കെജ്രിവാളിനെ വിയര്‍പ്പിക്കുന്നത്
text_fieldsമന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍പെട്ട് ആടിയുലഞ്ഞുകൊണ്ടിരുന്നപ്പോള്‍ അഴിമതിയുടെ അടിവേരറുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കുന്നതിനുവേണ്ടി ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിയ ജനകീയ മഹാ പ്രക്ഷോഭത്തിന്‍െറ ബാക്കിപത്രമാണ് അരവിന്ദ് കെജ്രിവാള്‍ രൂപംനല്‍കിയ ആം ആദ്മി പാര്‍ട്ടി എന്നത് മറക്കാന്‍ നേരമായിട്ടില്ലാത്ത യാഥാര്‍ഥ്യം. പാര്‍ട്ടിക്ക് ബീജാവാപംചെയ്ത പ്രമുഖരില്‍ മിക്കവരും തുടക്കത്തിലേ വിട്ടുപോയെങ്കിലും അരവിന്ദ് കെജ്രിവാള്‍ പിടിമുറുക്കി പിടിച്ചുനിന്നു; ദേശീയതലത്തില്‍ ആപിനെ വ്യാപിപ്പിക്കാന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹി കേന്ദ്രീകരിച്ച് സാമാന്യ ജനങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ച കെജ്രിവാളിനും കൂട്ടുകാര്‍ക്കും 2015 ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന വിജയമാണ് കൊയ്യാനായത്. എഴുപതില്‍ അറുപത്തേഴ് സീറ്റുകളിലും ബി.ജെ.പിയെ മലര്‍ത്തിയടിച്ച ആപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞെട്ടിക്കുകതന്നെചെയ്തു. കേന്ദ്ര സര്‍ക്കാറിന്‍െറ സകല വിഭവശേഷിയും പരമാവധി ഉപയോഗിച്ച് ഇറങ്ങിക്കളിച്ചിട്ടും ആപിനോട് അമിത് ഷാ പ്രഭൃതികള്‍ അടിയറപറയേണ്ടിവന്നു. ഇതിനുകാരണം, സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അഴിമതിമുക്തമായ ഒരു ജനകീയഭരണം കാഴ്ചവെക്കാനും കെജ്രിവാള്‍ ടീമിന് കഴിയുമെന്ന ശുഭപ്രതീക്ഷയല്ലാതെ മറ്റൊന്നുമായിരുന്നില്ല. പക്ഷേ, ഭരണത്തിന്‍െറ ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ കാണുന്ന കാഴ്ച എന്താണ്?
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളില്‍ താന്‍ അര്‍പ്പിച്ച പ്രതീക്ഷ നഷ്ടമായെന്നും താന്‍ നിരാശനാണെന്നും അഴിമതി വിരുദ്ധ പോരാട്ടത്തിന്‍െറ നായകനായ അണ്ണാ ഹസാരെ തുറന്നടിച്ചിരിക്കുന്നു. തന്നോടൊപ്പമുണ്ടായിരുന്നപ്പോള്‍ ഗ്രാമസ്വരാജിനെക്കുറിച്ച് പുസ്തകമെഴുതിയ കെജ്രിവാളിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്‍േറത് ഗ്രാമസ്വരാജാണെന്ന് അവകാശപ്പെടാന്‍ കഴിയുമോ എന്നാണ് ഹസാരെയുടെ ചോദ്യം. പാര്‍ട്ടിയില്‍ ചേരുന്നവര്‍ സല്‍സ്വഭാവികളാണോ അല്ലയോ എന്ന് എങ്ങനെയാണ് നിങ്ങള്‍ തിരിച്ചറിയുക എന്ന് ഹസാരെ കെജ്രിവാളിനോട് ചോദിച്ചിരുന്നുവത്രെ. അന്നതിന് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ സല്‍സ്വഭാവികളാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹസാരെ കെജ്രിവാളിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ, ആപിന്‍െറ ചില നേതാക്കള്‍ ജയിലില്‍ പോവേണ്ടിവന്നതും മറ്റുചിലര്‍ തട്ടിപ്പ് കേസുകളില്‍ അകപ്പെട്ടതും തന്നെ വളരെയേറെ ദു$ഖിപ്പിക്കുന്നു എന്നാണ് ഹസാരെ ഒരു സ്വകാര്യ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി വനിതാ ശിശു വികസന മന്ത്രി സന്ദീപ് കുമാര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന്‍െറ പശ്ചാത്തലത്തിലാണ് ഹസാരെയുടെ ഖേദപ്രകടനം. ഒരുവര്‍ഷം മുമ്പ്, തന്നെ ക്ഷണിച്ചുവരുത്തി മയക്കിക്കിടത്തി ലൈംഗിക പീഡനം നടത്തി എന്ന ഒരു യുവതിയുടെ പരാതിയുടെ പേരിലാണ് സന്ദീപ് കുമാര്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ടതും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടതും. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല എന്നതാണ് കെജ്രിവാളിനെയും പാര്‍ട്ടിയെയും വിയര്‍പ്പിക്കുന്നത്. ഒന്നര വര്‍ഷത്തിനകം 12 എം.എല്‍.എമാരാണ് സ്ത്രീപീഡനം, കലാപം, തട്ടിപ്പ്, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആപിന്‍െറ വിജയസാധ്യത പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കെ, പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സച്ചാ സിങ് ചോത്തേപൂരിനെ ഒഴിവാക്കേണ്ടിവന്നതും ഇതോട് ചേര്‍ത്തുവായിക്കണം. കൈക്കൂലി വാങ്ങിയെന്നാണ് അദ്ദേഹത്തിന്‍െറ പേരിലെ ആരോപണം. ഈ കേസുകളില്‍ ചിലത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാവാന്‍ നല്ലപോലെ സാധ്യതയുണ്ടെന്ന് സമ്മതിക്കണം. എന്ത് വിലകൊടുത്തും ആപിനെ ഉന്മൂലനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും പൊലീസിന്‍െറയോ സുരക്ഷാ സേനയുടെയോ ഒരുവിധ സഹകരണവുമില്ലാതെ അതിസാഹസികമായി ഭരിക്കുന്ന കെജ്രിവാളിനെ താഴെയിറക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഇത്തരം നടപടികള്‍ക്ക് പിന്നിലുണ്ടാവാം. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിക്കുന്നതിനെ ചൊല്ലി കേന്ദ്ര സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടലിലാണുതാനും കെജ്രിവാള്‍.
അതൊക്കെ ശരിയായിരിക്കത്തെന്നെ അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടിയ ഒരു വസ്തുത അനിഷേധ്യമായവശേഷിക്കുന്നു. അഴിമതിയിലും അധാര്‍മികതയിലും ജനദ്രോഹ നടപടികളിലും അപഖ്യാതി സമ്പാദിച്ച ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇന്നലെവരെ പ്രവര്‍ത്തിച്ചവരെ പെട്ടെന്നൊരു പ്രഭാതത്തില്‍ ഒരന്വേഷണവും വിവേചനവും കൂടാതെ ആം ആദ്മിയില്‍ ചേര്‍ക്കുന്നതാണ് യഥാര്‍ഥ പ്രശ്നം. മറ്റൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത സംശുദ്ധരെ അംഗങ്ങളായി കിട്ടുക ഏറക്കുറെ അസാധ്യമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, അഴിമതിക്കും അവിഹിത ചെയ്തികള്‍ക്കുമെതിരെ ഉയര്‍ന്ന ജനകീയ സമരത്തിന്‍െറ സന്തതിയായി പിറന്ന ഒരു പാര്‍ട്ടിയും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ മുഖ്യ വിഷയങ്ങളിലെങ്കിലും വ്യത്യാസം അനുഭവപ്പെടാതിരുന്നാല്‍ ഇരുളടഞ്ഞതാവും ആ പാര്‍ട്ടിയുടെ ഭാവി. ദേശീയ രാഷ്ട്രീയം ഇന്ന് കാണുംവിധം ദുഷിക്കാന്‍ പ്രധാനകാരണം ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത വെറും സ്വാര്‍ഥികളും അധര്‍മകാരികളും അരങ്ങ് വാഴുന്നതാണ്. അതിനൊരു തിരുത്തും മാറ്റത്തിന്‍െറ കാഹളധ്വനിയുമായി വന്ന ആപ് ത്വരിതവും കര്‍ശനവുമായ നടപടികളിലൂടെ ആഭ്യന്തരരംഗം ശുദ്ധീകരിക്കുന്നതിനാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.