ചരിത്ര വിധി
text_fieldsമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ, പ്രമുഖ മാധ്യമങ്ങൾ ഏതാണ്ടൊന്നടങ്കം സർക്കാറിന്റെ മെഗാഫോണുകളായി മാറിക്കൊണ്ടിരിക്കെ, മീഡിയവൺ മലയാള വാർത്ത ചാനലിനുമേൽ 2022 ജനുവരി 31 മുതൽ മോദി ഭരണകൂടം അടിച്ചേൽപിച്ച വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെ ചരിത്രവിധി എന്നുതന്നെ വേണം വിശേഷിപ്പിക്കാൻ. 2013 ഫെബ്രുവരി 10ന് കോഴിക്കോട്ടുനിന്ന് സംപ്രേഷണമാരംഭിച്ച മീഡിയവൺ ന്യൂസ് ചാനലിനുള്ള ലൈസൻസ് പുതുക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരുകാരണവും ബോധിപ്പിക്കാതെ പ്രകടിപ്പിച്ച വിസമ്മതത്തിനെതിരെ യഥാസമയം കേരള ഹൈകോടതിയെ സമീപിച്ചു. ചാനൽ ഉടമകളുടെ ഹരജി സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും, കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് സമർപ്പിക്കപ്പെട്ട സീൽ ചെയ്ത കവറിനെ മാത്രം ആധാരമാക്കി തള്ളുകയാണ് ചെയ്തത്. മുദ്രവെച്ച കവറിന്റെ ഉള്ളടക്കം ഹരജിക്കാരെ അറിയിക്കുകയോ വിധിന്യായത്തിൽ വെളിപ്പെടുത്തുകയോ ഉണ്ടായില്ല. സ്വാഭാവിക നീതിയുടെ നിഷ്കരുണമായ നിഷേധത്തിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കഴിഞ്ഞ ദിവസത്തെ സുപ്രധാനവിധി.
ഈ വിധിന്യായത്തിൽ അതിപ്രധാനമായ ചില വസ്തുതകൾ കോടതി ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണ്. ഒന്ന്: കേന്ദ്രം സമർപ്പിച്ച മുദ്രവെച്ച കവറിന്റെ ഉള്ളടക്കം മാത്രം അവലംബിച്ച് ചാനലിന് സുരക്ഷ ക്ലിയറൻസ് നിഷേധിച്ച ഹൈകോടതി നടപടി നീതീകരിക്കാനാവില്ല. സ്വയം പ്രതിരോധിക്കാനുള്ള ഹരജിക്കാരുടെ അവകാശം ഭരണഘടനദത്തമാണ്.
രണ്ട്: കേവലം ദേശസുരക്ഷയുടെ പേരുപറഞ്ഞ് പൗരാവകാശങ്ങൾ നിഷേധിക്കാൻ സ്റ്റേറ്റിന് അധികാരമില്ല. ദേശസുരക്ഷയെക്കുറിച്ച ഉത്കണ്ഠകളാണ് വിഷയമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിയണം. അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് മാത്രമായി വെളിപ്പെടുത്താനാവാത്തതെന്ന പരിരക്ഷ കൽപിക്കാനാവില്ല. ഹൈകോടതിയിലോ സുപ്രീംകോടതിയിലോ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലൊന്നും, വെളിപ്പെടുത്തിക്കൂടായ്മ എങ്ങനെ രാജ്യസുരക്ഷ താൽപര്യത്തിന് ഗുണകരമാവും എന്ന് വിശദീകരിക്കുന്നില്ല.
മൂന്ന്: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ജുഡീഷ്യറിയെയും സ്റ്റേറ്റിനെയും കുറിച്ച വിമർശനം തുടങ്ങിയവയെക്കുറിച്ച വാർത്തകൾ ചാനൽ ഭരണകൂട വിരുദ്ധമാണെന്ന് കാണിക്കാൻ സർക്കാർ അവലംബിച്ചിരിക്കുന്നു. ഇതൊന്നും ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാനുള്ള ന്യായമായ കാരണങ്ങളല്ല. ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുതാര്യ പ്രവർത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അതിപ്രധാനമാണ്. സർക്കാർ നയങ്ങളെ വിമർശിക്കുന്നതുകൊണ്ടുമാത്രം ഒരു ചാനലിനെ ഭരണകൂട വിരുദ്ധമെന്ന് വ്യവഹരിക്കാനാവില്ല.
നാല്:ചാനലിന് സുരക്ഷ ക്ലിയറൻസ് നിഷേധിക്കുന്ന മന്ത്രാലയത്തിന്റെ നടപടി, പത്ര-പ്രസംഗ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനദത്തമായ അവകാശത്തെ ഹനിക്കുന്നതാണ്.
അഞ്ച്: ചാനലിന്റെ ഓഹരിയുടമകൾക്ക് ജമാഅത്തെ ഇസ്ലാമിയുമായി ആരോപിക്കപ്പെടുന്ന ബന്ധം ചാനലിന്റെ അവകാശങ്ങൾ തടയാൻ ന്യായമായിക്കൂടാ. അത്തരം ബന്ധം വസ്തുതാപരമായി സ്ഥിരീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയുമല്ല. ആ സംഘടനയുമായുള്ള ബന്ധം രാജ്യത്തിന്റെ പരമരാധികാരത്തെയോ ഉദ്ഗ്രഥനത്തെയോ സുരക്ഷയെയോ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെയോ ബാധിക്കുമെന്നും ആരോപിക്കാനാവില്ല.
ഒരേയവസരത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അലംഘനീയത ഊന്നിപ്പറഞ്ഞതോടൊപ്പം എന്തും ഏതും രാജ്യസുരക്ഷക്ക് ഹാനികരമാണെന്ന് ഏകപക്ഷീയമായി തീരുമാനിച്ച് തടയിടാനും നിരോധിക്കാനുമുള്ള സർക്കാറിന്റെ വ്യഗ്രതയെ സുപ്രീംകോടതി വിധി കണക്കിന് കശക്കുന്നു. സർക്കാറുകളെ വിമർശിക്കുന്നത് ഒരിക്കലും രാജ്യദ്രോഹമോ രാജ്യരക്ഷയെ ബാധിക്കുന്നതോ അല്ല. മാത്രമല്ല, വിമർശനത്തിന് അതീതമാണ് ഭരണകൂടമെന്ന നയവും തീരുമാനവും ജനാധിപത്യത്തിനും ഭരണഘടനക്കും നിരക്കുന്നതുമല്ല. സ്വതന്ത്ര ഇന്ത്യ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 150ാം സ്ഥാനത്തെത്തിനിൽക്കുന്നതിന്റെ കാരണം ഈ മനോഭാവമാണ്.
സർവവിധ പരിമിതികൾക്കുള്ളിൽനിന്നും സമഗ്രാധിപത്യ പ്രവണത കാണിക്കുന്ന സർക്കാറിന്റെ വിലക്കിനെതിരെ നിയമയുദ്ധം നടത്തി, രാജ്യത്തിന്റെ പ്രയാണത്തെ ആരോഗ്യകരമായ പാതയിലേക്ക് തിരിച്ചുവിടാൻ അവസരമൊരുക്കിയ മീഡിയവൺ മാനേജ്മെന്റിനും പ്രവർത്തകർക്കും ഈ പോരാട്ടത്തെ അകമഴിഞ്ഞ് പിന്തുണച്ച മതേതര കേരളത്തിനും ഊഷ്മളമായ അഭിവാദ്യങ്ങൾ!
ഒ. അബ് ദുറഹ് മാൻ
ഗ്രൂപ് എഡിറ്റർ
മാധ്യമം-മീഡിയ വൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.