ടീച്ചർ, ഇനി ഞാൻ സ്വയം പഠിക്കട്ടെ
text_fieldsന്യൂകാസിൽ സർവകലാശാലയിലെ എജുക്കേഷൻ ടെക്നോളജി പ്രഫസറായ സുഗത മിത്ര 1999ൽ ഡൽഹിയിലെ ചേരിപ്രദേശത്ത് ഒരു പരീക്ഷണം നടത്തി. അവിടെ ഭിത്തിയിൽ ഒരു കമ്പ്യൂട്ടർ സ്ഥാപിച്ച് ഇൻറർനെറ്റ് സൗകര്യമൊരുക്കി. ജീവിതത്തിൽ അന്നേ വരെ കമ്പ്യൂ ട്ടർ കാണുകയോ അറിയുകയോ ചെയ്യാത്തവരായിരുന്നു അവിടെയുള്ള കുട്ടികളത്രയും. മാത്രമല്ല, വെബ് ബ്രൗസറിെൻറ ഭാഷ ഇംഗ്ല ീഷ് ആയിരുന്നു. അത് അവർക്ക് ഒട്ടും വശമുണ്ടായിരുന്നില്ല. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ പഠിക്കുകയും പരസ്പരം പഠിപ്പിക്കുകയും ചെയ്തു. മാത്രമല്ല, കമ്പ്യൂട്ടർ ഗെയിം കളിക്കാനും സംഗീതം കേൾക്കാനും ഇൻറർനെറ്റ് സർഫ് ചെയ്യാനുമെല്ലാം പ്രാവീണ്യം നേടി.
സുഗത മിത്ര പരീക്ഷണം നിർത്തിയില്ല. ഒരു സ്പീച്ച ് ടു ടെക്സ്റ്റ് പ്രോഗ്രാം കമ്പ്യൂട്ടറുമായി ബന്ധിച്ചു തെലുഗുചുവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികൾക്ക് കൊടുത്തു. സ്വാഭാവികമായും ബ്രിട്ടീഷ് ഇംഗ്ലീഷ് മനസ്സിലാക്കാൻ പ്രോഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടറിന് ഇവർ പറയു ന്നതൊന്നും വാക്കുകളായി മാറ്റാൻ സാധിച്ചില്ല. രണ്ടു മാസം കഴിഞ്ഞു തിരിച്ചെത്തിയ സുഗത കണ്ടത് ഭംഗിയായി ബ്രിട്ടീഷ് ഇംഗ്ലീഷ് പറയുന്ന കുട്ടികളെയാണ്. അറിവും നൈപുണ്യവും സ്വയം ആർജിക്കാനുള്ള കുട്ടികളുടെ കഴിവിലേക്ക് വെളിച്ചംവീശുന്നതാണ് സുഗത മിത്രയുടെ പരീക്ഷണങ്ങൾ. സ്വയം അറിവ് ആർജിക്കാനുള്ള കുട്ടികളുടെ നൈസർഗികമായ കഴിവ് മനസ്സിലാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന തരത്തിലല്ല നമ്മുടെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. സാമൂഹികസാഹചര്യങ്ങളുടെ സമ്മർദംകൊണ്ട് വിദ്യാലയങ്ങളിലേക്കു പോകുന്നവരായിരിക്കും ബഹുഭൂരിപക്ഷം വിദ്യാർഥികളും. പഠനം ഇഷ്ടപ്പെട്ട് ആസ്വദിച്ച് ബാഹ്യസ്വാധീനമോ സമ്മർദമോ ഇല്ലാതെ വിദ്യാർഥികൾ സ്വയംചെയ്യുന്ന ഒരു ക്രിയയായി എന്തുകൊണ്ട് വിദ്യാഭ്യാസം മാറുന്നില്ല എന്നതാണ് വിദ്യാഭ്യാസ വിചക്ഷണന്മാരും അധ്യാപകസമൂഹവും ഗൗരവമായി ചർച്ചചെയ്യേണ്ട വിഷയം.
വ്യവസായ വിപ്ലവത്തോടെയാണ് ഇന്ന് കാണുന്ന സ്കൂൾ വിദ്യാഭ്യാസം രൂപംകൊള്ളുന്നത്. വ്യവസായ ഉൽപാദനപ്രക്രിയക്ക് സമാനമാണ് അതിെൻറ ഘടന. ഉൽപാദനതീയതിക്ക് അനുസരിച്ച് ഉൽപന്നങ്ങളെ ബാച്ചുകളാക്കി തരംതിരിക്കുന്നതും ഗുണം അളക്കുന്നതിന് ഏകീകൃതമായ പരിശോധന നടത്തുന്നിടത്തുമെല്ലാം സമാനതകൾ വിദ്യാഭ്യാസ മേഖലയിലും കാണുന്നത് വെറുതെയല്ല. വ്യവസായികാടിസ്ഥാനത്തിൽ ഒരേ ഗുണങ്ങളുള്ള അനേകം ഉൽപന്നങ്ങൾ സൃഷ്ടിക്കാനുതകുന്ന രീതിയിലാണ് വിദ്യാഭ്യാസ സംവിധാനത്തിെൻറ ക്രമീകരണം. വിദ്യാർഥികളുടെ തീർത്തും വ്യതിരിക്തമായ വ്യക്തിത്വവും കഴിവും താൽപര്യങ്ങളും പരിഗണിക്കാതെ ഏകാത്മകമായ അറിവിെൻറ പ്രക്ഷേപണമാണ് ഇന്നും മിക്കവാറും നടക്കുന്നത്.
പ്രഫ. ദേബാശിഷ് ചാറ്റർജി കാട്ടിലെ ഒളിമ്പിക്സിെൻറ ഒരു ഉപമ പറയുന്നുണ്ട്. മൃഗങ്ങളെ പരിശീലിപ്പിക്കാൻ നിയുക്തനായ അധ്യാപകൻ മുയലിനോട് പറക്കാനും പരുന്തിനോട് ഓടാനും ആനയോടു നീന്താനും ആവശ്യപ്പെടുന്നു. സ്വാഭാവികമായും ആ പരീക്ഷയിൽ അവരൊക്കെ പരാജയപ്പെടുന്നു. അവസാനം എല്ലാത്തിലും കുറച്ചു പ്രാവീണ്യമുള്ള താറാവിനെ ഒളിമ്പിക് ചാമ്പ്യനായി പ്രഖ്യാപിക്കുന്നു!
നിലവിലെ പരീക്ഷകേന്ദ്രിത ഘടനയിൽനിന്ന് സമൂലമായ മാറ്റം എളുപ്പമല്ലെങ്കിലും പഠനം കൂടുതൽ വിദ്യാർഥിസൗഹൃദമാകേണ്ടതുണ്ട്. ഇതിൽ അധ്യാപകർക്കുതന്നെയാണ് മർമപ്രധാന പങ്കുവഹിക്കാനുള്ളത്. ഫിൻലൻഡ്, ദക്ഷിണ കൊറിയ, സിങ്കപ്പൂർ മുതലായ രാജ്യങ്ങളിൽ കഠിന പരിശീലനം ആവശ്യമായ, ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലാണ് അധ്യാപനം. ഈ രാജ്യങ്ങളൊക്കെ സാധിച്ച വിദ്യാഭ്യാസവിപ്ലവത്തിന് നേതൃത്വം കൊടുത്തതും ഈ അധ്യാപകരാണ്. ഫിൻലൻഡ് വിദ്യാഭ്യാസത്തിെൻറ ഏറ്റവും പ്രധാന സവിശേഷതതന്നെ അധ്യാപകരിൽ അർപ്പിക്കപ്പെട്ട വിശ്വാസമാണ്. അധ്യാപക പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അക്കാദമിക മികവിനൊപ്പം താൽപര്യവും അഭിരുചിയുംകൂടി മാനദണ്ഡമാണ്.
കാർഷികവൃത്തിക്കു സമാനമാണ് പുതിയ കാലത്ത് അധ്യാപനം. സസ്യങ്ങൾക്ക് വളരാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കുകയാണ് കർഷകൻ ചെയ്യുന്നത്. വിദ്യാർഥികൾക്ക് നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കാനും അറിവ് ആർജിക്കാനുമുള്ള സാഹചര്യങ്ങളൊരുക്കുകയാണ് അധ്യാപകരുടെ ദൗത്യം. സ്വന്തം അറിവിെൻറയും അനുഭവജ്ഞാനത്തിെൻറയും തടവറയിൽ അകപ്പെടാതെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ് പ്രധാന വെല്ലുവിളി. ആധുനിക യുഗത്തിൽ നിരക്ഷരൻ എന്നതിെൻറ വിവക്ഷ പുതിയ കാര്യങ്ങൾ പഠിക്കാൻ വിമുഖത കാണിക്കുന്നവർ എന്നാണ് എന്ന് തിരിച്ചറിയണം. എല്ലാ ദിവസവും ടീച്ചിങ് നോട്ട് കീറി ചവറ്റുകൊട്ടയിൽ എറിയുന്ന ഒരധ്യാപകനെക്കുറിച്ച് പ്രഫ. ദേബാശിഷ് ചാറ്റർജി എഴുതുന്നുണ്ട്. ‘‘ഇത് കീറിക്കളഞ്ഞില്ലെങ്കിൽ നാളെ ഇതുതന്നെ ഞാൻ ആവർത്തിക്കാനിടയുണ്ട്, അത് മുഴുവൻ വിദ്യാർഥികളെയും മയക്കത്തിലാഴ്ത്തും’’ എന്നായിരുന്നു അദ്ദേഹത്തിെൻറ ന്യായം.
വിദ്യാർഥികളുടെ ചിന്തകളെ, ഭാവനയെ ഉത്തേജിപ്പിക്കുന്നതാകണം ഓരോ അധ്യയനദിവസവും. അവരുടെ പഠനശേഷി (Learning Power) വളർത്തുകയായിരിക്കണം അധ്യാപന ലക്ഷ്യം. സ്വന്തം പഠനശേഷിയിൽ ആത്മവിശ്വാസമുള്ള വിദ്യാർഥിക്ക് മെച്ചപ്പെട്ട രീതിയിൽ പഠിക്കാനും കൂടുതൽ ഏകാഗ്രത നേടാനും പഠനം കൂടുതൽ ആസ്വാദ്യമാക്കാനും കഴിയും. ക്ലാസ്മുറികളിൽ കൂടുതൽ പാരസ്പര്യവും സമ്പർക്കവും സൃഷ്ടിക്കുന്ന വിദ്യാർഥികേന്ദ്രിത പഠനരീതികളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ പ്രഫ. എലിയട്ട് ആറോൺസൺ രൂപകൽപന ചെയ്ത ജിഗ്സൗ ക്ലാസ്റൂം (https://www.jigsaw.org/) നമ്മുടെ സംവിധാനത്തിൽ മാതൃകയാക്കാവുന്നതാണ്.
1876ൽ അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോൺ കണ്ടുപിടിച്ച് 75 വർഷം കഴിയേണ്ടിവന്നു 50 ദശലക്ഷം ഉപയോക്താക്കളുണ്ടാകാൻ. ഇത്രയും ഉപയോക്താക്കളെ ഫേസ്ബുക്ക് നേടിയെടുത്തത് രണ്ടു വർഷംകൊണ്ടാണ്. അതേസമയം, Angry Bird എന്ന ഗെയിമിന് ലോകമെമ്പാടും 50 മില്യൺ ഉപയോക്താക്കളെ ഉണ്ടാക്കാൻ വെറും 35 ദിവസം മതിയായി. ഇങ്ങനെ കണ്ണഞ്ചിക്കുന്ന വേഗത്തിൽ സാങ്കേതികവിദ്യ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ലോകത്തേക്കാണ് കുട്ടികളെ തയാറാക്കുന്നത് എന്ന ബോധ്യം നിരന്തരം ഓരോ വിദ്യാഭ്യാസപ്രവർത്തകനെയും ചിന്തിപ്പിക്കേണ്ടതുണ്ട്. ലഹരിയുടെയും സ്‌ക്രീൻ അഡിക്ഷെൻറയുമൊക്കെ വിപത്തുകൾ രക്ഷിതാക്കളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, പഠനവും സ്കൂളും ലഹരിയാകുന്ന ഒരു വിദ്യാഭ്യാസവിപ്ലവം കാലഘട്ടത്തിെൻറ അനിവാര്യതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.