ഭീകരത തന്നെ!
text_fieldsതെൻറ വീക്ഷണങ്ങൾ പേരുവെച്ചെഴുതാൻ ധൈര്യം കാണിക്കാത്ത ‘മാധ്യമം’ എഡിറ്ററുടെ ‘മറുചിന്ത’ അവരുടെ സി.പി.എം വിരോധത്തിെൻറ വെളിപ്പെടുത്തലാണ്. കേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രവർത്തിച്ചുവരുന്നതും അവർക്കിടയിൽ ഗണ്യമായ സ്വാധീനമുള്ളതുമായ നിരവധി സംഘടനകളുണ്ട്. അവരാരും മാധ്യമം എഡിറ്റർ പ്രതിനിധാനം ചെയ്യുന്ന ‘മുസ്ലിം സംഘടന’കളുടെ ചേരിയിലല്ല എന്ന് ആർക്കാണറിയാത്തത്. ഏഴാം നൂറ്റാണ്ടിലെ ‘പ്രാകൃതബോധ’ത്തിൽനിന്ന് മനുഷ്യസമുദായത്തെ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്ക് നയിച്ച ഇസ്ലാമിനെ പ്രതിനിധാനം ചെയ്യാൻ തീവ്രവാദികൾക്ക് ഒരവകാശവുമില്ല. ഇസ്ലാം മതം എതിർക്കുകയും പോരാടുകയും ചെയ്തത് അത് ആവിർഭവിച്ച കാലഘട്ടത്തിലെ എല്ലാ പ്രാകൃത സംസ്കാരങ്ങൾക്കും എതിരായിട്ടാണ്. ആ ഇസ്ലാമിെൻറ പതാകവാഹകരാകേണ്ടവർ ഇസ്ലാം എന്തിനോടെല്ലാം പോരാടിയോ ആ തിന്മകളെ ആശ്ലേഷിച്ച് നിൽക്കുന്നതിലൂടെ ഇസ്ലാമിനെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഗെയിൽ പദ്ധതിക്കെതിരെ മുക്കത്തിനടുത്ത എരഞ്ഞിമാവിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തത് ആ നാട്ടുകാരായ പാവങ്ങളല്ല. പദ്ധതിക്കുവേണ്ടി ഭൂമി വിട്ടു നൽകേണ്ടവരുടെ വികാരം മുതലെടുത്ത് അവരിൽ ചിലരെ മുൻനിർത്തി എസ്.ഡി.പി.ഐ, സോളിഡാരിറ്റി സംഘടനകൾ ആസൂത്രണം ചെയ്തതാണ് പ്രസ്തുത സംഭവം. വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ‘പ്രവർത്തകരെ’ കൊണ്ടുവന്നാണ് ആസൂത്രിതമായ അക്രമങ്ങൾ നടത്തിയത്. പൊലീസ് നടപടി ഉണ്ടാക്കണമെന്ന ഗൂഢാലോചനയാണ് നടന്നത്. ഗെയിലിെൻറ വാഹനങ്ങളും ഉപകരണങ്ങളും ആക്രമിച്ചു തകർക്കുകയും പൊലീസ് വാഹനത്തിനുനേരെ ആക്രമണം നടത്തുകയും ചെയ്തത്, പുറത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവരാണ്. പൊലീസ് നടപടി വന്നപ്പോൾ സമീപപ്രദേശത്തെ ഒരു വീട്ടിൽ കയറി ഒളിക്കാൻ ശ്രമിച്ച രണ്ടു പേർ കാസർകോട് സ്വദേശികളായിരുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് വഹിച്ചത് എസ്.ഡി.പി.ഐയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുമ്പ് കിനാലൂർ റോഡ് വികസനത്തിനെതിരെ ‘സമര’മെന്ന പേരിൽ അക്രമം സംഘടിപ്പിച്ചതും സോളിഡാരിറ്റിയും കൂട്ടുകാരുമായിരുന്നു. കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ‘പ്രവർത്തകരെ’ സ്ഥലത്തെത്തിച്ചാണ് പൊലീസിനു നേരെ ആക്രമണം നടത്തിയത്. ഒരു സമരകേന്ദ്രത്തിൽ, പൊലീസിനു നേരെ ‘ചാണകം കലക്കിയ വെള്ളം’ ഒഴിച്ച പുതിയ മാതൃകയും അന്നു ജനങ്ങൾ കണ്ടു. നാഷനൽ ഹൈവേ വികസനം, വികസന പദ്ധതികൾ തുടങ്ങി എല്ലാത്തിനെയും എതിർക്കുക, സംഘർഷമുണ്ടാക്കുക അതുവഴി കേരളത്തെ പിറകോട്ടടിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇവർക്കുള്ളൂ. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ച കാലത്ത് ആശങ്കയിലായ ഭൂഉടമകളോടൊപ്പം സി.പി.എം ഉണ്ടായിരുന്നു. അതിെൻറ ഫലമായാണ് ഉമ്മൻ ചാണ്ടി സർക്കാർ സർവകക്ഷി യോഗം വിളിച്ചതും ഭൂമിക്കുള്ള നഷ്ടപരിഹാര തുക ഉയർത്തിയതും. ഗെയിൽ പദ്ധതി വേണ്ട എന്ന മുദ്രാവാക്യം ഒരിക്കലും സി.പി.എം ഉയർത്തിയിട്ടില്ല. ഗെയിൽ പൈപ്പ് ലൈൻ എറണാകുളം, തൃശൂർ ജില്ലകളുടെ പലഭാഗത്തും സ്ഥാപിച്ചുകഴിഞ്ഞു. എറണാകുളം നഗരത്തിൽ വീടുകളിലേക്ക് ‘വാതക’ വിതരണവും ആരംഭിച്ചു. അവിടെയൊന്നും കാണാത്ത ‘ആശങ്ക’ ചിലേടങ്ങളിൽമാത്രം കാണുന്നത് എന്തുകൊണ്ട്?
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2014 ജനുവരി 20 ന് നിയമസഭയിൽ പറഞ്ഞത് ശ്രദ്ധിക്കുക: ‘‘തെറ്റായ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ എതിർപ്പുണ്ടായത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആരും ഇതിനെ എതിർക്കുന്നില്ല’’. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഗെയിൽ പദ്ധതിമൂലം സംസ്ഥാനത്തിന് ഉണ്ടാവാൻ പോകുന്ന നേട്ടങ്ങൾ നിയമസഭയിൽ എണ്ണിയെണ്ണി പറഞ്ഞു. ‘‘മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം വളരെ കുറവായതുമൂലം ഇത് ഹരിത ഇന്ധനം എന്നറിയപ്പെടുന്നു’’ ഇതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
പ്രകൃതി വാതകം ഉപയോഗിച്ച് വ്യവസായ പദ്ധതികളും വൈദ്യുതി പദ്ധതികളും ധാരാളമായി സ്ഥാപിക്കാനാവും. വീടുകളിൽ പൈപ്പ് വഴി പാചകവാതകം നൽകാൻ സാധിക്കും. വാഹനങ്ങൾക്ക് പ്രകൃതിവാതകം ഇന്ധനമായി നൽകാൻ കഴിയുന്നതിലൂടെ അന്തരീക്ഷ മലിനീകരണം വലിയ തോതിൽ തടയാനാവും. പാചകവാതകവും പെേട്രാളിയം ഉൽപന്നങ്ങളും വഹിച്ചുകൊണ്ട് സംസ്ഥാനത്തെ തിരക്കേറിയ നിരത്തുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറികൾ സൃഷ്ടിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനാവും.
ഈ യഥാർഥ വസ്തുതകൾ എപ്പോഴെങ്കിലും മാധ്യമം, മീഡിയവൺ മാധ്യമങ്ങളോ എസ്.ഡി.പി.ഐ, സോളിഡാരിറ്റി തുടങ്ങിയ തീവ്രവാദ സംഘടനകളോ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? പകരം വാതക പൈപ്പുകൾ ‘തീ ബോംബാ’ണെന്നും മനുഷ്യരെ കൂട്ടക്കുരുതിക്ക് കൊടുക്കലാണ് ഈ പദ്ധതിയെന്നും ഗ്രാമീണ ജനങ്ങൾക്കിടയിൽ നുണപ്രചാരണം നടത്തുകയായിരുന്നു ഇക്കൂട്ടർ. പൈപ്പ് ലൈൻ പദ്ധതി സ്ഥാപിക്കുന്ന പ്രദേശങ്ങളിലെ വീടുകളിൽ കയറി ആരും നോട്ടീസ് കൈപ്പറ്റരുതെന്നും നഷ്ടപരിഹാരത്തുക വാങ്ങരുതെന്നും പ്രചരിപ്പിച്ചു. ഒരുവിഭാഗം ആളുകൾ ഈ പ്രചാരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നത് സത്യമാണ്. വിചിത്രമായ ചില സമരമുറകളും ഇക്കൂട്ടർ പ്രദർശിപ്പിച്ചു. എരഞ്ഞിമാവിൽ പദ്ധതിക്കായി അടയാളപ്പെടുത്തിയ ഭൂമിയിൽ ജുമുഅ നമസ്കാരം നടത്തലായിരുന്നു അത്. ‘നമസ്കാരാനന്തരം’ പ്രകടനം ആരംഭിക്കുമെന്നായിരുന്നു ഒരിക്കൽ കേട്ട പ്രചാരണം. ഇതെന്തിനെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ മത ചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്നതിെൻറ ലക്ഷ്യം എന്തായിരുന്നു? ലോകത്തിെൻറ പലഭാഗത്തും തീവ്രവാദ സംഘടനകൾ നടത്തിവരുന്ന പ്രവർത്തന രീതിയാണിതെന്ന് ആരെങ്കിലും പറഞ്ഞുപോയാൽ അവരുടെ മേക്കിട്ടു കയറിയിട്ട് കാര്യമില്ല.
ഇന്ത്യയിലെ മഹാനഗരങ്ങളിൽ പാചകവാതകം വീടുകളിലേക്കും ഹോട്ടലുകളിലേക്കും പൈപ്പ് വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള പ്രധാന പൈപ്പ് ലൈനുകളും വിതരണ പൈപ്പ് ലൈനുകളും ജനനിബിഡമായ നഗരങ്ങളിലെ ഭൂമിക്കടിയിലൂടെയാണ് സ്ഥാപിച്ചിരിക്കുന്നത്. യാഥാർഥ്യം ഇതായിരിക്കെ, ഒരുകൂട്ടം ആളുകൾക്കിടയിൽ നുണപ്രചാരണം നടത്തുകയും അക്രമങ്ങൾ നടത്തി സംഘർഷമുണ്ടാക്കുകയും ചെയ്യുന്നതിെൻറ ന്യായീകരണം എന്താണ്? മാധ്യമം പറയുന്നു: ‘‘ഗെയിൽ വരഞ്ഞിട്ട വഴിയിലൂടെതന്നെ വാതകക്കുഴൽ കൊണ്ടുപോകണമെന്ന പിടിവാശി ഉപേക്ഷിച്ചാൽ അഥവാ അതൊരു നിലക്കും പ്രായോഗികമല്ലെന്നാണെങ്കിൽ മാർക്കറ്റ് വിലനൽകി ഭൂമി നഷ്ടപ്പെടുന്നവരുടെ സമ്മതം നേടിയെടുക്കാൻ തയാറായാൽ പ്രശ്നപരിഹാരം സാധ്യമാണെന്നിരിക്കെ’’... ഈ കാര്യം തുറന്നുപറയാൻ എന്തേ വൈകിപ്പോയി? എരഞ്ഞിമാവിൽ സംഘർഷമുണ്ടാക്കി, ഉദ്ദിഷ്ട കാര്യം നേടാൻ തടസ്സമുണ്ടാവുമെന്ന് കരുതി സത്യം മറച്ചുവെച്ചതോ?
ഏത് വികസന പദ്ധതിയും കുറച്ചുപേർക്ക് പ്രയാസമുണ്ടാക്കിയേക്കും. എന്നാൽ, ബഹുഭൂരിപക്ഷം ജനങ്ങൾക്കും നാടിന് പൊതുവിലും ഗുണകരമാവുന്ന പദ്ധതികളെ കുറച്ചുപേരുടെ വ്യക്തിപരമായ ‘നഷ്ട’ത്തിെൻറ കണക്ക് ഉൗതിവീർപ്പിച്ച് പ്രചരിപ്പിച്ച് തടയുന്നത് ആർക്കുവേണ്ടിയാണ്. ഇപ്പോൾ മാധ്യമം പറയുന്ന ഈ ന്യായം നേരത്തേ പറഞ്ഞിരുന്നെങ്കിൽ, ഒരിടത്തും ഒരു സംഘർഷവും ഉണ്ടാവുമായിരുന്നില്ല. ‘‘രണ്ട് കുരുവെങ്കിലും മുറിയാതെ ഒരു ചക്കയും മുറിക്കാനാവില്ല’’ എന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഓരോ മനുഷ്യജന്മവും അമ്മയുടെ ശരീരത്തിൽനിന്ന് അൽപം രക്തം നഷ്ടപ്പെടുത്തിയാണ് നടക്കുന്നത്. എന്നാൽ, നഷ്ടത്തെക്കാൾ മഹത്തായ നേട്ടവും സംതൃപ്തിയുമാണ് ഇവിടെ സംഭവിക്കുന്നത്.
പുരാണങ്ങളെയും ഇതിഹാസങ്ങളെയും രാഷ്ട്രീയായുധമായി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിനോട് മത്സരിക്കുകയാണ് എസ്.ഡി.പി.ഐയും സോളിഡാരിറ്റിയും. ഇവരുടെ പ്രവർത്തനം മുസ്ലിം സമൂഹത്തിനാകമാനം ആപത്ത് വരുത്തിവെക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ മുഖ്യധാര മുസ്ലിം സംഘടനകളുടെ കൂട്ടത്തിൽ ഇവരെ ആരും ഉൾപ്പെടുത്താത്തത്.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയോട് എന്തു നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കിയിട്ടല്ല, ബി.ജെ.പിയോടുള്ള സി.പി.എം നിലപാട് രൂപവത്കരിക്കുന്നത്. എളമരം കരീമും ജോർജ് എം. തോമസും സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ‘‘വോട്ട് വാങ്ങി’’ എന്ന് മാധ്യമം പറയുന്നു. എന്ത് പ്രതിഫലത്തിനാണ് വാങ്ങിയതെന്ന് വ്യക്തമാക്കണം. വോട്ട് വിൽപന നടത്തിയാലല്ലേ വാങ്ങാൻ പറ്റൂ– അങ്ങനെ വോട്ട് തരാതരംപോലെ കച്ചവടം ചെയ്യുന്നവരാണ് തങ്ങളെന്ന് സമ്മതിക്കുകയാണോ? സി.പി.എമ്മും എൽ.ഡി.എഫും അവരുടെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാറുള്ളത്. വോട്ട് വാങ്ങലും വിൽക്കലും എന്ന പ്രയോഗംതന്നെ അത് ശീലിച്ചവരുടെ ശീലത്തിൽനിന്ന് വരുന്നതാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടിന് മതന്യൂനപക്ഷങ്ങൾക്കിടയിലും ദലിത്–പിന്നാക്ക ജനങ്ങളിലും വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. സി.പി.എം വിരോധംകൊണ്ട് കണ്ണ് മഞ്ഞളിച്ച ‘മാധ്യമം’ സംഘത്തിന് അത് സഹിക്കുന്നുണ്ടാവില്ല. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും വേങ്ങര ഉപതെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനുണ്ടായ മുന്നേറ്റം അവരെ അരിശം കൊള്ളിച്ചിട്ടുണ്ടാവും. ബി.ജെ.പിയും സംഘ്പരിവാറും സർവ സന്നാഹങ്ങളുമായി വന്ന് കേരളത്തിൽ ജിഹാദി– ചുവപ്പ് ഭീകരതയാണെന്ന് ആർത്തുവിളിച്ചപ്പോൾ, നെഞ്ച് വിരിച്ചുനിന്ന് ആ പ്രചാരണത്തെ നേരിട്ടത് കേരളത്തിലെ ഇടതുപക്ഷമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലെ പോലെ ഇടതുപക്ഷം ശക്തമാകാത്തതാണ് സംഘ്പരിവാറിന് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ അവസരം നൽകുന്നത്. കേരളത്തിലും ഇടതുപക്ഷം ദുർബലമായാൽ എന്താവും അവസ്ഥ. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ വർത്തമാനകാല ഇന്ത്യൻ സാഹചര്യം വിസ്മരിക്കാതിരിക്കുക!
(മുൻ വ്യവസായ മന്ത്രിയും സി.െഎ.ടി.യു നേതാവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.