Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളവും ദരിദ്രരും...

കേരളവും ദരിദ്രരും പരിധിക്കു പുറത്താവുമ്പോൾ

text_fields
bookmark_border
കേരളവും ദരിദ്രരും പരിധിക്കു പുറത്താവുമ്പോൾ
cancel

ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കി നിർത്തിയതോടെതന്നെ, 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രവർത്തനം ബി.ജെ.പി ആരംഭിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലൂടെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ബജറ്റിലൂടെ ഒരു പടികൂടി മുന്നോട്ടുപോയിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പിനു മുമ്പ്​ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും പരിലാളിച്ചിരിക്കുന്നു- പുതിയ ബജറ്റിനെ ഇങ്ങനെ സംക്ഷേപിക്കാം.

പൊതുതെരഞ്ഞെടുപ്പിനു മുമ്പായുള്ള അവസാന സമ്പൂർണ ബജറ്റ് പ്രഖ്യാപനങ്ങളുടേതാക്കി മാറ്റാൻ ​കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ശ്രമിച്ചിട്ടുണ്ട്. ലക്ഷം കോടികളുടെ പ്രഖ്യാപനങ്ങൾ അതാണ് തെളിയിക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്കുകൾക്ക് ഉത്തേജനം നൽകാനും മന്ത്രി മറന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടക, ത്രിപുര തുടങ്ങിയവക്കൊപ്പം ഗുജറാത്തിനും പരിഗണന കിട്ടി. കർണാടകത്തിന് ദുരിതാശ്വാസത്തിന് 5300 കോടിയും ഗോത്രവർഗവികസനത്തിന് 15,000 കോടിയും കൃത്രിമ വജ്ര നിര്‍മാണത്തിനും ഗവേഷണത്തിനും ഗ്രാന്റും കസ്റ്റംസ് ഇളവും അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. അതേസമയം, കേരളത്തിന്റെ കാര്യത്തിലാകട്ടെ അമ്പേ നിരാശജനകവും.

റെയിൽവേക്ക് 2.40 ലക്ഷം കോടി, കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി, ഭവനനിർമാണത്തിന് 79,000 കോടി, അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷം കോടി, ഊർജ സംരക്ഷണ രംഗത്തെ സാങ്കേതിക മാറ്റം 35,000 കോടി, ഗ്രീൻ ഹൈഡ്രജൻ മിഷൻ 19,700 കോടി, ഗോത്രവിഭാഗങ്ങൾക്ക് 15,000 കോടി, മത്സ്യമേഖല 6000 കോടി എന്നിങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. സമാന പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബജറ്റിലും ഉണ്ടായിരുന്നുവെന്നതിനാൽ പുതുമയോ വിശ്വാസയോഗ്യതയോ ഇല്ല. പ്രഖ്യാപനങ്ങളുടെ ലക്ഷ്യപ്രാപ്തി വിലയിരുത്താൻ പൊതുജനങ്ങൾക്ക് കഴിയാത്തിടത്തോളം പ്രഖ്യാപനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

ഇടത്തരക്കാർക്കുള്ള ആദായനികുതിയിളവിന്റെ രൂപത്തിലാണ് ബജറ്റിലെ ‘രാഷ്ട്രീയ സാധ്യതകൾ’ പ്രധാനമായി അവതരിച്ചിരിക്കുന്നത്. മധ്യവർഗത്തെ പ്രീണിപ്പിക്കാൻ ആദായനികുതിയിൽ പ്രഖ്യാപിച്ച ഇളവുകളാണ് ഇതിൽ ശ്രദ്ധേയം. പുതിയ ആദായനികുതി ഘടനപ്രകാരം മൂന്നുലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ല. നേരത്തേ ഇത് രണ്ടര ലക്ഷമായിരുന്നു. നികുതി ഇളവ് ലഭിക്കുന്ന പരിധി അഞ്ചു ലക്ഷം രൂപയിൽനിന്ന് ഏഴു ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. നേരത്തേ ഇളവുകളില്ലാതെ പ്രഖ്യാപിച്ച പുതിയ നികുതി സമ്പ്രദായത്തിന് വൻതോതിൽ സ്വീകാര്യത ലഭിച്ചിരുന്നില്ല. അത് നികത്താനുള്ള വഴി ഈ ബജറ്റിൽ സ്വീകരിച്ചതായാണ് കാണുന്നത്.

വിലക്കയറ്റം കുറക്കുക, ധനക്കമ്മി കുറച്ച് ധനസ്ഥിതി മെച്ചപ്പെടുത്തുക, എല്ലാ മേഖലയിലും കൂടുതൽ നിക്ഷേപം ഇവയൊക്കെ ബജറ്റിന്റെ ലക്ഷ്യമായി ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. എന്നാൽ, രാജ്യത്തെ ദരിദ്ര മനുഷ്യരോട് ബജറ്റ് കടുത്ത നീതികേടാണ് കാണിച്ചിരിക്കുന്നത്. തൊഴിലുറപ്പ് വിഹിതം 24,000 കോടി വെട്ടിക്കുറച്ചു. തൊഴിലില്ലായ്മ പരിഹരിക്കാനും പ്രകടമായ നിർദേശങ്ങൾ ബജറ്റിലില്ല. ഇതു രണ്ടും സ്വതവേയുള്ള ദാരിദ്ര്യാവസ്ഥക്കു പുറമെ കോവിഡ് പ്രതിസന്ധിയിൽപെട്ട, തൊഴിലില്ലായ്മയിലും പട്ടിണിയിലും നട്ടം തിരിയുന്ന ഗ്രാമീണ ജനതക്ക് കൊടിയ പ്രഹരമാവും. നിലവിൽ തന്നെ പട്ടിണി, തൊഴിൽ, സാമ്പത്തിക അസമത്വം തുടങ്ങിയ ഇൻഡക്സുകളിൽ താഴോട്ടു കുതിക്കുന്ന രാജ്യം കൂടുതൽ ആഴത്തിലേക്കു പോകാനാണ് ഇത് വഴിവെക്കുക. അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടിയും ഭവനനിർമാണത്തിന് 79,000 കോടിയും വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവ ഗ്രാമീണ ജനതക്ക് എത്രമാത്രം ഗുണമാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

ന്യൂനപക്ഷങ്ങളുടെ പദ്ധതിവിഹിതത്തിലും കാര്യമായ കുറവുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തിന് 3097.60 കോടിയാണ് വിഹിതം. കഴിഞ്ഞ തവണത്തേക്കാൾ 1922 കോടി കുറവ്. കഴിഞ്ഞ തവണ അനുവദിച്ചതിൽ 2407.84 കോടി പാഴാക്കിയതും കൂട്ടിവായിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ന്യൂനപക്ഷ ക്ഷേമപദ്ധതികൾ കേന്ദ്രം കുറച്ചു കൊണ്ടുവരുകയാണല്ലോ.

കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് വട്ടപ്പൂജ്യമാണ്. ഇത്രമാത്രം അവഗണിക്കപ്പെട്ട ബജറ്റ് അപൂർവമായിരിക്കാം. കേരളത്തിന്റെ ഒരാവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. വർഷങ്ങളായുള്ള ആവശ്യമായിരുന്നു എയിംസ്. കോഴിക്കോട് സ്ഥലവും കണ്ടെത്തി. ഒരിടക്ക് അനുമതിയായി എന്നുവരെ എത്തിയതാണ്. എന്നാൽ, പരിഗണിക്കപ്പെട്ടില്ല. ജി.എസ്.ടിയുടെ വിഹിതം കൂട്ടൽ, ജി.എസ്.ടി നഷ്ടപരിഹാരം നീട്ടൽ, ശബരിപാത, പ്രവാസി പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങളുടെ വർധന എന്നിവയൊന്നും ബജറ്റിൽ വന്നതേ ഇല്ല. ജനങ്ങളുടെയാകെ എതിർപ്പ് അവഗണിച്ച് സംസ്ഥാന സർക്കാർ വാശിയോടെ സിൽവർ ലൈനിന് അനുമതി തേടിയിരുന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. പുതിയ വന്ദേഭാരത് ട്രെയിനിലും കേരളമില്ല. ഇടംനൽകാത്ത സംസ്ഥാനങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് യോജിച്ചേക്കാം. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തെ ഫെഡറൽ വ്യവസ്ഥക്ക് ഒട്ടും അനുഗുണമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - madhyamam editorial 2023 February 2
Next Story