Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാർലമെന്റ് സമിതികളിൽ...

പാർലമെന്റ് സമിതികളിൽ പേഴ്സനൽ സ്റ്റാഫോ?

text_fields
bookmark_border
പാർലമെന്റ് സമിതികളിൽ പേഴ്സനൽ സ്റ്റാഫോ?
cancel

ജനാധിപത്യസ്ഥാപനങ്ങളുടെ കാര്യശേഷിയും ഫലപ്രാപ്തിയും അവയുടെ നടത്തിപ്പുകാരെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരായി നിലനിന്ന പാർലമെന്റിനെയും ജുഡീഷ്യറിയെയും തെരഞ്ഞെടുപ്പ് കമീഷനെയും മാധ്യമങ്ങളെയുമെല്ലാം വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭരണശൈലി കീഴ്പ്പെടുത്തുന്നു എന്ന പരാതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് പാർലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയുടെ പ്രവർത്തനത്തിനുമേൽ മറ്റൊരുതരം രാഷ്ട്രീയ സമ്മർദത്തെപ്പറ്റി ആക്ഷേപമുയർന്നിരിക്കുന്നത്. രാജ്യസഭയുടെ സ്ഥിരം സമിതികളിലും വകുപ്പുതല പാർലമെന്ററി സമിതികളിലുമായി 20 കമ്മിറ്റികളിൽ സ്വന്തം പേഴ്സനൽ സ്റ്റാഫിൽപെട്ട എട്ടുപേരെ നിയമിച്ചുകൊണ്ട് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. അത്യസാധാരണമായ നടപടി എന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ഈ നടപടിപോലെ അത് ചെയ്ത രീതിയും സമിതികളിലേക്ക് നിയമിക്കപ്പെട്ട വ്യക്തികളുമെല്ലാം വിമർശിക്കപ്പെടുന്നുണ്ട്. സ്ഥാപനത്തെ തകർക്കാൻ പോന്നതെന്ന് നടപടിയെ പലരും വിലയിരുത്തുന്നു. അതേസമയം, സമിതികളെ സഹായിക്കാൻവേണ്ടിയാണ് തന്റെ ആളുകളെ നിയമിച്ചതെന്ന് ധൻഖർ വിശദീകരിക്കുന്നു. ചർച്ചകൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇതെന്നും ബന്ധപ്പെട്ട സമിതി അധ്യക്ഷന്മാരുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ, സമിതികൾക്ക് ആവശ്യമായ വിവരങ്ങളും മറ്റു സഹായങ്ങളും നൽകാൻ മതിയായ യോഗ്യതയും പരിചയവുമുള്ള രാജ്യസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പണ്ടുമുതലേ ഉണ്ട്. പിന്നെ എന്തിനാണ് ധൻഖർ സ്വന്തം പേഴ്സനൽ സ്റ്റാഫിനെ അവയിലേക്ക് ചേർക്കുന്നത് എന്ന ചോദ്യമുണ്ട്. തന്നെയുമല്ല, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു എന്ന അദ്ദേഹത്തിന്റെ അവകാശവാദം ഇതിനകം ഖണ്ഡിക്കപ്പെട്ടിട്ടുമുണ്ട്. ശാസ്ത്രസാങ്കേതികരംഗം, പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം എന്നിവ സംബന്ധിച്ച പാർലമെന്റ് സ്ഥിരം സമിതി ചെയർമാനും രാജ്യസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ ജയ്റാം രമേശ് പറയുന്നത്, ഒരിക്കലും ധൻഖർ താനുമായി കൂടിയാലോചിച്ചിട്ടേ ഇല്ലെന്നാണ്.

സഭയുടെ പ്രവർത്തന രീതിയിലും നടപടിക്രമങ്ങളിലും സഭാ അധ്യക്ഷൻ തന്നെ ഏകപക്ഷീയമായി കൈകടത്തി എന്ന ആരോപണം ശരിയാണെങ്കിൽ അത് ഗുരുതരമാണ്. മുമ്പ് പശ്ചിമബംഗാൾ ഗവർണറായിരിക്കെ ധൻഖർ സംസ്ഥാനത്തെ ബി.ജെ.പി ഇതര സർക്കാറുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. രാജ്യസഭാ അധ്യക്ഷനെന്ന നിലക്കും നിഷ്പക്ഷമായല്ല അദ്ദേഹം പ്രവർത്തിച്ചുവന്നിട്ടുള്ളതെന്ന പരാതി പൊതുവെയുണ്ട്. പ്രതിപക്ഷ നേതാവിനോട് കയർത്തും സർക്കാറിനെതിരെ അദ്ദേഹമുയർത്തിയ വിമർശനങ്ങൾ രേഖകളിൽനിന്ന് നീക്കിയും, കളത്തിലിറങ്ങി കളിക്കുന്ന റഫറി എന്ന പ്രതിച്ഛായയാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഗവർണറെന്ന നിലയിൽ സ്വന്തം ബന്ധുക്കളെ പേഴ്സനൽ സ്റ്റാഫിൽ നിയമിച്ചതായി ധൻഖറിനെതിരെ ആക്ഷേപമുയർന്നിരുന്നു; മഹുവമൊയ്ത്ര എം.പി അത്തരം നിയമനങ്ങളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. ഇപ്പോൾ രാജ്യസഭാ സമിതികളിലേക്ക് ചേർക്കപ്പെട്ട ചിലർ അക്കൂട്ടത്തിൽനിന്നുള്ളവരാണെന്ന ആക്ഷേപവുമുണ്ട്. രാജ്യസഭ അധ്യക്ഷനെന്ന നിലയിൽ നിഷ്പക്ഷനായിരിക്കാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ടയാളാണദ്ദേഹം. പക്ഷേ, സുപ്രധാനമായ ദേശീയപ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന് ന്യായമായ അവസരം അദ്ദേഹം നൽകുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് സ്ഥിരംസമിതികളിലേക്ക് ‘‘സ്വന്തക്കാരെ’’ വെച്ചിരിക്കുന്നത്. ജനാധിപത്യ തത്ത്വങ്ങൾക്കോ ഭരണഘടനക്കോ നിരക്കുന്നതല്ല ഇത്തരം ശൈലി.

‘‘സ്വന്തക്കാരെ’’ സമിതികളിൽ ചേർക്കാനുള്ള തീരുമാനം നിയമാനുസൃതമല്ലെന്ന വാദം ശക്തമാണ്. അനാവശ്യവും അയുക്തികവുമാണത്; മുൻ എം.പി ഡി. രാജ ചൂണ്ടിക്കാട്ടിയപോലെ, ചിരസ്ഥിതമായ പാർലമെന്ററി നടപടിക്രമത്തിന്റെ ലംഘനവും. സമിതികൾ രാജ്യസഭയുടേതാണ്; അധ്യക്ഷന്റേതല്ല. രാജ്യസഭ സംസ്ഥാനങ്ങൾക്കുള്ള പ്രാതിനിധ്യമായതിനാൽ ആ തലത്തിലും വീക്ഷണങ്ങൾ കേൾക്കാൻ കഴിയേണ്ടതുണ്ട്. പേഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനങ്ങൾക്ക് പഴുതുണ്ട്; എന്നാൽ സഭാ ഉദ്യോഗസ്ഥരിൽ അതുണ്ടാകുന്നത് ശരിയല്ല. ഉപരാഷ്ട്രപതി എന്ന നിലക്കു മാത്രമാണ്, തെരഞ്ഞെടുക്കപ്പെട്ടയാളായിട്ടല്ല, രാജ്യസഭയുടെ അധ്യക്ഷപദവി നൽകപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ സമിതികളിൽ വ്യക്തിനിഷ്ഠമോ രാഷ്ട്രീയപരമോ ആയ നിയമനങ്ങൾക്ക് പ്രസക്തിയില്ല. ലോക്സഭയുടെ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാരി പറയുമ്പോലെ, പാർലമെന്ററി സമിതിയിൽ അംഗങ്ങൾ ആരാകണമെന്ന് നിർവചിക്കപ്പെട്ടതാണ്- എം.പിമാരും, പിന്നെ ലോക്സഭ/രാജ്യസഭ ഉദ്യോഗസ്ഥരും മാത്രമേ അതിലുണ്ടാകാവൂ. സ്പീക്കർക്കോ രാജ്യസഭാ അധ്യക്ഷനോ നിയമനാധികാരം നിയമത്തിലില്ല. ഇപ്പോഴത്തെ നിയമനങ്ങൾ നിയമവിരുദ്ധവും അധികാര ദുരുപയോഗവുമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണെപോലുള്ളവർ അഭിപ്രായപ്പെടുന്നതും ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. സഭാ സമിതികൾക്കാവശ്യമായ സഹായങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥ വിഭാഗം തന്നെ ഉണ്ടായിരിക്കെ സഭാധ്യക്ഷന്റെ പേഴ്സനൽ സ്റ്റാഫിനെ അക്കൂട്ടത്തിൽപെടുത്തേണ്ട ആവശ്യമില്ല. പേഴ്സനൽ സ്റ്റാഫിനെയും ഔദ്യോഗിക സംവിധാനത്തെയും കൂട്ടിക്കുഴക്കുന്ന ഈ പുത്തൻശൈലി ഭരണരംഗത്തെതന്നെ അട്ടിമറിക്കാൻ പോന്നതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിലനിൽക്കുന്ന സംവിധാനം മെച്ചപ്പെടുത്തുകയും കൂടുതൽ ജനാധിപത്യപരമാക്കുകയും ചെയ്യുന്നതിനുപകരം ഉള്ളതുപോലും അട്ടിമറിക്കാനാകരുത് ഭരണഘടനാ പദവികളിലിരിക്കുന്നവർ ശ്രമിക്കേണ്ടത്. സഭാംഗങ്ങൾക്കും സഭാസമിതികൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുക അധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. എല്ലാറ്റിലും കൈകടത്തലല്ല ഭരണനടത്തിപ്പ്; മറിച്ച്, നിയമാനുസൃതം നടത്തിക്കൊണ്ടുപോകാനുള്ള സംവിധാനങ്ങൾക്ക് ബലംനൽകലാണ്. സഭാ അധ്യക്ഷന്റേത്- ലോക്സഭയിലായാലും രാജ്യസഭയിലായാലും- രാഷ്ട്രീയ പദവി എന്നതിനെക്കാൾ ഭരണഘടനാപദവിയാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2023 march 13
Next Story