യതീംഖാന കേസ്: കേരളത്തിലെ സത്യാനന്തര പാഠം
text_fields2014 മേയ് അവസാനത്തിൽ കേരളത്തിൽ പെയ്തിറങ്ങിയ വാർത്താവിവാദമായിരുന്ന ുവല്ലോ ‘കുട്ടിക്കടത്ത്’ സംഭവം. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതരസ ംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് കുട്ടികളെ ‘കടത്തിക്കൊണ്ടു’വരുെന്നന്നായ ിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ ആരോപിച്ചത്. നിയമവിരുദ്ധ ബാലക്കടത്തായി വ്യാ ഖ്യാനിച്ചു പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ‘അനധികൃതമായി കണ്ടെ ത്തിയ’ 349 ആൺകുട്ടികളെയും 240 പെൺകുട്ടികളെയും നാട്ടിലേക്ക് തിരിച്ചയച്ച ും അവരെ കൊണ്ടുവന്ന അനാഥശാലാ അധികൃതരെയും രക്ഷിതാക്കളെയും ഐ.പി.സി 370 പ്രകാരം14 വർഷം തടവിന് ശിക്ഷിക്കാവുന്ന വകുപ്പുകളിൽ കേസെടുത്ത് ജയിലിലടച്ചും വിമോചകസായുജ്യമടയുകയായിരുന്നു പൊലീസും ശിശുക്ഷേമ സമിതികളും.
ഈ നീക്കത്തിന് ചില രാഷ്ട്രീയപാർട്ടികളുടെയും ഏതാനും സാംസ്കാരിക പ്രവർത്തകരുടെയും നിർലോഭ പിന്തുണയും ലഭിച്ചു; സമൂഹമാധ്യമങ്ങളിലും വിഷയം നിറഞ്ഞുനിന്നു. വാസ്തവത്തിൽ, തിരിച്ചയക്കപ്പെട്ട ഭൂരിഭാഗം കുട്ടികൾക്കും നിയമപരമായ രേഖകൾ ഉണ്ടായിരുന്നു. അവർ നേരത്തേതന്നെ കേരളത്തിൽ പഠിക്കുന്നവരും അവധിക്കാലത്ത് നാട്ടിലേക്ക് പോയവരുമായിരുന്നു. ഉത്തരേന്ത്യയിലെ ദാരിദ്ര്യം നിറഞ്ഞ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽനിന്ന് അറിവും അന്നവും തേടിയെത്തിയ പുതിയ കുട്ടികളിൽ ചിലർക്ക് നിയമപരമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നതും യാഥാർഥ്യമാണ്. അവധാനതയോടെ അതിെൻറ കാരണങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അധികാരികളുടെ അനുകമ്പാപൂർവമായ സമീപനത്തിന് സർവത്ര അർഹരായിരുന്നു ആ കുട്ടികൾ. ആവശ്യമായ നിയമപരിജ്ഞാനം നൽകിക്കൊണ്ടുതന്നെ ദരിദ്രരായ കുട്ടികളെ പഠിപ്പിക്കാനുള്ള അഭിവാഞ്ഛക്ക് അഭിനന്ദനങ്ങൾക്കർഹരായിരുന്നു ആ അനാഥാശാല നടത്തിപ്പുകാർ.
ദൗർഭാഗ്യവശാൽ മാധ്യമങ്ങളും അധികാരികളും ഈ സംഭവം കൈകാര്യം ചെയ്തത് തീവ്രവാദത്തിെൻറയും മനുഷ്യക്കടത്തിെൻറയും സ്തോഭജനകമായ കഥകളുടെ അകമ്പടികളോടെയാണ്. ഝാർഖണ്ഡിൽനിന്ന് കുട്ടികളെ എത്തിച്ച വിഷയം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷനും ബാലനീതി കമ്മിറ്റിയും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുവേണ്ടി മുറവിളികൂട്ടി. ആഭ്യന്തരമന്ത്രാലയവും സാമൂഹിക ക്ഷേമവകുപ്പും നിജഃസ്ഥിതി അന്വേഷിക്കാതെ വർഗീയ ധ്രുവീകരണത്തിെൻറ കൽപിത കഥകൾക്കനുസൃതമായ സമീപനം സ്വീകരിച്ചു.
ഒടുക്കം, 2015 ജൂലൈയിൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ഡിവിഷൻ െബഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അതിലെഴുതിയ പരാമർശങ്ങൾ മതിയാകും, കോടതിപോലും എത്രമാത്രം തെറ്റിദ്ധാരണജനകമായാണ് ആ കേസ് ഉൾകൊണ്ടതെന്നറിയാൻ. ‘‘കുട്ടികളെ മടക്കി അയെച്ചന്നതുകൊണ്ട് പ്രശ്നം തീരുന്നില്ല. കുട്ടികളെ ആര്, എങ്ങനെ, എന്തിനുവേണ്ടി എത്തിെച്ചന്ന കാര്യങ്ങൾ കണ്ടെത്താൻ സി.ബി.ഐയോ മറ്റു കേന്ദ്ര ഏജൻസികളോ അന്വേഷണം നടത്തണം. മാതാപിതാക്കളുടെ പരിരക്ഷയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ എന്തിനുവേണ്ടിയാണ് കേരളത്തിലെത്തിച്ചതെന്നറിയണം? അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്’’.
അന്വേഷണമേെറ്റടുത്ത സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിൽ കഴിഞ്ഞ ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു; ആ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് വിദ്യാഭ്യാസത്തിനായിരുെന്നന്ന് അംഗീകരിച്ചുകൊണ്ട്. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2013 ജൂൺ 22ന് കേരള സാമൂഹികനീതി വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതരസംസ്ഥാനത്തുനിന്നുള്ള കുട്ടികളെ അനാഥാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിൽ ഒരു നിയമ തടസ്സവുമില്ല. അതു കുട്ടിക്കടത്തായി കരുതാനുമാവില്ല. യതീംഖാനകൾക്കെതിരെ നടന്ന സംഘടിത ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും കുട്ടികളും രക്ഷിതാക്കളും പഠനരീതികളിലും താമസ സൗകര്യങ്ങളിലും സംതൃപ്തരാെണന്നുംകൂടി രേഖപ്പെടുത്തിയാണ് കേസുകൾ റദ്ദാക്കാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് അവസാനിക്കുന്നത്. മുക്കത്തെ അനാഥശാല ഭാരവാഹികൾക്കെതിരെ ഝാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത കേസ് അവിടത്തെ ഹൈകോടതി ഇതിനുമുേമ്പ റദ്ദാക്കിയിരുന്നു. കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് പഠിപ്പിക്കാനാണ്, കുട്ടിക്കടത്തിനല്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത് 2019 സെപ്റ്റംബർ 10നാണ്.
അന്തർദേശീയ ഗൂഢാലോചനയായും വിദ്യാഭ്യാസത്തിെൻറ പേരിൽ നടക്കുന്ന ഭീകരവാദ കേന്ദ്രത്തിലേക്കുള്ള മനുഷ്യക്കടത്തായും ചിത്രീകരിക്കപ്പെട്ട ഈ വിവാദം കേരളത്തിൽ മുസ്ലിംഭീതി കനപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഭരണകൂട സംവിധാനം മുതൽ മാധ്യമങ്ങൾ വരെ അറിഞ്ഞും അറിയാതെയും ആ പ്രചാരണത്തിെൻറ കണ്ണികളുമായി. പരസ്പരം കാണാനാകാത്തവണ്ണം വെറുപ്പിെൻറയും സംശയത്തിെൻറയും പുകകൾ കനക്കുന്ന ഈ കാലത്ത് ഗൗരവമായ വീഴ്ചതന്നെയായിരുന്നു അത്. സംഭവിച്ച തെറ്റിനെക്കുറിച്ചുള്ള പുനരാലോചനകൾ തിരുത്താനും ആവർത്തിക്കാതിരിക്കാനുമുള്ള ജാഗ്രതയിലുമാണ് സാമൂഹിക ജീവിതത്തിെൻറ മേന്മ കുടികൊള്ളുന്നത്. തീർച്ചയായും കേരളത്തിലെ യതീംഖാന കേസ് സാമൂഹിക ഗവേഷകരുടെ പാഠ്യവിഷയമാകേണ്ടതാണ്.
കാരണം, കേരളത്തിൽ നിലനിൽക്കുന്ന സഹവർത്തിത്വമായ സാമൂഹികജീവിതത്തിൽ കന്മഷം കലക്കപ്പെടുന്നതെങ്ങനെയെന്ന് തിരിച്ചറിയുന്നതിനും അതിൽ അധികാര, സാമൂഹിക സംവിധാനങ്ങളും വ്യക്തികളും അകപ്പെടുന്നതിെൻറ സ്വഭാവം വേർതിരിച്ച് മനസ്സിലാക്കാനുമുള്ള മികച്ച പാഠപുസ്തകമാണീ കേസും അതുണ്ടാക്കിയ പ്രതികരണങ്ങളും. ‘കുട്ടിക്കടത്തി’ന് ഇപ്രകാരമൊരു പരിസമാപ്തി കുറിക്കപ്പെടുമ്പോൾ ‘മാധ്യമ’ത്തിന് ചാരിതാർഥ്യമുണ്ട്- ഒഴുക്കിനു ഭിന്നമായി സത്യേത്താടൊപ്പം സഞ്ചരിക്കാനും ശരിയിൽ നിലയുറപ്പിക്കാനും കഴിഞ്ഞതിൽ; പഠനം നിലച്ച് പാടങ്ങളിൽ കന്നുകാലികളെപ്പോലെ ജീവിതം തീർന്നുപോകേണ്ടിയിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാനുള്ള പരിശ്രമങ്ങൾക്ക് താഴിടാനുള്ള പ്രയത്നത്തിനെതിരെ ആർജവമുള്ള മാധ്യമ സമീപനം സ്വീകരിച്ചതിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.