അകത്തെ ഭീകരതയെ അമർത്താനാകാതെ അമേരിക്ക
text_fieldsഅമേരിക്കയിലെ വെള്ള വംശീയവാദികൾക്ക് ഇനിയും ചോരക്കൊതി തീരുന്നില്ല. അവർക്ക് തോക്ക് കൊടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ് തോക്കു വ്യവസായികൾ. അതിന് ഒത്താശയേകാൻ ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണകൂടവും. ഇക്കഴിഞ്ഞ ഞായറാഴ്ച ലോസ് ആഞ്ജലസിൽ പത്ത് ജീവനുകളാണ് തോക്കുധാരിയായ വൃദ്ധന്‍റെ വംശീയവെറിയുണ്ടയേറ്റ് പൊലിഞ്ഞത്; പത്തുപേർക്ക് സാരമായ പരിക്കേറ്റു. ചൈനീസ് പുതുവത്സരം ആഘോഷിക്കാൻ അവിടത്തെ മോണ്ടെറി പാർക്കിലെത്തിയവർക്കുനേരെയായിരുന്നു അതിക്രമം. ടെക്സസിലെ ഒരു സ്കൂളിൽ കയറി 21 പേരെ വെടിവെച്ചുകൊന്ന ഖാദുകസംഭവത്തിൽനിന്ന് രാജ്യം മോചിതമായി വരുന്നതിനുമുമ്പേയാണ് വീണ്ടും കൂട്ടക്കൊല നടക്കുന്നത്. അക്രമിയെന്നു കരുതുന്ന 72കാരൻ ഹൂ കാൻ ട്രാനിനെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനാകും മുമ്പ് അയാൾ വെടിവെച്ച് ആത്മഹത്യ ചെയ്തു.
ഈയൊരു മാസത്തിനുള്ളിൽ മാത്രം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ സമാനമായ ഭീകരകൃത്യമാണിത്. കഴിഞ്ഞ ഒരൊറ്റ വർഷം അമേരിക്കയിൽ 647 കൂട്ട വെടിവെപ്പാണുണ്ടായത്. (സ്വന്തം രാജ്യത്തെ ഈ അതിക്രമങ്ങളെ അമേരിക്ക ഇപ്പോഴും ഭീകരപ്രവൃത്തിയെന്നു വിളിച്ചിട്ടില്ല, കൂട്ട വെടിവെപ്പ് എന്നേ പറയൂ. നാലോ അതിൽ കൂടുതലോ ആളുകൾ കൊല്ലപ്പെടുന്നതിനാണ് കൂട്ടവെടി എന്നു വിളിക്കുന്നത്). അമേരിക്കതന്നെ പുറത്തുവിടുന്ന കണക്കനുസരിച്ച് 1968നും 2017 നുമിടക്ക് അമേരിക്കയിൽ തോക്കേന്തിയ ഭീകരർ കൊലപ്പെടുത്തിയവരുടെ എണ്ണം 15 ലക്ഷം വരും. 1775ലെ സ്വാതന്ത്ര്യസമരം മുതൽ എല്ലാ സംഘർഷങ്ങളിലുമായി കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തെയും കവച്ചുവെക്കുന്നതാണ് ഈ സംഖ്യയത്രേ. 2020ൽ 45,222 പേർ അമേരിക്കയിൽ തോക്കിൻകുഴലിലൂടെ കൊല്ലപ്പെട്ടുവെന്ന് രോഗനിയന്ത്രണ, പ്രതിരോധകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ മുന്നിൽവെച്ച് പ്യൂ റിസർച് സെന്‍റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 54 ശതമാനം (24, 292) ആത്മഹത്യയും 43 ശതമാനം (19,384) കൊലപാതകവുമായിരുന്നു. ബാക്കിയുള്ളവ മനഃപൂർവമല്ലാത്തതും (535) ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ളതും (611) അജ്ഞാത സാഹചര്യത്തിലുള്ളതും (400) ആണ്. അമേരിക്കയിൽ വർഷംതോറും വർധിച്ചുവരുന്ന ആത്മഹത്യകളിലധികവും തോക്ക് ഉപയോഗിച്ചുള്ളതാണ്.
ലോകമെങ്ങുമുള്ള ഭീകരവാദത്തിനെതിരെ ദേശാന്തരീയമായിത്തന്നെ പട നയിക്കുന്ന രാജ്യമാണ് അമേരിക്ക. എവിടെ ജനാധിപത്യം അപകടത്തിലാകുന്നോ, അവിടെയൊക്കെ ഇടപെട്ടും യുദ്ധംചെയ്തും ശരിപ്പെടുത്തുകയാണ് അവരുടെ പ്രഖ്യാപിതരീതി. ഇങ്ങനെ ലോകം മുഴുക്കെ ഭീകരതയെ പിഴുതെടുക്കാനുള്ള യജ്ഞമേറ്റെടുത്ത അമേരിക്കക്ക് ഇതുവരെയായി ആഭ്യന്തരതീവ്രവാദത്തെയും ഭീകരവാദത്തെയും അമർച്ച ചെയ്യാനായിട്ടില്ല എന്നത് ദയനീയമായ വിരോധാഭാസം തന്നെ. മാത്രമല്ല, ലോകത്ത് തോക്ക് കൈവശംവെക്കു
ന്നത് പൗരർക്ക് ഭരണഘടനാവകാശമായി നിശ്ചയിച്ച മൂന്നു രാജ്യങ്ങളിൽ മുമ്പനാണ് അമേരിക്ക (മെക്സികോയും ഗ്വാട്ടമാലയുമാണ് ഇതരർ). എഴുപതുകൾക്കുശേഷം അമേരിക്കയിൽ തോക്കിന്മുനയിൽ ജീവിതം പാഴായവരുടെ എണ്ണം 45000 കടന്നതിനു പിറ്റേവർഷം തോക്ക് നിർമാണത്തിൽ 60 ശതമാനം വർധനയുണ്ടായി. മദ്യം, പുകയില എന്നീ ലഹരിവസ്തുക്കൾക്കൊപ്പം തോക്കും സ്ഫോടകസാമഗ്രികളും കൂടി ഉൾപ്പെടുത്തിയാണ് അമേരിക്ക അവ നിയന്ത്രിക്കാനുള്ള വകുപ്പുതന്നെ കൊണ്ടുനടത്തുന്നത്. മെക്സികോയും ഗ്വാട്ടമാലയും തോക്ക് ഭരണഘടനാ അവകാശമായി കാണുന്നുണ്ടെങ്കിലും ജീവിക്കാനുള്ള അവകാശത്തെ അതിനുമീതെ പരിഗണിക്കുന്നതിനാൽ പലതരത്തിലുള്ള നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അമേരിക്ക ഇപ്പോഴും തോക്ക് നിയന്ത്രിക്കണോ വേണ്ടേ എന്നകാര്യത്തിൽ സംവാദം തുടരുകയാണ്. അതിനനുസരിച്ച് തോക്കുവ്യവസായം തഴച്ചുവളരുന്നു. അതിന്‍റെ ഉപയോഗവും വർധിച്ച് രാജ്യം തോക്കുഭീകരതയുടെ വിളനിലമായി മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വന്തം ജനങ്ങൾ ഇവ്വിധം കൊന്നുമുടിക്കുമ്പോഴും തോക്ക് ജന്മാവകാശമാണെന്ന പഴയനിയമം മാറ്റിയെഴുതാൻ അമേരിക്കയിപ്പോഴും മടിക്കുകയാണ്. കൊളറാഡോ, സൗത്ത് കാരൊലിന, ടെക്സസ് എന്നിവിടങ്ങളിലെ ദുരന്തത്തിനുശേഷം കഴിഞ്ഞവർഷം പ്രസിഡന്‍റ് ജോ ബൈഡൻ തോക്കുനയം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചർച്ച സജീവമാക്കി. 2021 മാർച്ചിൽ ജനപ്രതിനിധി സഭ ലൈസൻസില്ലാത്തവരെയും സ്വകാര്യ കച്ചവടക്കാരെയും നിയന്ത്രിക്കാനും അംഗീകൃത കച്ചവടക്കാർക്കുതന്നെ കർക്കശ ചട്ടങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ച് നിയമനിർമാണം പാസാക്കിയെങ്കിലും അതിപ്പോഴും സെനറ്റിൽ മുടങ്ങിക്കിടക്കുകയാണ്. 80 ശതമാനം റിപ്പബ്ലിക്കന്മാരും 19 ശതമാനം ഡെമോക്രാറ്റുകളും തോക്ക് കൈവശാവകാശം നിയന്ത്രിക്കുന്നതിനെതിരാണ് എന്നിരിക്കെ അടുത്തകാലത്തൊന്നും ഈ ദിശയിൽ അമേരിക്കക്ക് ചുവടു വെക്കാനാകുമെന്നു തോന്നുന്നില്ല. ആധുനികതയുടെയും ഉദാരസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയുമൊക്കെ നേരവകാശി ചമഞ്ഞ്, മറ്റെല്ലാ മാലോകരെയും അതിന്‍റെ മറുപുറത്തുനിർത്തി അപരിഷ്കൃതരും ഭീകരരും തീവ്രവാദികളുമെന്നു ചാപ്പകുത്തുന്നതാണ് അമേരിക്കൻ രീതി; പിന്നെ അവരെ നന്നാക്കാനെന്ന ഭാവേന മേക്കിട്ടുകയറുകയും. ഈ ലോക സാമ്രാജ്യത്വശക്തി എത്ര അപകടകരമായ അപരിഷ്കൃതത്ത്വവും മനുഷ്യത്വവിരുദ്ധതയുമാണ് അകമേ ചുമക്കുന്നതെന്നു വെളിപ്പെടുത്തുന്നു അമേരിക്കയിൽ ഇടക്കിടെ പൊട്ടുന്ന ഭീകരവെടികൾ. അകത്തെ ഭീകരതയിൽനിന്ന് രക്ഷപ്രാപിക്കാനാകാത്ത ഇവരാണോ ലോകത്തിനു മുഴുവൻ സുരക്ഷയൊരുക്കാനുള്ള പട നയിക്കുന്നത്?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.