ടാക്സിക്കൊള്ളയും സഹിക്കണോ പ്രവാസി?
text_fieldsഓണം-പെരുന്നാൾ വേളകളിലും ഗൾഫിലെ സ്കൂൾ തുറപ്പ് കാലത്തും സ്കൂളടപ്പു കാലത്തും എന്നുവേണ്ട സീസൺ അല്ലാത്ത കാലങ്ങളിൽപ്പോലും വിമാന ടിക്കറ്റിന് അമിത നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുന്ന പ്രവാസി മലയാളിയുടെ സങ്കടങ്ങളെക്കുറിച്ച് പരാതി ഉയരാത്ത വേദികളില്ല, പരിഹാരമേതുമുണ്ടായിട്ടുമില്ല. കഴുത്തറുപ്പൻ നിരക്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത് നാട്ടിലെ വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരെ കാത്തിരിക്കുന്ന അടുത്ത ചൂഷണം അവിടത്തെ ടാക്സി നിരക്കാണ്.
യാത്രക്കാരോട് ഇരട്ടിക്കൂലി വാങ്ങിക്കുന്ന തട്ടിപ്പാണ് കാലിക്കറ്റ് അന്താരാഷ്ട വിമാനത്താവളത്തിൽ (കരിപ്പൂർ) ടാക്സി സർവിസുകാർ നാളുകളായി നടത്തിവരുന്നത്. എയർപോർട്ടിൽനിന്ന് ഒരു കിലോമീറ്റർ യാത്രക്ക് ഈടാക്കുന്നത് 36 രൂപയാണ്, ചെറിയൊരു ടാക്സും. അതൊരു വലിയ സംഖ്യയല്ല. അടുത്തുള്ള സ്ഥലങ്ങളിലേക്ക് ന്യായമായും മിനിമം ചാർജ് നൽകേണ്ടിവരും.
ഒരു പരീക്ഷണ യാത്ര നടത്താം. കരിപ്പൂരിൽനിന്ന് ചേന്ദമംഗലൂർ വരെ. കരിപ്പൂർ, കൊണ്ടോട്ടി, എടവണ്ണപ്പാറ, കൂളിമാട് വഴിയാണ് കഴിഞ്ഞ കുറേക്കാലമായി ഡ്രൈവർമാർ യാത്രക്കാരെ ചേന്ദമംഗലൂരിൽ എത്തിക്കുന്നത്. അതായത്, എയർപോർട്ടിൽ നിന്ന് 24 കിലോമീറ്റർ ദൂരം! കണക്ക് പ്രകാരം യാത്രക്കാർ കൊടുക്കേണ്ടത് 864 രൂപയും ടാക്സും, കൂടിയാൽ 915 രൂപ.
എന്നാൽ, യാത്രക്കാർ അടക്കേണ്ടത് 38.5 കിലോമീറ്റർ ദൂരത്തിനുള്ള കൂലിയാണ്. 1382 രൂപ. പിന്നെ 59 രൂപ ടാക്സും. മൊത്തം 1441 രൂപ. ഒരൊറ്റ ചെറിയ ട്രിപ്പിൽ അധികമായി ഊറ്റുന്നത് 526 രൂപ. എയർപോർട്ടിൽനിന്ന് രണ്ടായിരം രൂപ വരെ ഒരു ട്രിപ്പിന് അധികം കൊടുക്കേണ്ടി വരുന്നവരുണ്ട്. പുതിയ റോഡുകൾ വന്നു. അതനുസരിച്ച് റൂട്ടുകൾ പരിഷ്കരിച്ചിട്ടില്ല.
‘‘ഞങ്ങൾക്ക് വെറും 20 ശതമാനം ബത്ത മാത്രമേ കിട്ടൂ, ഈടാക്കുന്ന അധിക പൈസ പോകുന്നത് മുതലാളിമാർക്കാണ്, കൂടിയാൽ രണ്ടു ട്രിപ്പാണ് ഞങ്ങൾക്ക് ഒരുദിവസം കിട്ടുക’’ എന്നൊക്കെയുള്ള സങ്കടമാണ് പരാതി പറയുന്നവരോട് ഡ്രൈവർമാർ നൽകുന്ന മറുപടി.
അമിത കൂലിയെക്കുറിച്ച് എയർപോർട്ട് ടാക്സി സർവിസ് യൂനിയൻ സെക്രട്ടറിയുമായി ഒരിക്കൽ സംസാരിച്ചപ്പോൾ കിട്ടിയ മറുപടി രസകരമായിരുന്നു. ‘‘നിങ്ങളെ ചേന്ദമംഗലൂരിലേക്ക് കൊണ്ടുപോകുന്നത് ഫറോക്ക്, കോഴിക്കോട്, കുന്ദമംഗലം, മണാശ്ശേരി വഴിയാണ്!’’. പോകുന്ന റൂട്ട് അതല്ലല്ലോ എന്ന് പറഞ്ഞപ്പോൾ, ആ റൂട്ട് മുമ്പ് ഫിക്സ് ചെയ്തതാണ്. അത് മാറ്റാൻ ആലോചിക്കുന്നുണ്ട് എന്നായിരുന്നു. അത് പറഞ്ഞിട്ട് ഇപ്പോൾ വർഷം അഞ്ചാവുന്നു.
ഇപ്പോൾ ഇതെഴുതാൻ കാരണം, ഏതാനും ആഴ്ച മുമ്പ് കോഴിക്കോട്ടേക്കുള്ള യാത്രയിൽ കണ്ട ചില ദയനീയ ദൃശ്യങ്ങളാണ്. ഫ്ലൈറ്റ് കരിപ്പൂർ റൺവേയിൽ ഓടിക്കിതച്ചു നിന്നപ്പോൾ ഒരാൾ ആരോടോ ഫോണിൽ പറയുന്നു. വണ്ടിയൊന്നും വിളിച്ചുവരണ്ട, ഞാൻ ആരുടെയെങ്കിലും കൂടെ ഷെയർ ചെയ്തുവരാം. അയാൾ കൊയിലാണ്ടിക്കാരനാണ്. ഇറങ്ങുമ്പോൾ അയാളോട് വെറുതെയൊന്ന് ചോദിച്ചു, എവിടെയാണ് ജോലി. ഷാർജയിൽ ഒരു ഷോപ്പിലാണ് എന്നായിരുന്നു മറുപടി. ടാക്സി കൗണ്ടറിൽ നിൽക്കെ മറ്റൊരാൾ വന്നു മെല്ലെ ചോദിക്കുന്നു, ‘‘ഫറോക്കിലേക്കാണോ, ആണെങ്കിൽ നമുക്ക് ഒന്നിച്ചുപോവാമായിരുന്നു’’- ഒറ്റക്കൊരു ടാക്സി വിളിച്ചുപോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ് പല പ്രവാസികളും. ഇങ്ങനെ ഞെരുങ്ങുന്നവരുടെ കഴുത്താണ് ഇല്ലാത്ത കിലോമീറ്ററിന്റെ ചാർജ് ഈടാക്കി വരിഞ്ഞുമുറുക്കുന്നത് എന്നതാണ് സങ്കടം.
പ്രവാസികൾക്കായി സർക്കാർ നടക്കാത്ത പലവിധ വമ്പൻ പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. അതിനുപകരം ഇത്തരം ചെറിയ തട്ടിപ്പുകൾക്കെങ്കിലും പരിഹാരം കണ്ടാൽ ഒരുപാട് സാധാരണക്കാർക്ക് ഉപകാരമാകും.
ഇന്ത്യയിലെ ഒട്ടുമിക്ക എയർപോർട്ടുകളിലും ഉബർ/ഓല സർവിസുള്ള സ്ഥിതിക്ക് എന്തുകൊണ്ട് കോഴിക്കോട്ടും ആയിക്കൂടാ എന്ന ആലോചനയും പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.