ഇറാഖ് അധിനിവേശം 20 വർഷം പിന്നിടുമ്പോൾ
text_fields2003ലെ ഇറാഖ് അധിനിവേശത്തിന്റെ ഇരുപതാം വാർഷികം കഴിഞ്ഞദിവസം കടന്നു പോയി. മിക്കവാറും ഏതു തെരുവിൽ നടന്നാലും കാണാൻ കഴിയുന്ന യാചിക്കുന്ന കുട്ടികളെ ചൂണ്ടിയാണ് പഴയ ഇറാഖും ഇന്നത്തെ ഇറാഖും തമ്മിലെ വ്യത്യാസം ബി.ബി.സി പശ്ചിമേഷ്യ ലേഖകനായ ജെറിമി ബൊവെൻ കുറിച്ചത്. സ്കൂളിൽ പോകാതെ തെരുവിലലയാൻ നിർബന്ധിതരാണവർ. ഒരുകാലത്ത് ഏറ്റവും ആധുനികമായ ആശുപത്രികളും യൂറോപ്യൻ നിലവാരത്തിലുള്ള സ്കൂളുകളും ഉണ്ടായിരുന്ന നാട്ടിലാണിത് എന്നോർക്കണം. അതിനിടയിൽ രാജ്യത്ത് സംഭവിച്ചത് ഒന്ന് മാത്രമാണ്. അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാഖിനെ ആക്രമിച്ചു, നശിപ്പിച്ചു; യുദ്ധം ജയിക്കാൻ നശിപ്പിക്കുന്ന കൂട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങളും തകർത്തു തരിപ്പണമാക്കി. 2003ലെ യുദ്ധത്തിന്റെ കാരണം ഇറാഖ് സ്വേച്ഛാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഭരണകൂടം കൈവശംവെച്ചുവെന്ന് ആരോപിക്കപ്പെട്ട കൂട്ട നശീകരണായുധങ്ങളായിരുന്നു. അത് തെറ്റായിരുന്നുവെന്ന് പിന്നീട് ലോകത്തിനു തന്നെ ബോധ്യപ്പെട്ടു; യുദ്ധം ചെയ്തവർക്കും.
1991ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ അമേരിക്കൻ സഖ്യസൈന്യം കുവൈത്തിനെ മോചിപ്പിച്ചശേഷം ബഗ്ദാദ് പിടിച്ചടക്കാനോ സദ്ദാമിനെ പുറത്താക്കാനോ മുതിർന്നിരുന്നില്ല, ജോർജ് ബുഷ് രണ്ടാമന്റെ പിതാവായിരുന്ന അന്നത്തെ യു.എസ്. പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ. അതിന്റെ പ്രത്യാഘാതങ്ങളും ഭാരവും അമേരിക്കതന്നെ താങ്ങേണ്ടിവരുമെന്ന് ബുഷ് തിരിച്ചറിഞ്ഞുവത്രേ. നീണ്ട ഒരു അധിനിവേശവും യു.എൻ അനുമതിയില്ലാത്ത ഒരു ഭരണമാറ്റവും തീരാത്ത തലവേദനയാവുമെന്ന ഭയമാണ് ബുഷിനെ പിന്തിരിപ്പിച്ചത്. എന്നാൽ, ബുഷ് ജൂനിയറാവട്ടെ, യു.എൻ അനുമതിക്കുപോലും കാത്തുനിൽക്കാതെ സദ്ദാം വശം കൂട്ട നശീകരണായുധങ്ങൾ ഉണ്ടെന്ന തെറ്റായ ഇന്റലിജൻസിന്റെ ന്യായത്തിൽ ബഗ്ദാദിൽ കയറുകയാണുണ്ടായത്. ബ്രിട്ടനല്ലാതെ മുഖ്യ സഖ്യകക്ഷികളൊന്നും യു.എസിനൊപ്പമുണ്ടായിരുന്നില്ല. കൂട്ടനശീകരണായുധങ്ങൾ നശിപ്പിക്കുക, ഭീകരതക്കുള്ള സദ്ദാമിന്റെ പിന്തുണ അവസാനിപ്പിക്കുക, സദ്ദാമിനെ താഴെയിറക്കി ഇറാഖി ജനതയെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചുനടത്തിയ ഘോരമായ ആക്രമണങ്ങളിൽ മിക്കവാറും സിവിലിയന്മാരും അതിൽ തന്നെ കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ചുരുങ്ങിയത് ഒരുലക്ഷത്തോളം സിവിലിയൻ മരണങ്ങൾ ഉണ്ടായി എന്നാണ് കണക്കെങ്കിലും അതിനേക്കാൾ എത്രയോ അധികം പേർ രോഗം കൊണ്ടും തൊഴിൽനഷ്ടംകൊണ്ടും ജീവിതവിഭവങ്ങളും ആസ്തികളും നഷ്ടപ്പെട്ടതിന്റെ പേരിലും ഇന്നും ദുരിതത്തിലാണ്.
എന്നാൽ, യുദ്ധാനന്തരമുണ്ടായ അധികാരശൂന്യതയും അരാജകത്വവുമാണ് കൂടുതൽ ദുരിതങ്ങൾ ഇറാഖി ജനതക്ക് സമ്മാനിച്ചത്. യുദ്ധവിജയത്തിൽ അർമാദിച്ച അമേരിക്കൻ ഭരണകൂടത്തിനുണ്ടായ ഔന്നത്യവും രണോത്സുകതയും ഇറാഖിന്റെ യാഥാർഥ്യങ്ങൾക്കുനേരെ അവരെ അന്ധരാക്കി. ഐക്യരാഷ്ട്രസഭ ഇറാഖിനെ ആക്രമിക്കാൻ അനുമതി നല്കാതിരുന്നപ്പോൾ, നേരത്തേയുള്ള പ്രമേയങ്ങൾ തന്നെ അതിനു മതിയെന്ന് വാദിച്ചാണ് സഖ്യം ആക്രമണം തുടങ്ങിയത്. അന്നത്തെ യു.എൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നൻ യുദ്ധം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം ഒരു ബി.ബി.സി അഭിമുഖത്തിൽ ആ കൈയേറ്റം യു.എൻ ചാർട്ടറിന് നിരക്കാത്തതായിരുന്നു എന്ന് പറഞ്ഞതും ഓർക്കാം. ബുഷിന് ചുറ്റുമുണ്ടായിരുന്ന നിയോ കൺസർവേറ്റിവുകൾ പറഞ്ഞു ഫലിപ്പിച്ചത് വലിയ ആൾനാശമില്ലാതെ യുദ്ധം വഴി രാജ്യത്തെ സുരക്ഷിതമാക്കുക മാത്രമല്ല, ഇറാഖിലും തുടർന്നു സിറിയയിലും ഇറാനിലും അങ്ങനെ പശ്ചിമേഷ്യയാകെ സമാധാനവും ജനാധിപത്യവും സ്ഥാപിക്കാമെന്നുമായിരുന്നു. യുദ്ധം തുടങ്ങുന്നത് എളുപ്പമാവാമെങ്കിലും അത് അവസാനിപ്പിക്കുക അത്രയെളുപ്പമല്ല എന്ന തത്ത്വം പുലരുന്നതാണ് പിന്നീട് ഇറാഖിൽ കണ്ടത്.
ആഴ്ചകൾ കൊണ്ട് തന്നെ സദ്ദാം പുറത്തായെങ്കിലും അതിനകം നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന യു.എൻ ഉപരോധം കാരണം ജനങ്ങൾ ഏതാണ്ട് മുഴുപ്പട്ടിണിയിലായിരുന്നു. പോഷകക്കുറവു കാരണം ശിശുമരണങ്ങൾ അനവധി. തെരുവുകളിൽ സമാധാനം കൊണ്ടുവരാൻ യു.എസ്-യു.കെ സൈന്യങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അധിനിവേശത്തിനെതിരായ പോരാട്ടം കക്ഷികൾ തമ്മിലുള്ള പോരാട്ടമായി മാറി. ശിയ-സുന്നി വിഭാഗങ്ങളും കുർദുകളും അടങ്ങിയ സങ്കീർണമായ ഇറാഖി ജനകീയ സമവാക്യത്തെ ഒന്നിച്ചുനിർത്തുകയോ ജനാധിപത്യ പ്രക്രിയയിലൂടെ ഒത്തുതീർപ്പ് സംവിധാനങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ യു.എസിനു കഴിഞ്ഞില്ല. സായുധ മിലീഷ്യകൾ ശത്രുവിനെയും സ്വന്തം രാജ്യക്കാരായ ഇതര വംശജരെയും അവരിലെ സിവിലിയന്മാരെയും കൊല്ലുന്ന അവസ്ഥയായി. തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും മിക്കവാറും ശിയാ പക്ഷത്തിനു മേൽക്കൈ ലഭിച്ച ഭരണകൂടങ്ങൾക്കൊന്നും ഭദ്രതയോ ഐക്യമോ സ്ഥാപിക്കാൻ സാധിച്ചില്ല.
2003ലെ അധിനിവേശത്തിന്റെ ബാക്കിപത്രം തകർന്ന രാജ്യം, അശാന്തി, ദുർബലമായ സമ്പദ് വ്യവസ്ഥ, മങ്ങിപ്പോയ എണ്ണവ്യവസായവും വരുമാനവും, സ്കൂൾ, ആശുപത്രി ദൗർലഭ്യം, ഉറച്ച ഭരണകൂടത്തിന്റെ അഭാവം ഒക്കെയാണ്. കഴിഞ്ഞ ഒക്ടോബറിൽ സ്ഥാനമേറ്റ പ്രധാനമന്ത്രി മുഹമ്മദ് ശിയ അസ്സുദാനിക്കു വെല്ലുവിളികൾ ഏറെയാണ്. അതിൽ മുഖ്യം അഴിമതി തുടച്ചുനീക്കുക തന്നെ. തന്റെ ആദ്യ ടി.വി പ്രഭാഷണത്തിൽ അദ്ദേഹം ഇരുന്നതുതന്നെ കൈക്കൂലിയായി കണ്ടുകെട്ടിയ കുറെ നോട്ടുകെട്ടുകൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു. ഒരു പുതിയ തുടക്കം അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. അതിന് ഇറാഖി ദശലക്ഷങ്ങളുടെ പിന്തുണയും പ്രാർഥനയും ഉണ്ടാകുമെങ്കിലും തോക്കുകൾ നിശ്ശബ്ദമായാലേ ബഗ്ദാദിൽനിന്നു സദ്വാർത്തകൾ പ്രതീക്ഷിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.