ഈ ജാതിക്കളി ഇസ്ലാമിന്റേതല്ല
text_fieldsമനുഷ്യർക്കിടയിൽ വിഭാഗീയതകൾ സൃഷ്ടിക്കുന്നത് അനുവദിക്കാത്ത, വിവേചനത്തെ വിലക്കുന്ന വിശ്വാസസംഹിതയാണ് ഇസ്ലാം. വർണവെറിയും വംശീയതയും ജാതിവ്യവസ്ഥയും ഉൾപ്പെടെയുള്ള സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരായ പ്രതിരോധമായാണ് ഇസ്ലാമിക അധ്യാപനങ്ങളെ ലോകം ഉയർത്തിപ്പിടിക്കുന്നതുതന്നെ. ചരിത്രപ്രസിദ്ധരായ പല വ്യക്തിത്വങ്ങളുടെ മുതൽ ജാതിവിവേചനത്തിനിരയായ അടിസ്ഥാന ജനസമൂഹങ്ങളുടെവരെ ഇസ്ലാം ആശ്ലേഷണത്തിന് പലപ്പോഴും ഈ സമഭാവനയും സമത്വചിന്തയും പ്രേരകമായതും കാണാം.
എന്നാൽ, ‘‘അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല, വെള്ളക്കാർ കറുത്തവരെക്കാളോ കറുത്തവർ വെളുത്തവരേക്കാളോ ശ്രേഷ്ഠരല്ല’’-എന്ന് മുഹമ്മദ് നബി നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ മറ്റൊരു ഓർമപുതുക്കൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിടവെ കേരളത്തിലെ ഒരു മസ്ജിദ് ഭരണസമിതി അതിന് കടകവിരുദ്ധമായ നിലപാട് കൈക്കൊണ്ടിരിക്കുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുതൂർപള്ളി മുസ്ലിം ജമാഅത്ത് പൊതുയോഗത്തിൽ സംബന്ധിച്ച അന്നാട്ടുകാരനായ ഒരു വിശ്വാസിക്ക് നൽകിയ കത്ത് വിവേചനപരം മാത്രമല്ല, മനുഷ്യാന്തസ്സിനോടുള്ള കടുത്ത ധിക്കാരം തന്നെയാണ്. പൂർവിക കാലം മുതൽക്ക് നിലനിൽക്കുന്ന ‘കീഴ്നടപ്പി’നും പള്ളി നിയമാവലിക്കും വിരുദ്ധമായി പൊതുയോഗത്തിൽ സംബന്ധിച്ചത് അറിവില്ലായ്മയായി കണക്കാക്കി ക്ഷമിക്കുന്നുവെന്ന് പറയുന്ന ജമാഅത്ത് കമ്മിറ്റി ഇനി ഇതാവർത്തിക്കരുത് എന്ന താക്കീതോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. പൂർവികരുടെ കാലം മുതൽ നിലനിൽക്കുന്ന ‘കീഴ്നടപ്പ്’ എന്തെന്ന് പരിശോധിക്കുമ്പോഴാണ് ആ തീരുമാനത്തിലെ ഇസ്ലാം വിരുദ്ധത വ്യക്തമാവുന്നത്. ആ യുവാവ് ഉൾക്കൊള്ളുന്ന ഒസ്സാൻ (ബാർബർ) വിഭാഗങ്ങളിൽപ്പെട്ട മുസ്ലിംകളെ പൊതുയോഗങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് പുതൂർപള്ളി ജമാഅത്ത് കമ്മിറ്റിയുടെ നിയമാവലിയിലുണ്ടെത്രേ. ജനനത്തിന്റെയും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ വിവേചനമരുതെന്ന് ഇസ്ലാമിന്റെ പരമോന്നത നിയമാവലിയും ജാതിയുടെയും കുലത്തിന്റെയും പേരിൽ വിവേചനം പാടില്ലെന്ന് നാം ജീവിക്കുന്ന രാഷ്ട്രത്തിന്റെ ഭരണഘടനയും ഉദ്ഘോഷിക്കുമ്പോഴാണ് തൊഴിലിന്റെയും കുടുംബപാരമ്പര്യത്തിന്റെയും പേരിൽ ഖാപ് പഞ്ചായത്തുകളെ അനുസ്മരിപ്പിക്കുംവിധത്തിൽ മഹല്ല് കമ്മിറ്റി ഇത്തരമൊരു തീട്ടൂരം പുറത്തിറക്കുന്നത്. ഇതിനെ ജാതീയതയെന്നല്ലാതെ വിളിക്കാനാവില്ല. പുതൂർപള്ളിയിലേതുപോലെ നിയമാവലിയിൽ എഴുതിവെച്ചിട്ടില്ലെങ്കിലും കേരളത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ചില വിഭാഗങ്ങളെ തൊഴിലിന്റെ പേരിൽ സാമൂഹികമായി അകറ്റിനിർത്തുന്ന പ്രവണത മുസ്ലിം സമുദായത്തിനിടയിൽ നിലനിൽക്കുന്നുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. ബാർബർ, മത്സ്യബന്ധനത്തിലേർപ്പെടുന്നവർ, ഖബർ കുഴിക്കുന്ന ജോലിചെയ്യുന്നവർ എന്നിവരൊക്കെയാണ് അത്തരം അനീതി നേരിടേണ്ടി വരുന്നത്. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത ആ പ്രവണത ഇസ്ലാമിക വിശ്വാസത്തിന് കടകവിരുദ്ധവുമാണ്.
പുതൂർപള്ളി ജമാഅത്തിന്റെ നിലപാടിനെ ന്യായീകരിക്കാൻ കേരളത്തിലെ ഏതെങ്കിലുമൊരു മുസ്ലിം സംഘടന മുന്നോട്ടുവന്നില്ല എന്നത് ശ്രദ്ധേയമാണ്, മുൻനിര സംഘടനാ നേതാക്കളിൽ പലരും ഈ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞതും നല്ല കാര്യം തന്നെ. പക്ഷേ, മനസ്സ് മുറിപ്പെട്ട മനുഷ്യരുടെ വേദനമാറ്റാനും ഈ വിപത്തിനെ വേരോടെ നീക്കം ചെയ്യാനും അതുമാത്രം പര്യാപ്തമല്ല. ഇത്തരമൊരു അനഭിലഷണീയ വിവേചന സാഹചര്യം നിലനിൽക്കുന്നു എന്ന യാഥാർഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ വിഷയത്തെ സംബോധന ചെയ്യാൻ അവർ മുന്നോട്ടുവരണം. മത-സാമൂഹിക ജീവിതത്തിന്റെ ഒരു കോണിലും ജാതീയതയുടെ ലാഞ്ഛനയുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ അണികൾക്ക് നിർദേശം നൽകേണ്ട സാമൂഹിക ബാധ്യത മതപണ്ഡിതർക്കുണ്ട്. മഹല്ലുകളിലും അനുബന്ധ സംവിധാനങ്ങളിലും ജാതീയ ഉച്ഛനീചത്വങ്ങൾ ഇല്ലെന്നുറപ്പിക്കാൻ മതസംഘടനകൾക്കും ഇസ്ലാമിക പണ്ഡിതർക്കും മസ്ജിദ് കമ്മിറ്റികൾക്കും സാധിക്കണം. അനീതിയുടെ അവസാന കണികയേയും തൂത്തുമാറ്റുക എന്നതാണ് സമുദായം ഏറ്റെടുക്കേണ്ട ദൗത്യം. മറ്റു സാമൂഹിക വിപത്തുകൾക്കെതിരെ പുലർത്തുന്ന ജാഗ്രത സമുദായത്തിൽ ജാതീയതയും അയിത്തവും കടന്നുകൂടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലും അവർ പാലിക്കണം.
ഇത്തരം വിവേചനങ്ങളെ ശരിയാംവിധം അഭിമുഖീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ച ആത്യന്തികമായി ഗുണം ചെയ്യുക സംഘ്പരിവാർ ഉൾപ്പെടെയുള്ള പ്രതിലോമശക്തികൾക്കാണ്. ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിക്കാൻപോലും ധാർഷ്ട്യം കാണിക്കുന്നത്ര മേൽജാതി വാദം കൊടികുത്തി വാഴുന്ന ഉത്തരേന്ത്യയിൽ അതിന് ആവശ്യത്തിലേറെ ഉദാഹരണങ്ങളുണ്ട്. അവിടെ ചില മേഖലകളിൽ പ്രകടമായ രീതിയിൽ ജാതിചിന്ത മുസ്ലിം സമുദായത്തിനിടയിലുമുണ്ട്. സ്വസമുദായത്തിൽനിന്ന് വിവേചനം നേരിടേണ്ടിവന്ന പസ് മാന്ദകൾ എന്നറിയപ്പെടുന്ന മുസ്ലിംകളെ സംഘ്പരിവാരം അവരുടെ പാളയത്തിലേക്ക് ആകർഷിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്ക് കരുവാക്കുകയും ചെയ്തുവെന്നതായിരുന്നു ഈ ജാതിചിന്തയുടെയും വിവേചനത്തിന്റെയും സമീപകാല പരിണതി. മതപണ്ഡിതരും സമുദായ നേതൃത്വവും മുന്നിട്ടിറങ്ങുകയും ജാതിയെ കുടഞ്ഞെറിയാൻ തയാറാവുകയും ചെയ്താൽ മാത്രമേ അത്തരമൊരു അനിഷ്ടകരമായ സാഹചര്യം കേരളത്തിലും ആവർത്തിക്കപ്പെടാതിരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.