നെല്‍വയലുകളുടെ സംഹാരത്തിന് സർക്കാർ സഹായം
text_fieldsഭൂഗര്‍ഭ ജലം സംരക്ഷിക്കുന്ന രണ്ട് പ്രധാനസംഭരണികളാണ് നെല്‍വയലും തണ്ണീര്‍ത്തടങ്ങളും. ഇവയുടെ മരണമണിയാണ് തണ്ണീർത്തട സംരക്ഷണ നിയമഭേദഗതിയിലൂടെ നിയമസഭയില്‍ ഉയര്‍ന്നത്. 1970ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെൽപാടങ്ങളില്‍ മുക്കാല്‍ ഭാഗത്തിലധികവും കഴിഞ്ഞ 45 വര്‍ഷംകൊണ്ട് നികത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് 2008ല്‍ നെല്‍ത്തട-തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തിെൻറ ഭൂവിസ്തൃതിയില്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും അഞ്ച് ശതമാനമായി അവശേഷിക്കുന്ന കാലത്താണ് പിണറായി സര്‍ക്കാര്‍ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു ഭേദഗതികള്‍ പാസാക്കിയെടുത്തത്. ഭൂസ്വാമിമാര്‍ക്കുവേണ്ടി കേരളത്തിെൻറ പച്ചപ്പ് വിറ്റുതുലക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് നിയമത്തിെൻറ അലകും പിടിയും മാറ്റിപ്പണിയുകയാണ് സര്‍ക്കാര്‍ ചെയ്തത്. നെല്‍വയല്‍ നികത്തുമ്പോള്‍ അരിയുല്‍പാദനം ഇടിയുക മാത്രമല്ല, ജലസുരക്ഷയും തൊഴില്‍ സുരക്ഷയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 2008ലെ നിയമത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കൃത്യമായി നിര്‍വചിക്കുകയും അവയെ പരിവര്‍ത്തനം ചെയ്യുന്നത് തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഭേദഗതിയില്‍ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്നൊരു പുതിയ വര്‍ഗീകരണമുണ്ടാക്കുക വഴി വളഞ്ഞ വഴിയിലൂടെ നെൽപാടങ്ങള്‍ നികത്തിയെടുക്കാനുള്ള ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍.
വിജ്ഞാപനം ചെയ്യപ്പെടാത്ത പ്രശ്നം ഒഴിവാക്കാനുള്ള ലളിതമായ പോംവഴി വിജ്ഞാപനം ചെയ്യുകയാണ്. അധികാരത്തിലെത്തി ആറുമാസത്തിനുള്ളില്‍ ഡാറ്റ ബാങ്ക് പ്രസിദ്ധീകരിച്ച് ഈ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുമെന്നാണ് ഇടതു മുന്നണി ഉറപ്പുനല്‍കിയിരുന്നത്. പ്രകടനപത്രികയില്‍ അത് രേഖാമൂലം പ്രഖ്യാപിക്കുകയും ചെയ്തു. ഡാറ്റ പ്രസിദ്ധീകരണം ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തയാറായി എന്ന് സര്‍ക്കാര്‍ അറിയിക്കുമ്പോള്‍തന്നെ നിരവധി തെറ്റുകള്‍ സംഭവിച്ചതിനെക്കുറിച്ച് മൗനം പാലിക്കുന്നു. പൊതു ആവശ്യത്തിന് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് 2008ലെ നിയമത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു പ്രാദേശിക നിരീക്ഷക സമിതിക്ക് ശിപാര്‍ശ ചെയ്യാനുള്ള അധികാരം. ഈ അധികാരം കേവലം റിപ്പോര്‍ട്ട് ചെയ്യാനുള്ളതുമാത്രമായി ഭേദഗതിയിലൂടെ പരിമിതപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള പ്രാദേശിക ഭരണകൂടത്തിെൻറ അധികാരം എടുത്തുകളയുന്നത് ഭൂമാഫിയക്ക് കടന്നുകയറ്റത്തിനുള്ള ലൈസന്‍സ് നല്‍കലാണ്.
പരിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. തണ്ണീര്‍ത്തടങ്ങള്‍ പാടെ നികത്തി പണിതുയര്‍ത്തിയ ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിെൻറ കെടുതികള്‍ മറക്കരുത്. ഈ വ്യവസ്ഥകളെ ലഘൂകരിച്ചതോടെ നിയമത്തിെൻറ പല്ലും നഖവും തല്ലിക്കൊഴിച്ചു. പൊതു ആവശ്യം എന്തെന്ന് വ്യക്തമാക്കാതിരിക്കുന്നതു വഴി പാടം നികത്തിയെടുക്കാന്‍ ഭൂമാഫിയക്ക് വാതില്‍ തുറന്നിടുകയാണ്. പൊതു ആവശ്യം എന്നതിന് പകരം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നികത്താമെന്നാക്കി ഭേദഗതി സി.പി.ഐ അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരളം ഏറെ പ്രതീക്ഷിച്ചു. നിയമം അവതരിപ്പിച്ച മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനോട് അൽപമെങ്കിലും നീതി പുലര്‍ത്താന്‍ ഇ. ചന്ദ്രശേഖരന് കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. എന്നാല്‍, ഈ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഉച്ചിക്ക് െവച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുന്ന അപരാധത്തില്‍നിന്നു മുഖംരക്ഷിക്കാന്‍ സി.പി.ഐ നടത്തിയ നാടകമായിരുന്നു ഇതെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. വോട്ടെടുപ്പ് നടത്തിയപ്പോള്‍ കാലുമാറി അവര്‍ കേരളത്തെ വഞ്ചിച്ചു.
ഒരു കുറ്റകൃത്യത്തിൽ പങ്കില്ലെങ്കില്‍ പോലും അറിവുള്ള കാര്യം അധികൃതരില്‍നിന്ന് മറച്ചുവെക്കുന്നവര്‍ക്ക് എതിരെ പോലും നിയമനടപടി എടുക്കാവുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍, വയല്‍ നികത്തുന്നത് കരയില്‍ കണ്ടുനില്‍ക്കാന്‍ മാത്രമേ ഇനി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കഴിയൂ. തിരുവനന്തപുരത്ത് താമസിക്കുന്ന കവയിത്രി സുഗത കുമാരിയും എറണാകുളം ജില്ലയില്‍ താമസക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ. പ്രസാദുമൊക്കെയാണ് സൈലൻറ് വാലിയില്‍ അണക്കെട്ട് വരാതിരിക്കാന്‍ സമരം ചെയ്യാന്‍ എത്തിയത്. സങ്കടം അനുഭവിക്കുന്നവര്‍ മാത്രം പരാതിയുമായി വന്നാല്‍ മതിയെന്ന പുതിയ വ്യവസ്ഥ ലക്ഷണമൊത്ത ഫാഷിസമാണ്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിയമപോരാട്ടത്തെ കൂടി ഒരു മുഴം മുേമ്പ എറിഞ്ഞ് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇരയാകുന്നവര്‍ പരാതി നല്‍കണമെങ്കില്‍പോലും 500 രൂപ കെട്ടിെവക്കേണ്ടി വരുന്നു. പത്തു രൂപ അടച്ചാല്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കാവുന്ന നാട്ടിലാണ് അമ്പതിരട്ടി തുക അടച്ചു പരാതി നല്‍കേണ്ടിവരുന്നത്.
ആറുമാസം മഴയും 44 നദികളുമുണ്ടായിട്ടും നമ്മുടെ സംസ്ഥാനം കുടിവെള്ളക്ഷാമംമൂലം പലപ്പോഴും വിഷമിക്കാറുണ്ട്. മികച്ച ജലസംഭരണിയായി പ്രവര്‍ത്തിക്കുന്നതാണ് പാടങ്ങളും തണ്ണീർത്തടങ്ങളും. നെല്‍കൃഷി വർധിച്ചുവെന്ന് വ്യാപക പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ തോതും ഉൽപാദനവും ഉൽപാദനക്ഷമതയും കുത്തനെ ഇടിയുന്നു എന്നാണ് സാമ്പത്തിക സർവേ പുറത്തിറക്കിയ കണക്കുകള്‍.
വരും തലമുറക്കുവേണ്ടി പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായി മാറേണ്ടവരാണ് നമ്മളെന്നു സ്റ്റോക്ഹോം കണ്വെന്ഷെൻറ അടിസ്ഥാന പ്രമാണം. ‘ഹരിത കേരള’ത്തിെൻറ പേര് പറഞ്ഞു അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ച ദിനം എന്നപേരിലായിരിക്കും 2018 ജൂണ്‍ 25 ചരിത്രത്തില്‍ അടിയാളപ്പെടുത്തുക. നെല്‍വയല്‍ സംഹാര നിയമത്തിനെതിരെ പ്രതിപക്ഷം അവസാന നിമിഷം വരെ സര്‍വശക്തിയും ഉപയോഗിച്ചു എതിര്‍ത്തുനിന്നു. അംഗബലംകൊണ്ട് നിയമസഭയില്‍ ഇടതുപക്ഷം മറികടന്നെങ്കിലും നീതിന്യായ കോടതിയിലേക്കും ജനങ്ങളുടെ കോടതിയിലേക്കും ഇറങ്ങുകയാണ് ഞങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.