ശാഹിദ് ആസ്മി തുറന്നിട്ട പാത
text_fieldsനീണ്ട 12 വർഷത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ നവംബറിൽ ബറേലി സെൻട്ര ൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഫഹീം അൻസാരി കാണാൻ ആഗ്രഹിച്ചത് ര ണ്ടു പേരെയാണ്. തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) മേധാവി ഹേമന്ദ് ക ർക്കരെയെയും അഡ്വ. ശാഹിദ് ആസ്മിയെയും. എന്നാൽ, രണ്ടുപേരും വെടിയുണ്ട കൾക്കിരയായി കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനിടെ തീവ്രവാദികളാണ് കർക്കരെയെ കൊലപ്പെടുത്ത ിയതെങ്കിൽ 2010 ഫെബ്രുവരി 11ന് മുംബൈ കുർളയിലെ സ്വന്തം ഓഫിസിൽ ശാഹിദ് ആ സ്മി അജ്ഞാതരായ ആക്രമികളുടെ െവടിയേറ്റ് വീഴുകയായിരുന്നു. നിയമ സഹായം ആവശ്യമുണ്ടെന്ന വ്യാജേനയാണ് ആക്രമികൾ ആസ്മിയുടെ ഓഫിസിലെത്തിയത്. ആസ്മി കൊല്ലപ്പെട്ട ദിവസം വൈകീട്ട് മാധ്യമപ്രവർത്തകനായ സുഹൃത്താണ് ഫോൺവഴി വിവരമറിയിച്ചത്. ‘26/11 ഭീകരാക്രമണ കേസ് കുറ്റാരോപിതൻ ഫഹീം അൻസാരിയുടെ അഭിഭാഷകൻ ശാഹിദ് ആസ്മി വെടിയേറ്റു മരിച്ചു’ എന്നായിരുന്നു വാർത്ത ഏജൻസി പി.ടി.ഐയുടെ തലക്കെട്ട്. മുംബൈ ഭീകരാക്രമണ കേസിൽ പിടിയിലായ അജ്മൽ കസബ് അടക്കം ഭീകരന്മാർക്ക് സ്ഥലങ്ങളുടെ രൂപരേഖകൾ നൽകി സഹായിച്ചു എന്നായിരുന്നു അൻസാരിക്കെതിരായ കുറ്റം. ശാഹിദ് ആസ്മിയുടെ ശക്തമായ വാദങ്ങൾമൂലം 2010 മേയിൽ അൻസാരി കുറ്റമുക്തനാക്കെപ്പട്ടു. എന്നാൽ, അദ്ദേഹത്തെ കോടതി വെറുതെ വിടുന്നതിന് സാക്ഷിയാകാൻ ആസ്മി ഉണ്ടായിരുന്നില്ല.
ആകെ ഏഴുവർഷം നീണ്ട അഭിഭാഷക കരിയറിൽ നിരവധി സുപ്രധാന കേസുകളിലാണ് ശാഹിദ് ആസ്മി ഹാജരാകുകയും നിരപരാധികൾക്ക് നീതി ഉറപ്പാക്കുകയും ചെയ്തത്. 2002ലെ ഘാട്കോപർ ബസ് ബോംബാക്രമണ കേസ്, 7/ 11ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനം, 2006ലെ ഔറംഗാബാദ് ആയുധ കേസ്, 2006ലെ മാലേഗാവ് സ്ഫോടന കേസ് തുടങ്ങിയവയെല്ലാം അദ്ദേഹം ഏറ്റെടുത്തവയിൽ ചിലതാണ്. ഏഴു വർഷത്തിനിടെ ഭീകരത കുറ്റം ചുമത്തി തടവിലാക്കപ്പെട്ട 17 പേരെ കുറ്റമുക്തരാക്കാൻ ആസ്മിക്ക് സാധിച്ചു.
ആസ്മിയെ ഇല്ലാതാക്കാനുള്ള കാരണം അദ്ദേഹം ഏറ്റെടുത്ത കേസുകളും പ്രതിനിധാനംചെയ്ത കക്ഷികളുമാണെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ചുമായി സഹകരിച്ച് ഭീകരതയെയും ഭീകരവിരുദ്ധ പ്രവർത്തനത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന ലെറ്റ ടെയ്ലറുമായി ഈ േലഖകൻ ഇ-മെയിൽ സംഭാഷണം നടത്തുകയുണ്ടായി. 2009 ജൂണിൽ ശാഹിദ് ആസ്മിയെ കണ്ടിരുന്നതായി ലെറ്റ ടെയ്ലർ പറഞ്ഞിരുന്നു. ഇന്ത്യയിൽ തീവ്രവാദ സംശയമുള്ളവരെ തടവിലിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതായി പുറത്തുകൊണ്ടുവന്ന ‘ആൻറി നാഷനൽസ്’ എന്ന റിപ്പോർട്ട് എഴുതിയവരിൽ ഒരാളാണ് ലെറ്റ ടെയ്ലർ. ‘‘അദ്ദേഹവുമായി സംസാരിക്കുേമ്പാൾ ഭാവിയെക്കുറിച്ച ഭീതി പങ്കുവെച്ചിരുന്നു. എന്നാൽ, എനിക്ക് സഹായിക്കാനായില്ല’’ -ലെറ്റ പറഞ്ഞു.
2009 ഏപ്രിൽ ആദ്യം കർണാടകയിെല മംഗളൂരുവിൽ മറ്റൊരു മുസ്ലിം അഭിഭാഷനായ അഡ്വ. നൗഷാദ് കാശിംജി കൊല്ലപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകനായിരുന്ന പുരുഷോത്തം പൂജാരിക്കൊപ്പം കർണാടകയിലെ നിരവധി ഭീകരത ചുമത്തിയ കേസുകൾ നൗഷാദ് വാദിച്ചിരുന്നു. ‘ദേശദ്രോഹികൾ‘ എന്ന് വിളിക്കപ്പെടുന്നവരുടെ കേസുകൾ ഏറ്റെടുക്കുന്ന നിരവധി അഭിഭാഷകർ അക്കാലത്ത് ആക്രമിക്കപ്പെട്ടു. 2008 മുംബൈ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഭീകരത കുറ്റം ചുമത്തപ്പെട്ടവരുടെ (പ്രധാനമായും മുസ്ലിംകൾ) കേസുകൾ ഏറ്റെടുക്കുന്നതിൽനിന്ന് അംഗങ്ങളെ വിലക്കി അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും ബാർ അസോസിയേഷനുകൾ പ്രമേയം പാസാക്കിയിരുന്നു. ഇത് ഭീകരത കുറ്റം ചുമത്തപ്പെട്ട അഭിഭാഷകരുടെ ജീവിതം പ്രയാസകരവും അപായകരവുമാക്കി. ഇത്തരം എതിർപ്പുകൾ മറികടന്ന് കേസ് ഏറ്റെടുത്തവർക്ക് വലിയ വില നൽകേണ്ടിയും വന്നു. അവരെ ‘തീവ്രവാദ അഭിഭാഷകർ’ എന്ന് വിളിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ വലതുപക്ഷ ഗുണ്ടാസംഘങ്ങൾക്കൊപ്പം സഹപ്രവർത്തകരും ആക്രമിക്കുകയും ചെയ്തു.
മുൻകാലത്ത് തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന ആരോപണത്താൽ അഞ്ചുവർഷം തിഹാർ ജയിലിൽ തടവുകാരനായിരുന്ന ശാഹിദ് ആസ്മിക്ക് മേലുള്ള ആക്രമണം അതിനാൽ തന്നെ മറ്റുള്ളവരെക്കാൾ രൂക്ഷമായിരുന്നു. ഒരിക്കലും നൽകാത്ത കുറ്റസമ്മതമൊഴി മാത്രമാണ് ശാഹിദ് ആസ്മിക്കെതിരെ ഹാജരാക്കിയ തെളിവ്. ബാബരി മസ്ജിദ് തകർക്കൽ, മുംബൈ കലാപം, കശ്മീരിലെ ആക്രമണങ്ങൾ എന്നിവയെല്ലാം ശാഹിദിൽ മോഹഭംഗമുളവാക്കിയിരുന്നു. എന്നാൽ, അഞ്ചു വർഷത്തെ തടവുകാലം അദ്ദേഹത്തെ ഭീകരത കുറ്റം ചുമത്തപ്പെട്ടവരോട് സഹാനുഭൂതി ഉള്ളവനും ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ കുറിച്ച് അത്യധികം ഉൾക്കാഴ്ചയുള്ളയാളുമാക്കി. ഇത് അദ്ദേഹത്തെ ധീരനായ അഭിഭാഷകനായി മാത്രമല്ല, അവഗണിക്കപ്പെടുന്നവർക്കായി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നവനുമാക്കി.
‘എന്നോട് അനീതി കാണിച്ചുകൊണ്ട്, നീതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു. വേദനയും അപമാനവും എന്താണെന്ന് പഠിപ്പിച്ചുകൊണ്ട് ഹൃദയത്തെ കരുണയിലേക്ക് ഉണർത്തി. ഈ പ്രയാസങ്ങളിലൂടെ ഞാൻ കഠിനമായ പാഠങ്ങൾ പഠിച്ചു. മുൻവിധിക്കെതിരെ പോരാടുക, അടിച്ചമർത്തുന്നവരോട് യുദ്ധം ചെയ്യുക, ദുർബലരെ പിന്തുണക്കുക’ -ന്യൂയോർക്കിലെ സിവിൽ, ക്രിമിനൽ അഭിഭാഷകനായ റോയ് ബ്ലാക്കിെൻറ ഈ വാചകങ്ങളായിരുന്നു ശാഹിദ് ആസ്മിയെ നയിച്ചത്. ബോംബ് സ്ഫോടനമാണ് കുറ്റമെന്നതു കൊണ്ടുമാത്രം ഒരു നിരപരാധി ജയിലഴികൾക്കുള്ളിലേക്കോ കഴുമരത്തിലേക്കോ പോകുന്നത് ന്യായീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. ശാഹിദ് നൽകിയ വളരെ കുറിച്ച് അഭിമുഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ നൂറുകണക്കിന് ചെറുപ്പക്കാർ അഭിഭാഷകവൃത്തി ജീവിതമാർഗമായി തിരഞ്ഞെടുക്കാനും നീതിക്കായി പോരാടാനും കാരണക്കാരനായി എന്നതാണ് ശാഹിദ് ആസ്മിയുടെ ഏറ്റവും വലിയ സംഭാവന. രാജ്യത്തുടനീളം യാത്ര ചെയ്തതിനിടെ നിരവധി നിയമ വിദ്യാർഥികളുമായും യുവ അഭിഭാഷകരുമായും സംസാരിച്ചിരുന്നു. മത- ലിംഗഭേദമില്ലാതെ അവരെല്ലാം ശാഹിദിെൻറ പാത തങ്ങളുടേതായ നിലയിൽ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ്. ഇളയ സഹോദരനും അഭിഭാഷകനുമായ ഖാലിദ് ആസ്മിയും ജ്യേഷ്ഠെൻറ പാത പിന്തുടരുകയാണ്. ശാഹിദിെൻറ ചില കേസുകൾ ഏറ്റെടുത്തതും ഖാലിദാണ്. ഇത് ഖാലിദിെൻറ ജീവനു ഭീഷണി ഉയർത്തിയിരുന്നു. 2011 ഏപ്രിൽ മധ്യത്തിൽ ഖാലിദ് ആസ്മിയെ കൊലപ്പെടുത്താൻ അധോലോക സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവർ പദ്ധതിയിട്ടിരുന്നു. സഹോദരേൻറത് പോലെയുള്ള കേസുകൾ കൈകാര്യം ചെയ്താൽ വിധിയും സമാനമായിരിക്കുമെന്ന് 2011 നവംബറിൽ മുംബൈയിലെ ഒരു സെഷൻസ് കോടതി ജഡ്ജി ഭീഷണിപ്പെടുത്തി.
ആസ്മിയുടെ കൊലപാതക കേസിൽ ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല. 2017 ആഗസ്റ്റിൽ നാലു പേർക്കെതിരെ കൊലക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും ചുമത്തിയിരുന്നു. തുടക്കത്തിൽ അഞ്ചു പേർക്കെതിരെയായിരുന്നു കേസെങ്കിലും അധോലോക സംഘത്തലവൻ സന്തോഷ് ഷെട്ടിയെ 2014 ഒക്ടോബറിൽ ഒഴിവാക്കി. കേസിൽ വിചാരണ ഇപ്പോഴും നടക്കുകയാണെന്നും നിലവിലെ അവസ്ഥയിൽ പൂർത്തിയാകാൻ ഒന്നുരണ്ടു വർഷമെടുക്കുമെന്നും ഖാലിദ് ആസ്മി പറയുന്നു. കുറ്റവാളികൾക്കെതിരെ എല്ലാ തെളിവും നൽകിയതിനാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ അത് അദ്ദേഹത്തിെൻറ കൊലപാതകത്തിന് സമാനം തന്നെയാകും.
(‘ദ വയറി’ലെ മാധ്യമപ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.