Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാകിസ്താന്റെ പതനം...

പാകിസ്താന്റെ പതനം പാഠമായിരിക്കട്ടെ

text_fields
bookmark_border
പാകിസ്താന്റെ പതനം പാഠമായിരിക്കട്ടെ
cancel

ജനുവരി 30 തിങ്കളാഴ്ച ഉച്ചക്ക് വടക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ പെഷാവറിലെ ഒരു പള്ളിയിൽ മധ്യാഹ്ന നമസ്കാരത്തിനിടെ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ മഹാസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 83 വരെ ഉയർന്നതായാണ് ഇതെഴുതുമ്പോൾ ലഭിക്കുന്ന വിവരം. 170ലധികം പേർക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. 400 പേരോളം പ​ങ്കെടുത്ത നമസ്കാരത്തിന്റെ മുൻനിരയിൽ സ്ഥലംപിടിച്ച ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്. തഹ്‍രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തുവെങ്കിലും നിരോധിത ഭീകര സംഘടന അത് നിഷേധിച്ചിട്ടുണ്ട്. പാകിസ്താനു നേരെയുള്ള ആക്രമണത്തിൽ കുറഞ്ഞ ഒന്നുമല്ല ഈ ഭീകരാക്രമണം എന്നാണ് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ പ്രതികരണം. നാം നേരിടുന്ന ഏറെ ഗുരുതരമായ സുരക്ഷാ വെല്ലുവിളി ഭീകരതയാണെന്നതിൽ ഒരു സംശയവുമില്ല എന്നാണ് അദ്ദേഹം വിലപിക്കുന്നത്. തൽക്കാലം ഉത്തരവാദിത്തത്തിൽനിന്ന് തഹ്‍രീകെ താലിബാൻ ഒഴിഞ്ഞുമാറിയിട്ടുണ്ടെങ്കിലും 2007ൽ രംഗത്തുവന്ന ഈ ഭീകരസംഘം മുമ്പും ഒട്ടേറെ സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തിയ സംഭവങ്ങൾ വിസ്മരിക്കാനാവില്ലെന്നിരിക്കെ തൽക്കാല നിഷേധം തള്ളിക്കളയാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സംഘടനയുടെ കമാൻഡർ ഉമർ ഖാലിദ് ഖുറസാനി അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ചാവേറാക്രമണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അവകാശപ്പെടുമ്പോൾ വിശേഷിച്ചും. പോയവർഷം പെഷാവറിലെതന്നെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. 2007ൽ പീപ്ൾസ് പാർട്ടി റാലിയെ നയിക്കെ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയെ വെടിവെച്ചുകൊന്നത് ടി.

ടി.പി ആണെന്ന ആരോപണം ഉയർന്നിരുന്നതാണ്. നിലവിലെ പ്രധാനമന്ത്രി പാകിസ്താൻ മുസ്‍ലിംലീഗ് നേതാവ് ശഹ്ബാസ് ശരീഫിനും പി.പി.പി നേതാവ് ബിലാവൽ ഭുട്ടോക്കും നേരെ തഹ്‍രീകെ താലിബാൻ വധഭീഷണി മുഴക്കിയിട്ടുമുണ്ട്. ഭീകരതയെ നേരാംവണ്ണം നേരിടുന്നില്ലെന്നു മാത്രമല്ല, ഭീകര തീവ്രവാദി സംഘങ്ങളെ പോറ്റിവളർത്തുകയുംകൂടി ചെയ്യുകയാണ് പാകിസ്താൻ എന്ന് അയൽരാജ്യമായ ഇന്ത്യ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. യു.എസും യു.എന്നുമെല്ലാം ഭീകരവാദികളെ പാകിസ്താൻ വേണ്ടവിധം അമർച്ചചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടാറുണ്ട്. നിലവിൽ വന്ന് 75 വർഷങ്ങൾ പിന്നിടുമ്പോഴും പാകിസ്താന് സമാധാനവും സ്വസ്ഥതയും സുസ്ഥിതിയും വിധിക്കപ്പെടാതെ പോയിട്ടുണ്ടെങ്കിൽ ആ രാജ്യത്തെ രാഷ്ട്രീയക്കാർക്കും പട്ടാളത്തിനും മതപുരോഹിതന്മാർക്കുമെല്ലാം അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകാൻ സാധ്യമല്ലെന്ന് വസ്തുനിഷ്ഠമായ പഠനം തെളിയിക്കും. ഏറ്റവുമൊടുവിൽ ഇൻസാഫ് പാർട്ടി മേധാവി ഇംറാൻ ഖാനെ പ്രധാനമന്ത്രിപദത്തിൽനിന്ന് താഴെയിറക്കി മുസ്‍ലിംലീഗ്, പി.

പി.പി കൂട്ടുകെട്ട് അധികാരം കൈയാളിയശേഷം സ്ഥിതിഗതികൾ തീർത്തും അനിയന്ത്രിതമാവുകയേ ചെയ്തിട്ടുള്ളൂ.

അസ്ഥിരതയും അനിശ്ചിതത്വവും സർവോപരി ശക്തിപ്പെടുമ്പോൾതന്നെയാണ് അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി പാകിസ്താനെ വരിഞ്ഞുമുറുക്കുന്നത്. പാകിസ്താൻ ഉറുപ്പിക അന്നാട്ടിൽപോലും എടുക്കാത്ത നാണയമായി മാറുന്ന ദുഃസ്ഥിതിയാണ് കൺമുന്നിൽ. അമേരിക്കൻ ഡോളറിന്റെ പാക് മൂല്യം 250 കവിഞ്ഞു എന്നുപറഞ്ഞാൽ, ദീവാളി കുളിച്ച ശ്രീലങ്കയുടെ പതനത്തിലേക്ക് ആ രാജ്യവും കൂപ്പുകുത്തുന്നു എന്നാണർഥം. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില വാനോളം കുതിക്കുന്നു എന്നുപറഞ്ഞാൽ പോരാ, പലതും വിപണിയിൽ എന്ത് വിലകൊടുത്താലും ലഭ്യമല്ലാത്ത പരുവത്തിലായിട്ടുമുണ്ട്. ഹോട്ടലുകളും റസ്റ്റാറന്റുകളുമെല്ലാം രാത്രി 8.30ന് അടച്ചിടണമെന്നാണ് സർക്കാർ ഉത്തരവ്. പെട്രോളിയം ഉൽപന്നങ്ങളുടെ കടുത്ത ക്ഷാമമാണ് കാരണം. പഞ്ചസാര, ആട്ട, നെയ്യ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്ന് ലാഹോർപോലുള്ള നഗരങ്ങളിൽ എന്തു വിലകൊടുത്താലും കിട്ടാനില്ലാത്തവിധം ക്ഷാമം ഗുരുതരമായിരിക്കുന്നു. 15 കിലോഗ്രാം ഗോതമ്പുപൊടിക്ക് 2050 രൂപയാണ് വില! എല്ലാ സർക്കാർ ഓഫിസുകൾക്കും നൽകിയ ഉത്തരവുപ്രകാരം എണ്ണ ഉപഭോഗം 30 ശതമാനം വെട്ടിക്കുറച്ചേ തീരൂ. 2022 ജൂണിൽ രാജ്യത്തിന്റെ സിംഹഭാഗത്തെയും മുക്കിക്കളഞ്ഞ പ്രളയം മൂന്നരക്കോടി ജനങ്ങളെ ബാധിച്ചതിനോടൊപ്പം 30 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളും വരുത്തിത്തീർത്തു. സർവകക്ഷി കൂടിയാലോചനകളിലൂടെയും ദേശീയ കാഴ്ചപ്പാടോടെയും പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്നതിനു പകരം മാസങ്ങൾക്കുശേഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പരസ്പരം തോൽപിക്കുന്നതിനെക്കുറിച്ചാണ് രാഷ്ട്രീയ പാർട്ടികൾ അത്യാവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നുവന്നാൽ പിന്നീട് ആ രാജ്യത്തെക്കുറിച്ച് എന്തുപറയണം. രാജ്യത്തിന്റെ ചരിത്രത്തിൽ ഉദാഹരണമില്ലാത്ത സാമ്പത്തികത്തകർച്ചയെ അതിജീവിക്കാൻ ശ്രീലങ്കയെപ്പോലെ പാകിസ്താനും ഐ.എം.എഫിനെയാണ് സമീപിച്ചിരിക്കുന്നതെങ്കിലും ഈ ആഗോള ധനകാര്യ സ്ഥാപനത്തിന്റെ കടുത്ത നിബന്ധനകൾ നിറവേറ്റാനാവാതെ നട്ടംതിരിയുകയാണ് നമ്മുടെ അയൽരാജ്യം. ഇതൊക്കെ കണ്ട് ചിരിക്കാനാണ് നമ്മിൽ പലർക്കും തോന്നുകയെങ്കിലും ഇന്ത്യ അകപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ പെട്ടെന്ന് പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഊതിവീർപ്പിച്ച കണക്കുകളും മാധ്യമങ്ങളുടെ സെൻസറിങ്ങും കൊണ്ടുമാത്രം ഒരു രാജ്യവും അതിജീവനം നേടിയ ചരിത്രമില്ല എന്നോർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 february 1
Next Story