ആശുപത്രി സംരക്ഷണ ഓർഡിനൻസും രോഗികളും
text_fieldsആരോഗ്യരംഗത്ത് ലോകത്തിനുതന്നെ മാതൃകയാണ് കേരളം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ, ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടംതന്നെ നാം നടത്തിയിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങളും മെഡിക്കൽ കോളജുകളുമെല്ലാം ഏറെ വ്യവസ്ഥാപിതമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആയുർദൈർഘ്യം, മാതൃ-ശിശു മരണനിരക്ക് തുടങ്ങി ആരോഗ്യസൂചികയുടെ ഏതു മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന്റെ സ്ഥാനം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമോ അതിനുമേലെയോ ആയിരിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ഇതിന്റെ ഗുണഫലങ്ങളും കേരളീയർ ധാരാളം അനുഭവിച്ചിട്ടുണ്ട്. 2018 മേയ് മാസത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ വ്യാപനത്തിന്റെ കാര്യംതന്നെ എടുക്കുക. ലോകത്ത് അത്യപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള നിപ വൈറസിനെ കേവലം മൂന്നാഴ്ചകൊണ്ട് പിടിച്ചുനിർത്താനായി എന്നത് അത്ഭുതത്തോടെയല്ലാതെ ആരും നോക്കിക്കാണില്ല. 17 മരണം മാത്രമാണ് അന്ന് സംഭവിച്ചത്. തൊട്ടടുത്തവർഷം രോഗം റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞതും നമ്മുടെ ആരോഗ്യ മോഡലിന്റെ മികവുകൊണ്ടുമാത്രമാണ്. കോവിഡ് കാലത്തും കേരളീയർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ, ഈ ആരോഗ്യമാതൃകയുടെ മാറ്റുകുറക്കുന്ന ചില പുഴുക്കുത്തുകൾകൂടി ഇവിടെ സംഭവിക്കാറുണ്ട്. ആരോഗ്യപ്രവർത്തകർ ആക്രമണങ്ങൾക്കിരയാകുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അത്തരത്തിലൊന്നാണ്. ആരോഗ്യപ്രവർത്തകരുടെ ആരോഗ്യത്തിന് സമൂഹവും ഭരണകൂടവും പുല്ലുവില കൽപിക്കുന്നുവെന്നത് കേവലമൊരു ആരോപണമല്ല; അനുഭവംതന്നെയാണ്. ദിവസങ്ങൾക്കുമുമ്പ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് ആക്രമിയുടെ കുത്തേറ്റു മരിച്ച സംഭവം നിലനിൽക്കുന്ന അപകടകരമായ സാഹചര്യത്തിന്റെ ആഴം ആരെയും ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്. ഈ പശ്ചാത്തലത്തിലാണ്, ആരോഗ്യപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യമായ ആരോഗ്യസംരക്ഷണ നിയമത്തിന് രൂപംനൽകാൻ സർക്കാർ നിർബന്ധിതരായത്. ഒരാഴ്ചക്കുള്ളിൽതന്നെ, വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞു; ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിക്കുന്നതടക്കമുള്ള പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മെഡിക്കൽ രംഗത്തുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ തൊഴിലെടുക്കാനാകുമെന്നുതന്നെ പ്രത്യാശിക്കാം.
കഴിഞ്ഞ മാർച്ചിൽ രാജസ്ഥാൻ സർക്കാർ ആരോഗ്യത്തെ മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ജീവിക്കുന്ന മുഴുവൻ ആളുകളും സർക്കാറിന്റെ വിവിധ ആരോഗ്യപദ്ധതികളുടെ ഗുണഭോക്താക്കളാകുന്നുണ്ടെന്നും ആരും ഒരുതരത്തിലും അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനുള്ള ഒരു നിയമംകൂടിയായിരുന്നു അത്. ഏതൊരു ജനാധിപത്യ ഭരണഘടനയുടെയും മൗലിക തത്ത്വങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള അവകാശം. അതിന്റെ തുടർച്ചയായിട്ടാണിപ്പോൾ പല രാഷ്ട്രങ്ങളും ആ മൗലിക തത്ത്വത്തെ ‘ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം’ എന്നു ഭേദഗതി ചെയ്തിരിക്കുന്നത്. എങ്ങനെയെങ്കിലും ജീവിച്ചാൽ പോരാ; ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകണം എന്നതാണ് ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ നിലപാട്. ഈ സമീപനത്തോട് ഏറെ ചേർന്നുനിൽക്കുന്നതാണ് ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം സംബന്ധിച്ച കാഴ്ചപ്പാടും. അത്തരത്തിലൊരു നിയമനിർമാണം സംസ്ഥാന സർക്കാർ നടത്തുമ്പോൾ അത് കേരള ആരോഗ്യ മോഡലിലെ പുതിയൊരു അധ്യായമാകുന്നുവെന്നുതന്നെ വിലയിരുത്താം. ആരോഗ്യം മൗലികാവകാശമാകുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ജീവൽസുരക്ഷ അതിൽ അതിപ്രധാനമാകുന്നു. ഓർഡിനൻസ് പ്രകാരം, അക്രമം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചുവർഷം വരെയും തടവ് ലഭിക്കും. ഇതിനുപുറമെ, രണ്ടു ലക്ഷം രൂപവരെ പിഴയും വിധിക്കാം. ദേഹോപദ്രവം ഏൽപിക്കുന്നവർക്ക് ഏഴു വർഷം വരെയാണ് ശിക്ഷ. കേവലം ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രമല്ല ഈ നിയമത്തിലൂടെ പരിരക്ഷ ലഭിക്കുക. ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫ്, പാരാമെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപർമാർ എന്നിവരെയൊക്കെയും ആരോഗ്യപ്രവർത്തകരായി കണക്കാക്കിയാണ് നിയമനിർമാണം. മറ്റൊരർഥത്തിൽ, ആശുപത്രിയിലെ ഏതൊരു ജീവനക്കാരോടും അപമര്യാദയായി പെരുമാറുന്നത് വലിയ ക്രിമിനൽ കുറ്റമായിത്തന്നെ പരിഗണിക്കപ്പെടും. അതുകൊണ്ടുതന്നെ, നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇപ്പോൾ തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾക്ക് ഒരുപരിധിവരെയെങ്കിലും അറുതിയായേക്കും. അതേസമയം, ഈ നിയമം ദുരുപയോഗംചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അപമര്യാദയായി പെരുമാറുക, അക്രമത്തിന് പ്രചോദനം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് കൃത്യമായൊരു നിർവചനം നൽകാൻ സാധ്യമല്ലാതിരിക്കെ, ഇത് ‘കുറ്റ’ങ്ങളായി ഏതു സാഹചര്യത്തിലും വ്യാഖ്യാനിക്കാവുന്നതാണ്. അങ്ങനെ സംഭവിച്ചാൽ രോഗികളുടെ അവകാശങ്ങളായിരിക്കും അവിടെ ഹനിക്കപ്പെടുക എന്നോർക്കണം. ചികിത്സപ്പിഴവ് സംബന്ധിച്ചോ മറ്റോ ആശുപത്രി അധികൃതർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കൃത്യമായൊരു പരാതി ഉന്നയിക്കാൻപോലും കഴിയാത്ത സ്ഥിതിവിശേഷമായിരിക്കും നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ സംഭവിക്കുക. ഓർഡിനൻസിലെ ഈ പഴുത് തിരിച്ചറിഞ്ഞതുകൊണ്ടാകാം, രോഗികളുടെ അവകാശവും തങ്ങൾ സംരക്ഷിക്കുമെന്ന് ഐ.എം.എ ഭാരവാഹികൾ കഴിഞ്ഞ ദിവസം ഊന്നിപ്പറഞ്ഞത്. ആരോഗ്യമാണ് മൗലികാവകാശം. അത് രോഗിക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ലഭിക്കുന്നുവെന്നുറപ്പുവരുത്താനുള്ള ബാധ്യത അധികാരികൾക്കുണ്ട്. അതിനുള്ള ചുവടുവെപ്പായിരിക്കട്ടെ, ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.