Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാജ്യത്തിനുമേൽ രണ്ടു...

രാജ്യത്തിനുമേൽ രണ്ടു വിധികൾ

text_fields
bookmark_border
രാജ്യത്തിനുമേൽ രണ്ടു വിധികൾ
cancel

നോട്ടുനിരോധനം, മന്ത്രിമാരെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ അഭിപ്രായപ്രകടനങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് ആശ്വാസം നൽകുന്ന തീർപ്പിലെത്തിയിരിക്കുന്നു സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച്. യു.യു. ലളിത് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് വിചാരണ പൂർത്തീകരിച്ച് വിധി പ്രസ്താവിക്കാൻ ജഡ്ജുമാരായ വി. സുബ്രഹ്മണ്യൻ, അബ്ദുൽ നസീർ, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചിനെ ചുമതലയേൽപിച്ചത്. അവർ ദൗത്യം പൂർത്തിയാക്കിയതോടെ സകല ആഘാതങ്ങൾക്ക് നടുവിലും നോട്ടുനിരോധനം ശരിയായിരുന്നുവെന്ന് ഒരു പശ്ചാത്താപവുമില്ലാതെ സ്ഥാപിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിരിക്കുന്നു.

രണ്ടാമത്തെ വിധിന്യായത്തിലൂടെയാകട്ടെ, മന്ത്രിമാരടക്കമുള്ള പൊതുപ്രവർത്തകരുടെ വിദ്വേഷ പ്രഭാഷണങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് നടക്കുന്ന കേസുകളിലെ വിധിയെ നിർണയിക്കാൻ കഴിയുന്ന ഭരണഘടനാപരമായ നിലപാടുതറ കേന്ദ്രത്തിനനുകൂലമായി ഒരുക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഈ രണ്ടു വിധിന്യായത്തിലും ഭരണഘടനാപരമായും ജനാധിപത്യപരമായും എപ്പോഴും നിലനിൽക്കേണ്ട മൗലിക തത്ത്വങ്ങൾ പ്രാധാന്യപൂർവം ഉയർത്തിപ്പിടിച്ചും ഉദ്ധരിച്ചുമാണ് ഭരണഘടനാബെഞ്ചിന്‍റെ ഭൂരിപക്ഷവിധി രൂപപ്പെടുത്തിയിരിക്കുന്നത്. താത്വികമായി അവ ശരിയായിരിക്കെ പ്രായോഗികമായി ഭരണകൂടത്തിന്‍റെ ഏകാധിപത്യപരമായ സ്വേച്ഛകൾ നടപ്പാക്കാനുള്ള അധികാരമായി അവ പരിണമിച്ചുവെന്നതാണ് ദുഃഖകരം.

സാമ്പത്തിക-സാമൂഹിക നയങ്ങളുടെ കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെമേൽ ജുഡീഷ്യറി അധികാരമുപയോഗിക്കരുത് എന്ന തത്ത്വത്തെ മുറുകെ പിടിച്ചാണ് നോട്ടുനിരോധനത്തിൽ കേന്ദ്രത്തിന്‍റെ അധികാരത്തെ പരമോന്നത നീതിപീഠം അംഗീകരിച്ചത്. മൗലികമായ തത്ത്വങ്ങളെ സാങ്കേതികമായി മാത്രം വായിച്ചതിലൂടെ കോടതി അദൃശ്യമാക്കിയത് നീതിയുടെ ആത്മസത്തയെയാണ്. അതിലുപരി എക്സിക്യൂട്ടിവിന് ഏകാധിപത്യ സ്വഭാവമാർജിക്കാനുള്ള കരുത്ത് അതിലൂടെ ലഭിക്കുമെന്ന വസ്തുതയെ ഗൗനിച്ചതുമില്ല. ചുരുങ്ങിയപക്ഷം, ആർ.ബി.ഐയുടെ പരമാധികാരത്തിൽ സർക്കാർ സമർദങ്ങളുണ്ടാകുന്നത് തടയാനോ നോട്ടുനിരോധനം സൃഷ്ടിച്ച ഭീകരദുരന്തത്തെ മുൻകൂട്ടി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെക്കുറിച്ച് വിമർശനാത്മകമായി ചോദ്യമുന്നയിക്കാനോ കോടതിക്ക് കഴിയേണ്ടതായിരുന്നു. എന്നാൽ, അലോസരമുണ്ടാക്കുന്ന എല്ലാ ചോദ്യങ്ങളുമൊഴിവാക്കാനാണ് പരമോന്നത കോടതിയിലെ ഭൂരിപക്ഷവും ആഗ്രഹിച്ചത്. അവിടെയാണ് റിസർവ് ബാങ്ക് നിയമത്തിലെ 26 (2) വകുപ്പ് പ്രകാരമായിരുന്നില്ല ഈ നോട്ടുനിരോധനമെന്ന ജസ്റ്റിസ് നാഗരത്നയുടെ വിയോജനവും സ്വന്തം ബുദ്ധി ഉപയോഗിക്കാതെ കേന്ദ്രസർക്കാറിന്റെ ആഗ്രഹം നടപ്പാക്കുകയാണ് റിസർവ് ബാങ്ക് ചെയ്തതെന്ന കുറ്റപ്പെടുത്തലും നോട്ടുനിരോധന ചരിത്രത്തിലെ വെള്ളിരേഖയായി മാറുന്നത്. നിർണായകവും സുപ്രധാനവുമായ വിഷയങ്ങളിൽ ജനാധിപത്യത്തിന്റെ കേന്ദ്രമായ പാർലമെന്റിനെ ഒഴിച്ചുനിർത്താനാവില്ലെന്ന അവരുടെ നിരീക്ഷണമാകട്ടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ ഏകാധിപത്യപ്രവണതകൾക്ക് സാധൂകരണം നൽകുന്ന ഭൂരിപക്ഷ വിധിന്യായത്തിന്‍റെ യുക്തിയെ റദ്ദാക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിന്‍റെ ആത്മാവ് വിയോജിക്കാനുള്ള അവകാശമാണെന്ന മൗലിക തത്ത്വത്തെ അടിവരയിട്ടുകൊണ്ടാണ് പൊതുപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ 19 (2)നേക്കാൾ അധികനിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന തീർപ്പിൽ ഭരണഘടനാബെഞ്ച് എത്തിയത്. സർക്കാർ നിലപാടുകളുമായി ബന്ധപ്പെട്ട് ഒരു മന്ത്രി നടത്തുന്ന പ്രസ്താവന സർക്കാറിന്‍റേതായി കണക്കാക്കാമോ എന്ന കാതലായ ചോദ്യത്തിന് ജസ്റ്റിസ് ബി.വി. നാഗരത്ന ഒഴിച്ചുള്ളവർ വേണ്ടതില്ല എന്ന് ഉത്തരം നൽകി. മാത്രമല്ല, മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് ഓരോ മന്ത്രിയും ഉത്തരവാദിയാണ്. എന്നാൽ, തിരിച്ച് ഓരോ മന്ത്രി ചെയ്യുന്നതിനും മന്ത്രിസഭ കൂട്ടുത്തരവാദിയല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രസ്താവനകളുടെ ‘ഭാര’ത്തിൽനിന്ന് മുഖ്യമന്ത്രിയും പാർട്ടികളും രക്ഷപ്രാപിച്ചിരിക്കുന്നു. ഒരു പ്രസ്താവനയുടെ പ്രത്യാഘാതമായി ഏതെങ്കിലുമൊരു വ്യക്തിക്കോ പൗരനോ പരിക്കോ നഷ്ടമോ ഉണ്ടായി എന്ന് സ്ഥാപിക്കപ്പെട്ടാൽ മാത്രമേ അത് ഭരണഘടനാപരമായി അപരാധമാകുകയുള്ളൂ. മന്ത്രിമാരുടെ പ്രസംഗങ്ങൾക്ക് മുഖ്യമന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ട്, ജനപ്രതിനിധികളുടെ പൊതുസംസാരങ്ങളെ പാർലമെന്‍റിനും പാർട്ടികൾക്കും പെരുമാറ്റച്ചട്ടത്തിലൂടെ നിയന്ത്രിക്കാം, അവരുടെ വിദ്വേഷ പ്രഭാഷണങ്ങൾക്ക് ഇരയാകുന്നവർക്ക് കോടതികളെ സമീപിക്കാം തുടങ്ങിയ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിലപാട് ഭൂരിപക്ഷവിധിയായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ വിയോജിപ്പിനുള്ള അവകാശങ്ങൾ നിലനിർത്തുന്നതോടൊപ്പം അവയുടെ ദുരുപയോഗം തടയാനും പറ്റുമായിരുന്നു. വിദ്വേഷ പ്രഭാഷണങ്ങൾക്ക് പ്രധാനമന്ത്രിയടക്കമുള്ളവർ മറുപടിപറയാൻ ബാധ്യസ്ഥരാകുന്ന ഒരു സാധ്യതയെയാണ് പരമോന്നത നീതിപീഠം സാങ്കേതികമായ ന്യായവാദത്തിലൂടെ ഉപേക്ഷിച്ചത്. സാങ്കേതികന്യായങ്ങൾ മറച്ചുവെച്ച നീതിയുടെ പ്രകാശം ജസ്റ്റിസ് ബി.വി. നാഗരത്നയുടെ വിയോജനം തീർത്ത ചെറുതുളയിലൂടെ പുറത്തേക്കുവന്നുവെന്നതാണ് ഈ വിധികളുടെ ചരിത്രപരമായ പ്രാധാന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 january 5
Next Story