Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപേരുമാറ്റ ഭ്രാന്തും...

പേരുമാറ്റ ഭ്രാന്തും സുപ്രീംകോടതിയുടെ ശാസനയും

text_fields
bookmark_border
പേരുമാറ്റ ഭ്രാന്തും സുപ്രീംകോടതിയുടെ ശാസനയും
cancel

വിദേശീയരായ അധിനിവേശക്കാർ മാറ്റിക്കളഞ്ഞ ചരിത്രപരവും സാംസ്കാരികവും മതപരവുമായ സ്ഥലനാമങ്ങൾ വീണ്ടെടുത്ത് പുനർ നാമകരണത്തിന് ഒരു കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിക്കാരനായ സ്ഥിരം വ്യവഹാരി അഡ്വക്കറ്റ് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹരജി തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളും പരാമർശങ്ങളും മതഭ്രാന്ത് തലക്കുപിടിച്ച ഹിന്ദുത്വവാദികളുടെ അതിവൈകാരിക നീക്കങ്ങൾക്കേറ്റ വൻ തിരിച്ചടിയായിത്തന്നെ വിലയിരുത്തണം. ചരിത്രസ്ഥലങ്ങളുടെ പേര് മാറ്റുകയെന്ന വിഷയം സജീവമാക്കിനിർത്തി രാജ്യം തിളപ്പിച്ചുനിർത്തുകയാണോ താങ്കളുടെ ഉദ്ദേശ്യമെന്ന് ചോദിച്ച ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് സി.വി. നാഗരത്നയുമടങ്ങുന്ന ബെഞ്ച് പ്രശ്നത്തിന്റെ മർമത്തിൽ തന്നെയാണ് കൈവെച്ചത്. ഇന്ത്യ മതേതര രാജ്യമാണെന്നും മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന ഘടനയായി സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് നേരത്തേ പുറപ്പെടുവിച്ച സുപ്രധാന വിധിയാണെന്നും ഹരജിക്കാരനെ ബെഞ്ച് ഓർമിപ്പിച്ചു. ‘വരും തലമുറകളെ ഭൂതകാലത്തിന്റെ തടവുകാരായി വേട്ടയാടരുത്. ഭരണഘടനയുടെ ആമുഖത്തിലെ സാഹോദര്യമെന്ന സുവർണ തത്ത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. സൗഹാർദം മാത്രമേ രാജ്യത്തെ ഒരുമയിലേക്ക് നയിക്കൂ’ എന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒരു പ്രത്യേക സമുദായത്തിലേക്കാണ് ഹരജിക്കാരൻ വിരൽചൂണ്ടുന്ന​തെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ജോസഫ് സുപ്രീംകോടതി മതേതരമാണെന്നും എടുത്തുപറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമാണ് നമ്മുടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയതെന്നും ഇനിയും അതേ സാഹചര്യത്തിലേക്ക് നാം തിരിച്ചുപോവരുതെന്നും ജസ്റ്റിസ് നാഗരത്നയും മുന്നറിയിപ്പ് നൽകി. ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന ഉപാധ്യായയുടെ ആവശ്യം നിരാകരിച്ചുകൊണ്ട് നടേ പറഞ്ഞ കാര്യങ്ങൾ ഉണർത്തിയ ശേഷം അയാളുടെ ഹരജി തള്ളിക്കളയുകയാണ് ചെയ്തത് എന്നതും ​ശ്ര​ദ്ധേയമാണ്.

തീവ്ര ഹിന്ദുത്വ ഭരണകൂടം അധികാരത്തിലേറിയ ശേഷം തികഞ്ഞ മുൻവിധികളോടും പക്ഷപാതപരമായും സ്വീകരിച്ചുവരുന്ന അതിവൈകാരിക നടപടികളുടെ ഭാഗമാണ് ചരിത്രപരമായ സ്ഥലനാമങ്ങൾ തിരുത്തി ഹൈന്ദവച്ചുവയുള്ളതോ തങ്ങൾക്ക് ഹിതകരമായതോ ആയ പേരിടുകയെന്നത്. ചരിത്രപ്രധാനമായ അലഹബാദ് ഇതിനകം പ്രയാഗ് രാജാക്കി യോഗി ആദിത്യനാഥിന്റെ യു.പി സർക്കാർ. എന്നാൽ, യു.പി ഹൈകോടതി ഇപ്പോഴും അലഹബാദ് ഹൈകോടതി എന്ന പേരിൽതന്നെ തുടരുന്നു. രാഷ്ട്രപതി ഭവന്റെ ചുറ്റിലുള്ള മുഗൾ ഗാർഡൻ അമൃത ഉദ്യാനമാണിപ്പോൾ. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഇനിമേൽ ഛത്രപതി സംഭാജി നഗർ എന്ന പേരിലാണ് അറിയപ്പെടാൻ പോവുന്നത്; ഉസ്മാനാബാദ് ധാരാശിവ് എന്ന പേരിലും. ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിനെ കർണാവതിയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ പൂർത്തിയാവുന്നതേയുള്ളൂ. തെലങ്കാനയുടെ തലസ്ഥാനവും ദക്ഷിണേന്ത്യയിലെ ചരിത്രനഗരവുമായ ഹൈദരാബാദിന്റെ പേരുമാറ്റമായിരുന്നു കഴിഞ്ഞ നിയമസഭ തെര​ഞ്ഞെടുപ്പുവേളയിൽ ബി.ജെ.പിയുടെ അതിപ്രധാനമായ വാഗ്ദാനം. നേരത്തേ മിക്ക സംസ്ഥാനങ്ങളും അതതിടങ്ങളിലെ ആംഗലവത്കൃത പേരുകളെ പ്രാദേശിക ഭാഷകളിലേക്ക് മാറ്റിയതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അങ്ങനെയാണ് ബാംഗ്ലൂർ ബംഗളൂരുവും മാംഗ്ലൂർ മംഗളൂരുവുമൊക്കെ ആയത്. എന്നാൽ, മുസ്‍ലിം ചുവയുള്ള ഉർദു പേരുകളാണെന്ന ഏക കാരണത്താൽ ഹൈന്ദവവത്കരിക്കണമെന്ന പിടിവാശി ഭരണഘടനയുടെ മൗലിക തത്ത്വങ്ങളെപ്പോലും അതിലംഘിക്കുന്ന തലത്തിലേക്ക് വളർന്നതാണിപ്പോൾ പരമോന്നത കോടതിയുടെ ശാസന ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ഹിന്ദുമതമല്ല ഹിന്ദുത്വമെന്നോർമിപ്പിച്ച സുപ്രീംകോടതി ബെഞ്ച്, ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും മതാന്ധതയല്ലെന്നും ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. പഠിച്ച പണി മുഴുവൻ പയറ്റിയിട്ടും ഹിന്ദുധർമത്തെ നിർവചിക്കുന്നതിൽപോലും പരാജയപ്പെട്ട സംഘ്പരിവാർ ഭാരതീയരായ എല്ലാവരെയും ഉൾക്കൊള്ളുന്ന നാമമാണ് ഹിന്ദുവെന്ന് ചിലപ്പോൾ പറയും. അതിൽനിന്ന് മുസ്‍ലിംകളും ക്രിസ്ത്യാനികളും ഒഴിവല്ലെന്നും വാദിക്കും. പക്ഷേ, കാര്യത്തിലേക്ക് കടക്കുമ്പോൾ രണ്ടു മതസ്ഥരും കടന്നുവന്നവരാണെന്നും അവരോടുള്ള 1000 വർഷത്തെ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഹിന്ദുക്കളെന്നും സർസംഘ് ചാലക് തട്ടിമൂളിക്കുകയും ചെയ്യും. ഇവ്വിധം മതഭ്രാന്ത് ഇളക്കിവിട്ട് അതിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നേടിയെടുക്കേണ്ടിവരുന്ന സാഹചര്യം വ്യക്തമാണ്. മുൻ സർക്കാറുകളുടേതിൽനിന്ന് മൗലികമായി ഭിന്നമായ വികസന നയമോ സാമ്പത്തിക കാഴ്ചപ്പാടോ ജനക്ഷേമ പദ്ധതികളോ എടുത്തുകാട്ടാൻ നരേന്ദ്ര മോദി സർക്കാറിന് എട്ടു വർഷങ്ങൾക്കുശേഷവും കഴിഞ്ഞിട്ടില്ല. എന്നല്ല, പൂർവോപരി വേഗതയിലും അഗാധമായും കോർപറേറ്റുകളെ സുഖിപ്പിക്കാനും തടിപ്പിക്കാനുമുള്ള നടപടികളിൽ വ്യാപൃതരാണുതാനും ഹിന്ദുത്വ സർക്കാർ. അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ വിധിയെഴുതാൻ ജനങ്ങളെ അനുവദിച്ചാൽ ഫലം നിഷേധാത്മകമായിരിക്കുമെന്ന ഭീതിയുമുണ്ട് വാഴുന്നവർക്ക്. അപ്പോൾപിന്നെ പ്രയാസരഹിതമായി ദേശഭക്തിയുടെ മറവിൽ ഭൂരിപക്ഷ സമുദായത്തിന്റെ ലോലവികാരങ്ങൾ പരമാവധി ഉദ്ദീപിപ്പിച്ച് ഒരിക്കൽകൂടി അധികാരമുറപ്പിക്കുകതന്നെ. ഇതിനിടയിൽ ജനാധിപത്യമോ മതനിരപേക്ഷതയോ ജുഡീഷ്യറിയുടെ നിഷ്പക്ഷതയോ ഒന്നും സംഘ്പരിവാറിന് തടസ്സമല്ല. മതേതര പാർട്ടികളുടെ ഐക്യമാവട്ടെ ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 March 1
Next Story