വിദ്യാലയമണി വീണ്ടും മുഴങ്ങുമ്പോൾ
text_fieldsമധ്യവേനലവധി കഴിഞ്ഞ് വീണ്ടും അധ്യയന വർഷം ആരംഭിക്കുന്നു. കേരളത്തിന്റെ പുതുതലമുറ, ഏകദേശം 43 ലക്ഷം കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിലെത്തും (ഇതിനു പുറമെ സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസ് സ്കൂളുകളിലെ കുട്ടികളും). അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കേരളത്തിന്റേതു കൂടിയാണ്. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് തന്നെ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. അത് സർക്കാറുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒന്നിച്ചുള്ള പ്രയത്നത്തിന്റെ ഫലമാണ്. നേട്ടം കൈവരിക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് അതു നിലനിർത്തുന്നതും നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതും. അതിനായി വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന്റെ അടിയന്തര ഇടപെടലുകളുണ്ടാകേണ്ടതുണ്ട്.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഒന്നാം പിണറായി സർക്കാർ ഊന്നൽ നൽകിയത്. അതുവഴി സർക്കാർ സ്കൂളുകൾക്ക് മികച്ച കെട്ടിടങ്ങൾ ഒരുക്കുന്നതിനും മികച്ച ലാബുകളടക്കമുള്ളവ ക്രമീകരിക്കുന്നതിനും കഴിഞ്ഞു. ഇനി പ്രധാനമായും ഊന്നൽ നൽകേണ്ടത് ഗുണനിലവാരം വർധിപ്പിക്കാനാണ്. നാഷനൽ അച്ചീവ്മെന്റ് സർവേയിൽ ചൂണ്ടിക്കാട്ടിയ ഗണിത, ഭാഷ പഠനത്തിലെ പിന്നാക്കാവസ്ഥയടക്കമുള്ള പോരായ്മകൾക്ക് പരിഹാരം കാണണം. മികച്ച അടിസ്ഥാന സൗകര്യങ്ങളിൽ മോശം അധ്യയനം എന്ന സാഹചര്യമുണ്ടാകരുത്.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കാനുള്ളത് അധ്യാപകർക്കാണ്. അധ്യാപക ക്ഷാമം പരിഹരിക്കാൻ 2022-23 അധ്യയന വർഷത്തിൽ 6005 അധ്യാപക തസ്തികക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശിപാർശ നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് അവ തടയപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി പ്രകാരം എയ്ഡഡ് സ്കൂളുകളിൽ 15225 അധ്യാപകരുടെ നിയമനാംഗീകാരത്തിനുള്ള ഫയലുകൾ വകുപ്പിലുണ്ട്. ഇതിൽ 13996 എണ്ണം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേതും 1208 എണ്ണം ഹയർസെക്കൻഡറിയിലേതും 21 എണ്ണം വി.എച്ച്.എസ്.ഇയിലേതും. 2018 നവംബർ മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ നിയമനാംഗീകാരം ഭിന്നശേഷി നിയമനം സംബന്ധിച്ച കോടതി ഉത്തരവിന്റെ പേരിൽ വിദ്യാഭ്യാസ ഓഫിസർമാർ തടഞ്ഞിരിക്കുകയാണ്. ഇതിൽ സുപ്രീംകോടതി തന്നെ വ്യക്തത വരുത്തിയിട്ടും വകുപ്പിന് വ്യക്തത വന്ന മട്ടില്ല. അധ്യാപക ക്ഷാമം താൽക്കാലിക നിയമനംകൊണ്ട് പരിഹരിക്കാനാണ് നിർദേശം. എന്നാൽ, ഇത്തരം താൽക്കാലിക നിയമനങ്ങൾക്ക് നിലവാരം മെച്ചപ്പെടുത്താനാകുമോ എന്നതിൽ സംശയമുണ്ട്. താൽക്കാലിക അധ്യാപകർ ഇടക്കിടെ മാറുന്നതിനാൽ അധ്യയനം തടസ്സപ്പെടുന്ന സാഹചര്യം പതിവാണ്. അധ്യാപക തസ്തികകൾ നികത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്.
സംസ്ഥാനത്ത് ഏറ്റവും അവസാനം സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചത് 2013 -15 കാലയളവിലാണ്. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർക്കാർ തുടക്കം കുറിച്ചെങ്കിലും ഇഴയുകയാണ്. അടുത്ത അധ്യയന വർഷമെങ്കിലും കുട്ടികൾക്ക് പരിഷ്കരിച്ച പാഠപുസ്തകം എത്തിക്കാൻ കഴിയണം. പാഠ്യപദ്ധതി പരിഷ്കരണം കാലാനുസൃത മാറ്റവും പുതിയ വിജ്ഞാന മേഖലകൾ കുട്ടികളിലേക്ക് എത്തിക്കുന്നതും കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സങ്കേതങ്ങളിൽ ലോകമൊട്ടുക്ക് കുതിച്ചുചാട്ടം നടക്കുമ്പോൾ എട്ടുമുതൽ പത്തുവർഷം വരെ പഴക്കമുള്ള പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതെന്ന ബോധ്യത്തിൽ നിന്നായിരിക്കണം പരിഷ്കരണം.
45 ലക്ഷത്തിലധികം കുട്ടികൾ വീടുകളിൽനിന്ന് ഇറങ്ങുമ്പോൾ സർക്കാർ ഏറ്റവും മുൻഗണന നൽകേണ്ടത് അവരുടെ സുരക്ഷക്കാണ്. സ്കൂൾ കാമ്പസിലും പരിസരത്തും യാത്രയിലും കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനാകണം. സ്കൂൾ വാഹനങ്ങളുടെ കാര്യത്തിലും ജീവനക്കാരുടെ കാര്യത്തിലും സർക്കാർ നൽകിയ നിർദേശങ്ങളും നടപടികളും അഭിനന്ദനാർഹമാണ്. അതേസമയം വലിയൊരു വിഭാഗം കുട്ടികൾ പൊതുഗതാഗതമേഖല ആശ്രയിക്കുന്നവരാണ്. ബസ് ജീവനക്കാരുടെ മാന്യമായ പെരുമാറ്റം മുതൽ ആവശ്യമായ കെ.എസ്.ആർ.ടി.സി സർവിസുകൾ ഉണ്ടെന്നുള്ളതുവരെ ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്.
സ്കൂൾ വളപ്പിലേക്ക് പടർന്നുകയറുന്ന ലഹരി മാഫിയ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. വിദ്യാർഥികളെ ലഹരിക്കടിപ്പെടുത്തുന്ന, കരിയർമാരാക്കുന്ന മാഫിയയെ പാളിച്ചകളില്ലാതെ നേരിടുന്നതിനുകൂടി ഈ അധ്യയനവർഷാരംഭ ദിനത്തിൽ തുടക്കമാകണം. ഈ ദൗത്യം എക്സൈസും പൊലീസും നോക്കുമെന്ന് കരുതിയിരുന്നാൽപോരാ,
കൃത്യമായ നിരീക്ഷണങ്ങളിലൂടെ രക്ഷിതാക്കൾക്കും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ട്.
ചരിത്രം വെട്ടിത്തിരുത്താനും വ്യാജവാദങ്ങൾ പഠിപ്പിക്കാനുമെല്ലാം ഭരണകൂട ആശിർവാദത്തോടെ രാജ്യത്ത് നടന്നുവരുന്ന പ്രതിലോമശ്രമങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ അതി ഗുരുതരമാണ്. കേന്ദ്രസർക്കാർ വെട്ടിമാറ്റിയ ചരിത്ര പാഠഭാഗങ്ങൾ പഠിപ്പിക്കുമെന്ന ശക്തമായ നിലപാട് ഇതിനകം തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാസ് മുറികളെ വർഗീയതയുടെയും ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും വിക്ഷേപണത്തറയാക്കി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ഒറ്റക്കെട്ടായി നിന്ന് ചെറുക്കേണ്ടതുണ്ട് നമ്മൾ. സമഭാവനയുടെയും സാമൂഹിക നീതിയുടെയും മൂല്യങ്ങൾ ഉൾക്കൊണ്ട് പഠിച്ചുവളർന്ന്, മതനിരപേക്ഷതയും പരമാധികാരവും പരിലസിക്കുന്ന ഇന്ത്യക്കായി സംഭാവനകളർപ്പിക്കേണ്ടവരാണ് നമ്മുടെ മക്കൾ.
മികച്ച വിദ്യാഭ്യാസം നേടാൻ എല്ലാ വിദ്യാർഥികൾക്കും അവരെ അതിന് പ്രാപ്തരാക്കാൻ അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു, അതിനാവശ്യമായ സർവ പിന്തുണയും ‘മാധ്യമം’ ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.