ഗവർണർമാർ വഴിമുടക്കുമ്പോൾ
text_fieldsഇന്ത്യൻ ഭരണഘടനയുടെ 153ാം ഖണ്ഡിക വ്യവസ്ഥപ്പെടുത്തിയ സംസ്ഥാന ഗവർണർ പദവിയുടെ ഉത്തരവാദിത്തവും അധികാരങ്ങളും മറ്റനേകം ഖണ്ഡികകളിൽ നിർവചിക്കപ്പെട്ടതാണ്. എന്നാൽ, ഈ പദവി ഒരു അലങ്കാരം മാത്രമാണെന്നും കാര്യമായ ധർമമൊന്നും നിർവഹിക്കാതെ ഭീമമായ ചെലവുകൾക്കും പലപ്പോഴും ഭരണഘടനാ പ്രതിസന്ധികൾക്കും ഇടവരുത്തുന്നുവെന്നും അതിനാൽ അതെടുത്തുകളയണമെന്നുമുള്ള ആവശ്യത്തിന് ഏറെ പഴക്കമുണ്ട്, അത്രതന്നെ സ്വീകാര്യതയും. നിയമസഭകളിലെ പാർട്ടികളുടെ ഭൂരിപക്ഷം തീരുമാനിക്കുന്നതും, സഭ പാസാക്കുന്ന ബില്ലുകൾ ഒപ്പു വെച്ച് നിയമമായി പ്രാബല്യത്തിൽ വരുത്തുന്നതും വ്യത്യസ്ത ഭരണഘടനാപദവികളിലേക്കുള്ള നിയമനങ്ങളിൽ ഒപ്പിടുന്നതും ഗവർണർമാരാണ്. രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചവർ, തൽക്കാലം കേന്ദ്രഭരണകൂടത്തിന് രാഷ്ട്രീയപദവികളിൽനിന്ന് മാറ്റിനിർത്തണമെന്നുള്ളവർ, അനുഭവപരിചയം ഉപകരിക്കുമെന്നു കേന്ദ്രത്തിനു ബോധിക്കുന്നവരും വരച്ച വരയിൽ നിൽക്കുമെന്നുറപ്പുള്ളവരുമായ മുൻ ബ്യൂറോക്രാറ്റുകൾ എന്നിവരൊക്കെയാണ് ഈ പദവിയിൽ സാധാരണ നിയമിക്കപ്പെടാറുള്ളത്.
ഈ രാഷ്ട്രീയ വിധേയത്വംതന്നെയാണ് ഇപ്പോൾ തമിഴ്നാട്ടിലെയും കേരളത്തിലെയും ഗവർണർമാരും സംസ്ഥാന സർക്കാറുകളും തമ്മിലെ ഉരസലിനു നിദാനം. പശ്ചിമ ബംഗാളിലും തത്തുല്യമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഈ രണ്ടു സംസ്ഥാന സർക്കാറുകളാണ് ഇപ്പോൾ ഗവർണർമാർക്കെതിരെ പരാതികളുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. രണ്ടിടത്തും സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർമാർ അവ വൈകിപ്പിക്കുന്നു എന്നാണ് പരാതി. കേരളത്തിലെ ഈ വടംവലിയുടെ തീവ്രത കുറിക്കുന്നു ഞായറാഴ്ച കേരള ഗവർണർ മാധ്യമങ്ങളുടെ മുന്നിൽ സംസ്ഥാന സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ. ഭരണഘടനയനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ തലവനായ ഗവർണർതന്നെയാണ് താൻ നേതൃത്വം നൽകുന്ന സർക്കാറിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. ഗവർണറുടെ വരുതിയിൽപെട്ട കാര്യങ്ങളല്ല, അധികവും സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തന ശൈലിയെപ്പറ്റിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന് പറയാനുണ്ടായിരുന്നത്. അതിൽ മിക്കതും ഗവർണർ പദവിയുടെ അന്തസ്സിൽനിന്ന് താഴോട്ടിറങ്ങി മിക്കവാറും പ്രതിപക്ഷം ഉയർത്തുന്ന തരം വിമർശനങ്ങളായിപ്പോയി. ആ വിമർശനങ്ങളധികവും കേന്ദ്രത്തോടുള്ള രാഷ്ട്രീയവിധേയത്വമായി മാത്രമേ വായിക്കപ്പെടൂ.
ഇപ്പോൾ സുപ്രീംകോടതിക്കു മുമ്പാകെയുള്ള വിഷയത്തിലും കേരള ഗവർണർ സംസ്ഥാന സർക്കാറിനെ ഖണ്ഡിക്കുന്നുണ്ട്. നിയമ സഭ പാസാക്കിയ എട്ടു ബില്ലുകളാണ് ഗവർണറുടെ മുമ്പാകെ ഒപ്പിടാനുള്ളത്. അതിൽ രണ്ടെണ്ണം ഗവർണർ അഭിമാനപ്രശ്നമായി എതിർത്തതാണ്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി പകരം ഉന്നത നിലവാരമുള്ള അക്കാദമീഷ്യന്മാരെ നിയമിക്കാൻ വ്യവസ്ഥചെയ്യുന്ന ബില്ലാണ് ഒന്ന്. ചാൻസലർ എന്ന നിലയിൽ സർവകലാശാലകളുടെ ഭരണത്തിൽ അതിരുകടന്ന് ഇടപെടുകയും സ്വതന്ത്രമായ പ്രവർത്തനത്തിന് ഗവർണർ അനുവദിക്കാതിരിക്കുകയും ചെയ്തതാണ് ഈ ബില്ലിന്‍റെ പശ്ചാത്തലം. മറ്റൊന്ന് ലോകായുക്തയിൽ അപ്പീൽ ഇല്ലാത്ത നിലവിലെ വ്യവസ്ഥ മാറ്റി ഒരു അപ്പലേറ്റ് സംവിധാനം ഉൾക്കൊള്ളിക്കുന്നതാണ്. ഇത് അന്തിമമായി ആരോപിതൻതന്നെ ന്യായാധിപനാവുന്ന വ്യവസ്ഥയാണെന്നാണ് ഗവർണറുടെ പക്ഷം.
അതിലും മേൽ നടപടികൾ എടുക്കാതെ പിടിച്ചുവെക്കുകയാണ് ഗവർണർ ചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഗവർണർമാരെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളാണ് പ്രശ്നത്തിന്റെ മർമം. ഗവർണർ ചാൻസലർ അല്ലാതാവുന്നതോടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ കേന്ദ്രത്തിന്‍റെ താൽപര്യങ്ങൾ അപ്രസക്തമാവും. വിദ്യാഭ്യാസ മണ്ഡലത്തിൽ ഹിന്ദുത്വാധിഷ്ഠിത പരിഷ്‌കരണങ്ങൾ കൊണ്ടുവരുമ്പോൾ ഉന്നത വിദ്യാഭ്യാസ തലപ്പത്തും ഇഷ്ടക്കാരാവണമെന്നു കേന്ദ്രം ആഗ്രഹിക്കുക സ്വാഭാവികം. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ ‘കഴിയുന്നതും വേഗം’ ഒപ്പിട്ടുനൽകുകയോ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുകയോ ആണ് നാട്ടുനടപ്പ്. അതിനു തയാറാകാതെ ഗവർണർമാർ ഇപ്പോൾ അത് വെച്ചുതാമസിപ്പിക്കുകയാണ്. ഗവർണറുടെ തീരുമാനത്തിന് ഒരു കാലപരിധി ഭരണഘടന നിശ്ചയിക്കാത്തതുമൂലം സാങ്കേതികന്യായവും ഗവർണർമാരുടെ രക്ഷക്കെത്തുന്നുണ്ട്.
തമിഴ്നാട്ടിൽ ജയിൽപുള്ളികളുടെ മോചനം, പി.എസ്.സി അംഗങ്ങളുടെ നിയമനം, മുൻ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ ഒക്കെയാണ് മുഖ്യമായും ഗവർണർ ആർ.എൻ. രവിയുടെ തടസ്സത്തിൽ കുരുങ്ങിക്കിടക്കുന്നവ. ഒരു തീരുമാനവുമെടുക്കാതെ ഇങ്ങനെ വൈകിപ്പിക്കുന്നതു കേന്ദ്ര സർക്കാറിന്‍റെ അഭീഷ്ടം സാധിക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നുമല്ല. ബില്ലുകൾ ഭരണഘടനക്ക് നിരക്കാത്തതെന്നു തോന്നിയാൽ ഭരണഘടന നിഷ്കർഷിച്ച രീതിയിൽ കൈകാര്യംചെയ്യണം. കേന്ദ്രത്തിന്റെ രാഷ്ട്രീയതാൽപര്യത്തിനൊത്തു തുള്ളുന്നതാവരുത് രാജ്ഭവനുകൾ. അതിനാവുന്നില്ലെങ്കിൽ സംസ്ഥാന സർക്കാറുകളുടെ സുഗമമായ പ്രവർത്തനങ്ങളെ സഹായിക്കുന്ന നിഷ്പക്ഷമായ മറ്റേതെങ്കിലും അധികാരസ്ഥാപനങ്ങൾ പകരം വെക്കാനാവുമോ എന്നാലോചിക്കേണ്ട സമയവും അതിക്രമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.