Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവീഴ്ചകൾക്ക്...

വീഴ്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ല

text_fields
bookmark_border
വീഴ്ചകൾക്ക് പിഴയിടേണ്ടത് മാധ്യമങ്ങൾക്കല്ല
cancel

എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാനനേതാവിനെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച സംഭവം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ചീഫ് റിപ്പോർട്ടറെ ഗൂഢാലോചന കേസിൽ പ്രതിചേർത്ത പൊലീസിന്‍റെ വിചിത്ര നടപടി ഇടതുസർക്കാറിനല്ല, സംസ്ഥാനത്തിനുതന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ മികച്ച കോളജുകളുടെ പട്ടികയിൽ ഇടംപിടിച്ച അഭിമാനത്തിൽ തലയുയർത്തിപ്പിടിച്ചു നിൽക്കേണ്ട സന്ദർഭത്തിലാണ് മഹാരാജാസിന്‍റെ പേരിൽ വ്യാജരേഖകളുണ്ടാക്കി വിദ്യ എന്ന പൂർവ വിദ്യാർഥിനി വിവിധ സ്ഥാപനങ്ങളിൽ അധ്യാപനജോലിയെടുത്ത വിവരം പുറത്തുവരുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെക്കുറിച്ച് പരാതികൾ നിലനിൽക്കെയാണ് മാർക്സിസ്റ്റു പാർട്ടിയുമായി ബന്ധം പുലർത്തുന്നയാൾതന്നെ ഭരണത്തെയും പാർട്ടിയെയും പ്രതിക്കൂട്ടിൽ കയറ്റുന്നത്. ആ അങ്കലാപ്പിൽനിന്നു തലയൂരാൻ വഴിതേടുന്നതിനിടെ കൂനിന്മേൽ കുരുവെന്നോണം സി.പി.എം വിദ്യാർഥിനേതാവ് ‘എഴുതാത്ത പരീക്ഷയിൽ ജയിച്ച’ വാർത്തകൂടി പുറത്തുചാടുകയായിരുന്നു.

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യയുടെ വ്യാജരേഖ കേസിൽ വാർത്ത തയാറാക്കുന്നതിന് ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ അഖിലയും കാമറാമാനും കാമ്പസിലെത്തി. വിദ്യ പഠിച്ചിരുന്ന മലയാളവിഭാഗത്തിലെ അധ്യാപകനോടും പ്രിൻസിപ്പലിനോടും തത്സമയം സംസാരിച്ച് വാർത്ത നൽകിയ മാധ്യമപ്രവർത്തക, പ്രിൻസിപ്പലിന്‍റെ മുറിയിലുണ്ടായിരുന്ന കെ.എസ്.യു പ്രതിനിധിയോടും സംസാരിച്ചു. സംസാരത്തിനിടെ അതിലും ഗുരുതരമായ വിഷയമുണ്ടെന്നു പറഞ്ഞ്, ആ വിദ്യാർഥി വ്യാജ മാർക്ക് ലിസ്റ്റ് വിഷയം ഉന്നയിക്കുകയായിരുന്നു. പിടിച്ചതിലും വലുത് മാളത്തിൽ എന്നു വന്നതോടെ സർക്കാറും ഭരണകക്ഷിയും വിഷമവൃത്തത്തിലായി. അതിനൊടുവിലാണ് എസ്.എഫ്.ഐ നേതാവ് നൽകിയ പരാതിയുടെ പേരിൽ മാധ്യമപ്രവർത്തകയെ അഞ്ചാം പ്രതിയാക്കി കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. മഹാരാജാസ് ആർക്കിയോളജി വിഭാഗത്തിലെ കോഴ്സ് കോഓഡിനേറ്റർ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ വി.എസ്. ജോയി, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, യൂനിറ്റ് നേതാവ് സി.എ. ഫാസിൽ എന്നിവരാണ് മറ്റു പ്രതികൾ. പരാതിക്കാരനെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ഗൂഢാലോചന നടത്തി രജിസ്റ്റർ ചെയ്യാത്ത പരീക്ഷ ജയിച്ചതായി തെറ്റായ പരീക്ഷഫലം തയാറാക്കി എന്നാണ് ഒന്നും രണ്ടും പ്രതികളുടെ പേരിലുള്ള കുറ്റം. ഈ റിസൽറ്റ് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നാണ് മറ്റുള്ളവരുടെ പേരിലെ കുറ്റം. വ്യാജരേഖ കേസ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനോ അറസ്റ്റിനോ ഉള്ള വേഗത്തിലുള്ള നീക്കങ്ങളൊന്നും ദൃശ്യമാകാതിരിക്കെയാണ് ആർഷോയുടെ പരാതിയിൽ അസാധാരണവേഗത്തിലുള്ള ‘പൊലീസ് ആക്ഷൻ’. തിരുവനന്തപുരത്ത് ലോ ആൻഡ് ഓർഡർ എ.ഡി.ജി.പിക്ക് പരാതി നൽകിയ ഉടൻ അന്വേഷണത്തിന് എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു.

ഇരുസംഭവങ്ങളും ഭരണത്തിനും പാർട്ടിക്കും ഏൽപിച്ച മാനഹാനിയെ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് സി.പി.എം. വാർത്താശേഖരണത്തിന്‍റെ ഭാഗമായി കോളജ് മേധാവികളുടെയും വിദ്യാർഥിപ്രതിനിധികളുടെയും പ്രതികരണം തത്സമയം റിപ്പോർട്ട് ചെയ്യുകയെന്ന കൃത്യനിർവഹണത്തിനു മുതിർന്നതാണ് മാധ്യമപ്രവർത്തകയുടെ മഹാപരാധമായി പൊലീസ് കണ്ടത്. എന്നാൽ, മാധ്യമപ്രവർത്തകക്കെതിരായ ഈ നീക്കം യാദൃച്ഛികമോ സ്വാഭാവികമോ ആയ വെറും പൊലീസ് നടപടിക്രമമല്ലെന്നും ഇടതുസർക്കാറും സി.പി.എമ്മും കൂടി താല്പര്യമെടുത്താണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽനിന്നു വ്യക്തമായി. കേസെടുത്തതിനെ ന്യായീകരിച്ച സി.പി.എം സെക്രട്ടറി സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നു മുന്നറിയിപ്പും നൽകി. മാധ്യമങ്ങൾക്കു അവരുടെ നിലപാടു വേണമെന്ന ഉപദേശവുമുണ്ടായി പാർട്ടി സെക്രട്ടറി വക.

സർക്കാറിനും സംവിധാനങ്ങൾക്കും വന്ന പിഴവുകളും തകരാറുകളും മറച്ചുവെച്ച് എല്ലാം ‘മാധ്യമസൃഷ്ടി’യിലും ‘ഗൂഢാലോചന’യിലും മറച്ചുപിടിച്ച് രക്ഷപ്പെടാനുള്ള വൃഥാശ്രമമാണ് സംസ്ഥാന സർക്കാറും പാർട്ടിയും നടത്തുന്നത്. മാർക്ക് ലിസ്റ്റ് വിഷയത്തിൽ നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ സാങ്കേതികപ്പിഴവുമൂലമാണ് എസ്.എഫ്.ഐ നേതാവിന്‍റെ പേര് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെട്ടതും മാർക്ക് ലിസ്റ്റിൽ ജയം രേഖപ്പെടുത്തിയതുമെന്നു കോളജ് ഗവേണിങ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എൻ.ഐ.സിയുടെ ഭാഗത്തുനിന്നു മുമ്പും ഗുരുതര പിഴവുകളുണ്ടായിട്ടുണ്ടെന്നും സോഫ്റ്റ് വെയർ തകരാറാണ് കാരണമെന്നും യോഗത്തിൽ അറിയിച്ചിരുന്നു. കോളജും പരീക്ഷ കൺട്രോളർ ഓഫിസുമായുള്ള ഏകോപനത്തിലുണ്ടായ കുറവാണ് വീഴ്ചകൾക്കു കാരണമെന്നും പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും യോഗം വിലയിരുത്തുകയും ചെയ്തു. ഇതൊക്കെ മറച്ചുപിടിച്ച് ഗൂഢാലോചന സിദ്ധാന്തവുമായി മാധ്യമപ്രവർത്തകയെ കേസിൽ കുടുക്കാനുള്ള നീക്കം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഫാഷിസ്റ്റ് നീക്കമായേ കാണാൻകഴിയൂ. സർക്കാറിനും പാർട്ടിക്കുമെതിരെ മാധ്യമവിമർശനമോ വിശകലനമോ പാടില്ലെന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്‍റെ നയമാണ്. അതുമായി തങ്ങളുടെ നീക്കത്തെ തുല്യപ്പെടുത്തേണ്ടതില്ലെന്നു പറയുന്ന പാർട്ടിയും സർക്കാറും അടുത്തിടെയായി മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സ്വീകരിക്കുന്ന നിലപാടു സ്വയം പരിശോധിക്കേണ്ടി വരും. കേന്ദ്രത്തിന്‍റെ മാധ്യമ മാരണനിയമങ്ങളെ, മാധ്യമപ്രവർത്തകർക്കെതിരായ കേസുകളെ, കേരളത്തിൽതന്നെ ഗവർണറുടെ ഭാഗത്തുനിന്നുണ്ടായ മാധ്യമനിയന്ത്രണങ്ങളെ വിമർശിക്കാൻ മുന്നിൽനിൽക്കുന്നുണ്ട് മാർക്സിസ്റ്റുപാർട്ടിയും അവരുടെ പ്രചാരവേലക്കാരും. പ്രതിയോഗികൾക്കെതിരായ പ്രചാരണോപാധികളാണ് അവരുടെ മാധ്യമ, പ്രചാരണസംവിധാനങ്ങളൊക്കെയും. എന്നിരിക്കെ, ഭരണ, പാർട്ടി സംവിധാനങ്ങളിലെ പുഴുക്കുത്തുകൾചികിത്സിക്കുന്നതിനുപകരം അതു വെളിപ്പെടുത്തുന്നവരെ വേട്ടയാടുന്നത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള പുച്ഛവും പരിഹാസവുമാണ്. അതിനു മുതിരുന്നവർ സ്വയം അപഹാസ്യരാകുകയേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 June 13
Next Story