വിവരാവകാശ നിയമത്തിന് ഒരു തിരിച്ചടി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.എ, എം.എ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി) 2016ൽ ഇറക്കിയ കൽപന ഗുജറാത്ത് ഹൈകോടതി റദ്ദാക്കിയതും ഇത്തരം ആവശ്യമുന്നയിച്ചതിന് കെജ്രിവാളിന് 25,000 രൂപ പിഴ ചുമത്തിയതും വിവിധ മേഖലകളെ സ്പർശിക്കുന്ന വിധിയെന്ന നിലക്ക് ശ്രദ്ധേയമാണ്. 2016ൽ സി.ഐ.സി ആയിരുന്ന ശ്രീധർ ആചാര്യലു ആണ് ഡൽഹി, ഗുജറാത്ത് സർവകലാശാലകളോട് മോദിയുടെ ബിരുദ-ബിരുദാനന്തര യോഗ്യതകളുടെ വിവരം പുറത്തുവിടാൻ നിർദേശിച്ചത്. ഡൽഹി സർവകലാശാലയുടെ അപേക്ഷ പ്രകാരം ഡൽഹി ഹൈകോടതി 2017ൽ സി.ഐ.സിയുടെ കൽപന സ്റ്റേ ചെയ്തു.
ഗുജറാത്ത് സർവകലാശാലയുടെ അപേക്ഷയിൽ ഇപ്പോൾ ഗുജറാത്ത് ഹൈകോടതി ചെയ്തിരിക്കുന്നത്, സി.ഐ.സിയുടെ നിർദേശം അപ്പാടെ റദ്ദാക്കുകയാണ്. പൊതുജനത്തിന് കൗതുകമുണ്ടെന്നല്ലാതെ, ‘പൊതുതാൽപര്യ’ത്തിൽ ഉൾപ്പെടാത്ത വിഷയത്തിൽ അനാവശ്യമായി വിവരാവകാശ നിയമത്തിന്റെ വഴി തേടിയതിന് കെജ്രിവാളിന് പിഴ ചുമത്തിയ കോടതി, സ്വന്തം ‘അധികാര പരിധിക്കപ്പുറം കടന്ന്’ പ്രവർത്തിച്ചതിന് സി.ഐ.സിയെയും വിമർശിച്ചു. കെജ്രിവാളിന്റെ വാക്കാൽ അപേക്ഷയിലാണ് സി.ഐ.സി കൽപന പുറപ്പെടുവിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ ഗുജറാത്ത് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നതിനാൽ വിവരാവകാശ പ്രകാരമുള്ള കെജ്രിവാളിന്റെ അപേക്ഷയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും ജസ്റ്റിസ് ബീരെൻ വൈഷ്ണവ് നിരീക്ഷിച്ചു.
കേസ് നടപടികളിലെ സാങ്കേതികപ്പിഴവുകളെപ്പറ്റി കോടതി പറഞ്ഞതിൽ സാംഗത്യമുണ്ടാകാമെങ്കിലും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത നാട്ടുകാരറിയേണ്ടതില്ലെന്ന നിലപാട് യുക്തിസഹമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത വേണമെന്ന് നിയമം നിഷ്‍കർഷിക്കുന്നില്ല എന്നത് ശരി. എന്നാൽ, സ്ഥാനാർഥി നിയമപ്രകാരം സമർപ്പിക്കേണ്ട സത്യവാങ്മൂലം സത്യസന്ധമാകണമെന്നുണ്ട്. പ്രധാനമന്ത്രിയുടെ ബി.എ (1976. ഡൽഹി യൂനിവേഴ്സിറ്റി), എം.എ (1978, ഗുജറാത്ത് യൂനിവേഴ്സിറ്റി) എന്നിവയുടേതായി പൊതുമണ്ഡലത്തിൽ പ്രചരിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ ജനങ്ങളിൽ സംശയമുയർത്തിയിട്ടുണ്ട്. ‘എന്റയർ പൊളിറ്റിക്കൽ സയൻസ്’ എന്ന വിഷയം മുതൽ മോദിയുടെ സഹപാഠികൾ, ജനനത്തീയതി എന്നിവയെപ്പറ്റി വരെ ചോദ്യം ഉയർന്നിട്ടുണ്ട്. നിരക്ഷരനുപോലും പ്രധാനമന്ത്രിയാകാനാവുമെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ അവകാശവാദമുന്നയിച്ചെന്നു വന്നാൽ അത് ഗുരുതരമാണ്. ഇവിടെയാണ് ‘പൊതുതാൽപര്യം’ വരുന്നത്.
വിദ്യാഭ്യാസയോഗ്യതയല്ല, വ്യക്തിയുടെ സ്വഭാവശുദ്ധിയാണ് പ്രസക്തമെന്ന ജസ്റ്റിസ് വൈഷ്ണവിന്റെ നിരീക്ഷണം പ്രധാനമാകുന്നതും ഇവിടെയാണ്. വ്യാജ അവകാശവാദങ്ങളുയർത്തി സ്ഥാനാർഥിയാവുകയും ജയിക്കുകയും ചെയ്ത നേതാക്കൾ പിന്നീട് വസ്തുത പുറത്തുവന്നപ്പോൾ രാജിവെക്കേണ്ടിവന്ന സംഭവങ്ങൾ വിവിധ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. പാകിസ്താനിൽ വ്യാജ ബിരുദക്കാരായ 54 എം.പിമാർക്കെതിരെയാണ് 2010ൽ നിയമനടപടികൾ സ്വീകരിച്ചത്. കെനിയയിൽ വ്യാജബിരുദം അവകാശപ്പെട്ട് തെരഞ്ഞെടുപ്പിൽ നിന്നവർക്ക് ഇലക്ഷൻ കമീഷന്റെ കാർക്കശ്യം മൂലം മത്സരത്തിൽനിന്ന് പിന്മാറേണ്ടിവന്നു, 2013ൽ ഹംഗറിയിൽ, പാൽഷ്മിറ്റിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത് പിഎച്ച്.ഡി പ്രബന്ധം മോഷ്ടിച്ചതാണെന്നുകണ്ട് യൂനിവേഴ്സിറ്റി റദ്ദാക്കിയതോടെയാണ്. ഇവിടെ പ്രധാനമന്ത്രിക്കായാലും മറ്റു ജനപ്രതിനിധികൾക്കായാലും വിദ്യാഭ്യാസയോഗ്യത ആവശ്യമില്ല; പക്ഷേ, വിശ്വസ്തത അത്യാവശ്യമാണ്. ഗുജറാത്ത് കോടതിവിധി, സംശയങ്ങൾക്ക് ബലം പകരുക വഴി മോദിയോട് നീതിയല്ല ചെയ്തതെന്നു പറയണം.
കോടതിവിധി മറ്റു രണ്ടു മേഖലകൾക്കും പരിക്കേൽപിക്കുന്നുണ്ട്. അവയിലൊന്ന്, വിവരാവകാശ നിയമമാണ്. പൊതുതാൽപര്യത്തിൽപെടുന്നതെന്ന് ഉത്തമ ബോധ്യമുള്ള കാര്യത്തിൽ ഉന്നതരെ ബാധിക്കുന്ന സംശയങ്ങൾക്ക് നിവാരണം വരുത്താൻ വിവരം തേടുമ്പോൾ കോടതികൾ അതിൽ മറ്റു താൽപര്യം ചികഞ്ഞ് പിഴവിധിക്കുമോ എന്ന ഭീതി പൊതുപ്രവർത്തകരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന നിയമത്തിന്റെ പ്രയോഗത്തിൽ ജുഡീഷ്യറിയുടെ പിൻബലമാണ് പൗരന്മാർ പ്രതീക്ഷിക്കുന്നത് - തടസ്സവാദങ്ങളല്ല. ഇപ്പോഴത്തെ വിധി പരിക്കേൽപിക്കുന്ന മറ്റൊരു മേഖല, നമ്മുടെ സർവകലാശാലകളും അവയുടെ വിശ്വാസ്യതയുമാണ്. ഉന്നതരുടെ ബിരുദങ്ങളെപ്പറ്റി പൊതുമണ്ഡലത്തിൽ ഉയർന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കും വരെ യൂനിവേഴ്സിറ്റികളുടെ വിശ്വാസ്യത കരിനിഴലിലാകും. അതാകട്ടെ, നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും ആഗോള സ്വീകാര്യതയെയും ബാധിക്കും. സംശയങ്ങൾ ദൂരീകരിച്ച് വിശ്വാസ്യത വീണ്ടെടുക്കുകയാണ് സർവകലാശാലകൾ ചെയ്യേണ്ടത്. സ്ഥാപനങ്ങളും സംവിധാനങ്ങളും വ്യക്തിതാൽപര്യങ്ങൾക്കു മേലെയാണ്. ഗുജറാത്ത് ഹൈകോടതിയുടെ തീർപ്പ് വിവിധ രംഗങ്ങളിലുണ്ടാക്കുന്ന ആഘാതം ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.