ബാങ്ക് അക്കൗണ്ടിൽനിന്ന് പിടിച്ചുപറി
text_fieldsഒരാളുടെ ബാങ്ക് അക്കൗണ്ട് മുന്നറിയിപ്പില്ലാതെ ബാങ്കധികൃതർ മരവിപ്പിക്കുന്നു. അന്വേഷിച്ചപ്പോളറിയുന്നു, ഗുജറാത്തിലെങ്ങോ മറ്റേതോ ബാങ്ക് അക്കൗണ്ടിനെപ്പറ്റി ആരോ കൊടുത്ത പരാതിയാണ് കാരണമെന്ന്. മറ്റൊരാളുടേത്, തെലങ്കാനയിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഏതോ ആളുകൾ കൊടുത്ത ഏതോ പരാതിയിൽ തടയപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ഏതോ പരാതിയുടെ പേരിൽ, നടന്നിട്ടില്ലാത്ത ഇടപാട് പറഞ്ഞ് മറ്റൊരാളുടെ അക്കൗണ്ട് മരവിപ്പിക്കുന്നു. രാജസ്ഥാനാണ് വേറൊരാളുടെ അക്കൗണ്ട് തടയപ്പെടുന്നതിന് കാരണമായി പറയുന്ന പരാതിയുടെ ഉറവിടം. ഇങ്ങനെ ദുരൂഹമായ ഏതൊക്കെയോ പരാതികൾ എവിടെയൊക്കെയോ ഏതൊക്കെയോ അക്കൗണ്ടുകളെപ്പറ്റി ഉണ്ടെന്നു പറഞ്ഞ്, അവയുമായി ഇടപാട് നടന്നെന്ന് നേരായോ കളവായോ കാരണം നിരത്തി അനേകം ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത അനേകം സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇരകളുടെ അനുഭവങ്ങളിൽനിന്ന് മനസ്സിലാക്കാനാവുന്നത് ഗുരുതരമായ നിയമലംഘനത്തിന്റെയും തട്ടിപ്പിന്റെയും നിഗൂഢ വേരുപടർത്തി ഒരു സംഘമോ സംഘങ്ങളോ നാട്ടിന്റെയും നാട്ടുകാരുടെയും സാമ്പത്തിക ഭദ്രതക്കെതിരെ വലിയ ഭീഷണി ഉയർത്തിയിരിക്കുന്നു എന്നാണ്. ബാങ്കുകളുടെയും പൊലീസിന്റെയും ഒത്താശയില്ലാതെ നടക്കാൻ ഇടയില്ലാത്ത തട്ടിപ്പുകളും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബാങ്കുകാർ, പരാതിവന്ന പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദേശിക്കുകയും അവിടെ ചെന്നവരിൽനിന്ന് രേഖാമൂലമല്ലാതെ പണം ഈടാക്കി അക്കൗണ്ട് തുറന്നുകൊടുക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അക്കൗണ്ട് ശരിപ്പെടുത്താൻ നൽകേണ്ട തുകയെപ്പറ്റി വിലപേശൽ, പൊലീസ് കൈക്കൂലി കൈപ്പറ്റി ഒറ്റമണിക്കൂറുകൊണ്ട് ബാങ്ക് അക്കൗണ്ട് ശരിയാകൽ തുടങ്ങി തട്ടിപ്പിലേക്ക് സൂചന നൽകുന്ന ഒരുപാട് വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു.
‘മീഡിയവൺ’ വാർത്താചാനൽ വഴി കേരളം കേട്ട ഈ തട്ടിപ്പുകളുടെ ആഴവും വ്യാപ്തിയും മാത്രമല്ല നമ്മെ അസ്വസ്ഥരാക്കേണ്ടത്. ബാങ്കുകളും പൊലീസുമടക്കം നിയമം പാലിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടവർ പച്ചയായ നിയമലംഘനം നടത്തി. സൈബർ ക്രൈംസ് റിപ്പോർട്ടിങ് പോർട്ടലിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കുറെ യു.പി.ഐ (യൂനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പിടിച്ചുപറികൾ അരങ്ങേറിയിരിക്കുന്നത്. ഏതോ അറിയിപ്പ് വരുമ്പോഴേക്കും നിയമപരമായ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ഉപഭോക്താവിനെ അറിയിക്കുകപോലും ചെയ്യാതെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കുകൾക്ക് എങ്ങനെ സാധിച്ചു? ആ ഓരോ തീരുമാനത്തിന്റെയും ഉത്തരവാദിത്തം ഏത് ബാങ്കുദ്യോഗസ്ഥന്മാർക്കാണ്? തങ്ങൾ നിസ്സഹായരാണെന്ന് ആദ്യം പറഞ്ഞൊഴിഞ്ഞ ബാങ്കുകൾ, ഉപഭോക്താക്കൾ നിയമ നടപടിയിലേക്ക് കടന്നപ്പോൾ തിരുത്താൻ തയാറായതിന്റെ അർഥമെന്താണ്? ആദ്യം പറഞ്ഞത് തെറ്റായിരുന്നു എന്നുതന്നെ. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ മുതൽ ഉത്തരാഖണ്ഡ് ഹൈകോടതി 2021ൽ നൽകിയ സ്പഷ്ടമായ വിധിവരെ ലംഘിക്കപ്പെട്ടു. തെറ്റു ചെയ്തവരുണ്ടെങ്കിൽ നിയമപരമായി നടപടിക്ക് വിധേയരാകണം എന്നതിൽ തർക്കമില്ല. എന്നാൽ, ഇവിടെ എഫ്.ഐ.ആർ ഇല്ലാത്ത, ശരിയായ പരാതിക്കാർ പോലുമില്ലാത്ത പരാതികൾ ചൂണ്ടിക്കാട്ടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശമിറക്കിയ പൊലീസ് അധികാരികളും അതനുസരിച്ച ബാങ്കുകളുമല്ലേ നിയമം ലംഘിച്ചത്? ‘പരാതിക്കാരും’ പൊലീസും ബാങ്കുദ്യോഗസ്ഥരും ചേർന്നുള്ള കറക്കു കമ്പനി ഇതിനെല്ലാം പിന്നിലുണ്ടോ? ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തിടത്തോളം കാലം ഡിജിറ്റൽ ഇടപാടുകളുടെയും ബാങ്കുകളുടെയും വിശ്വാസ്യതക്കുമേൽ വീണ കളങ്കം മായ്ക്കാനാവില്ല.
വിശ്വാസ്യതയുടേതു മാത്രമല്ല പ്രശ്നം. ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടുവളരെ സംവിധാനങ്ങളിൽ പഴുതു കണ്ടെത്തിക്കൊണ്ടാണ് തട്ടിപ്പും നിയമ ലംഘനങ്ങളും നടന്നിട്ടുള്ളത്. സമ്പദ്ഘടനയെ അകത്തുനിന്ന് തുരന്ന് നശിപ്പിക്കാനുള്ള ശേഷി ഇവക്കുണ്ട്. അക്കൗണ്ടുകളുടെ സ്വകാര്യത ഇല്ലാതായതിന്റെ സൂചനകൾ യു.പി.ഐ തട്ടിപ്പുകളിലുണ്ട്. ഇടപാടുകാരുടെ അക്കൗണ്ടിന്റെ സമ്പൂർണ വിവരം ഏത് പൊലീസുകാരനും അതുവഴി ഒരുപക്ഷേ, തട്ടിപ്പുകാർക്കും ലഭ്യമാണ്. ആധാർ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ ഇതിന് സൗകര്യമായിട്ടുണ്ട്. ഇപ്പോഴത്തെ തട്ടിപ്പുകൾ കുറച്ചെങ്കിലും ചുരുളഴിയാൻ കാരണം അവ വാർത്തയായതും ഇരകൾ നിയമസഹായം തേടിയതും അഭിഭാഷകർ ചോദ്യമുന്നയിച്ചതുമാണ്. വൻകിടക്കാരെയല്ല, ഇടത്തരക്കാരെയാണ് തട്ടിപ്പുകാർ ഉന്നമിട്ടത് എന്നതിനാൽ കാര്യമായ വിഷയമാകാതെ, അന്വേഷണവും കേസുമില്ലാതെ, ആർക്കൊക്കെയോ വരുമാനത്തിനുള്ള കള്ളവഴിയായി ഒതുങ്ങുമായിരുന്ന ഒരധോലോക തട്ടിപ്പുപരമ്പരയാണിതെന്ന് കരുതേണ്ടിവരുന്നു. കേരളത്തിലെ അക്കൗണ്ടുകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടതെന്നും ഊഹിക്കാം. സംസ്ഥാന ധനമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും അറിയിക്കുന്നുണ്ടത്രെ. വാസ്തവത്തിൽ ഏതെങ്കിലും ഒരു ബാങ്കിലെ ഒരു തട്ടിപ്പുപോലും കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും സ്വമേധയാ അന്വേഷണത്തിന് വിധേയമാകേണ്ടതാണെന്നിരിക്കെ ഇത്ര വ്യാപകമായ ചൂഷണത്തിൽ സത്വര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേരള ഹൈകോടതിയും ഇതേപ്പറ്റി ഗൗരവപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നിയമമോ നടപടിക്രമമോ ഇല്ലാതെ പ്രവർത്തിച്ച ബാങ്കുകൾ മുതൽ സാമ്പത്തിക കുറ്റങ്ങൾക്ക് സൗകര്യമൊരുക്കിയ പൊലീസ് വരെ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.