മണിപ്പൂരിലെ ‘‘ഡബ്ൾ എൻജിൻ മോഡൽ’’
text_fieldsനൂറിലധികം പേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ വഴിയാധാരമാവുകയും ചെയ്ത ശേഷമാണെങ്കിലും മണിപ്പൂർ പ്രശ്നത്തിൽ സർവകക്ഷിയോഗം വിളിക്കാൻ യൂനിയൻ സർക്കാർ തയാറായത് സ്വാഗതാർഹമാണ്. ഏതു സംഘർഷത്തിലും ദീർഘകാല പരിഹാരം കാണുന്നതിന് ആദ്യം സ്ഥിതിഗതികൾ സാധാരണനിലയിലാകേണ്ടതുണ്ട്. അക്രമവും അരാജകത്വവും അടങ്ങാതെ സമാധാനശ്രമങ്ങൾ തുടങ്ങാൻപോലുമാകില്ല. സാധാരണനില പുനഃസ്ഥാപിക്കുന്നതിന് എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള കൂടിയാലോചനകൾ നടന്നേതീരൂ. ഒരു സമാധാനസമിതിക്ക് യൂനിയൻ സർക്കാർ രൂപംനൽകിയിരുന്നു, അത് ഫലംചെയ്തില്ല. സമിതിയിലേക്ക് നാമനിർദേശംചെയ്യപ്പെട്ട പലരും അതിൽ ചേരാൻ വിസമ്മതിച്ചു. തങ്ങളെ മുൻകൂട്ടി അറിയിച്ചില്ല എന്നായിരുന്നു ചിലരുടെ പരാതിയെങ്കിൽ, മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഉൾപ്പെടുന്ന കമ്മിറ്റിയിൽ ഇരിക്കില്ലെന്ന തീവ്രനിലപാടായിരുന്നു മറ്റുചിലർക്ക്. തുടർന്നാണ് സർവകക്ഷിയോഗം പ്രധാനമന്ത്രിതന്നെ വിളിച്ചുചേർക്കണമെന്ന ആവശ്യമുയർന്നത്. സമാധാനസമിതിയുടെ കാര്യത്തിലുണ്ടായ പോരായ്മകൾ പരിഹരിച്ച്, രാഷ്ട്രീയകക്ഷികൾക്കും പൊതുസമൂഹത്തിൽ സ്വാധീനശേഷിയുള്ള നേതാക്കൾക്കും പ്രാതിനിധ്യമുള്ള ഒരു കൂടിയാലോചന പ്രതിസന്ധിക്ക് അയവുവരുത്താനുള്ള ആദ്യ ചുവടാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ, നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കാവുന്ന തരത്തിലല്ല ചർച്ചയുടെ സംഘാടനം നടന്നത്. പ്രധാനമന്ത്രിയല്ല, ആഭ്യന്തരമന്ത്രിയാണ് യോഗംവിളിച്ചത്. സംസ്ഥാനത്തല്ല, ന്യൂഡൽഹിയിലാണ് അത് നടന്നത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി.ഐയുടെ രാജ്യസഭാംഗം സന്തോഷ് കുമാറിന്, ക്ഷണമില്ലെന്നപേരിൽ പ്രവേശനം നിഷേധിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് പറയാനുള്ളത് ഗൗരവത്തിൽ കേൾക്കുന്നതിനെക്കാൾ, കലാപം അമർച്ചചെയ്യാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതിനാണ് ആഭ്യന്തരമന്ത്രി താൽപര്യമെടുത്തതെന്ന പരാതി വിവിധ കക്ഷികൾക്കുണ്ട്. കക്ഷിനേതാക്കൾക്ക് കുറഞ്ഞസമയമാണ് നൽകിയത്.
കലാപം തുടങ്ങി രണ്ടു മാസമാകാറായിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയോ അതിനെ പറ്റി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. സർവകക്ഷി യോഗത്തിലും ഇക്കാര്യത്തിൽ സർക്കാർ വ്യക്തത നൽകിയില്ല. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാറിന് എന്തെങ്കിലും കർമപദ്ധതിയുണ്ടോ, ഉണ്ടെങ്കിൽ എന്ത് എന്ന് വിശദീകരിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തേക്ക് സർവകക്ഷിസംഘത്തെ അയക്കുമോ, കഴിവുകേട് തെളിയിച്ച മുഖ്യമന്ത്രിയെ മാറ്റുമോ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. ഒരു യോഗത്തിലെ നടപടികളെന്നതിനെക്കാൾ, യൂനിയൻ സർക്കാറിന്റെ എല്ലാ നയനടപടികളെയും ബാധിച്ച അപകടകരമായ ഏകപക്ഷീയ സമീപനത്തിന്റെ മറ്റൊരു പതിപ്പായി എന്നതാണ് സർവകക്ഷിയോഗത്തെ നിഷ്പ്രയോജനമാക്കിയത്. മറ്റുള്ളവർ പറയുന്നത് കേൾക്കാനും അത് പക്ഷപാതിത്വമില്ലാതെ വിലയിരുത്താനും സന്നദ്ധമല്ല എന്നത് ഈ സമീപനത്തിന്റെ മർമമാണ്. വിമർശനങ്ങൾ കേൾക്കാനും ഉൾക്കൊള്ളാനുമുള്ള വിവേകം പ്രശ്നപരിഹാരത്തിൽ പ്രധാനമാണ്. വീഴ്ചകൾ വീഴ്ചകളായി അംഗീകരിക്കുമ്പോഴേ അവ തിരുത്തപ്പെടൂ. സങ്കീർണമാണ് മണിപ്പൂരിലെ പ്രശ്നം. അതിന് സൈനികപരിഹാരം സാധ്യമല്ല എന്ന് വ്യക്തമായതാണ്. മണിപ്പൂരിൽ എന്നല്ല ഒരിടത്തും ബലപ്രയോഗമോ ഏകപക്ഷീയതയോ പട്ടാളബലമോ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല. എതിരാളികളെയും വിയോജിപ്പുകാരെയും കേൾക്കാൻകഴിയുക ജനാധിപത്യപരവും നിലനിൽക്കുന്നതുമായ പരിഹാരത്തിന്റെ ആദ്യ ഉപാധിയാണ്. അതിനുള്ള അവസരമാണ് സർവകക്ഷിയോഗം നൽകിയത്. പോരായ്മകളുണ്ടായെങ്കിലും ഒരു തുടക്കമെന്നനിലക്കെങ്കിലും അത് ശുഭകരമാണ്-ആവശ്യമായ തിരുത്തലുകളോടെ തുടർനടപടികൾ ഉണ്ടാകുമെങ്കിൽ.
മണിപ്പൂർ പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയായി തുടക്കംമുതലേ ഉള്ളതാണ് നേതൃശൂന്യത. ബി.ജെ.പി നേതൃത്വം അഭിമാനപൂർവം പറയാറുള്ള ‘‘ഇരട്ട എൻജിൻ’’ ഈ ശൂന്യത നികത്താൻ പര്യാപ്തമായിട്ടില്ല. 25 വർഷത്തിനുള്ളിൽ മണിപ്പൂരിനെ വികസിതമാക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ജയിച്ച് അധികാരമേറ്റ ബിരേൻ സിങ്ങിന്റെ സർക്കാർ ഒരുവർഷം കഴിഞ്ഞപ്പോഴേക്കും സ്വന്തം പാർട്ടിക്കാരടക്കം ഉൾപ്പെടുന്ന നാട്ടുകാരുടെ വിശ്വാസം നഷ്ടപ്പെടുത്തി. ഗുരുതരമായ വംശീയ കാലുഷ്യത്തിലേക്ക് സംസ്ഥാനം എടുത്തെറിയപ്പെട്ടതോടെ ബിരേൻ സിങ് പരാജയമാണെന്ന് എല്ലാവരും കണ്ടു. ഇവിടെ ആശ്വാസവും പരിഹാരശ്രമവുമായി വന്ന് നേതൃശേഷി തെളിയിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. പക്ഷേ, അദ്ദേഹം പ്രശ്നബാധിതപ്രദേശം സന്ദർശിക്കുന്നതുപോയിട്ട് ഒരു പ്രസ്താവനപോലും നടത്തിയില്ല. നിസ്സാര കാര്യങ്ങളെപ്പറ്റിപോലും ട്വീറ്റ് ചെയ്യാറുള്ള അദ്ദേഹം മണിപ്പൂർ പ്രശ്നത്തിൽ മൗനംപാലിച്ചു. ‘‘മൻകീ ബാത്’’ പ്രഭാഷണപരിപാടിയിൽ അടിയന്തരാവസ്ഥ എന്ന കഷ്ടകാലത്തെപ്പറ്റി മോദി ഓർമിപ്പിച്ചെങ്കിലും, ഇന്ന് മണിപ്പൂർജനത അനുഭവിക്കുന്ന യാതനകളെപ്പറ്റി ഒന്നും ഉരിയാടിയില്ല. ഈ നിഷ്ക്രിയത്വം മണിപ്പൂരിന്റെ നേതൃശൂന്യത ഇരട്ടിപ്പിക്കുന്നു. കുക്കികളും മെയ്തേയികളും തമ്മിലുള്ള വൈരം മാത്രമല്ല, ഭരണകൂടത്തിലുള്ള വിശ്വാസനഷ്ടവും ആ സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് കാരണമാണ്. പരസ്യമായി മോദി പ്രതികരിച്ചില്ലെന്നുവെച്ച് അദ്ദേഹം പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നർഥമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. പക്ഷേ, പരസ്യമായ ആശ്വാസവാക്കുകളും സമാധാനാഹ്വാനവും പ്രധാനമന്ത്രിയിൽനിന്നുണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ചതാണ്. യഥാസമയം ജനമനസ്സുകളോട് ശരിയായി സംവദിക്കാനും അവർക്ക് പറയാനുള്ളത് കേൾക്കാനും കഴിയുമ്പോഴാണ് ജനവിശ്വാസം നിലനിർത്താനാവുക. ജനങ്ങൾക്കുമുണ്ടല്ലോ അവരുടെ ‘മൻകീ ബാത്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.