ചങ്കു പറിച്ചു നൽകുന്ന മേവാത്തുകാർ
text_fieldsഇക്കഴിഞ്ഞ ഈദ് ദിനത്തിൽ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ഒരു സംഭവം വാർത്തതലക്കെട്ടുകളിൽ ഇടം നേടി. ഈ മാസം 15ന് ഹരിയാനയിലെ മേവാത്തിൽനിന്ന് ബൈക്കപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് ‘എയിംസി’ൽ പ്രവേശിപ്പിക്കപ്പെട്ട കൂലിത്തൊഴിലാളി ദമ്പതികളുടെ ഒമ്പതു വയസ്സുള്ള മകൻ പെരുന്നാളിനു മരണമടഞ്ഞു. തലേന്നാൾ ഏപ്രിൽ 21നു ബാലന് മസ്തിഷ്കമരണം സംഭവിച്ചതോടെ ആശുപത്രിയിലെ അവയവദാനവിഭാഗം സംസാരിച്ചതിനെ തുടർന്ന് അവന്‍റെ അവയവങ്ങൾ ദാനം ചെയ്യുകയാണെന്ന് മാതാപിതാക്കൾ പ്രഖ്യാപിച്ചു. തങ്ങളോടൊപ്പം പെരുന്നാളാഘോഷിച്ച് ബന്ധുമിത്രാദികളുടെ കൈകളിൽനിന്നു പെരുന്നാൾ സമ്മാനം (ഈദി) കൈപ്പറ്റേണ്ടിയിരുന്ന പൊന്നുമോന്‍റെ അവയവങ്ങൾ രണ്ടു ജീവിതങ്ങൾക്ക് ജീവൻസമ്മാനമായി തീരട്ടെ എന്ന ആ മാതാപിതാക്കളുടെ നിശ്ചയം മനുഷ്യത്വമുള്ള ആരുടെയും കണ്ണും കരളും നിറക്കും. അതുകൊണ്ടുതന്നെയാണ് നിരവധി പ്രമുഖർ സമൂഹമാധ്യമ തലങ്ങളിൽ ഈ വാർത്ത ആഘോഷിച്ചതും ആ മാതാപിതാക്കൾക്കും പുന്നാരമോനും വേണ്ടി പ്രാർഥിച്ചതും അനുഗ്രഹാശിസ്സുകൾ നേർന്നതും. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായി ഒറ്റ വൃക്കയുമായി ജനിച്ച കുട്ടിയുടെ വൃക്ക ഹരിയാനയിലെ ബഹാദുർഗഢിൽനിന്നുള്ള ഒരു ഇരുപതുകാരനു നൽകി, കരൾ എയിംസിൽതന്നെ ചികിത്സയിൽ കഴിയുന്ന പതിനാറുകാരനു മാറ്റിവെക്കാനായി നൽകി, കോർണിയകൾ രണ്ടും നേത്രബാങ്കിനു സംഭാവന ചെയ്തു. ഹൃദയവാൾവുകളും പിന്നീട് ഉപയോഗിക്കാവുന്ന വിധത്തിൽ ആശുപത്രിക്കു വിട്ടുകൊടുത്തു. ‘‘അവനെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. അവന്‍റെ അവയവങ്ങൾക്കു മറ്റു ആരുടെയൊക്കെയോ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അവനായി ഞങ്ങൾക്കു നൽകാവുന്ന ഏറ്റവും വലിയ പെരുന്നാൾ സമ്മാനം അതു തന്നെയാണല്ലോ’’ എന്നായിരുന്നു കുഞ്ഞിന്‍റെ രക്ഷിതാക്കളുടെ പ്രതികരണം. അവന്‍റെ അവയവങ്ങളിൽ തുടിക്കുന്ന അപരജന്മങ്ങളായിത്തീരട്ടെ ഇത്തവണ മകനു നേരുന്ന ‘ഈദി’ എന്നായിരുന്നു അവരുടെ തീരുമാനം.
കാപാലികതയുടെ കെട്ടകഥകൾ കേട്ട് മനംപിരട്ടുന്ന ഇക്കാലത്ത് മനുഷ്യപ്പറ്റിന്‍റെ നനവുണങ്ങിയില്ലെന്ന് സമാശ്വസിപ്പിക്കുന്ന ഇത്തരം നനുത്ത അനുഭവങ്ങൾ പകരുന്ന സമാധാനം ചെറുതൊന്നുമല്ല. എന്തിലും ഏതിലും പകയുടെയും പടയുടെയും പഴുതു തേടുന്നവരുണ്ടാക്കുന്ന കാറ്റിനും കോളിനുമിടയിലും കനിവിന്‍റെയും കാരുണ്യത്തിന്‍റെയും ചെറുതിരികൾ അണയാതെ സൂക്ഷിക്കുന്ന ഈ അപൂർവജന്മങ്ങളാണ് ഈ നാടിനെയും ജനതയെയും ഇനിയും കൂരിരുട്ടിലേക്ക് വീഴാതെ കാത്തുപോരുന്നതെന്നുതന്നെ പറയണം. ഒരു ദശലക്ഷത്തിന് 0.4 പേർ മാത്രം സന്നദ്ധത പ്രകടിപ്പിക്കുന്ന, അവയവദാനത്തിൽ ലോകത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന നില വെച്ചുനോക്കുമ്പോഴാണ് ദരിദ്രരായ മേവാത്തി ദമ്പതികളുടെ മഹാമനസ്കതയുടെ മാറ്ററിയുക. മേവാത്തിൽനിന്നുള്ള ആദ്യകഥയല്ല ഇത്. കഴിഞ്ഞ നവംബർ ആറിന് ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്നു വീണു തലക്കു പരിക്കേറ്റ് ‘എയിംസി’ൽ പ്രവേശിപ്പിച്ച ഒന്നര വയസ്സുകാരി മാഹിറയുടെ അവയവങ്ങളും മാതാപിതാക്കൾ ദാനം ചെയ്തിരുന്നു. അവളുടെ കരൾ ഒരു ആറുമാസക്കാരന്‍റെയും രണ്ടു വൃക്കകളും ഒരു പതിനേഴുകാരന്‍റെയും ജീവനായി ഇപ്പോഴും തുടിക്കുന്നു.
മേവാത്തുകാരുടെ ഈ ദാനത്തിന് ഇനിയുമുണ്ട് മഹത്വം. സ്വന്തം ക്ഷാത്രവീര്യത്തിൽ മുഗളർ മുതൽ ബ്രിട്ടീഷുകാർവരെ മുഴുവൻ അധിനിവേശക്കാരിൽനിന്നു ഡൽഹിയെ കാത്തുപോന്ന കാവൽക്കാരുടെ നാടായിരുന്നു മേവാത്ത്. അതുകൊണ്ടാണ് വിഭജനനാളിൽ നാടുവിടാനൊരുങ്ങിയ അവരെ ‘നിങ്ങൾ ഈ നാട്ടിന്റെ നട്ടെല്ലാണ്, എങ്ങും പോകാതെ ഈ മണ്ണിൽ പുലരേണ്ടവരാണ്’ എന്നു പറഞ്ഞു മഹാത്മ ഗാന്ധി പിടിച്ചുവെച്ചത്. എന്നാൽ, ഇന്ന് മേവാത്തിന്‍റെ പേരു കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ ഉള്ളിൽ നിറയുന്നത് തീയാണ്. വർഗീയക്കലി മൂത്ത ഗോരക്ഷക ഗുണ്ടകളുടെയും അവരുടെ നിർദാക്ഷിണ്യമുള്ള തല്ലിക്കൊലക്കിരയായി ചോരവാർന്നു പിടഞ്ഞുവീഴുന്ന ചെറുപ്പക്കാരുടെയും അതു വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വൈറൽ വൈരം പടർത്തുന്ന അധമരുടെയും ഭീകരദൃശ്യങ്ങളുടെ ആകത്തുകയാണ് ഇന്നത്തെ മേവാത്ത്. ആറുവർഷം മുമ്പ് വീട്ടുകാർക്ക് പെരുന്നാൾ കുപ്പായവുമായി വരുന്ന വഴിയിൽ ട്രെയിനിലിട്ട് ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദ് എന്ന പതിനാറുകാരന്‍റെയും പശുരക്ഷയുടെ പേരിൽ സംഘ്പരിവാർ അതിക്രമകാരികൾ കൊലപ്പെടുത്തിയ റക്ബർ ഖാൻ (28), പെഹ്ലുഖാൻ (55) എന്നീ ക്ഷീരകർഷകരുടെയും വാരിസ് എന്ന 22കാരന്‍റെയും നാട്. മേവാത്തുകാരുടെ എന്നത്തെയും മൃദുമന്ത്രണം ‘ഭായിചാര’ അഥവാ സാഹോദര്യത്തിന്റേതാണ്. തങ്ങളെ തല്ലിക്കൊല്ലുന്ന കാപാലികതയോടും അതിന്‍റെ കൈപിടിക്കാനോ അതിനെതിരെ കമ മിണ്ടാനോ കനിവില്ലാത്ത ലോകത്തോടും അവർ കണക്കുതീർക്കുക കൂടിയാണ്, സ്വന്തം അരുമകളുടെ കണ്ണും കരളും ചങ്കും പറിച്ചു നൽകിക്കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.