പുറന്തള്ളലിന്‍റെ പുതു ഇന്ത്യ
text_fieldsമത, വംശവെറിയുടെ പേരിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷ മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും അതിനെതിരെ പ്രതികരിക്കുന്നതിനെ മതവർഗീയതയായി ചിത്രീകരിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ബി.ജെ.പിയുടെ പുതിയ പരിപാടി. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ കമ്മിറ്റിയും മറ്റു വസ്തുതാന്വേഷണ സമിതികളും മുന്നോട്ടുവെച്ച ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഫെബ്രുവരി 10ന് അവതരിപ്പിച്ച പ്രമേയം പാർലമെന്‍റ് തള്ളിക്കളഞ്ഞതും കർണാടകയിൽ മുസ്ലിം പിന്നാക്കാവസ്ഥക്കു പരിഹാരമായി നടപ്പാക്കിവന്ന നാലു ശതമാനം സംവരണം ബസവരാജ് ബൊമ്മൈയുടെ ബി.ജെ.പി ഭരണകൂടം എടുത്തുകളഞ്ഞതും ഇതിനു തെളിവാണ്. ഇന്ത്യയിലെ 14 ശതമാനം മുസ്ലിംകളിൽ അഞ്ചര ശതമാനത്തിനു മാത്രമേ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നുള്ളൂവെന്നും മുസ്ലിം വനിതകളിൽ 13 ശതമാനം മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനു പ്രാപ്തി നേടുന്നുള്ളൂവെന്നും അതിനാൽ അവരുടെ ശാക്തീകരണത്തിനുള്ള ശിപാർശകൾ നടപ്പാക്കണമെന്നുമായിരുന്നു മുസ്ലിംലീഗ് അംഗം പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യം. പിന്നാക്കസമുദായമെന്ന നിലയിൽ മുസ്ലിംകൾക്കു വകവെച്ചുകിട്ടേണ്ട അവകാശം ഉന്നയിച്ചതിനെ എതിർത്ത് കേന്ദ്ര ന്യൂനപക്ഷകാര്യ-വനിത ശിശുവികസന മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചത് നരേന്ദ്ര മോദിയുടെ പുതു ഇന്ത്യയെ മതാടിസ്ഥാനത്തിൽ ശിഥിലീകരിക്കാൻ അനുവദിക്കില്ല എന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച ശബ്ദവോട്ടോടെ സഭ പ്രമേയം തള്ളി. ഇതേ നാളിൽതന്നെയാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ, മുസ്ലിം സംവരണം എടുത്തുകളഞ്ഞ് അവരെ മുന്നാക്ക സമുദായങ്ങളുടെ ഗണത്തിലേക്ക് ‘ഉയർത്തിയതും’.
കർണാടകയിൽ മുസ്ലിംകൾ വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും പിന്തള്ളപ്പെട്ടുപോകുന്നുവെന്ന വിവിധ കമീഷനുകളുടെ കണ്ടെത്തലിനെ തുടർന്നാണ് 1994ൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രിയായിരിക്കെ ജനതാദൾ ഗവൺമെന്‍റ് സംവരണപ്പട്ടികയിൽ മുസ്ലിംകൾക്കായി ‘രണ്ട്-ബി’ വിഭാഗം സൃഷ്ടിച്ച് നാലു ശതമാനം സംവരണം നൽകിയത്. 1918ൽ മൈസൂർ നാട്ടുരാജ്യമായ കാലത്ത് തുടങ്ങിയതാണ് മുസ്ലിംകളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പരിഹാരനിർദേശങ്ങളും. 1917ൽ നിലവിൽവന്ന പ്രജ മിത്ര മണ്ഡലിയുടെ നേതൃത്വത്തിൽ പിന്നാക്കസമുദായക്കാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 1918ൽ അന്നത്തെ മൈസൂർ മഹാരാജാവ് കൃഷ്ണസ്വാമി വോഡയാർ നാലാമൻ, ജസ്റ്റിസ് ലെസ്‍ലി സി. മില്ലറുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചു. വിദ്യാഭ്യാസത്തിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിംകളടക്കമുള്ള പിന്നാക്കക്കാരുടെ പ്രാതിനിധ്യം തീരെ കുറവാണെന്ന് മില്ലർ കണ്ടെത്തി പരിഹാരനിർദേശങ്ങൾ സമർപ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1961ൽ ആർ. നാഗൻ ഗൗഡയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച മൈസൂർ പിന്നാക്ക വിഭാഗ കമീഷൻ സംസ്ഥാനത്തെ മുസ്ലിംകളെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ കമീഷന്‍റെ ശിപാർശകൾ നടപ്പാക്കാൻ ഗവൺമെന്‍റ് മുന്നിട്ടിറങ്ങിയെങ്കിലും ഉന്നതജാതിക്കാരുടെ സമ്മർദത്തിൽ പിൻവലിയേണ്ടിവന്നു. 1975ൽ കോൺഗ്രസിലെ ദേവരാജ് അരശ് മുഖ്യമന്ത്രിയായിരിക്കെ, ആദ്യത്തെ കർണാടക പിന്നാക്കവിഭാഗ കമീഷനെ നിയോഗിച്ചു. സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിംകൾ പിറകിലായതിനാൽ ന്യൂനപക്ഷവിഭാഗം എന്ന പരിഗണനയിൽ പിന്നാക്കവിഭാഗമായി കണ്ട് സംവരണം നൽകണമെന്നായിരുന്നു കമീഷന്‍റെ നിർദേശം. 1977ൽ അരശ് ഗവൺമെന്‍റ് മറ്റു പിന്നാക്കവിഭാഗങ്ങൾക്കൊപ്പം മുസ്ലിംകൾക്കും സംവരണം നിശ്ചയിച്ചു. ലിംഗായത്തുകളടക്കമുള്ള സമുദായക്കാർ ഇതിനെ എതിർത്തപ്പോൾ അവർക്കു മറ്റൊരു കമീഷനെ വെച്ചു. 1983ൽ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായിരിക്കെ, രണ്ടാം പിന്നാക്കവിഭാഗ കമീഷനായി ടി. വെങ്കടസ്വാമിയെ നിയോഗിച്ചപ്പോഴും മുസ്ലിംസംവരണം തുടരാനായിരുന്നു ശിപാർശ. ഇപ്പോൾ ബി.ജെ.പി പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന വൊക്കലിഗ, ലിംഗായത്ത് സമുദായക്കാർ അന്നും സംവരണത്തിനു വാദിച്ചതോടെ ആ റിപ്പോർട്ട് ശീതസംഭരണിയിലായി. 1988ൽ ഒ. ചിന്നപ്പ റെഡ്ഡിയുടെ നേതൃത്വത്തിൽ മൂന്നാം പിന്നാക്കവിഭാഗം കമീഷൻ നിയോഗിക്കപ്പെട്ടു. 1990ൽ അവർ റിപ്പോർട്ട് നൽകിയതും മുസ്ലിംകളെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തിയാണ്. ഈ റിപ്പോർട്ട് പരിഗണിച്ച് 1994ൽ വീരപ്പ മൊയ്ലിയുടെ കോൺഗ്രസ് സർക്കാർ മുസ്ലിംകൾക്കായി സംവരണപ്പട്ടികയിൽ കാറ്റഗറി രണ്ട് അനുവദിച്ചു. ഈ കാറ്റഗറി രണ്ടിൽ മറ്റു പിന്നാക്കവിഭാഗങ്ങളും ഉണ്ടായിരുന്നതിനാൽ 1994ൽ ദേവഗൗഡ സർക്കാർ കാറ്റഗറിയെ എ, ബി എന്നിങ്ങനെ വേർതിരിച്ച് ‘ബി’ വിഭാഗത്തിൽ മുസ്ലിംകളെ ഉൾപ്പെടുത്തി നാലു ശതമാനം സംവരണം നൽകുകയായിരുന്നു. പട്ടികയിൽ മൂന്ന് എ വിഭാഗത്തിലെ വൊക്കലിഗ വിഭാഗത്തിന് നാലും മൂന്ന് ബി വിഭാഗത്തിലെ ലിംഗായത്തിന് അഞ്ചും ശതമാനം സംവരണമുണ്ടായിരുന്നു. ഇതിൽനിന്നു മുസ്ലിംകളെ നീക്കം ചെയ്ത് അവരുടെ സംവരണം നെടുകെ ഛേദിച്ച് വൊക്കലിഗർക്കും ലിംഗായത്തുകൾക്കും രണ്ടു ശതമാനം വീതം കൂട്ടി നൽകുകയാണ് ഇപ്പോൾ ബസവരാജ് ബൊമ്മൈ ചെയ്തത്.
സംസ്ഥാനത്ത് നിയോഗിക്കപ്പെട്ട എല്ലാ കമീഷനുകളും മുസ്ലിംകളുടെ പിന്നാക്കാവസ്ഥ കണ്ടെത്തിയാണ് അവരെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തിയത്. മുസ്ലിംകളെ മതവിഭാഗം (Religion) എന്ന നിലക്കല്ല, സാമ്പത്തികവും സാമൂഹികവുമായി പിന്തള്ളപ്പെട്ട സമുദായം (Community) എന്ന നിലയിലാണ് അവരൊക്കെ കണ്ടതും സംവരണം ശിപാർശ ചെയ്തതും. ദേവഗൗഡ 1994ൽ തന്‍റെ തീരുമാനത്തിന് എടുത്തുകാട്ടിയ കാരണം ശ്രദ്ധേയമാണ്. അന്ന് സംസ്ഥാനത്തെ പൊലീസ് കോൺസ്റ്റബിൾമാരിൽ മുസ്ലിം പ്രാതിനിധ്യം വെറും 0.1 ശതമാനത്തിലും താഴെയാണ് എന്ന പൊലീസ് മേധാവി നൽകിയ വിവരം വെളിപ്പെടുത്തിയ ദേവഗൗഡ ചോദിച്ചു: ‘‘എന്തേ, മുസ്ലിംകൾ ഈ രാജ്യത്തെ ജനങ്ങളല്ലേ?’’ അദ്ദേഹത്തിന്‍റെ വിസ്മയകരമായ ചോദ്യത്തിനാണിപ്പോൾ ബി.ജെ.പി ഭരണകൂടം നിഷേധാത്മകമായി മറുപടി പറഞ്ഞിരിക്കുന്നത്.
മുസ്ലിംകളുടെ അവകാശം കവർന്ന് അത് ഹിന്ദുവിഭാഗങ്ങൾക്ക് അനുവദിച്ചുകൊടുക്കുകവഴി ഹിന്ദുത്വവംശീയതയുടെ ചാമ്പ്യനായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കടന്നുകിട്ടുകയാണ് ബൊമ്മൈയുടെ ലക്ഷ്യം. മതവൈരം വിതച്ചു വോട്ടുകൊയ്യുകയും ആ അന്യായത്തെ എതിർക്കുന്നതിനെ മതവർഗീയത ആരോപിച്ച് നിശ്ശബ്ദമാക്കുകയും ചെയ്യുന്ന വിരോധാഭാസമാണിപ്പോൾ ഹിന്ദുത്വവാദികൾ പയറ്റുന്നത്. അതിനവർ നൽകിയ പേരാണ് പുതു ഇന്ത്യ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.