സമ്പദ്രംഗം: കണക്കും നേരനുഭവവും
text_fieldsഇന്ത്യയുടെ മൊത്തം ദേശീയോൽപാദനത്തിൽ വളർച്ചയുടെ (ജി.ഡി.പി) ലക്ഷണം കണ്ടുതുടങ്ങിയതായി ദേശീയ സ്ഥിതിവിവര കാര്യാലയം (എൻ.എസ്.ഒ) ശുഭവാർത്ത നൽകുന്നു. ചരക്ക്, സേവന നികുതി (ജി.എസ്.ടി) വരുമാനം വർധന കാണിക്കുന്നതായി ധനമന്ത്രാലയം അറിയിക്കുന്നു. കഴിഞ്ഞ ഒരു വർഷം, ജൂൺ മാസമൊഴിച്ചാൽ, ഓരോ മാസവും ഒരു ലക്ഷം കോടി രൂപ ജി.എസ്.ടി ഇനത്തിൽ പിരിഞ്ഞുകിട്ടിയത് രാജ്യത്തിെൻറ ദ്രുതഗതിയിലുള്ള കരകയറലിെൻറ അടയാളമാണ് എന്നാണ് പറയുന്നത്. രാജ്യം ഒരു തിരിച്ചുവരവിെൻറ പാതയിലാണെന്ന് പലരും അവകാശപ്പെടുന്നു. പ്രതിസന്ധികളുടെ നടുക്കയത്തിൽ നട്ടംതിരിയുന്ന ജനതക്ക് ആശ്വാസവും പ്രതീക്ഷയും നൽകാൻ നടത്തുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. വർധിതമായ ആത്മവിശ്വാസം നാടിെൻറ സാമ്പത്തിക പ്രവർത്തനത്തിന് ഊർജമാകുമെന്നും ആശിക്കുക.
അതേസമയം, ഈ കണക്കുകൾ മാത്രം മുന്നിൽവെച്ച് തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തുേമ്പാൾ സൂക്ഷിച്ചേ പറ്റൂ. കാരണം, ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകൾ കഥ മുഴുവൻ പറയുന്നില്ല. ഉദാഹരണത്തിന്, ജി.ഡി.പി ഈ സാമ്പത്തിക വർഷത്തിെൻറ ഒന്നാംപാദത്തിൽ 20.1 ശതമാനം വളർന്നു എന്നത് ശരിയാകുന്നത് കഴിഞ്ഞ വർഷം ഇതേകാലത്തെ അവസ്ഥയുമായി തട്ടിച്ചുനോക്കുേമ്പാഴാണ്. കഴിഞ്ഞ വർഷമാകട്ടെ അതിദയനീയമായിരുന്നു സാമ്പത്തിക നില. കോവിഡിന് മുമ്പത്തെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാൽ വളർച്ച ഇപ്പോഴും ആയിത്തുടങ്ങിയില്ല എന്നു പറയേണ്ടിവരും: 2019 ഏപ്രിൽ-ജൂണിലെ ജി.ഡി.പി നിലയിൽനിന്ന് ഒമ്പതു ശതമാനം കുറവ്. മാത്രമല്ല, ഇക്കൊല്ലം തന്നെ ജനുവരി-മാർച്ച് പാദത്തിൽനിന്ന് 16.9 ശതമാനം കുറവ്. ജി.എസ്.ടി വരുമാനം കോവിഡിന് മുമ്പുണ്ടായിരുന്നതിലും 14 ശതമാനം കൂടുതലാണ്. പക്ഷേ, അവിടെയും ഒരു മറുപക്ഷമുള്ളത്, കോവിഡിന് മുമ്പത്തെ (2019-20) സാമ്പത്തിക നിലയും നികുതിവരുമാനവും മോശമായിരുന്നു എന്നതാണ്. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയുമെല്ലാം സൃഷ്ടിച്ച കഠിനമായ ഞെരുക്കത്തിന് അയവുണ്ടായി എങ്കിലും സാമ്പത്തിക സുസ്ഥിതിയുടെ സാക്ഷ്യമല്ല ഈ ജി.എസ്.ടി കണക്കും.
മറ്റൊരു പ്രശ്നം, കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ കണക്കുകൾപോലും വിശ്വസനീയമല്ല എന്നതത്രെ. പ്രതിമാസ നികുതിദായകരുടെ എണ്ണം വർധിച്ചതായി ധനമന്ത്രി അവകാശപ്പെടുന്നുണ്ട്; അതേസമയം പ്രതിമാസ റിട്ടേൺ കണക്ക് എന്തുകൊണ്ടോ രഹസ്യമാക്കിവെക്കുന്നു. 2021 ഫെബ്രുവരിയോടെ, ആ വിവരം പുറത്തുവിടുന്ന പതിവു നിർത്തി. കണക്കുകളിൽ ഒളിച്ചുകളി നടക്കുന്നു എന്ന സംശയമുയർത്തുന്നതാണ് ഇത്തരം അതാര്യത. സംസ്ഥാനങ്ങളിൽനിന്നുള്ള ജി.എസ്.ടി വരുമാനക്കണക്കുകളും ചിലതു മാത്രമാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. ജി.ഡി.പി 20.1 ശതമാനംവർധന എന്ന കണക്ക് മനോവിലാസം മാത്രമാണെന്നു പറയുന്നത് 'ഇന്ത്യ റേറ്റിങ്സി'ലെ സാമ്പത്തിക വിദഗ്ധൻ ഡോ. ദേവേന്ദ്രകുമാർ പാന്ത് ആണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി പൊതു ആസ്തി സേവനങ്ങൾ വിൽപനക്ക് വെക്കുന്ന (മോണിറ്റൈസേഷൻ പൈപ്പ്ലൈൻ) തീരുമാനവും തൽസ്ഥിതി പ്രത്യാഘാതങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ വെച്ചല്ല. കൃത്യമായ കണക്കുകൾ ആസൂത്രണത്തിന്റെയും വിലയിരുത്തലിന്റെയും ആധാരമാണെന്നിരിക്കെ അവ മറച്ചുപിടിക്കുന്ന ശൈലി ഉപേക്ഷിക്കണെമന്ന് 108 ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധർ 2019ൽ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിലായാലും സാമ്പത്തിക പുനർനിർമാണത്തിലായാലും െതറ്റായ കണക്കുകൾ ഉപയോഗിക്കുന്നത് സ്വയം പരാജയെപ്പടുത്തലാണ്. കണക്കുകൾ മറച്ചുപിടിക്കുന്നതുമൂലം ഇന്ത്യയുടെ സ്ഥിതിവിവരങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടെന്ന് കഴിഞ്ഞവർഷം സാമ്പത്തിക വിദഗ്ധൻ പ്രണബ് സെൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജി.ഡി.പി. വളർച്ച സാമ്പത്തിക സൂചകമാകാമെങ്കിലും അത് ജനങ്ങളുടെ ക്ഷേമത്തിന്റെ നേർച്ചിത്രമല്ല. സാധാരണക്കാരുടെ ക്രയശേഷിയും മതിയായ തൊഴിലവസരങ്ങളും സാമ്പത്തിക അസമത്വം പരിധിക്കുള്ളിൽ നിൽക്കുന്നതുമെല്ലാമാണ് ജനക്ഷേമത്തിന്റെ കണ്ണാടി. ഇവസംബന്ധിച്ച് ലഭ്യമായ കണക്കുകൾ നല്ല ചിത്രമല്ല നൽകുന്നത്. സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) മേധാവി മഹേഷ് വ്യാസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂലൈയിൽ മാത്രം 32 ലക്ഷം പേർക്കാണ് ഇന്ത്യയിൽ ജോലി നഷ്ടമായത്. കോവിഡ് തുടങ്ങിയശേഷം ഒരു കോടി പേർക്ക് സ്ഥിരമായ ശമ്പള ജോലി നഷ്ടപ്പെട്ടു. ജി.ഡി.പി വളർച്ചയെന്നാൽ ഗ്യാസ്, ഡീസൽ, പെട്രോൾ വർധനവാണെന്നത് ഇന്നു തമാശയല്ല. ഇനി വിമാനത്താവളങ്ങളും റോഡുകളുമടക്കം സ്വകാര്യ മുതലാളിമാർക്ക് കൂടുതൽ ചൂഷണത്തിനായി വിട്ടുകൊടുക്കുേമ്പാൾ ഇന്നുള്ള കടുത്ത അസമത്വം പിന്നെയും കൂടും.
ഇന്നുതന്നെ, രാജ്യത്തിന്റെ 77 ശതമാനം പത്തുശതമാനം പേരുടെ കൈവശമാണെന്ന് 'ഓക്സ്ഫാം' കണക്കുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇവിടെ ശതകോടീശ്വരരുടെ സ്വത്ത് പത്തിരട്ടിയായി. സാധാരണക്കാരിൽ മഹാഭൂരിപക്ഷത്തിന് ചെറിയ അസുഖത്തിന് ചികിത്സാ ചെലവുപോലും താങ്ങാനാവുന്നില്ല. ഇന്ത്യയിൽ സെക്കൻഡിൽ രണ്ടുപേർ എന്നതോതിൽ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു എന്നതും അരലക്ഷംപേർക്ക് പ്രതിദിനം തൊഴിലില്ലാതാകുന്നു എന്നതും ഇതിനിടയിൽ പെട്രോൾ, ഗ്യാസ് നികുതിവഴി 23 ലക്ഷംകോടി രൂപ സർക്കാർ ഈടാക്കിയെന്നതും ഏതാനും അതിസമ്പന്നർക്ക് ധനം വർധിക്കുന്നു എന്നതുമെല്ലാം കണക്കുകളാണ്. ജി.ഡി.പി അച്ചടിച്ച അക്കങ്ങളെങ്കിൽ ഇതൊക്കെ അനുഭവങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.