Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ രംഗത്തിനേറ്റ കളങ്കം

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ രംഗത്തിനേറ്റ കളങ്കം
cancel

ബി.ജെ.പി ഇതര പാർട്ടികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ നിയമിച്ച ഗവർണർമാരുടെ നിലപാടുകളും നടപടികളും വിവാദപരമായി തുടരുകയാണിപ്പോഴും. കേന്ദ്ര ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്കും താൽപര്യങ്ങൾക്കും അനുസൃതമായാണ്​ ഗവർണർമാർ പ്രവർത്തിക്കുന്നതെന്നും നീതിയും നിഷ്പക്ഷതയും ഭരണഘടന സ്ഥാപനത്തിനുണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളും കളഞ്ഞുകുളിച്ചാണ് രാജ്ഭവനുകൾ പെരുമാറുന്നതെന്നും പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാറുകൾ നിരന്തരം പരാതിപ്പെടുന്നതിൽ വസ്തുതകളുടെ പിൻബലമുണ്ട്. വിമർശനവിധേയനാവാറുള്ള മാന്യദേഹമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനും. യൂനിവേഴ്സിറ്റികളുടെ ചാൻസലറെന്ന പദവി അദ്ദേഹം കഴിഞ്ഞ കാലത്ത് ദുരുപയോഗിച്ചിട്ടുണ്ടെന്ന പരാതി ന്യായമായിത്തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തന്മൂലം രൂപപ്പെട്ട പ്രതിസന്ധി അപരിഹാര്യമായി തുടരുകയുമാണ്. ഇപ്പറഞ്ഞതൊക്കെ വാസ്തവമായിരിക്കെ, കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ മുമ്പാകെ അദ്ദേഹം തുറന്നടിച്ച അഭിപ്രായങ്ങളും വിമർശനവും അപ്രസക്തമോ അസമയത്തോ ആണെന്ന് കുറ്റപ്പെടുത്താനാവില്ല. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് അടിക്കടി ഉയർന്നുവരുന്ന വിവാദങ്ങളും അതിനാധാരമായ വസ്തുതകളുമാണ് ഗവർണറെക്കൊണ്ട് ചിലത് പറയിപ്പിച്ചത് എന്നുതന്നെ ചൂണ്ടിക്കാട്ടുന്നതാണ് ശരി.

വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഏതു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ആരിഫ് മുഹമ്മദ്ഖാൻ ആരോപിക്കുന്നു. എന്തു തെറ്റുചെയ്താലും യൂനിയൻ സംരക്ഷിക്കും, വിദ്യാർഥി സംഘടന സംരക്ഷിക്കും എന്ന ചിന്തയാണ്. അവർ രാഷ്ട്രീയത്തിൽനിന്നുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുകയാണ് എന്ന് ഗവർണർ ചൂണ്ടിക്കാണിക്കുമ്പോൾ കായംകുളം എം.എസ്.എം കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ നിഖിൽ തോമസിന്റെ പേരിൽ ഉയർന്നുവന്ന പ്രമാദമായ ആരോപണമാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതെന്ന് വ്യക്തം. അയാൾ അതേ കോളജിൽ ബി.കോമിന് തോറ്റ വിദ്യാർഥിയാണ്. എന്നിട്ടും എം.കോമിന് അയാൾക്ക് അഡ്മിഷൻ നൽകിയത് പാർട്ടി നേതാവിന്റെ ശിപാർശപ്രകാരം കോളജ് മാനേജർ ആവശ്യപ്പെട്ടതിനാലാണെന്ന് അന്നത്തെ പ്രിൻസിപ്പൽ വെളിപ്പെടുത്തുന്നു. അതിന് പാകത്തിൽ ഛത്തിസ്ഗഢിലെ കലിംഗ യൂനിവേഴ്സിറ്റിയിൽനിന്ന് ഡിഗ്രിയെടുത്തതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള എം.എസ്.എമ്മിൽ മുഴുസമയ വിദ്യാർഥിയായ അതേ കാലത്താണ് അയാൾ കലിംഗ യൂനിവേഴ്സിറ്റിയിലും വിദ്യാർഥിയായതെന്ന രേഖയിലെ വൈരുധ്യം ശ്രദ്ധിക്കപ്പെടാതെ പോയി; അല്ലെങ്കിൽ അവഗണിക്കപ്പെട്ടു. മാത്രമല്ല, നിഖിൽ യൂനിവേഴ്സിറ്റി യൂനിയനിലേക്ക്​ മത്സരിച്ച് കൗൺസിലറുമായി. ഈ അനിഷേധ്യ സത്യങ്ങളൊക്കെ പുറത്തുവരുന്നത് വിദ്യ എന്ന എസ്.എഫ്.ഐക്കാരി എറണാകുളം മഹാരാജാസ് കോളജിലെ സ്റ്റാഫായിരുന്നെന്ന വ്യാജരേഖ ഹാജരാക്കി മറ്റൊരു കോളജിൽ ജോലിനേടിയ ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നപ്പോൾ തികച്ചും അവിചാരിതമായാണെന്നാണ് ആശ്ചര്യകരം. ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ പൊലീസ് കണ്ടെത്തിയിട്ടില്ല. എല്ലാം പാർട്ടിയും സർക്കാറും ഇടപെട്ടതുകൊണ്ടാണെന്ന് ജനങ്ങൾ വിശ്വസിക്കേണ്ടിവരുന്നതാണ് സാഹചര്യം. ഇക്കാര്യങ്ങളൊക്കെ അനാവരണം ചെയ്യപ്പെടുന്നതു തന്നെയും സി.പി.എമ്മിലെ ‘ഉൾപ്പാർട്ടി ജനാധിപത്യം’ മറനീക്കിയതുകൊണ്ടാണുതാനും.

പുറത്തുവന്ന സംഭവങ്ങളിലെ പ്രതികൾ പൂർണമായോ ഭാഗികമായോ ഉടനെയോ വൈകിയോ നിയമത്തിന്റെ മുന്നിലെത്തുമെന്നുതന്നെ പ്രതീക്ഷിക്കുക. അപ്പോഴും ഉയർന്നുവരുന്ന സുപ്രധാന ചോദ്യം മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും പാർട്ടി പൊതുവായും കൊട്ടിഘോഷിക്കാറുള്ള ‘ലോകോത്തര നിലവാരമുള്ള കേരളത്തിന്റെ വിദ്യാഭ്യാസരംഗം’ എവിടെ ചെന്നുനിൽക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച വളരെ ഗൗരവമുള്ളതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലം ഇതാണ്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ കേരളത്തിൽനിന്നകലുകയാണ്; വരും തലമുറകളുടെ ഭാവിവെച്ചാണ് കളിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകുന്നു. സംഘടനാബലവും അധികാരപരിരക്ഷയുമുണ്ടെങ്കിൽ എന്തുമാവാം, വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയെടുത്ത് എന്തു ജോലിയും പദവിയും കരസ്ഥമാക്കാം, എന്നൊക്കെയാണ് പുതിയ തലമുറയെ പരോക്ഷമായി ബോധ്യപ്പെടുത്തുന്നതെങ്കിൽ കേരളീയ യുവാക്കളെ ആരു വിശ്വസിക്കും, തൊഴിൽ മാർക്കറ്റിൽ എടുക്കാത്ത ചരക്കായി അവർ മാറുകയില്ലേ എന്ന് ഗൗരവമായി ആലോചിക്കേണ്ടത് സംസ്ഥാനത്തെ ഏറ്റവും ആൾബലമുള്ള വിദ്യാർഥി സംഘടനയാണ്, അതിലേറെ ആ സംഘടനയെ തീറ്റിപ്പോറ്റുന്ന ഇടതുപക്ഷ പുരോഗമന പാർട്ടിയും ആ പാർട്ടി നിയന്ത്രിക്കുന്ന സർക്കാറുമാണ്. പ്രതിപക്ഷ പാർട്ടികളെയും അവയുടെ വിദ്യാർഥി സംഘടനകളെയും പ്രതിക്കൂട്ടിലാക്കിയതുകൊണ്ടുമാത്രം യഥാർഥ പ്രതിസന്ധി അവസാനിക്കാൻ പോവുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2023 June 21
Next Story