപ്പിക്കാനും അപഹസിക്കാനുമുള്ള ഒരവസരവും ബി.ജെ.പി പാഴാക്കുന്നില്ല.
അഴിമതിക്കെതിരെ ചൂലെടുത്ത് തെരഞ്ഞെടുപ്പിലേക്കിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക്, അതേ സംശുദ്ധതയോടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടവരെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ളെന്നും ജീവന്മരണ പോരാട്ടത്തിനിടയില്‍ പലരുടെ കാര്യത്തിലും കെജ്രിവാള്‍ കണ്ണടച്ചെന്നും നേരത്തേതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അധികാരം കിട്ടിയതിനൊപ്പം ചില ദു$സ്വാധീനങ്ങള്‍ക്ക് അവര്‍ വഴങ്ങിയിരിക്കാമെന്നോ അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാമെന്നോ സംശയിക്കണം. രാഷ്ട്രീയഗോദയില്‍ പുതുമുഖങ്ങളായ എ.എ.പിക്കാര്‍ക്ക് അടിയും തടവും വേണ്ടത്ര വശമില്ല. സംസാരത്തിലും പ്രവൃത്തിയിലും രാഷ്ട്രീയ മെയ്വഴക്കം ശീലിച്ചുവരുന്നതേയുള്ളൂ. ഇത്തരം പോരായ്മകള്‍ക്കിടയിലാണ് പാര്‍ട്ടിക്കാരില്‍ ചിലര്‍ നടത്തിയ മോശം പരാമര്‍ശത്തിന്‍െറ കറകഴുകാന്‍ കെജ്രിവാള്‍ സുവര്‍ണക്ഷേത്രത്തില്‍ പാത്രം കഴുകിയത്. അതിനിടെയാണ് സോമനാഥ് ഭാരതിയെന്ന എം.എല്‍.എ, ഭാര്യയുടെ പീഡനപരാതിയില്‍ അറസ്റ്റിലായത്. പക്ഷേ, ഒന്നര വര്‍ഷത്തിനിടയില്‍ 57ല്‍ 12 എം.എല്‍.എമാര്‍ പലവിധ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായത് അസ്വാഭാവികമാണ്. ആം ആദ്മി പാര്‍ട്ടിക്കാരുടെ കാര്യംവരുമ്പോള്‍ മോദിസര്‍ക്കാറിന് നിയമങ്ങളോട് പൊടുന്നനെ ഉണ്ടാവുന്ന പ്രത്യേകാദരം സംശയിക്കാതെ തരമില്ല. ഇന്ത്യയിലെ മറ്റു നിയമസഭകളിലെല്ലാം കൂടി നാലായിരത്തില്‍പരം എം.എല്‍.എമാരുണ്ട്. അതില്‍ 12 പേര്‍ക്കെതിരെപോലും ഒന്നര വര്‍ഷത്തിനിടയില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നോര്‍ക്കണം.
അഴിമതിയില്‍നിന്നും കള്ളപ്പണത്തില്‍ നിന്നുമൊക്കെ രാജ്യത്തെ ഉയര്‍ത്തിയെടുക്കാന്‍ പോകുന്നുവെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ 281 എം.പിമാരില്‍ 98 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നാണ് അവരവര്‍തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത്. കൊല, അക്രമം, മാനഭംഗം, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങളില്‍ ഒന്നോ അതിലധികമോ ഇവരില്‍ 63 പേര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2011 മുതല്‍ മാനഭംഗക്കേസില്‍ പ്രതിയായി നില്‍ക്കെയാണ് നിഹല്‍ചന്ദ് മേഘ്വാളിനെ മോദി, മന്ത്രിസഭയില്‍ എടുത്തത്.
ഗുജറാത്തില്‍ കടക്കുന്നതിന് കോടതി ഒരിക്കല്‍ വിലക്ക് കല്‍പിച്ച അമിത്ഷാ ബി.ജെ.പി പ്രസിഡന്‍റാവുക മാത്രമല്ല ഉണ്ടായത്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റമുക്തനാക്കപ്പെട്ടു. അതിലെ കൂട്ടുപ്രതികളായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലില്‍നിന്നിറങ്ങി സുരക്ഷിത പുനരധിവാസം നേടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്ന് തെരുവു പോരാളിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി വളര്‍ന്ന അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹിയെ കേന്ദ്രത്തിന്‍െറ ഉരുക്കുമുഷ്ടിക്കുള്ളില്‍നിന്ന് മോചിപ്പിക്കുക ഒട്ടും എളുപ്പമല്ളെന്ന് തിരിച്ചറിയേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ്. ലക്ഷ്യമിട്ട സുതാര്യതയും സംശുദ്ധിയും രാഷ്ട്രീയത്തില്‍ അക്കരപ്പച്ചയാണെന്ന് തിരിച്ചറിയുകയാണ്. ഭരണകൂടങ്ങള്‍ സമ്മാനിക്കുന്ന പലവിധ പീഡകള്‍ക്ക് ഉത്തരം നല്‍കാന്‍ ഒരു പോരാളിയെ കണ്ടത്തെിയ ജനവും നിരാശയിലാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കി നടത്തുന്ന ക്രിയാത്മക നടപടികളും ഭീമന്‍ വൈദ്യുതി ബില്ലില്‍ വന്ന ഇടിവുമൊക്കെ സമാശ്വാസമായി നില്‍ക്കുമ്പോള്‍തന്നെയാണിത്. മോദിയുടെ യോഗാഭ്യാസങ്ങള്‍ക്കും കെജ്രിവാളിന്‍െറ ധ്യാനവേളകള്‍ക്കുമിടയില്‍ ഡല്‍ഹി രാഷ്ട്രീയം മാത്രമല്ല, ഭരണവും കുഴയുന്നു എന്നതാണ് ഇതിനിടയില്‍ യഥാര്‍ഥ ആം ആദ്മികള്‍ നേരിടുന്ന പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.