പിന്നാക്ക വിഷയങ്ങളും പ്രതിപക്ഷ ഐക്യവും
text_fieldsഏപ്രിൽ മൂന്നിനു തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുൻകൈയെടുത്ത് രൂപവത്കരിച്ച സാമൂഹികനീതി ഫെഡറേഷൻ എന്ന വേദി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രഥമ ദേശീയ സമ്മേളനം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. 19 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നേരിട്ടോ ഓൺലൈനായോ പങ്കെടുത്തു എന്നതു മാത്രമല്ല കാരണം. അവർക്കെല്ലാം പൊതുവായി പിന്നാക്കജാതിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും കൂട്ടായ തന്ത്രങ്ങളുടെയും പ്രവർത്തനങ്ങളുടെയും ആവശ്യകതയെക്കുറിച്ചും സമാന ചിന്തകൾ ഉണ്ടായിരുന്നു. ഈ ഒത്തുചേരൽ ബി.ജെ.പിക്കും അതിന്റെ പിന്നാക്കസമുദായ വിരുദ്ധ സമീപനങ്ങൾക്കും എതിരിലുള്ള ഐക്യപ്പെടൽകൂടിയായി പരിണമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക് ഒബ്രിയൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, എൻ.സി.പി നേതാവ് ഛഗൻ ഭുജ്‌ബൽ, എ.എ.പി രാജ്യസഭാംഗം സഞ്ജയ് സിങ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ഒറ്റപ്പെട്ടതായിക്കൂടെന്നും ദേശീയതലത്തിൽ അത് ഏകോപിപ്പിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു. മൊത്തം സമ്മേളനം പ്രസ്തുത ആഗ്രഹത്തോട് ക്രിയാത്മകമായാണ് പ്രതികരിച്ചത്. പ്രതിപക്ഷ ഐക്യം എന്ന നിലക്കു മാത്രമല്ല, പിന്നാക്കജാതികളുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിലും സംവരണം, ജാതി സെൻസസ് എന്നീ വിഷയങ്ങളിലുമുള്ള ഐക്യപ്പെടലായിരുന്നു പ്രസ്തുത പരിപാടി.
തൊഴിലിലും വിദ്യാഭ്യാസ മേഖലയിലുമുള്ള സംവരണം പിന്നാക്ക ശാക്തീകരണത്തിനുള്ള ഒരുപകരണമെന്ന നിലയിൽ ഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളും കാണുമ്പോൾ ബി.ജെ.പി അതിനെ തെരഞ്ഞെടുപ്പിൽ സമുദായങ്ങളെ ചേർത്തുനിർത്താനുള്ള ഉപാധിയായാണ് കാണുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കർണാടകയിലെ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് നാലു ശതമാനം വീതം പുതുതായി സംവരണം ഏർപ്പെടുത്തുകയും മുസ്ലിംകൾക്ക് നിലവിലുള്ള നാലു ശതമാനം സംവരണം എടുത്തുകളയുകയും ചെയ്തതാണ്. മുസ്ലിംകളുടെ വോട്ട് ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല, പകരം ധ്രുവീകരണത്തിലൂടെ കൂടുതൽ ഹിന്ദുവോട്ടുകൾ നേടുകയാണ് തൽക്കാലം ലക്ഷ്യം.
പിന്നാക്ക-ഗോത്രവർഗക്കാരുടെ പ്രതീകാത്മക പ്രാതിനിധ്യം കാണിച്ച് അത്തരം വിഭാഗങ്ങളെ വരുതിയിലാക്കുന്ന ബി.
ജെ.പി രീതി രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനെ തെരഞ്ഞെടുത്തതു മുതൽ പിന്നാക്കനേതാക്കളായ ചരിത്രപുരുഷന്മാരുടെ പ്രതിമകൾ പണിയുന്നതിൽ വരെ ദൃശ്യമാണ്. പിന്നാക്കസമുദായങ്ങളെ ഒറ്റപ്പെട്ട രീതിയിൽ കൈകാര്യംചെയ്ത് ചേർത്തുനിർത്തുകയല്ലാതെ വിവിധ പിന്നാക്ക വിഭാഗങ്ങൾ സംഘടിതമായി നീക്കങ്ങൾ നടത്തുന്നതിനെ അവർ ഭയക്കുന്നു. ജാതി സെൻസസിനോട് ബി.ജെ.പി സ്വീകരിക്കുന്ന നിഷേധാത്മക സമീപനം അതിന്റെ ഭാഗമാണ്. ബിഹാറിലെ ജാതി സർവേയുടെ രണ്ടാം ഘട്ടം ഏപ്രിൽ 15നു തുടങ്ങുന്ന കാര്യം തേജസ്വി യാദവ് അറിയിച്ചത് ശ്രദ്ധേയമാണ്. 2021ൽ നടക്കേണ്ടിയിരുന്ന ദേശീയ സെൻസസ് തന്നെ ബി.ജെ.പി സർക്കാർ നീട്ടിക്കൊണ്ടുപോവുകയാണ്.
പിന്നാക്കവിഭാഗങ്ങളെ സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഒരുക്കാനായാൽ അത് അനീതികൾക്കെതിരായ മുന്നണിയായി മാറുമെന്നാണ് സ്റ്റാലിന്റെ കണക്കുകൂട്ടൽ. ഭൂരിപക്ഷം പ്രതിപക്ഷകക്ഷികളും അതിനോട് യോജിക്കുകയും ചെയ്യും. പരിപാടിയിൽ ഒഡിഷയിലെ ബിജു ജനതാദൾ നേതാവ് നവീൻ പട്നായക്, ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗ് മോഹൻ റെഡ്ഡി എന്നീ മുഖ്യമന്ത്രിമാരുടെ അഭാവം ഡെറിക് ഒബ്രിയൻ എടുത്തുകാട്ടുകയും തങ്ങളുടെ കൂടെ ചേരാൻ അവരോട് അപേക്ഷിക്കുകയും ചെയ്തു.
പൊതുവിഷയങ്ങളിൽ ഐക്യപ്പെടാനും സ്റ്റാലിൻ പറഞ്ഞ പോലെ ‘ഈഗോ’ താഴെവെച്ച് മുഖ്യ ശത്രുവിനെ തിരിച്ചറിഞ്ഞു യോജിക്കാനും പ്രതിപക്ഷകക്ഷികൾ തയാറായാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്ന അവസ്ഥ, പ്രാദേശിക മാത്സര്യങ്ങൾ ഉണ്ടായാലും, കുറക്കാൻ കഴിയും. വ്യാഴാഴ്ച പാർലമെന്‍റ് പിരിഞ്ഞശേഷം പ്രതിപക്ഷം കാഴ്ചവെച്ച കൂട്ടുപ്രകടനവും ഈയൊരു ഐക്യബോധത്തിന്‍റെ വീര്യംകൂട്ടാൻ പോന്നതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ഘട്ടത്തിൽ മണ്ഡൽ രാഷ്ട്രീയം ഒരു ചേരിയിലും മണ്ഡൽ വിരുദ്ധർ മറുചേരിയിലുമായി ഭാഗികമായ ഒരു ധ്രുവീകരണം നടന്നത് വിസ്മരിച്ചുകൂടാ. അതിനിയും ഉണ്ടായിക്കൂടെന്നില്ല. രാഷ്ട്രഗാത്രത്തിന്റെ സമഗ്രമായ ആരോഗ്യത്തിനുതകുംവിധം ദേശീയസമ്പത്തും അധികാരവും നീതിപൂർവകമായി പങ്കുവെക്കുന്ന അന്തരീക്ഷം നിലവിൽ വരുകയാണ് ആവശ്യം. അതിനുമുമ്പും അതിനേക്കാൾ പ്രധാനമായും വേണ്ടത് ജനങ്ങളെ വിഭജിച്ച് സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്ന ശക്തികളെ ഭരണതലത്തിൽനിന്നു മാറ്റിനിർത്തുകയാണ്. അതിനുള്ള ശ്രമങ്ങളെ ഇത്തരം പ്രതിപക്ഷകക്ഷികളുടെ കൂട്ടായ നീക്കങ്ങൾ തുണച്ചെങ്കിൽ അതൊരു നല്ല തുടക്കമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.