Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഏക സിവിൽകോഡ് വാദം...

ഏക സിവിൽകോഡ് വാദം വീണ്ടും

text_fields
bookmark_border
ഏക സിവിൽകോഡ് വാദം വീണ്ടും
cancel

2022 നവംബറിൽ 22ാം നിയമ കമീഷൻ നിലവിൽ വന്നത് മുതലേ ബി.ജെ.പി സർക്കാറിന് ഹിതകരമായ അജണ്ടകളുമായി നീങ്ങുകയാണെന്നുവേണം കരുതാൻ. മുൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അടക്കം ആറംഗങ്ങളുള്ള കമീഷൻ 2022 ഡിസംബറിലാണ് പ്രവർത്തനം തുടങ്ങിയത്. സുപ്രീംകോടതി രാജ്യദ്രോഹനിയമം റദ്ദാക്കണമെന്ന് പറഞ്ഞപ്പോൾ തൽക്കാലം ആ നീക്കം തടയുകയും ശേഷം കമീഷൻ പ്രസ്തുത നിയമം വലിയ മാറ്റമില്ലാതെ നിലനിർത്തണമെന്ന് ശിപാർശ നൽകുകയും ചെയ്തു. മാത്രമല്ല, ചില ശിക്ഷകൾ കൂടുതൽ കടുപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇപ്പോൾ വ്യത്യസ്ത സമുദായങ്ങളിൽ നിലനിൽക്കുന്ന വ്യക്തിനിയമങ്ങൾ ഇല്ലാതാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മതപണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ച് ഈ മാസം 14ന് അറിയിപ്പ്​ പുറപ്പെടുവിച്ചിരിക്കുകയാണ്​ കമീഷൻ. കേന്ദ്ര നിയമ മന്ത്രാലയം അത് സംബന്ധിച്ച കുറിപ്പ് നൽകിയതിനെ തുടർന്നാണ് കമീഷ​ന്റെ നടപടി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഏക സിവിൽകോഡ്​ മുഖ്യ അജണ്ടയാണ്. കഴിഞ്ഞ ഡിസംബറിലെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ, വ്യക്തിനിയമത്തിന്‍റെ പിൻബലത്തിൽ അനുഭവിക്കുന്ന 'സവിശേഷ ആനുകൂല്യങ്ങൾ' അവസാനിപ്പിക്കാൻ പോകുന്നുവെന്നു വരുത്തിത്തീർത്ത് ഭൂരിപക്ഷ സമുദായത്തിന്റെ പ്രീതി നേടലാണ്​ ഇതിലെ ലാക്ക്. ഒപ്പം മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമവും സാമുദായികത്തനിമയും നിലനിർത്താൻ ന്യൂനപക്ഷങ്ങളെ അനുവദിക്കാതിരിക്കലും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോഴേ മുന്നിൽ കാണുന്ന ബി.ജെ.പി നിയമ കമീഷന്റെ കാലാവധി 2024 ആഗസ്​റ്റ് വരെ നീട്ടുകയും ചെയ്തിരിക്കുന്നു.

21 ാം നിയമ കമീഷന്‍റെ വിചിന്തനങ്ങൾക്കുശേഷം ഇറക്കിയ 185 പേജ് വരുന്ന റിപ്പോർട്ടിൽ പറഞ്ഞത് ഈ ഘട്ടത്തിൽ ഏകീകൃത സിവിൽകോഡ് അനിവാര്യമോ പ്രായോഗികമോ അല്ല, എന്നാൽ ഏതെങ്കിലും മതാചാരത്തിന്റെ പേരിൽ വിവേചനപരമായ സമ്പ്രദായങ്ങളോ നടപടികളോ നിലനിൽക്കുന്നുണ്ടെങ്കിൽ അവ പഠിച്ച് ഭേദഗതികൾ വരുത്തണമെന്നായിരുന്നു. ഒപ്പം, വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളിൽ എല്ലാ വ്യക്തിനിയമങ്ങളിലും ചില ഭേദഗതികൾ പൊതുവായി നിർദേശിക്കുകയും ചെയ്തു.

ഭരണഘടനയുടെ മാർഗ നിർദേശക തത്ത്വങ്ങളിൽ പറയുന്നത് ഒരു ഏകീകൃത സിവിൽകോഡ് പൗരന്മാർക്ക് ലഭ്യമാക്കാൻ സ്റ്റേറ്റ് പരിശ്രമിക്കുമെന്നാണ്. മദ്യ നിരോധനം ഉൾപ്പെടെ ഇത്തരം പല ലക്ഷ്യങ്ങളും ഭരണഘടനയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയൊന്നും പക്ഷേ, പരമമായ നിയമങ്ങളോ മൗലികാവകാശങ്ങൾ പോലെ നിയമം കൊണ്ട് കോടതികളിലൂടെ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളോ അല്ല എന്നതും സുവിദിതമാണ്​. എന്നിട്ടും ഏക സിവിൽകോഡിനെ എതിർക്കുന്നവർ ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്ന മട്ടിലാണ്​ ബി.ജെ.പിയുടെ പ്രചാരണം. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അത്​ ആവർത്തിച്ചു. ഭരണഘടന രചനയുടെ ഘട്ടത്തിൽതന്നെ ഏക സിവിൽകോഡ് മൗലികാവകാശം ആക്കണമെന്ന ചർച്ച വരുകയും അവസാനം അത്തരം വിഷയങ്ങൾ ഒരു അന്തിമ ലക്ഷ്യമായി എഴുതിവെക്കാമെന്ന ധാരണയിലെത്തുകയുമാണുണ്ടായത്. ഏക സിവിൽകോഡ് വാദം ഭരണഘടനയുടെ മതാധിഷ്ഠിത വൈവിധ്യ സങ്കൽപത്തിന് നിരക്കുന്നതല്ല. ഉദാഹരണമായി ഇസ്‌ലാം മതാനുയായികൾ അവരുടെ മതചിട്ടകളും തജ്ജന്യമായ മൂല്യവസ്ഥയുമനുസരിച്ച് ഓരോ കുടുംബ ബന്ധത്തിനും നിർണിത അവകാശങ്ങളും ബാധ്യതകളും കൽപിക്കുന്നവരാണ്. അതനുസരിച്ച് വ്യക്തികളുടെ അനന്തരാവകാശങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ദേശീയ തലത്തിൽ ഏകതാനമായ രീതിയിൽ വേണമെന്ന വാദം മതപരമായ ബഹുത്വത്തിനുള്ള ഇടം നിഷേധിക്കലായിരിക്കും. വിവിധ മേഖലകളിൽ വസിക്കുന്ന ഗോത്രങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും അവരുടേതായ പരമ്പരാഗത വിവാഹ സമ്പ്രദായങ്ങളും അനന്തരാവകാശ നിയമങ്ങളും നിലവിലുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് ഏക വ്യക്തിനിയമത്തിലൂടെ ഇല്ലാതാക്കുക മുൻ നിയമകമീഷൻ പറഞ്ഞതുപോലെ അപ്രായോഗികമാണെന്നു വ്യക്തം.

സത്യത്തിൽ വ്യക്തി നിയമങ്ങളിൽ മാത്രമല്ല, ക്രിമിനൽ നിയമങ്ങളിൽതന്നെ യൂനിയൻ നിയമത്തിനു താഴെ വരുന്ന വ്യവസ്ഥകളിൽ പലതും സംസ്ഥാനങ്ങൾ വ്യത്യസ്ത രീതികളിലാണ് നടപ്പാക്കുന്നത്. നൂറിലധികം ഭേദഗതികൾ കാരണം സംസ്ഥാനങ്ങളിലെ ക്രിമിനൽ നിയമങ്ങൾ തമ്മിൽ ഭിന്നതകളുണ്ട്. മുൻ‌കൂർ ജാമ്യത്തിനുള്ള വ്യവസ്ഥകളും പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഇതൊക്കെ ഫെഡറൽ വ്യവസ്ഥയിൽ സ്വാഭാവികമായ അനിവാര്യതകളാണ്. അതുകൊണ്ട് തന്നെയാണ് വ്യക്തിനിയമങ്ങൾ ഭരണഘടനയുടെ സമാവർത്തിപ്പട്ടിക പ്രതിപാദിക്കുന്ന അഞ്ചാം ഖണ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. ഭൂമിശാസ്ത്രപരമായ ഇത്തരം ഭിന്നതകൾ പോലെതന്നെയാണ് വിശ്വാസാധിഷ്ഠിതമായ വ്യക്തിനിയമങ്ങളും.

മുസ്‍ലിംകൾക്കിടയിൽതന്നെ 1937ലെ ശരിഅത്ത് ആക്ട് അല്ല ജമ്മു-കശ്മീരിൽ പ്രാബല്യത്തിലുള്ളത്; പ്രാദേശിക പാരമ്പര്യമനുസരിച്ച നിയമങ്ങളാണ്. ഗോവയിലെ ഏക സിവിൽകോഡ് നിയമം ഒരു മാതൃകയായി എടുത്ത് കാട്ടപ്പെടാറുണ്ടെങ്കിലും അത് 1867ലെ പോർചുഗീസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടതാണ്. ഇങ്ങനെ ഏക സിവിൽകോഡ് എന്നതിന്‍റെ മെറിറ്റ് നോക്കിയാൽ വിശദമായ പഠനശേഷം ഉരുത്തിരിഞ്ഞ ആശയമല്ല അത് എന്നു കാണാം. അതുവഴി ഇപ്പോൾ ഭരണവർഗം കൂടുതലും ഉന്നം വെക്കുന്നത് ന്യൂനപക്ഷങ്ങളുടെ അരികുവത്​കരണവും അപരവത്​കരണവുമാണ്​. ഉന്നത വേദിയായ നിയമ കമീഷനും കൂടി അതിൽ പങ്കാളിയാവുകയാണോ വേണ്ടത്​ എന്നതാണ് ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 June 23
Next Story