പി.ഐ.ബി വക സെൻസർഷിപ്
text_fieldsസമൂഹമാധ്യമങ്ങളിൽ യൂനിയൻ സർക്കാറുമായി ബന്ധപ്പെട്ടുവരുന്ന വിവരങ്ങൾ ശരിയെന്നും തെറ്റെന്നും പറയാനുള്ള അധികാരം സർക്കാറിന് കീഴിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിന് നൽകിക്കൊണ്ട് ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരിക്കുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി)ക്കാണ് ഈ അധികാരം നൽകിയിരിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ ഓൺലൈൻ മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം തെറ്റാണെന്ന് പി.ഐ.ബി പറഞ്ഞാൽ പിന്നെ അത് നീക്കംചെയ്യാൻ ഈ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാകും. 2021ലെ വിവര-സാങ്കേതികവിദ്യ (ഐ.ടി) ചട്ടത്തിന്റെ ഭേദഗതി പ്രകാരം, സർക്കാർ സംവിധാനം വ്യാജമെന്ന് മുദ്രകുത്തുന്ന ഉള്ളടക്കം 72 മണിക്കൂറിനകം എടുത്തുമാറ്റിക്കൊള്ളണം. പി.ഐ.ബിക്ക് മാത്രമല്ല, ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ‘വ്യാജം’ കണ്ടെത്താനുള്ള അധികാരം നൽകിയിട്ടുണ്ട്. വ്യാജ വാർത്തകൾക്കും അസത്യ പ്രചാരണത്തിനുമെതിരെ നിയമമില്ലാത്തതല്ല പ്രശ്നം. ഐ.ടി നിയമത്തിലെ 69 എ, 79 സെക്ഷനുകളിലും സിവിൽ-ക്രിമിനൽ അപകീർത്തി നിയമങ്ങളിലും ഡിജിറ്റൽ മീഡിയ ചട്ടങ്ങളിലും വ്യാജ പ്രചാരണത്തിനെതിരായി വ്യവസ്ഥയുണ്ട്. ഒരു ഭാഗത്ത് വിദ്വേഷം പരത്തുന്ന വ്യാജ വാർത്തകൾ നിർബാധം പടരാനനുവദിക്കുന്ന സർക്കാർ മറുഭാഗത്ത് വ്യാജ വാർത്തക്കെതിരെ നിലവിലുള്ള വ്യവസ്ഥകൾ ദുരുപയോഗപ്പെടുത്തി അഭിപ്രായ സ്വാതന്ത്ര്യവും വിമർശനവും തടയാനുള്ള ശ്രമം തുടരുകയാണ്. പോരെങ്കിൽ, ഇപ്പോൾ തിടുക്കത്തിൽ പുതിയൊരു ഭേദഗതിയിലൂടെ വാർത്ത നിയന്ത്രിക്കാനാകുന്ന വിധത്തിൽ സർക്കാർ സ്വയം ആയുധമണിയുന്നു. ഇത് വ്യാജം തടയാനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പൊതുതെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്തുവന്നുകൊണ്ടിരിക്കെ, അദാനി ബന്ധമടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം നൽകാൻ പാടുപെടുന്ന സർക്കാറിന് ജനാധിപത്യ ചർച്ചകളും വിമർശനങ്ങളും തടയാൻ എളുപ്പവഴിയാണ് ഈ പുതിയ ചട്ടം. വ്യാജം തടയുകയല്ല, സെൻസർഷിപ്പാണ് ലക്ഷ്യം.
സമൂഹമാധ്യമ ഉള്ളടക്കം ശരിയോ തെറ്റോ എന്ന് വസ്തുതാപരിശോധന (ഫാക്ട് ചെക്ക്) നടത്താൻ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് സർക്കാർ പറയുന്നു. എന്നാൽ, അത് സ്വതന്ത്ര സംവിധാനമായിരിക്കുമെന്നല്ല, പി.ഐ.ബിക്ക് കീഴിലായിരിക്കുമെന്നാണ് പറയുന്നത്. അതിൽ യോഗ്യരായ പൊതുപ്രവർത്തകരോ മാധ്യമപ്രവർത്തകരോ ഉണ്ടാകുമോ, അവർക്ക് ഫാക്ട്ചെക്കിൽ വിദഗ്ധ പരിശീലനം നൽകുമോ, ഫാക്ട്ചെക്കിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുമോ, ഫാക്ട്ചെക്കിന്റെ രീതികളും നടപടിക്രമങ്ങളുമെന്ത് എന്നൊന്നും വ്യക്തമല്ല. വാസ്തവത്തിൽ പി.ഐ.ബി ഇതുവരെ നടത്തിയ ഫാക്ട്ചെക്കിലെല്ലാം അതിന്റെ (സ്വാഭാവികമായ) സർക്കാർ വിധേയത്വമാണ് തെളിഞ്ഞിട്ടുള്ളത്. സർക്കാർ മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പിലെ ഒരു ഉപവകുപ്പായ പി.ഐ.ബിയിലെ ഫാക്ട്ചെക്ക് വിഭാഗം എത്രത്തോളം സ്വതന്ത്രമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈയിടെ പി.ഐ.ബി നടത്തിയ ഫാക്ട്ചെക്കിന്റെ നിരവധി ഉദാഹരണങ്ങൾ സർക്കാർ വിധേയത്വം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പദ്ധതിപ്രകാരം കുട്ടികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതിക്ക് ആധാർ നിർബന്ധമാക്കിയതായി റിപ്പോർട്ടേഴ്സ് കലക്ടിവിലെ തപസ്യ ‘ആർട്ടിക്ൾ 14’ൽ വെളിപ്പെടുത്തിയ ഉടനെ അതിനെ വ്യാജ വാർത്തയെന്ന് പി.ഐ.ബി മുദ്രകുത്തി. വിവരാവകാശ നിയമപ്രകാരം ലേഖിക രേഖകൾ തേടിയപ്പോൾ പി.ഐ.ബി പറഞ്ഞതാണ് വ്യാജമെന്ന് തെളിഞ്ഞു. ഇത് കഴിഞ്ഞവർഷം. 2019ൽ ‘ബിസിനസ് സ്റ്റാൻഡേഡ്’ പത്രത്തിൽ സോമേഷ് ഝാ ഒരു വിവരം പുറത്തുവിട്ടു. രാജ്യത്ത് തൊഴിലില്ലായ്മ 45 വർഷക്കാലത്തെ ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പ്ൾ സർവേ ഓഫിസ് (എൻ.എസ്.എസ്.ഒ) കണ്ടെത്തിയെന്നും പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ രഹസ്യമാക്കിവെച്ചിരിക്കയാണെന്നുമായിരുന്നു അത്. പി.ഐ.ബി ഉടനെ ‘വ്യാജ’ മുദ്രയുമായി ഇറങ്ങി. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തന്നെ വിജയിച്ചു. പിന്നീട് മേയ് ഒടുവിൽ, ആ സർവേ റിപ്പോർട്ട് സർക്കാർ പ്രസിദ്ധപ്പെടുത്തിയപ്പോൾ സോമേഷ് ഝാ നൽകിയ വാർത്ത ശരിയായിരുന്നു എന്ന് വെളിപ്പെട്ടു. കോവിഡ് കാലത്ത്, ഉപയോഗശൂന്യമായ വെന്റിലേറ്റർ വാങ്ങിക്കൂട്ടിയതിനെപ്പറ്റി ‘ദ വയറി’ൽ രോഹിണി സിങ്ങും കോവിഡ് ടാസ്ക്ഫോഴ്സുമായി ആലോചിക്കാതെ കേന്ദ്രം സുപ്രധാന തീരുമാനങ്ങളെടുത്തതിനെപ്പറ്റി ‘കാരവനി’ൽ വിദ്യ കൃഷ്ണനും 2020ൽ ചെയ്ത റിപ്പോർട്ടുകളും പി.ഐ.ബി വ്യാജമെന്ന് അടയാളപ്പെടുത്തിയെങ്കിലും ആ തീർപ്പ് തെറ്റായിരുന്നു.
തീർപ്പുകൾ ശരിയായാൽപോലും പി.ഐ.ബി ഫാക്ട്ചെക്ക് സത്യാസത്യങ്ങളുടെ അന്തിമവാക്കായിക്കൂടാ. ഗുജറാത്ത് വംശഹത്യയെപ്പറ്റി ബി.ബി.സി ചെയ്ത ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കപ്പെട്ടത് അത് സത്യമല്ലാത്തതുകൊണ്ടല്ല. മുഗൾ ഭരണകാലവും വിദർഭയിലെ കർഷക മരണങ്ങളും ഗാന്ധി വധത്തിന് പിന്നിലെ പ്രേരണകളും മലിനീകരണം മൂലമുള്ള മരണങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്തതും അവ കള്ളമായതുകൊണ്ടല്ല. തെരഞ്ഞെടുപ്പുകാലമാകുമ്പോഴേക്കും സകല വിവര-വിജ്ഞാന വ്യവഹാരങ്ങളും സർക്കാറിന്റെ പബ്ലിക് റിലേഷൻസ് മാത്രമായിരിക്കണമെന്ന ലക്ഷ്യം ഇവക്കു പിന്നിലുണ്ട്. ഏതു വാർത്ത ജനങ്ങളറിയണമെന്ന തീരുമാനം സർക്കാറിന്റെ പബ്ലിക് റിലേഷൻസ് ഏജൻസിക്ക് -ഇതിനകം തന്നെ തങ്ങളുടെ വിധേയത്വം പലകുറി തെളിയിച്ച ഏജൻസിക്ക് -നൽകുന്നത് ജനാധിപത്യ വിരുദ്ധം മാത്രമല്ല, രാജ്യവിരുദ്ധം കൂടിയാണ്. പ്രതിഭാഗം വിധികർത്താവാകുന്ന വിചിത്രരീതി, യാഥാർഥ്യത്തിൽനിന്ന് ജനശ്രദ്ധ അകറ്റാൻ പര്യാപ്തമാകുമെങ്കിലും രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും തടസ്സം തീർക്കും. ഐ.ടി നിയമത്തിൽ സമീപകാലത്ത് കൊണ്ടുവന്ന മാറ്റങ്ങൾ വസ്തുതകൾ മറച്ചുവെക്കാനും സർക്കാറിനനുകൂലമായി വളച്ചൊടിക്കാനും ഉദ്ദേശിച്ചുള്ളവയാണെന്ന് വ്യക്തമായിക്കഴിഞ്ഞതാണ്. സർക്കാറിന്റെ ഇഷ്ടക്കേട് സമ്പാദിച്ച ബി.ബി.സി ഡോക്യുമെന്ററിയിൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി നൽകിയ ഒരു ഉത്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തെങ്കിലും കാര്യത്തിൽ ഖേദം തോന്നിയിട്ടുണ്ടോ എന്ന അഭിമുഖകാരിയുടെ ചോദ്യത്തിന്, ‘മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെ’ന്ന ഖേദം മാത്രമാണുള്ളത് എന്നാണ് മറുപടി. മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾക്കും മേൽ മാത്രമല്ല, ഇപ്പോൾ വാർത്തകൾക്കുമേലും നിയന്ത്രണം സ്ഥാപിക്കുക വഴി ആ ‘തെറ്റ്’ തിരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.