ഇൗ ധാർഷ്ട്യത്തിനു മാപ്പില്ല
text_fieldsമൂന്നാറിലെ പൊമ്പിെളെ ഒരുമൈയെക്കുറിച്ച് മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമർശം കേരളത്തിൽ സവിശേഷമായി ചർച്ച ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി മാത്രമല്ല, അതിൽ കൂടുതൽ മുഖ്യധാരയിലുള്ള തൊഴിലാളിവർഗ പാർട്ടിയിലെ ഒരു നേതാവാണ് അദ്ദേഹം. തീർന്നില്ല, ഉത്തരവാദപ്പെട്ട മന്ത്രിയുമാണ്. ഇക്കാര്യങ്ങളുടെ മുഴുവൻ പശ്ചാത്തലവും സംഗതമാണ്. അതു കൊണ്ടുതന്നെ ഈ പരാമർശത്തിനു പശ്ചാത്താപമായി അദ്ദേഹം മാപ്പുപറയണം, രാജിവെക്കണം, അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്നീ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. ശരിയാണ്, ഇതു മൂന്നും നടക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് അദ്ദേഹം മൂന്നാറിലെത്തി ആ തൊഴിലാളി സ്ത്രീകളോടു മാപ്പു പറയണം. കാരണം, ആ സ്ത്രീകളുടെ മുന്നിലുള്ള അദ്ദേഹത്തിെൻറ മാപ്പുപറച്ചിൽ കേരളത്തിലെ സ്ത്രീസമൂഹം അർഹിക്കുന്നുണ്ട്.
കേരളത്തിലെ പൊതുമണ്ഡലത്തിൽ സമരം ചെയ്യുന്ന സ്ത്രീകൾ തുടർച്ചയായും പരസ്യമായും നിരന്തരമായി അപമാനിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നതാണ് സമീപകാലാനുഭവങ്ങൾ. എന്തുകൊണ്ടിങ്ങനെ? പണ്ടും കേരളീയ പൊതുബോധം അത്രക്കൊന്നും സ്ത്രീപക്ഷമായല്ല ചിന്തിച്ചിരുന്നത്. ഓരോ സ്ത്രീപ്രശ്നത്തെയും പൊതുമണ്ഡലം ഉപയോഗിച്ച രീതി നോക്കിയാൽ അതു വ്യക്തമാണ്. ഉദാഹരണമായി തങ്കമണി സംഭവം. അതിക്രമത്തിനു കാരണമായ ഭരണത്തെ മറിച്ചിട്ടുകൊണ്ടാണ് അടുത്ത ഭരണം കയറുന്നത്. തങ്കമണിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ സ്ത്രീകൾ പ്രതികരിക്കാൻ സന്നദ്ധരായി. തദ്ദേശവാസികളായ സ്ത്രീകളല്ല, കേരളീയ പൊതുമണ്ഡലത്തിലെ സ്ത്രീകൾ. അതിനു കാരണമായ സർക്കാറിനെ അടുത്ത തവണ ആവർത്തിക്കാതിരിക്കുന്നതിലാണ് ഇതെത്തിച്ചതെന്നു കാണാം.
തുടർന്നുവന്ന സൂര്യനെല്ലിക്കേസിലും ഐസ്ക്രീം പാർലർ കേസിലും ഉഷ സംഭവത്തിലും ഇതുതന്നെ ആവർത്തിച്ചു. സൂക്ഷ്മമായി പിന്തുടർന്നാൽ മനസ്സിലാക്കാവുന്ന ഒരു കാര്യം നിലവിലുള്ള പ്രതിപക്ഷം ഏറ്റുപിടിക്കുന്ന സ്ത്രീ പ്രശ്നമാണ് മിക്കപ്പോഴും തെരഞ്ഞെടുപ്പിനെ മുൻനയിക്കുന്ന ഒരു പ്രധാന അജണ്ട. കഴിഞ്ഞ തവണത്തെ ജിഷ കേസും സരിത പ്രശ്നവും ഇത്തരത്തിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പക്ഷേ, തുടർച്ചയായി സ്ത്രീകളെ അവഹേളിച്ച് റെക്കോഡ് സൃഷ്ടിക്കുന്ന ഒരവസ്ഥ ഇപ്പോൾ സംജാതമായിരിക്കുന്നു. ഒരു സംഭവത്തിലല്ല, തുടർച്ചയായി സ്ത്രീകൾ അവമതിക്കപ്പെടുന്നു. പൊതു / പെരുവഴികളിൽ സ്ത്രീകൾ നേരിടുന്ന അപമാനത്തിന് വളരെ കൃത്യമായും സ്ത്രീവിരുദ്ധതയുടെ ഒരു പരോക്ഷ രാഷ്ട്രീയമുണ്ട് എന്നുതന്നെ വേണം തിരിച്ചറിയാൻ.
പെണ്ണുങ്ങൾ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. അവർ പുറത്തെ സമരങ്ങളെ നയിക്കാനും നേതൃത്വം നൽകാനും തുടങ്ങി. കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടായ സമരങ്ങൾ സ്ത്രീകളുടെ മുൻകൈയിൽ ആയിരുന്നു. പ്ലാച്ചിമട തൊട്ടുള്ളത് പരിശോധിക്കുക. ഒത്തുതീർപ്പില്ലാതെ നീതിക്കുവേണ്ടിയുള്ള സമരങ്ങളെ സ്ത്രീകൾ നെഞ്ചോടുചേർത്തതു കാണാം. പൊമ്പിെളെ ഒരുെമെയുടെ മൂന്നാർ സമരമാകട്ടെ, മുഖ്യധാര തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ഒന്നാകെ പ്രശ്നവത്കരിച്ചു. സി.കെ. ജാനു ആദിവാസിപ്രശ്നത്തിൽ കേരളീയ പൊതുസമൂഹത്തിന് എങ്ങനെ ജാഗ്രതയുണ്ടാക്കിയോ അതിലധികമായ തിരിച്ചറിവുകളിലേക്കാണ് കേരളീയ പൊതുസമൂഹത്തെ മൂന്നാറിലെ സ്ത്രീസമരം തള്ളിമറിച്ചിട്ടുകളഞ്ഞത്.
അതോടൊപ്പംതന്നെ മൂന്നാർ അവിടെ നടന്ന കൈയേറ്റങ്ങളെ പ്രതി എപ്പോഴും നിലനിൽക്കുന്ന ഭരണകൂടത്തെ പ്രശ്നവത്കരിച്ചുകൊണ്ടിരുന്നു. അതൊരു ഇടതുപക്ഷ പാർട്ടി ഓഫിസാകാം, ഒരു കുരിശാകാം. എന്തായാലും കൈയേറ്റ രഹസ്യങ്ങളിലേക്കുള്ള താക്കോൽപ്പഴുതുകൾ ആയിരുന്നു. സുരേഷ് കുമാർ നയിച്ച കൈയേറ്റവിരുദ്ധ ഔദ്യോഗിക നീക്കങ്ങളിൽനിന്ന് ഇന്നത്തെ ശ്രീറാം വെങ്കിട്ടരാമൻ നയിക്കുന്ന നീക്കം വരെ നേരിട്ട പ്രതിരോധം ശ്രദ്ധിച്ചാൽ അതു വ്യക്തമാകും. ശ്രീറാമിനെ ഊളമ്പാറക്ക് അയക്കണമെന്നു തോന്നുന്നതും മൂന്നാർ സമരം നയിച്ച സ്ത്രീകൾക്കെതിരെ സദാചാരപരമായ അപവാദ പ്രചാരണം നടത്തുന്നതും ഒരേ അധികാര കേന്ദ്രമാണ്. അവിടെയാണ് മന്ത്രി എം.എം. മണി ഒരു പ്രതീകമാകുന്നത്.
ആണധികാരം എങ്ങനെയാണ് പരിസ്ഥിതി വിരുദ്ധമാകുന്നത് എന്നതിെൻറകൂടി ഉദാഹരണമാണ് മണിയുടെ പ്രസ്താവനകൾ. മണ്ണ് എക്കാലത്തും മനുഷ്യരെ നി ർ ണയിച്ചുകൊണ്ടിരിക്കുന്നു. മണിയാകെട്ട, അദ്ദേഹം എവിടെ ഏതു ജാതിയിൽ ജനിച്ചു എന്നതിനപ്പുറം തികച്ചും നാഗരിക സവർണ ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് ഒരേ സമയം പെണ്ണിനും മണ്ണിനും എതിരാണ്. ജനാധിപത്യത്തിൽ ഏതു മന്ത്രിയും പാലിക്കേണ്ട മര്യാദകൾക്കു പുറത്താവുകയാണ് നിർഭാഗ്യവശാൽ മണിയെപ്പോലൊരാളുടെ ധാർഷ്ട്യത്തോടെയുള്ള ഭാഷയും നിലപാടുകളും. അത് ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണത്. അതിനാൽ എം.എം. മണി മാപ്പുപറഞ്ഞ് രാജിവെച്ചു പോവുകതന്നെ വേണം. അത് അദ്ദേഹത്തിെൻറ വാക്കിൽ വന്ന പിഴവാണെങ്കിൽപോലും അതിനു മാപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.