രാഷ്ട്രീയമായ ഉണര്‍വുകള്‍
text_fields
ഇന്ത്യയിലെമ്പാടും കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിൽ രാഷ്ട്രീയമായ പുനർചിന്തനങ്ങൾ ഇടത്തരക്കാര്‍ക്കും തൊഴിലാളികള്‍ക്കും പാർശ്വവത്കൃതര്‍ക്കും ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. മോദിസര്‍ക്കാർ അധികാരത്തിൽ വന്നത് എങ്ങനെയാണെന്ന് ഇന്നെല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. അതിനു ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച തന്ത്രങ്ങളുമായി ഒരേസമയം ചില സാമ്യങ്ങളും വൈരുധ്യങ്ങളുമുണ്ട്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നത് നിരന്തരമായ സാമ്പത്തികവിമര്ശനങ്ങളിലൂടെയും വംശീയ-^വിഭാഗീയ രാഷ്ട്രീയത്തെ അതിെൻറ യുക്തിപരമായ അതിരുകളിലേക്ക് പരമാവധി വ്യാപിപ്പിച്ചുകൊണ്ടുമായിരുന്നു. ഒബാമയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്നെയും നിലപാടുകളിലെ അൽപമെങ്കിലും പുരോഗമനപരമായ ഉള്ളടക്കംപോലും അമേരിക്കൻ സാമൂഹിക സംവിധാനത്തിെൻറ പരമ്പരാഗത നിലപാടുകളില്‍നിന്നുള്ള വ്യതിയാനമാണ് എന്നതായിരുന്നു ട്രംപിെൻറ സാമ്പത്തിക വിമര്ശനത്തിെൻറ കാതല്‍.
ഒബാമയുടേതിനെക്കാൾ കടുത്ത വലതുപക്ഷ നയങ്ങളാണ് ആവശ്യം എന്നതായിരുന്നു ട്രംപിെൻറ സമീപനം. ആ രാഷ്ട്രീയം ഒട്ടും മറയില്ലാതെ മുന്നോട്ടുെവച്ചുകൊണ്ടാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിെൻറ നയങ്ങള്‍ക്കെതിരെ പൊതുവിൽ ഉണ്ടാവുന്ന വിമര്‍ശനങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തെ എതിര്‍ത്ത വിഭാഗങ്ങളില്‍നിന്ന് തന്നെയാണ്. കൂടാതെ അത്തരം നയങ്ങൾ പ്രാവര്‍ത്തികമാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആദ്യം അദ്ദേഹത്തെ പിന്തുണച്ച വിഭാഗങ്ങള്‍ക്കിടയിലും അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ട്രംപ് മുന്നോട്ടുെവച്ച വംശീയ ദേശീയ മുദ്രാവാക്യവും നടപ്പാക്കുന്നതിനുള്ള പ്രായോഗിക അജണ്ടകള്തന്നെയാണ് അമേരിക്കൻ സര്‍ക്കാർ ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ, മോദി അധികാരത്തിലെത്തിയത് ഇത്തരത്തിൽ തുറന്ന ഒരു നിലപാടിലൂടെയല്ല. മന്മോഹൻ സിങ്ങിെൻറ കാലത്തെ സാമ്പത്തിക നയങ്ങൾ നിയോലിബറൽ ഉള്ളടക്കമുള്ളവയായിരുന്നു. മോദിയും ബി.ജെ.പിയും ഈ നയങ്ങളുടെ നിതാന്ത വിമര്‍ശകരായിരുന്നു. വേദികളിലും സമൂഹമാധ്യമങ്ങളിലും നരേന്ദ്ര മോദി കോൺഗ്രസിെൻറ സാമ്പത്തികനയങ്ങളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. പെട്രോൾ വിലവര്‍ധനയായാലും ആധാറായാലും അവശ്യസാധനങ്ങളുടെ വിലക്കയറ്റം ആയാലും അതിനെതിരെയുള്ള വിമര്‍ശനങ്ങൾ മോദി ഉയര്‍ത്തിയിരുന്നു. തെൻറ സ്വന്തം വംശീയ ദേശീയ അജണ്ടയിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ നിയോലിബറൽ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നുവെന്ന പ്രതീതിയാണ് മോദി സൃഷ്ടിച്ചത്. വലിയൊരു വിഭാഗം ജനങ്ങളെ ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് സാമ്പത്തികരംഗത്ത് വ്യത്യസ്തമായ നയമായിരിക്കും മോദി കൊണ്ടുവരുക എന്ന പ്രതീക്ഷ തന്നെയായിരുന്നു.
അതിനുള്ള പ്രധാന കാരണം മന്മോഹന് എതിരെയുള്ള, അദ്ദേഹത്തിെൻറ സാമ്പത്തികനയങ്ങളെ കേന്ദ്രീകരിച്ചുള്ള, മോദിയുടെ അവിരാമമായ ആക്രമണങ്ങളായിരുന്നു. ഒരു വശത്ത് ഭൂരിപക്ഷ മതവാദവും മറുവശത്ത് മന്മോഹെൻറ വലതുപക്ഷ നയങ്ങള്‍ക്കെതിരെയുള്ള നിലപാടുകളും എന്ന ഇരട്ടത്തന്ത്രം മോദി ഫലപ്രദമായി ഉപയോഗിച്ചുവെന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാന്‍കഴിയും. ട്രംപില്‍നിന്ന് വ്യത്യസ്തമായി മോദി വംശീയ ദേശീയതയോടൊപ്പം ചേര്‍ത്തുവെച്ചത് കൂടുതൽ ശക്തമായ വലതുപക്ഷ നയങ്ങളല്ല, മറിച്ച് അവയുടെ അയവില്ലാത്ത വിമര്‍ശനമായിരുന്നു. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍പോലും നടപ്പാക്കാൻ കൂട്ടാക്കാത്ത പുരോഗമനപരമായ സാമ്പത്തിക നയങ്ങൾ ഭരണത്തിലെത്തിയാൽ അദ്ദേഹം സ്വീകരിക്കും എന്ന തോന്നൽ വലിയൊരു വിഭാഗം ജനങ്ങളിൽ ശക്തമായിരുന്നു.
എന്നാൽ, അധികാരത്തിലെത്തിയ മോദിജനങ്ങള്ക്ക് നല്കിയ അമിത പ്രതീക്ഷകളെ (ഒട്ടും അത്ഭുതപ്പെടാനില്ലാത്ത വിധം) പുറംകാല്‍കൊണ്ട് അടിച്ചുതെറിപ്പിക്കുകയായിരുന്നു. അപ്പോഴേക്ക് മോദിയുടെ വംശീയ ദേശീയ അജണ്ട നടപ്പാക്കുന്നതിനു വിവിധ പേരുകളിൽ ആയിരക്കണക്കിന് ഹിന്ദുത്വ ഗുണ്ടാസംഘങ്ങൾ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. അവരുടെ ആക്രമണങ്ങൾ പലസ്ഥലങ്ങളിൽ പലരൂപത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ആശയങ്ങള്‍കൊണ്ട് ആയുധമണിഞ്ഞവർ ആള്‍ക്കൂട്ടങ്ങളായി പല ഇടങ്ങളിലും പലരൂപത്തിൽ ആ വംശീയരാഷ്ട്രീയത്തിന് നീതീകരണങ്ങൾ കണ്ടെത്താൻതുടങ്ങി. കൽബുര്‍ഗിയും ഗൗരി ലങ്കേഷും ധാഭോൽകറും പന്‍സാരെയും ഒക്കെ നിഷ്കരുണം കൊല്ലപ്പെട്ടു. നിരവധി മുസ്ലിം മതവിശ്വാസികൾ കൊല്ലപ്പെടുകയോ ആള്ക്കൂട്ടത്തിെൻറ മതതീവ്രവാദത്തിെൻറ ഇരകളായി ആക്രമിക്കപ്പെടുകയോ ചെയ്തു. ഉനയിലും മറ്റനേകം ഗ്രാമങ്ങളിലും ദലിത് വിഭാഗങ്ങൾ ക്രൂരമർദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാവുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ബി.ജെ.പി അധികാരത്തില്‍വന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ലെജിറ്റിമസി ലഭിക്കുകയായിരുന്നു. അതൊരു വികേന്ദ്രീകൃത ഹിന്ദുത്വ രാഷ്ട്രീയമായി നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. അതിനുവേണ്ടിയുള്ള സന്നദ്ധസംഘങ്ങൾ ഏതാണ്ട് ഇന്ത്യയിലുടനീളം വിന്യസിക്കപ്പെട്ടിരിക്കുന്നു. അവർ ഒാരോ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടുന്നു. മോദിയാവട്ടെ, ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍പോലും തയാറാവാതെ, അന്താരാഷ്ട്ര തലത്തിൽ സ്വന്തം പ്രതിച്ഛായ നിർമിതിയിലേക്കും ആഭ്യന്തരരംഗത്ത് കടുത്ത നിയോലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്ന തിരക്കിലേക്കും സുരക്ഷിതനായി പിന്മാറിയിരുന്നു. കേവലമായ മൂലധന താൽപര്യങ്ങള്മാത്രം മുന്‍നിര്‍ത്തിയുള്ളതും അതില്‍തന്നെ തെൻറ സുഹൃദ്വലയത്തിലുള്ള വിഭാഗങ്ങള്‍ക്ക് വിശേഷിച്ചും വഴിവിട്ട ആനുകൂല്യങ്ങൾ സംഭാവന ചെയ്യുന്നതുമായ നിലപാടാണ് മോദിയുടേതെന്നു ശക്തമായ ആരോപണങ്ങൾ ഉയര്‍ന്നുകേള്‍ക്കാൻ തുടങ്ങി. ആദ്യമൊക്കെ ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞവര്പോലും ക്രമാനുഗതമായി അതിലെ സത്യാവസ്ഥ അന്വേഷിക്കാൻ നിര്‍ബന്ധിതരാവുന്ന സ്ഥിതിവിശേഷം സംജാതമായി.
ഇത്തരം സംഭവങ്ങൾ ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും അത് മാധ്യമങ്ങളോ മറ്റു രാഷ്ട്രീയ പാര്ട്ടികള്പോലുമോ വലിയ ചര്‍ച്ചയാക്കിയിരുന്നില്ല. എന്നാൽ, സാമ്പത്തിക മേഖലയിൽ അടിക്കടിയുണ്ടായ പരാജയങ്ങൾ മധ്യവർഗങ്ങള്‍ക്കിടയിൽ മോദിയുടെ സാമ്പത്തിക നയങ്ങളെക്കുറിച്ചു പുതിയ സംശയങ്ങൾ ജനിപ്പിച്ചു. അനിയന്ത്രിതമായ അവശ്യസാധനങ്ങളുടെ വിലക്കയറ്റം, അഭൂതപൂര്‍വമായ രീതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോൾ വിലവർധന, ജനജീവിതവും സമ്പദ്വ്യവസ്ഥയും താറുമാറാക്കിയ ഡീമോണിറ്റൈസേഷന്, ജി.എസ്.ടി സൃഷ്ടിച്ച അനിശ്ചിതത്വവും മറ്റു സാമ്പത്തിക പ്രത്യാഘാതങ്ങളും, ബാങ്കിങ് മേഖല അതിെൻറ എല്ലാ സേവനപരതയും ഉപേക്ഷിച്ചു കേവലം ഉപഭോക്തൃ ചൂഷണ സംവിധാനങ്ങൾ മാത്രമായി പരിണമിക്കുന്നത്, ഗിമ്മിക്കുകള്‍ക്ക് അപ്പുറം പോവുന്ന ഒരുവിധ ദേശീയ വികസനപദ്ധതികളും ആവിഷ്കരിക്കപ്പെടാതിരിക്കുന്നത്, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനവിരുദ്ധ സാമ്പത്തിക തിക്തതകൾ ക്രമാനുഗതമായി മധ്യവർഗത്തെ മോദിയില്‍നിന്ന് അകറ്റുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പാർശ്വവത്കൃതരുടെ ദുരിതങ്ങൾ ഇതേ നയങ്ങളുടെ ഫലമായി ശതഗുണീഭവിക്കുകയും ചെയ്തു എന്നുപറയാം.
ഇതിെൻറ അടിസ്ഥാനത്തിൽ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാവുന്നില്ലെങ്കിലും രാഷ്ട്രീയമായ ഉണര്‍വുകൾ ഇന്ത്യയിലെമ്പാടും രൂപപ്പെട്ടുവരുകയാണെന്ന് നിസ്സംശയം പറയാം. തീവ്രമായ ഹിന്ദുത്വ മതഭൂരിപക്ഷവാദ രാഷ്ട്രീയം ശക്തമായി തുടര്‍ന്നുകൊണ്ട് ഈ കൊഴിഞ്ഞുപോക്കിന് തടയിടാം എന്നതാണ് മോദി ഇപ്പോൾ വ്യാമോഹിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല. പക്ഷേ, ജനപിന്തുണയിൽ കൂടുതൽ ഇടിവുണ്ടായിട്ടുണ്ട് എന്നത് തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും എന്നതുറപ്പാണ്. കോൺഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കഴിയുന്നത്ര യോജിപ്പിെൻറ സാഹചര്യം സൃഷ്ടിക്കുകയാണെങ്കിൽ ഒരുപക്ഷേ കേവലഭൂരിപക്ഷം നേടുന്നതില്‍നിന്ന് ബി.ജെ.പിയെ തടയാന്‍പോലും കഴിഞ്ഞേക്കും. അത്തരം ഒരു മുന്നണിക്ക് അനുകൂലമായ നിലപാടല്ല സി.പി.എമ്മിേൻറതെങ്കിലും ഇപ്പോൾ നടക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിൽ അവർ വിജയം നിലനിര്‍ത്തുകയെന്നത് ബി.ജെ.പിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാവാതിരിക്കുന്നതിന് ആവശ്യമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഉണ്ടായ വിജയം സൃഷ്ടിച്ച പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങൾ മറികടക്കാൻ അവരുടെ തെരഞ്ഞെടുപ്പു പരാജയം മാത്രം പോരാ എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്ത്യയിൽ പരാജയപ്പെടുത്തുന്നത് ബി.ജെ.പിയെ ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടല്ല. അതിെൻറ വേരുകൾ കൂടുതൽ ആഴത്തില്‍ ഇറങ്ങിയിട്ടുള്ളതാണ്. അതിെൻറ സ്വാധീനം സര്‍വസ്പര്‍ശിയാണ്. അതിനെതിരെയുള്ള ആശയസമരം ദലിത്വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തോടുള്ള നിശിതമായ എതിര്‍പ്പിലൂടെ ശക്തിപ്പെടുത്തേണ്ടതാണ്. എങ്കിലും ആ സമരത്തിന് കരുത്തുപകരുന്നതായിരിക്കും ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാവുന്ന തിരിച്ചടി എന്നതാണ് യഥാർഥത്തിൽ സമഗ്രമായ ഒരു ബി.ജെ.പി വിരുദ്ധ പ്രതിപക്ഷമുന്നണിയുടെ രാഷ്ട്രീയമായ പ്രസക്തിയും ചരിത്രദൗത്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.