കർണാടകയിലെ ക്ഷീരയുദ്ധം
text_fieldsകർണാടകയിലെ ജനകീയ പാൽ ബ്രാൻഡ് നന്ദിനിയും ഗുജറാത്ത് കേന്ദ്രമായ പ്രസിദ്ധ ക്ഷീരോൽപന്ന ബ്രാൻഡ് അമുലും ഉൾപ്പെട്ട ക്ഷീരവിപണിയിലെ തർക്കം മേയ് 10 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുകയും ദേശീയ ചർച്ച വിഷയമാവുകയും ചെയ്തിരിക്കുന്നു. അമുൽ ബ്രാൻഡിന്റെ ഉൽപാദകരായ ഗുജറാത്ത് കോ-ഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ കേളികേട്ട ക്ഷീരോൽപാദകരാണ്, രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോൽപാദന സ്ഥാപനമാണ്. ‘നന്ദിനി’ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) എന്ന സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരോൽപാദകരുടെ സഹകരണ സ്ഥാപനവും. 21,000 കോടി വിറ്റുവരവുള്ള കെ.എം.എഫിന്‍റെ നന്ദിനി കന്നടിഗരുടെ നാവിൻ തുമ്പത്ത് രുചിയൂറുന്ന പേരു മാത്രമല്ല, തീൻമേശയുടെ ഒഴിയാഭാഗമായി അവർ മനസ്സിൽ കുടിയിരുത്തിയ ബ്രാൻഡ് കൂടിയാണ് . അമുലിന്‍റെ പാലും തൈരും കർണാടകയിൽ വിപണനം ചെയ്യുന്നതോടൊപ്പം അവ തദ്ദേശീയ ഉൽപന്നവുമായി ലയിപ്പിക്കാൻ നീക്കം നടക്കുന്നു എന്ന വാർത്തയാണിപ്പോൾ വിവാദത്തിനിടയാക്കിയിരിക്കുന്നത്. അമുലിന്റെ വെണ്ണ, പാൽക്കട്ടി, ക്രീം, മറ്റു പാനീയങ്ങൾ എല്ലാം നേരത്തെ തന്നെ കർണാടകയിൽ വിറ്റു വരുന്നുണ്ടെങ്കിലും പാലും തൈരും ഈയിടെയാണ് അവിടെ വിറ്റു തുടങ്ങിയത്. അമുൽ പ്രതിദിനം 1.8 കോടി ലിറ്റർ പാൽ ഉൽപാദിപ്പിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള നന്ദിനിയുടേത് 90 ലക്ഷം ലിറ്ററാണ്. വിലയിൽ അമുൽ ലിറ്ററിന് പത്തു രൂപയോളം കൂടുതലാണെങ്കിലും, വിപണിയിലെ ഈ ഭീമൻ സംസ്ഥാനത്ത് പ്രവേശിച്ചാൽ അത് ‘നന്ദിനി’യുടെ കശാപ്പിനിടയാക്കുമോ എന്നാണ് കർണാടകയിലെ ഭയം.
അമുലിന്റെ ഈ നീക്കത്തിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്ന് മേധാവികൾ പറയുന്നുണ്ടെങ്കിലും കന്നഡക്കാരുടെ ആശങ്കക്ക് ചില പശ്ചാത്തലങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ കർണാടക സന്ദർശനത്തിനിടയിൽ മാണ്ഡ്യയിൽ നടത്തിയ പ്രസംഗത്തിൽ അമുലും നന്ദിനിയും കൈകോർത്താലുണ്ടാവുന്ന മെച്ചങ്ങളെപ്പറ്റി നടത്തിയ പരാമർശമാണ് ഒന്ന്. ഉടൻ തന്നെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ ജനതാദൾ-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി സംസ്ഥാനത്തിന്റെ ക്ഷീര സഹകരണ മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഗൂഢാലോചനയായി അതിനെ വിമർശിച്ചു രംഗത്തു വന്നു. അമുലിന്‍റെ രംഗപ്രവേശനവും അമുൽ-നന്ദിനി ലയനത്തെക്കുറിച്ച സംസാരവും ഗുജറാത്ത് കർണാടകയെ ആക്രമിക്കുന്നതിനു തുല്യമാണ് എന്നാണ് പ്രതിപക്ഷവിമർശനം. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, അമിത് ഷായുടെ പ്രസ്താവനയോടെ അമുലിന്റെ വിൽപന വർധിച്ചതും നന്ദിനിയുടേത് കുറഞ്ഞതും ചൂണ്ടിക്കാട്ടുകയും അതിന്റെ ഫലമായി കെ.എം.എഫിന്റെ സഹകരണ സംഘങ്ങളിലെ പാലുൽപാദനവും പാൽ ലഭ്യത തന്നെയും താഴോട്ട് പോയതും ചൂണ്ടിക്കാട്ടി. ജനകീയ ഉൽപന്നമെന്ന നിലയിൽ നന്ദിനിക്ക് കർണാടകയുടെ ദൈനംദിന ജീവിതത്തിൽ ഒരു സ്ഥാനമുണ്ട്. ബംഗളൂരു ഹോട്ടലുടമകളുടെ സംഘടനയും നന്ദിനി മാത്രമെ ഉപയോഗിക്കൂവെന്നും അമുൽ ബഹിഷ്കരിക്കുമെന്നും പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. അതറിഞ്ഞു തന്നെയാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെയും അത്തരം ലയനനീക്കങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം നിഷേധിച്ചതും നന്ദിനിയെ അതുപോലെ നിർത്തുമെന്ന് ഉറപ്പു നൽകിയതും. അമുലുമായുള്ള ഒരു ലയനം ഒരിക്കലും അജണ്ടയിലില്ല എന്നു ബി.ജെ.പി ആണയിടുന്നുണ്ടെങ്കിലും പാലുൽപാദനവും ശേഖരണവും കുറഞ്ഞ കാര്യം കോൺഗ്രസ്-ജെ.ഡി.എസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അത് 28 ലക്ഷം കർഷകരെയും രണ്ടര ലക്ഷം തൊഴിലാളികളെയും ബാധിക്കും എന്ന മുന്നറിയിപ്പും അവർ നൽകുന്നു.
രണ്ടാമതായി, ഈയിടെയായി കേന്ദ്ര സർക്കാർ പല കാര്യങ്ങളിലും സംസ്ഥാനങ്ങളിലെ പേരുകളിലും ഹിന്ദി അടിച്ചേൽപിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നൽകിയ തൈരിന്റെ പാക്കറ്റിനു പുറത്ത് 'ദഹി' എന്നെഴുതണമെന്ന നിർദേശം വ്യാപകമായ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. നിർദേശം തൽക്കാലത്തേക്ക് മാറ്റി വെച്ചെങ്കിലും, എല്ലാറ്റിനും ഇന്ത്യ ഒട്ടാകെ ഒരു പേര് എന്ന് വന്നാൽ നന്ദിനിയുടെ അസ്തിത്വം തന്നെ ഇല്ലാതാവും. സാധ്യമാവുന്നിടത്തെല്ലാം ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയും.
വെറും പാലുൽപാദനരംഗത്തു മാത്രമല്ല, സഹകരണ മേഖലയിലേക്കു കൂടിയുള്ള കടന്നുകയറ്റമായി കൂടി രാഷ്ട്രീയവൃത്തങ്ങൾ ഇതിനെ കാണുന്നുണ്ട്. സംസ്ഥാന വിഷയമായ സഹകരണത്തിന് 2021 ജൂലൈയിൽ കേന്ദ്രത്തിൽ ഒരു മന്ത്രാലയം സ്ഥാപിച്ചതും അമിത് ഷാ തന്നെ അതിന്റെ മന്ത്രിയായതും ചില ലക്ഷ്യങ്ങളോട് കൂടിയാണ്. കൃഷി- സഹകരണ-കർഷക ക്ഷേമ മന്ത്രാലയത്തിൽ നിന്നടർത്തി മാറ്റി സഹകരണം പ്രത്യേകം മന്ത്രാലയമാക്കുകയാണുണ്ടായത്. സഹകരണ മേഖലയിലെ പ്രാദേശിക സംഘങ്ങളും ഗ്രാമീണ ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങളും ജനങ്ങളുമായുള്ള സമ്പർക്കത്തിന് വലിയ തുണയാണ് രാഷ്ട്രീയപാർട്ടികൾക്ക് നൽകുന്നതെന്നും കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ അതിനു ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട് എന്നുമുള്ള തിരിച്ചറിവ് ബി.ജെ.പി ഭരണകൂടത്തിനുണ്ട്. അതിന്‍റെ ലക്ഷണമായി തന്നെ കാണാവുന്നതാണ് കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് നേരെ നടത്തിയ വിവിധ തരം നിയന്ത്രണ നീക്കങ്ങൾ - സാങ്കേതികമായി അതിനു ചില ന്യായങ്ങളുണ്ടായിരുന്നെങ്കിലും. അങ്ങനെ സഹകരണ സ്ഥാപനങ്ങളെ കേന്ദ്രത്തിനു ക്രമേണ നിയന്ത്രിക്കാനായാൽ സംസ്ഥാനങ്ങളുടെ ചെലവിൽ കേന്ദ്രത്തെ കൂടുതൽ ശക്തമാക്കുന്ന ബി.ജെ.പി യുടെ മൊത്തം ശൈലിയെ അത് കൂടുതൽ സഹായിക്കുകയും ചെയ്യും. അങ്ങനെ ഭരണകേന്ദ്രീകരണത്തിന്റെ ഒരു മാനത്തിലേക്ക് തൂവിത്തെറിക്കുന്ന ഈ ക്ഷീരയുദ്ധം കർണാടക ബി.ജെ.പിക്ക് പിന്തുണക്കാൻ പറ്റുന്ന ആശയമല്ല എന്നിരിക്കെ കേന്ദ്ര ബി.ജെ.പിയുടെ ദുരയെ പോഷിപ്പിക്കാൻ അതുതകുമോ എന്നു കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.