Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightത്രിപുരയിലെ തീയണക്കണം

ത്രിപുരയിലെ തീയണക്കണം

text_fields
bookmark_border
ത്രിപുരയിലെ തീയണക്കണം
cancel

ജനാധിപത്യത്തിന്റെ ആഘോഷം എന്നാണ് തെരഞ്ഞെടുപ്പുകൾ പൊതുവെ വിശേഷിപ്പിക്കപ്പെടാറെങ്കിലും പ്രചാരണത്തിനിടയിലെ ഉരസലുകളും തെരഞ്ഞെടുപ്പ്- വോട്ടെണ്ണൽ ദിനങ്ങളിലെ കൊമ്പുകോർക്കലും രാജ്യത്ത് പുതിയ കാര്യമല്ല. എന്നാൽ, സകല മര്യാദകളും ലംഘിക്കപ്പെടുന്ന, ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും സർവസാധ്യതകളെയും അട്ടിമറിക്കുന്ന മട്ടിലുള്ള അതിക്രമങ്ങൾ നാട്ടുനടപ്പായി മാറുന്നത് ഭയാനകമായ അപായസൂചനയാണ്. കഴിഞ്ഞ മാസം 16ന് തെരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ തൊട്ടുപിന്നാലെ പാറിത്തുടങ്ങിയതാണ് പകയുടെ തീപ്പൊരികൾ. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കപ്പെട്ടതോടെ ആളിക്കത്തിയ അക്രമങ്ങൾക്ക് പത്തുദിവസം കഴിഞ്ഞും അറുതിയായിട്ടില്ല. ഭരണത്തുടർച്ച ലഭിച്ച ബി.ജെ.പിയുടെ പ്രവർത്തകർ വിജയാഘോഷത്തിനൊപ്പം സി.പി.എം, സി.പി.ഐ, കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി ആക്രമിക്കാനും വീടുകളും പാർട്ടി ഓഫിസുകളും തീവെച്ച് നശിപ്പിക്കാനും തുനിഞ്ഞിറങ്ങുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഇതിനകം മൂന്നുപേർ കൊല്ലപ്പെട്ടു. ചെറുതും വലുതുമായ അറുനൂറിലേറെ അതിക്രമങ്ങൾ നടമാടിയതായാണ് വിവരം. മുൻ എം.എൽ.എ ഉൾപ്പെടെ പല ​നേതാക്കളും പരിക്കേറ്റ് ആശുപത്രിയിലാണ്. ​ആക്രമണത്തിൽനിന്ന് രക്ഷതേടി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ വനമേഖലയിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൂണ്ടിക്കാട്ടുന്നു. ത്രിപുരയിൽ വസ്തുതാന്വേഷണത്തിനെത്തിയ പ്രതിപക്ഷ എം.പിമാരുൾപ്പെടെയുള്ള സംഘത്തിന് നേരെപ്പോലും വെള്ളിയാഴ്ച അതിക്രമങ്ങളുണ്ടായി. സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, കോൺഗ്രസ് എം.പി അബ്ദുൾ ഖാലിക്, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ ബിസാൽ ഗാർഹിൽ ജനങ്ങളോട് കാര്യങ്ങൾ ചോദിച്ചറിയവെ സായുധ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഭവങ്ങൾ പുറംലോകവുമായി പങ്കുവെക്കാൻ സ്വതേ താൽപര്യമില്ലാത്ത ദേശീയമാധ്യമങ്ങൾക്ക് ഇപ്പോഴും ഇക്കാര്യം ഒരു മുഖ്യ വാർത്തയേയല്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെടാൻ സന്ദർശനാനുമതി തേടിയ സംസ്ഥാനത്തെ ഇടതു-കോൺഗ്രസ് നേതാക്കളെ കാണാൻപോലും കൂട്ടാക്കിയില്ല ഗവർണർ സത്യദേവ്​ നാരായൺ ആര്യ. ആക്രമണങ്ങൾക്ക് തടയിടാൻ സർക്കാർ തയാറാവുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.

2018ൽ അധികാരം ലഭിച്ചതു മുതൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമം ആരംഭിച്ചതാണ് ബി.ജെ.പി. പ്രതിപക്ഷപാർട്ടികളുടെ, വിശിഷ്യാ ഇടതുപാർട്ടികളുടെ 25 പ്രവർത്തകർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വർഗീയ കലാപങ്ങൾ പതിവില്ലാതിരുന്ന സംസ്ഥാനത്ത് വർഗീയവിദ്വേഷം പരത്തി കലാപാവസ്ഥ സൃഷ്ടിച്ചെങ്കിലും മതേതര പാർട്ടികളുടെയും ജനങ്ങളുടെയും നിതാന്ത ജാഗ്രതയാലാണ് അനിഷ്ടസംഭവങ്ങൾ തടഞ്ഞുനിർത്താനായത്. ഭരണത്തുടർച്ചയെ തങ്ങളുടെ സകല അതിരുവിടലുകൾക്കുമുള്ള അംഗീകാരമായി ബി.ജെ.പി കരുതുന്നുവെന്ന് തോന്നിപ്പിക്കുംവിധത്തിലാണ് നിലവിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പോക്ക്. എതിർപാർട്ടികളിലെ പ്രവർത്തകരെ ആക്രമിക്കുകയും വീടുകൾ തകർക്കുകയും മാത്രമല്ല, റബർ മരങ്ങളുൾപ്പെടെ അവരുടെ കൃഷിയും ജീവനോപാധികളും നശിപ്പിക്കുന്നതും വ്യാപകമാണ്. ​ത്രിപുരയിലെ ​​ഖൊവായ് ജില്ലയിൽനിന്ന് പുറത്തുവന്ന ഒരു വി​ഡിയോയിൽ അക്രമികൾ ചുട്ടുകൊന്ന പശുക്കളുടെ ജഡങ്ങളും കാണാനായി. പശുവിറച്ചി സൂക്ഷിച്ചുവെന്നും പശുവിനെ കടത്തിയെന്നുമാരോപിച്ച് മുസ്‍ലിം-ദലിത് ചെറുപ്പക്കാരെ ആൾക്കൂട്ട ആക്രമണം നടത്തിയും ചുട്ടും കൊന്നുകളയുന്ന അതേ സംഘ്പരിവാറിന്റെ പടയാളികളാണ് എതിർ പാർട്ടി പ്രവർത്തകരുടെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തീവെച്ചു കൊല്ലുന്നത് എന്നത് കാണാതിരുന്നുകൂടാ. ഈ മിണ്ടാപ്രാണികളെ തീവെച്ചു കൊന്നവരാരെന്ന് കണ്ടെത്തി അവർക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും ഉൾപ്പെടെയുള്ള രാജ്യത്തെ ഗോസംരക്ഷകരാ​രെങ്കിലും ഒരു വരി പ്രസ്താവനയിറക്കിയതായും കേൾക്കുന്നില്ല.

ഒരു വിഭാഗം സ്ഥാപിത താൽപര്യക്കാരാണ് സംസ്ഥാനത്ത് കുഴപ്പമുണ്ടാക്കുന്നതെന്നാണ് മുഖ്യമ​ന്ത്രി ഡോ. മണിക് സാഹയുടെ പ്രതികരണം. പാർട്ടിയേതെന്ന് നോക്കാതെ അക്രമത്തിൽ പങ്കുള്ള ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിറക്കിയെങ്കിലും ആരെയും ഇനിയും പിടികൂടിയിട്ടില്ല; അക്രമങ്ങൾക്ക് അറുതി വരുത്താനായിട്ടുമില്ല. അക്രമവും ഭീഷണിയും കൊണ്ട് പിന്തിരിയില്ലെന്നും വിഷയത്തിന്റെ ഗൗരവം പാർലമെന്റിൽ ഉന്നയിക്കുമെന്നും ഇടത്-കോൺഗ്രസ് എ.പിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ പ്രവർത്തിച്ചുതുടങ്ങാനും കുറ്റവാളികളെ കണ്ടെത്താനും ഇനിയും കാലവിളംബം നടത്തുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. ജനാധിപത്യത്തിന്റെ ചൈതന്യം ചോർത്തിക്കളയുന്ന ഇത്തരം അതിക്രമങ്ങൾക്ക് തടയിടാൻ കഴിഞ്ഞാൽ മാത്രമേ രാജ്യത്ത് ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനം സാധ്യമാവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialMalayalam Editorial
News Summary - Madhyamam Editorial 2023 March 11
Next Story