കർണാടക മോഡൽ
text_fieldsഅധികാരത്തിലേറി മാസം തികയുംമുമ്പേ, സുപ്രധാനമായ മൂന്നു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾകൂടി പാലിച്ചിരിക്കുകയാണ് കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ. കഴിഞ്ഞവർഷം ബി.ജെ.പി സർക്കാർ നടപ്പാക്കിയ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതാണ് അതിലൊന്ന്. ജൂലൈ ആദ്യവാരം നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ബിൽ പാസാക്കുമെന്നാണ് നിയമ, പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചിരിക്കുന്നത്. കാവിവത്കരണത്തിന്റെ ഭാഗമായി ബി.ജെ.പി സർക്കാർ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ തിരുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം, കർഷകവിരുദ്ധമെന്ന് ഇതിനകംതന്നെ പലകുറി തെളിയിക്കപ്പെട്ട അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി (എ.പി.എം.സി) നിയമം പിൻവലിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നു. വിദ്വേഷ രാഷ്ട്രീയത്തിനുമേൽ ജനാധിപത്യത്തിന്റെ വിജയം എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സിദ്ധരാമയ്യയുടെ ആദ്യ പ്രതികരണം. അത് കേവലമൊരു പ്രതികരണമായിരുന്നില്ലെന്നും ദൃഢമായൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നുവെന്നും തെളിയിക്കുന്നതാണ് കാബിനറ്റിന്റെ ഈ തീരുമാനങ്ങൾ.
ദക്ഷിണേന്ത്യയിലെ വർഗീയ രാഷ്ട്രീയ പരീക്ഷണശാലയായാണ് സംഘ്പരിവാർ കർണാടകയെ കാണുന്നത്. ഗുജറാത്തിലും യു.പിയിലും മധ്യപ്രദേശിലുമെല്ലാം തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന അവരുടെ കുടിലകൃത്യങ്ങൾ അതേയളവിൽ പലകുറി കർണാടകയിലും പയറ്റിയിട്ടുണ്ട്, വിശേഷിച്ചും ബി.ജെ.പി ഭരണകാലത്ത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിരുന്ന രണ്ടു വർഷക്കാലം അതിരൂക്ഷമായിരുന്നു കാവിപ്പടയുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ. അതിന്റെ ഭാഗമായാണ് പോയവർഷം സെപ്റ്റംബറിൽ കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും ഈ നിയമത്തിന്റെ പരിധിയിൽ വരും; ഏതു മതംമാറ്റത്തെയും ‘നിർബന്ധിത മതംമാറ്റം’ എന്ന തരത്തിൽ വ്യാഖ്യാനിക്കാനും ഈ നിയമത്തിലൂടെ സാധിക്കുമായിരുന്നു. 10 വർഷം വരെ തടവുൾപ്പെടെ കടുത്ത ശിക്ഷയും ഏർപ്പെടുത്തി. നിയമം പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾ കഴിയുംമുമ്പേ, ഇത്തരം ‘കുറ്റകൃത്യ’ത്തിൽ ഏർപ്പെട്ടവരെ ഭരണകൂടം കസ്റ്റഡിയിലെടുക്കാനും ആരംഭിച്ചു. സ്വാഭാവികമായും ഈ കേസുകളിലെ ഇരകൾ ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. ഈ പരീക്ഷണങ്ങളുടെ മറ്റൊരു പതിപ്പുതന്നെയായിരുന്നു പാഠപുസ്തകങ്ങളുടെ കാവിവത്കരണവും. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻ.സി.ഇ.ആർ.ടിയുടെ ‘മാതൃക’യിൽ കന്നടദേശത്തും പാഠപുസ്തകങ്ങളിൽ വ്യാപക മാറ്റങ്ങൾ വരുത്തി. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ, ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കർ എന്നിവരെ സംബന്ധിച്ച പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് അങ്ങനെയാണ്. ഒരുപടികൂടി കടന്ന്, സൂലിബെലെയെപ്പോലുള്ള കടുത്ത ഹിന്ദുത്വവാദികളുടെ വിദ്വേഷ ലേഖനങ്ങൾ വരെ പാഠപുസ്തകങ്ങളാക്കി മാറ്റാനും സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന വിദ്യാഭ്യാസ വകുപ്പ് മടികാണിച്ചില്ല. അന്നേ, ഈ വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് കർണാടകയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. മതംമാറ്റ നിരോധന നിയമ ബിൽ അവതരിപ്പിച്ചപ്പോൾ സഭയിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ കോൺഗ്രസ് അംഗങ്ങൾ പ്രസ്തുത നിയമത്തെ ഭരണഘടനവിരുദ്ധമെന്ന് വിശേഷിപ്പിക്കാനും മടികാണിച്ചില്ല; പാഠപുസ്തക, ഹിജാബ് വിഷയങ്ങളിലും പാർട്ടി സഭക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു. എന്നല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുൻകാലങ്ങളിൽനിന്ന് ഭിന്നമായി ഈ രാഷ്ട്രീയ പരീക്ഷണങ്ങൾക്കെല്ലാം അന്ത്യംകുറിക്കുമെന്ന് പ്രഖ്യാപിക്കാനും ധൈര്യം കാണിച്ചു.
മതപരിവർത്തന നിരോധന നിയമം എവ്വിധമാണ് സിദ്ധരാമയ്യ സർക്കാർ പിൻവലിക്കുക എന്ന് വ്യക്തമല്ല. നിയമം പൂർണമായും ഇല്ലാതാക്കുകയാണോ അതോ നിലവിലെ നിയമത്തിൽ ഭേദഗതിവരുത്തുകയാണോ എന്നൊക്കെ കാത്തിരുന്ന് കാണണം. അതെന്തായാലും, ശക്തമായ ചുവടുവെപ്പാണിതെന്ന് പറയാതെവയ്യ. ഈ ഉറച്ച നിലപാട് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ദൃശ്യമായി. ഹിന്ദുത്വവാദികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുക മാത്രമല്ല; പകരം, സാവിത്രിബായ് ഫൂലെയെ സംബന്ധിച്ച പാഠം, ഡോ. ബി.ആർ. അംബേദ്കറെപ്പറ്റിയുള്ള കവിത, ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തിനെക്കുറിച്ചുള്ള അധ്യായം എന്നിവ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിദ്യാലയങ്ങളിൽ ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ്, ഭരണഘടനയുടെ ആമുഖം വായിക്കാനും സർക്കാർ നിർദേശിച്ചിരിക്കുകയാണ്. തികച്ചും മാതൃകാപരമായ ഈ സമീപനം കോൺഗ്രസ് പാർട്ടി കർണാടകയിൽ മാത്രമായി ഒതുക്കിക്കൂടാ; ഹിന്ദുത്വ ഫാഷിസത്തിനെതിരായ ശരിയായ ഈ പ്രതിരോധം ദേശീയതലത്തിൽതന്നെ ഒരു സമരരീതിയായി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം തയാറാവേണ്ടതുണ്ട്. അത്തരം ഘട്ടങ്ങളിൽ മൃദുഹിന്ദുത്വത്തിന്റെ പടുകുഴിയിൽ അകപ്പെടുന്നതാണ് പലപ്പോഴും കോൺഗ്രസിന് വിനയാകാറുള്ളത്. ഇക്കാര്യത്തിൽ കർണാടക വഴികാണിക്കട്ടെയെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.