തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢ ക്വട്ടേഷൻ
text_fieldsഒരിടത്തിരുന്ന് ഭൂമിയിലെ എല്ലാം വീക്ഷിക്കുകയും എല്ലാം കീഴടക്കാൻ ഉപജാപം നെയ്യുകയും ചെയ്യുന്ന ഭീകരസംഘം. വിവിധ രാജ്യങ്ങളിലെ മനുഷ്യസമൂഹങ്ങളിലേക്ക് അദൃശ്യസേനകളെ അയച്ച് അവരുടെ മനസ്സുകളെ മലിനപ്പെടുത്തുകയും അധീനപ്പെടുത്തുകയും ചെയ്യിച്ച് പണവും അധികാരവും കൈയിലൊതുക്കാൻ ‘ക്വട്ടേഷൻ’ കൊടുക്കുന്ന ഭരണകൂടങ്ങൾ. അദൃശ്യ റോബോട്ടുകളുടെ സ്വാധീനത്തിൽ സ്വന്തം താൽപര്യം മറന്ന് ഭീകരർക്ക് വോട്ടുനൽകുന്ന പൗരസഞ്ചയങ്ങൾ -ഏതെങ്കിലും കാൽപനിക നോവലിലെ അതിഭാവനയോ ഹൊറർ സിനിമയിലെ ശാസ്ത്രസങ്കൽപമോ അല്ല ഇത്. ഇന്ത്യയുൾപ്പെടെ 30ലേറെ രാജ്യങ്ങളിൽ ജനാധിപത്യ പ്രക്രിയകളിൽ ഇടപെട്ട് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചതായി ഒളികാമറയിലടക്കം ഇസ്രായേലി സംഘം വെളിപ്പെടുത്തിയത് ഭീതിദ യാഥാർഥ്യമാണ്. ടീം ഹോർഹെ എന്നു പേരുള്ള ഈ ഗൂഢ വ്യാപാരസംഘം ഡിജിറ്റൽവിദ്യ ഉപയോഗിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചും വിദ്വേഷ പോസ്റ്റുകൾ പരത്തിയും വലതുവർഗീയ പ്രസ്ഥാനങ്ങൾക്കുവേണ്ടി ജനസമ്മതി നിർമിച്ചെടുത്തു. ‘ഫൊർബിഡൻ സ്റ്റോറീസ്’ എന്ന മാധ്യമ കൂട്ടായ്മയിലെ 30 രാജ്യാന്തര മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രത്യേക സോഫ്റ്റ്വെയറും ‘ബോട്ടുക’ളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും അസംഖ്യം വ്യാജ അക്കൗണ്ടുകൾ നിർമിച്ചും വൻതോതിൽ സമൂഹചർച്ചകളെ സ്വാധീനിക്കുന്നതിൽ അവർ വിജയിച്ചു. വിവിധ രാജ്യങ്ങളിലെ ‘കസ്റ്റമർ’ പാർട്ടികൾ നൽകുന്ന കരാറുകൾ പ്രകാരമാണ് തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻപോന്ന മനശ്ശാസ്ത്രയുദ്ധം അവർ നടത്തിക്കൊടുക്കുക. ഫലമോ, ഇരകളായ പൗരസമൂഹങ്ങൾ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട്, നിക്ഷിപ്ത താൽപര്യക്കാരുടെ ഹിതമനുസരിച്ച്, സ്വന്തം ഹിതം മറന്ന്, വോട്ടുചെയ്യാൻ ഇടവരുന്നു.
ഇസ്രായേൽ സേനാംഗമായിരുന്നയാളുടെ നേതൃത്വത്തിലുള്ള ‘ടീം ഹോർഹെ’ ഒറ്റപ്പെട്ട സംഘമല്ല എന്നും അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. വൻതുകക്ക് ‘ക്വട്ടേഷനെ’ടുത്താണ് അവർ വിവിധ രാജ്യങ്ങളിലെ അധികാരമോഹികൾക്ക് ‘സേവനം’ നൽകുന്നത്. ബ്രിട്ടൻ, അമേരിക്ക, കാനഡ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങി 33 രാജ്യങ്ങളിൽ ഇടപെട്ടതായും 27 ഇടത്ത് വിജയിച്ചതായും ‘ടീം ഹോർഹെ’ അറിയിച്ചു. പുതിയ ‘കരാർ’ തരപ്പെടുത്താൻ വേണ്ടി സേവന വ്യാപ്തിയെപ്പറ്റി അൽപം അതിശയോക്തി അവർ ചേർത്തു എന്ന് അനുമാനിച്ചാലും അതിഭീകരമാണ് കാര്യങ്ങൾ. നൈജീരിയയിൽ തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി പ്രവർത്തനങ്ങളിൽ നുഴഞ്ഞുകയറിയതിനും രേഖകൾ ചോർത്തിയതിനും തെളിവുണ്ട്. കെനിയയിൽ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയനേതാക്കളുടെ ഇ-മെയിലും സമൂഹമാധ്യമ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. പലേടത്തും മുഖ്യധാരാ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്ലാന്റ് ചെയ്തു. ഈ വ്യാജങ്ങൾ ‘ബോട്ടു’കൾ വഴി അനേകമിരട്ടിയാക്കി പെരുപ്പിച്ചു. ഈ വാർത്ത പുറത്തുവന്നശേഷം ഫേസ്ബുക്ക് മാത്രം ‘ടീം ഹോർഹെ’യുടെ അസംഖ്യം ബോട്ടുകൾ കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്. മറ്റു സമൂഹമാധ്യമ അരങ്ങുകളിലും ഈ വ്യാജവ്യവസായത്തിന്റെ ബോട്ടുകൾ പ്രവർത്തനക്ഷമമാണ്. തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യ സമൂഹ ഇടപാടുകളെ വ്യാജ പ്രചാരണങ്ങൾ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന് ഉദാഹരണമാണ് നമ്മുടെ രാജ്യവും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ജി-മെയിൽ, ടെലിഗ്രാം, ആമസോൺ, എയർബിഎൻബി തുടങ്ങിയ ഓൺലൈൻ വിവര വിനിമയ സംവിധാനങ്ങളെയെല്ലാം അനായാസം വ്യാജപ്രചാരണത്തിന് വൻതോതിൽ ഉപയോഗപ്പെടുത്തുന്ന ‘എയിംസ്’ (അഡ്വാൻസ്ഡ് ഇംപാക്ട് മീഡിയ സൊലൂഷൻസ്) എന്ന സോഫ്റ്റ്വെയർ; എണ്ണമറ്റ വ്യാജ അക്കൗണ്ടുകൾ; വ്യാജം പരത്താൻ മാത്രമായി 30,000 ബോട്ടുകളടങ്ങുന്ന അദൃശ്യ ഡിജിറ്റൽ സേന-ഇവ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ഇവിടത്തെ തെരഞ്ഞെടുപ്പിൽ വ്യാജപ്രചാരണത്തിന്റെ പങ്ക് ഓർക്കുന്ന ആർക്കും ‘ടീം ഹോർഹെ’യെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ ആശങ്ക കൂടാതെ കേൾക്കാനാകില്ല.
ഇസ്രായേലി സ്ഥാപനത്തിൽനിന്നുതന്നെയുള്ള ‘പെഗസസ്’ സോഫ്റ്റ്വെയർ 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ വിവാദം ഓർക്കുക. അതുവഴി ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെയും പ്രതിപക്ഷക്കാരുടെയും കമ്പ്യൂട്ടറും ഫോണുമടങ്ങുന്ന സാമഗ്രികൾ ഹാക്ക് ചെയ്തതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്. സർക്കാറിനെ വിമർശിക്കുന്നവരുടെ കമ്പ്യൂട്ടറിൽ വ്യാജവിവരങ്ങൾ ഗൂഢമായി കയറ്റി അവർക്കെതിരെ കൃത്രിമ തെളിവുകളുണ്ടാക്കിയതായും തെളിഞ്ഞിട്ടുണ്ട്. വിചിത്രമായ കാര്യം, പൗരന്മാരുടെ സ്വകാര്യത ലംഘിച്ചും അവരിൽ വ്യാജ ആരോപണങ്ങൾ ചുമത്തിയും ഈ രാജ്യാന്തര കുറ്റകൃത്യം ചെയ്തവർക്കെതിരെ വിരലനക്കാൻപോലും സർക്കാർ തയാറായിട്ടില്ല എന്നതാണ്. അത്ര തന്നെ വിചിത്രമാണ്, ഇപ്പോൾ അനേകം രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച സംഘത്തെപ്പറ്റി ആഗോള മാധ്യമ കൂട്ടായ്മ ശക്തമായ തെളിവോടെ വാർത്ത പുറത്തുവിട്ടിട്ടും രാജ്യതലസ്ഥാനങ്ങളിൽനിന്ന് ഞെട്ടലിന്റെയോ അമ്പരപ്പിന്റെയോ ഒരു സൂചനപോലും ഉണ്ടാകാത്തത്. ‘ടീം ഹോർഹെ’ പോലെ, അവർക്ക് കരാർ കൊടുത്ത് അധികാരം നിലനിർത്തിയ ഭരണകർത്താക്കളും നടത്തുന്ന കൂട്ടുകച്ചവടത്തിൽ നഷ്ടം ശബ്ദമില്ലാത്ത പാവം പൗരസമൂഹങ്ങൾക്ക് മാത്രമാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.