ഇതിനെയാണോ ജനാധിപത്യമെന്ന് വിളിക്കേണ്ടത്?
text_fieldsജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സർക്കാറുകളെ നേരമിരുട്ടിവെളുക്കുമ്പോഴേക്കും അട്ടിമറിക്കുകയും ജനസമ്മിതി നേടാൻ സാധിക്കാത്ത നേതാക്കളും പാർട്ടികളും വ്യാജസമ്മിതിയിലൂടെ അധികാരത്തിലേറുന്നതും പുതിയ കാര്യമല്ല, വർത്തമാനകാല ജനാധിപത്യ ഇന്ത്യയിൽ അത് ന്യൂ നോർമലാണുതാനും. രാഷ്ട്രീയനാടകങ്ങളുടെ സ്ഥിരംവേദിയായ മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ പിളർപ്പും കഴിഞ്ഞദിവസം വരെ പ്രതിപക്ഷ നേതാവായിരുന്നയാൾ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഈ ന്യൂ നോർമലിന്റെ ഭാഗം തന്നെ.
288 അംഗ നിയമസഭയിലേക്ക് 2019 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിലെ ജനവിധിയല്ല മഹാരാഷ്ട്രയിൽ ഇക്കാലമത്രയും നടപ്പിലായത് എന്നുതന്നെ പറയണം. ബി.ജെ.പിയും ശിവസേനയും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാർ രൂപവത്കരിക്കാനുള്ള അംഗസംഖ്യ ലഭിച്ചെങ്കിലും അധികാര വീതംവെപ്പിനെച്ചൊല്ലി തർക്കിച്ച് അവർ വേർപെട്ടു. ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. ഒരു മാസത്തിനകം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിൽ മുച്ചൂടും എതിർത്തിരുന്ന എൻ.സി.പിയുടെ നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയെ പിളർത്തി ഭൂരിപക്ഷം ഉറപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും അത് പാളി, നാലുനാൾപോലും തികക്കാനാവാതെ ആ സർക്കാർ വീണു. പിന്നീട് ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ ചേർന്ന് മഹാവികാസ് അഗാഡി രൂപവത്കരിക്കുകയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സർക്കാറുണ്ടാക്കുകയും ചെയ്തു. ഫഡ്നാവിസിന് കീഴിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാർ ഉദ്ധവ് മന്ത്രിസഭയിലും അതേ സ്ഥാനമേറ്റു. ജനവിധിപ്രകാരമുള്ള സഖ്യമായിരുന്നില്ല അതും.
അതേസമയം, വർഗീയതക്കും വിദ്വേഷത്തിനുമുപരി സമാധാനത്തിനും വികസനത്തിനും മുൻഗണന നൽകണമെന്ന ജനഹിതം സാധ്യമാക്കാൻ ആ സർക്കാർ പലതും ചെയ്തു. ഒരുകാലത്ത് മുസ്ലിംകൾക്കും തെന്നിന്ത്യക്കാർക്കുമെതിരെ നിരന്തരം കലാപങ്ങൾ അഴിച്ചുവിട്ടതിന് പ്രായശ്ചിത്തമെന്ന് തോന്നിപ്പിക്കുംവിധം ജനങ്ങൾക്കിടയിൽ സൗഹാർദം കെട്ടിപ്പടുക്കാനുതകുന്ന നിലപാടുമായാണ് ശിവസേന നയിച്ച ഭരണകൂടം മുന്നോട്ടുനീങ്ങിയത്. അത്തരമൊരു സാഹചര്യം തങ്ങൾക്ക് സൃഷ്ടിക്കാവുന്ന നഷ്ടങ്ങളെക്കുറിച്ച് തികഞ്ഞബോധ്യമുള്ള കേന്ദ്രസർക്കാർ മഹാരാഷ്ട്ര ഭരണകൂടത്തിന്റെ ഭാഗവും അനുഭാവികളുമായി നിൽക്കുന്ന പലർക്കുമെതിരെ ഇ.ഡിയെയും ഐ.ബിയെയും എൻ.സി.ബിയെയുമെല്ലാം ഇറക്കിക്കളിച്ചു. പലരെയും ജയിലിലടച്ചു, മറ്റുപലരെയും റെയ്ഡും ജപ്തിയുമെല്ലാം കൊണ്ട് ശ്വാസം മുട്ടിച്ചു. സംസ്ഥാന സർക്കാറിനെതിരായ അട്ടിമറിനീക്കങ്ങളെ ഏകോപിപ്പിക്കലാണ് തന്റെ ജോലിയെന്ന മട്ടിൽ ഗവർണറും പെരുമാറി.
മഹാവികാസ് അഗാഡി മന്ത്രിസഭയിൽ അംഗമായിരുന്ന ഏക് നാഥ് ഷിൻഡെ 39 എം.എൽ.എമാർക്കൊപ്പം 2022 ജൂൺ 29ന് ശിവസേനയെ പിളർത്തി. വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന അന്നത്തെ ഗവർണർ ഭഗത്സിങ് കോശിയാരിയുടെ നിർദേശം സ്റ്റേചെയ്യാൻ സുപ്രീംകോടതി കൂട്ടാക്കാതിരുന്നതോടെ ഉദ്ധവ് രാജിവെച്ചു. ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി, ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയും. വിശ്വാസവോട്ടിന് നിർദേശം നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് 11 മാസങ്ങൾക്ക് ശേഷം സുപ്രീംകോടതി വ്യക്തമാക്കി.
ഷിൻഡെയോടൊപ്പം പോയ എം.എൽ.എമാർ അയോഗ്യത ഭീഷണിയുടെ നിഴലിൽനിൽക്കെയാണ് ഇപ്പോൾ അജിത് പവാറും കൂട്ടരും എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നിരിക്കുന്നത്. ഷിൻഡെ പക്ഷക്കാർക്ക് നിയമസഭാംഗത്വം നഷ്ടമായാലും ബി.ജെ.പിക്ക് മേൽക്കൈയുള്ള സർക്കാറിന് അധികാരം നിലനിർത്താനാവുമെന്നാണ് നിലവിലെ ചിത്രം. വരുന്ന നഗരസഭ, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശിവസേന-എൻ.സി.പി- കോൺഗ്രസ് കൂട്ടുകെട്ട് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് കനത്ത നഷ്ടം വരുത്തുമെന്ന് പരക്കെ വിലയിരുത്തപ്പെട്ടുവന്ന ഒരുഘട്ടത്തിലാണ് ഇത്തരമൊരു ട്വിസ്റ്റ്.
അദ്ദേഹം ആഞ്ഞു നിഷേധിക്കുമ്പോഴും മറാത്താരാഷ്ട്രീയത്തിലെ അതികായനായ എൻ.സി.പി മേധാവി ശരദ് പവാറിന്റെ അറിവോടെയാണീ നാടകമെന്ന് ആക്ഷേപമുണ്ട്. അത് ശരിയാണെങ്കിലും അല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരുമിച്ചുനിന്ന് നേരിടുമെന്ന് പട്നയിൽ വെച്ച് ആണയിട്ട് പിരിഞ്ഞ പ്രതിപക്ഷ നേതൃനിരയിൽ സംശയത്തിന്റെ നിഴൽപടർത്താൻ എൻ.സി.പി പിളർപ്പ് വഴിവെക്കുമെന്നുറപ്പ്.
അധികാരമോഹം മാത്രമാണ് ഈ പിളർപ്പിന് പിന്നിലെന്ന് പറഞ്ഞുകൂടാ. അധികാരത്തിന്റെ ചെങ്കോലും ദണ്ഡും ഏതുവിധത്തിലും പ്രയോഗിക്കാൻ മടിയില്ലാത്ത കേന്ദ്രസർക്കാർ കേസും കൂട്ടവുമായി പിന്നാലെയുണ്ടെന്ന ഭീതിയാണ് പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലും ഹസൻ മുശ് രിഫുമുൾപ്പെടെ എൻ.സി.പി പ്രധാനികളെല്ലാം കൂടുമാറാൻ നിർബന്ധിതമാക്കിയത്. വെറും ഒരാഴ്ച മുമ്പാണ് എൻ.സി.പി നേതാക്കൾക്കെതിരെ ഏകദേശം 70,000 കോടി രൂപയുടെ അഴിമതി ആരോപണങ്ങളുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണിയെണ്ണി പ്രസംഗിച്ചത്. സകല ആരോപണവിധേയർക്കുമെതിരെ താൻ അന്വേഷണം നടത്തുമെന്നും ഭോപാലിലെ പൊതുവേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബംഗാളിലെ സുവേന്ദു അധികാരി മുതൽ ശിവസേനയിലെയും എൻ.സി.പിയിലെ തന്നെയും പല നേതാക്കളും ബി.ജെ.പിക്കൊപ്പം ചേർന്ന് മോദിയെ പുകഴ്ത്തി അറസ്റ്റിൽനിന്നും നിയമനടപടികളിൽനിന്നും പ്രതിരോധശേഷി കൈവരിച്ച മുൻമാതൃക അവരും പിൻപറ്റിയെന്നേ പറയാനാവൂ. ഇതിനെല്ലാം മൂകസാക്ഷിയാവേണ്ടിവരുന്ന ജനാധിപത്യത്തിന്റെ മാതാവ് എത്രമാത്രം വേദനിക്കുന്നുവെന്നത് അവർക്കാർക്കും ഒരു പ്രശ്നമേയല്ലതാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.