Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅവഗണിക്കരുത് ഈ...

അവഗണിക്കരുത് ഈ അപായച്ചങ്ങല

text_fields
bookmark_border
അവഗണിക്കരുത് ഈ അപായച്ചങ്ങല
cancel

അ​പൂ​ർ​വ​മാ​യി ഉണ്ടാകുന്ന അപകടങ്ങൾക്കും ഒറ്റപ്പെട്ട അക്രമങ്ങൾക്കും അപ്പുറം സുരക്ഷിതവും സുഗമവുമായ ഗതാഗത സംവിധാനമായാണ് ട്രെയിൻ യാത്ര പരിഗണിക്കപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരിലുണ്ടായ സംഭവത്തോടെ, ആ ശുഭയാത്രകളിലും ആശങ്കകളുയർന്നിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം മറികടന്ന് ഒരു ​ആക്രമി ട്രെയിനിൽ പെട്രോളുമായി കയറുക, ഒരിടത്തുവെച്ച് സഹയാത്രക്കാരുടെ ദേഹത്ത് അതൊഴിച്ച് കത്തിക്കുക, ഒടുവിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടെ പിഞ്ചുകുഞ്ഞടക്കം, നിരപരാധികളായ മൂന്നുപേരുടെ ജീവൻ ഹോമിക്കപ്പെടുക- നമുക്കു മുന്നിൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് സങ്കൽപിക്കാൻപോലും കഴിഞ്ഞിരുന്നില്ല. എന്നാൽ, അതു സംഭവിച്ചിരിക്കുന്നു. ഊഹാപോഹങ്ങൾക്കും അതിശയോക്തികൾക്കും അപ്പുറം ഇത് ചെയ്തയാളെയും ഇതിന് പ്രേരിപ്പിച്ചത് എന്ത് എന്നും സൂക്ഷ്മമായി കണ്ടെത്തേണ്ടതുണ്ട്.

പ്രതിയെ പിടികൂടിയതായാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. അതേസമയം, പൊലീസ് അത് നിഷേധിക്കുന്നുമുണ്ട്. ഉത്തർപ്രദേശിലെ നോയ്ഡ സ്വദേശിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. അതു സംബന്ധിച്ച വ്യക്തത പൂർണമായി പുറത്തുവന്നിട്ടില്ല. ചില ഉപകഥകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽനിന്ന് ലഭിച്ച വിവരമാണ് പ്രതിയിലേക്ക് എത്തിച്ചതത്രേ. ചില കുറിപ്പുകളും സഹായകമായി. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വിഘടന സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടായിരുന്നോ, അട്ടിമറിശ്രമമാണോ, മറ്റു താൽപര്യങ്ങളുണ്ടോ, ആക്രമണത്തിന് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ വിവരങ്ങൾ തെളിയേണ്ടതുണ്ട്. അന്വേഷണത്തിന് 18 അംഗ സംഘത്തെ സംസ്ഥാനം നിയോഗിച്ചു കഴിഞ്ഞു. പ്രതിയെന്ന് സൂചന ലഭിച്ചയാളുടെ മറ്റു വിവരങ്ങൾ തേടി അന്വേഷണ സംഘാംഗങ്ങൾ ഉത്തർപ്രദേശിലെത്തിയിട്ടുണ്ട്. ആദ്യമേതന്നെ തീവ്രവാദി, മാവോവാദി സാധ്യതകൾ അധികൃതർ തള്ളിയിരു​ന്നെങ്കിലും എന്തെങ്കിലും സാധ്യതകളുണ്ടോയെന്നറിയാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യും എത്തിയിട്ടുണ്ട്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ദൃക്സാക്ഷികൾ ഇപ്പോൾ പരസ്യമായി നടത്തുന്ന വിശദീകരണങ്ങൾ തെളിവുകൾ നശിപ്പിക്കുന്നതിനുപോലും വഴിവെച്ചേക്കുമെന്നും ഓർക്കേണ്ടതുണ്ട്. ആക്രമണത്തിനിരയായ വ്യക്തികളുടെ സ്വകാര്യതയും അവരുടെ സുരക്ഷയും കണക്കിലെടുക്കുകയും വേണം.

ആക്രമണത്തെക്കുറിച്ച് പതിവുപോലെ ഊഹാപോഹങ്ങൾ ഏറെയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പലരും പലവിധം പുറത്തുവിടുന്ന വിവരങ്ങൾ ഇത്തരം പ്രചാരണങ്ങൾ വർധിപ്പിക്കാനേ സഹായിക്കൂ. എലത്തൂരിൽ നടന്നത് ആസൂത്രിത ഭീകരാക്രമണമായി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു കഴിഞ്ഞു. കേരളത്തി​ലെ സമാധാനം തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന പൊലീസോ എൻ.ഐ.

എയോ സ്ഥിരീകരിക്കാത്ത ഈ വിവരം അദ്ദേഹത്തിന് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമല്ല. അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യങ്ങൾക്കുപകരം ഇത്തരം ഊഹാപോഹങ്ങൾ കേരളം വിധ്വംസക ശക്തികളുടെ താവളമാണെന്നും താമസിയാതെ ചുടലക്കളമാകുമെന്നുമുള്ള ചില ശക്തികളുടെ ദുരാരോപണങ്ങൾക്ക് ശക്തിപകരാനേ സഹായിക്കൂ.

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഇന്നും മരീചികയാണെന്ന് എലത്തൂർ ട്രെയിൻ തീവെപ്പ് വീണ്ടും നമ്മെ ഓർമിപ്പിക്കുകയാണ്. 2011 ​ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ഒരു യുവതിയുടെ ദാരുണമായ മരണത്തിന് വഴിവെച്ച അതിക്രമത്തെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഏറെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ​കഴിഞ്ഞ ദിവസം തീ കത്തിച്ച ബോഗിയിലോ സമീപ ബോഗികളിലോ പൊലീസുണ്ടായിരുന്നെങ്കിൽ പ്രതിയെ പിടികൂടാനും യാത്രക്കാർ പുറത്തുചാടുന്നത് തടയാനെങ്കിലും കഴിയുമായിരുന്നു. അങ്ങനെയെങ്കിൽ ആ മരണങ്ങൾ ഒഴിവാക്കാമായിരുന്നു. എറണാകുളം-ഷൊർണൂർ പാസഞ്ചറിൽ അക്രമത്തിന് ഇരയായ യുവതിയുടെ​ ദുരന്തത്തിനു മുമ്പും ശേഷവും നിരവധി യാത്രക്കാർ, പ്രത്യേകിച്ച് നിരവധി സ്ത്രീകൾ ​ട്രെയിനുകളിൽ അതിക്രമം നേരിട്ടിട്ടുണ്ട്. മരണമില്ലാത്തതിനാൽ അവയൊന്നും വലിയ തോതിൽ ശ്രദ്ധി​ക്കപ്പെട്ടില്ലെന്നു മാത്രം. ലോകംതന്നെ കാമറക്കണ്ണിലായിട്ടും ബോഗികളിൽ സി.സി.ടി.വി സംവിധാനം ഏർ​പ്പെടുത്താൻപോലും റെയിൽവേ തയാറായിട്ടില്ല. ടിക്കറ്റ് വില വർധന, തത്കാൽ ടിക്കറ്റ്, ഫ്ലക്സി ടിക്കറ്റ് തുടങ്ങി പലവിധേന കോടികൾ ലാഭമുണ്ടാക്കു​മ്പോഴും യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റെയിൽവേ ഒരു താൽപര്യവും പുലർത്തുന്നില്ല എന്നതാണ് വസ്തുത. പുതിയ സംഭവമെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രത്യാശിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 April 5
Next Story