പ്രധാനമന്ത്രിയും ഒരു കുടശ്ശീലയും
text_fieldsഭരണമിടുക്കായി ഒന്നും എടുത്തുകാട്ടാനില്ലാതെവരുമ്പോൾ വ്യക്തിഹത്യയും ചിത്രവധവുമായി പ്രതിപക്ഷനേതാക്കളെ പിന്തുടരുന്ന ശൈലി കക്ഷിരാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ അടവായാണ് പൊതുവെ വിലയിരുത്തപ്പെടാറ്. ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനരാഷ്ട്രീയത്തിലുമൊക്കെ ഇത് പയറ്റുന്നവരുണ്ടെങ്കിലും ദേശീയരാഷ്ട്രീയത്തിൽ സംഘ്പരിവാർ കക്ഷികളാണ് അതിൽ മുന്നിലെന്നതിന് സമകാല സംഭവങ്ങൾ സാക്ഷി. രാഹുൽഗാന്ധിയെക്കുറിച്ച പപ്പു പ്രതിച്ഛായ അങ്ങനെ നിർമിച്ചെടുത്തതാണ്. എന്നാൽ, ഇത്തരം വിമർശനങ്ങൾ തരിമ്പിനുപോലും സംഘ്പരിവാർ പൊറുക്കാറുമില്ല. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന ‘പ്രതികളെ’ സൈബർ ലിഞ്ചിങ്ങിനു ഇരയാക്കാനും കോടതി കയറ്റാനുമൊക്കെ അവർ ധൃഷ്ടരാകും. എതിരാളികൾക്കെതിരെ അറുവഷളൻ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അവർക്ക് ലവലേശം മടിയുമില്ല. ഈയിടെയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായ പരിഹാസത്തിനും ആക്ഷേപത്തിനും മുതിരുന്നത് കാണാനാകും. അതിലൊന്നാണ് കർണാടകയിലെ ബെളഗാവിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമർശം. "കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഖാർഗെയെ കൈകാര്യം ചെയ്ത രീതി കണ്ടപ്പോൾ സങ്കടം തോന്നി. കടുത്ത ഉഷ്ണകാലാവസ്ഥയിലും ഒരു കുടയുടെ തണൽ കിട്ടാൻ അദ്ദേഹത്തിനു യോഗമുണ്ടായില്ല. ആ ഭാഗ്യം അടുത്ത് നിൽക്കുന്ന മറ്റൊരാൾക്ക് സംവരണം ചെയ്തിരിക്കുകയായിരുന്നു. ഇത് കാണിക്കുന്നത് ഖാർഗെ നാമമാത്ര കോൺഗ്രസ് പ്രസിഡന്റാണെന്നും പാർട്ടി ചലിക്കുന്നത് ഒരു കുടുംബത്തിന്റെ റിമോട്ട് കൺട്രോളിലാണ് എന്നുമാണ്’’ -ഇതായിരുന്നു മോദിയുടെ കമൻറ്.
രോഗചികിത്സയിലുള്ള കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് സുരക്ഷ ഉദ്യോഗസ്ഥൻ കുടപിടിച്ചു കൊടുത്തതിനെയാണ് മോദി പരിഹസിച്ചത്. രോഗിയായതിനാൽ വെയിലും പൊടിയും ഉള്ളിടത്ത് നിൽക്കരുതെന്ന വൈദ്യോപദേശം അവഗണിച്ച് പാർട്ടിയോടുള്ള അർപ്പണബോധം കൊണ്ടുമാത്രം അണികളുടെ ആവേശത്തിൽ അണിചേരാനെത്തിയതാണ് സോണിയ. അത്തരമൊരാളോട് ആരും കാണിക്കുന്ന സാമാന്യ മാനുഷിക മര്യാദയെ പരിഹസിക്കുന്നത് ആരോ അല്ല, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണ്. മോദിയുടെ പരാമർശത്തോട് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് രൂക്ഷമായാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി ഖാർഗെയെക്കുറിച്ച് ഇത്രയും പറയുമ്പോൾ അദ്ദേഹത്തെ കഴിഞ്ഞ അര നൂറ്റാണ്ടായി വിവിധ സഭകളിലേക്കു തെരഞ്ഞെടുത്ത ജനങ്ങളെ കൊച്ചാക്കുകയാണ് മോദി എന്നായിരുന്നു കോൺഗ്രസ് പ്രതികരണം.
നരേന്ദ്ര മോദിക്ക് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യാം. എന്നാൽ, ഉള്ളടക്കവും സ്വരവും അതിന്റെ നിലവാരം നിശ്ചയിക്കുമെന്നുമോർക്കണം. കോൺഗ്രസിന്റെ നയങ്ങളെ എതിർക്കാൻ എന്തെങ്കിലും പറയുന്നതുപോലെയല്ല ഒരു കുടയുടെ മറ പറ്റി കോൺഗ്രസ് നേതൃത്വത്തെ പ്രധാനമന്ത്രി പരിഹസിക്കുന്നത്. എന്തിനുമേതിനും ഒരു കുടുംബത്തെ പരാമർശിച്ചു നടത്തുന്ന വിമർശനം ജനാധിപത്യത്തിലെ ആരോഗ്യകരമായ സംവാദമാവില്ല. കോൺഗ്രസിലെ കുടുംബവാഴ്ച വിമർശനവിധേയം തന്നെയാണ്. എന്നാൽ, ഒരു പ്രധാനമന്ത്രിക്ക് ഒരു പ്രതിപക്ഷ പാർട്ടിയെക്കുറിച്ച് എടുത്തുപറയാൻ കാമ്പുള്ള കാര്യങ്ങളും വേണം. മാത്രമല്ല, പല വിമർശനങ്ങളിലും കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് വ്യംഗ്യപ്രയോഗങ്ങളും മുനവെച്ച വാക്കുകളുമൊക്കെയാണ് ഉപയോഗിക്കാറുള്ളത്.
ദേശീയ സുരക്ഷ ഗാർഡുകൾ നേതാക്കളെ അനുഗമിക്കുമ്പോൾ മഴയത്തും കൊടുംവെയിലത്തും കുടചൂടി നൽകുന്നത് സാധാരണയാണ്. അതിൽ കയറിപ്പിടിക്കാൻ എന്തിരിക്കുന്നു എന്നും പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതായിപ്പോയി പ്രധാനമന്ത്രിയുടെ സംസാരമെന്നുമാണ് കോൺഗ്രസ് വിമർശനം. അതിൽ കാര്യവുമുണ്ട്. പാർലമെന്റിലും പുറത്തും ഗൗരവമുള്ള ചർച്ചകൾ പലതും നടക്കുമ്പോഴും അവയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി പുറത്തിറങ്ങിയാൽ രാഷ്ട്രീയപ്രതിയോഗികളെ വിമർശിക്കാൻ ഏതു പുല്ലും ആയുധമാക്കുന്നതിന്റെ ഉദാഹരണമാണിത്. ഇവിടെ കുടയിൽ കയറിപ്പിടിക്കുന്നത് നെഹ്റു കുടുംബവിരോധം കൊണ്ടു മാത്രമല്ല, മേയ് മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ വോട്ടുബാങ്കിൽ കണ്ണുവെച്ചും കൂടിയാണ്.
കർണാടകയെ കോൺഗ്രസ് അവഗണിച്ചുവെന്ന് വരുത്തിത്തീർക്കാൻ കൂടിയാണ് ഇപ്പോൾ മോദിയുടെ ശ്രമം. വീരേന്ദ്ര പാട്ടീൽ, നിജലിംഗപ്പ എന്നിവരെ കോൺഗ്രസ് വേണ്ടത്ര ആദരിച്ചില്ല, ഇപ്പോൾ പ്രായവും സീനിയോറിറ്റിയും അമ്പതു വർഷത്തെ പാർലമെന്ററി അനുഭവവുമുള്ള ഖാർഗെയെയും എന്നാണ് ബി.ജെ.പിയും മോദിയും വരുത്തിത്തീർക്കുന്നത്. കർണാടകയെ തങ്ങൾ പ്രത്യേകം പരിഗണിക്കുമ്പോൾ കോൺഗ്രസ് അവരെ വെയിലത്തുനിർത്തുമെന്നുകൂടിയാണ് പ്രധാനമന്ത്രി പറഞ്ഞുവെക്കുന്നത്. ദലിത് സമൂഹത്തിൽനിന്ന് ഉയർന്നുവന്ന നേതാവായ ഖാർഗെയോട് സഹാനുഭൂതി നടിച്ച് കർണാടകയിലെ ഗണ്യമായ ദലിത് വിഭാഗത്തിന്റെ അനുകമ്പ കൂടി ലക്ഷ്യംവെക്കുന്നുണ്ടാവാം.
2018ൽ നിലവിൽവന്ന ജെ.ഡി.(എസ്)-കോൺഗ്രസ് മന്ത്രിസഭയെ 14 മാസം കഴിയുംമുമ്പ് അട്ടിമറിച്ച് നിലവിൽ വന്നതായിരുന്നു കർണാടകയിലെ ബി.ജെ.പി സർക്കാർ. പക്ഷേ, 2021ൽ പ്രതിച്ഛായ പോയ യെദിയൂരപ്പയെ ഒഴിവാക്കി മുഖ്യമന്ത്രിയായി വാഴിച്ചതാണ് ബസവരാജ് ബൊമ്മെയെ. അതുകൊണ്ടും മങ്ങിയ പ്രതിച്ഛായ തെളിയിക്കാനൊത്തിട്ടില്ല. അതിനാൽ, സ്വന്തത്തെക്കുറിച്ച മതിപ്പില്ലായ്മയെ കുടമറക്കു പിന്നിലൊളിപ്പിക്കാനുള്ള വിഫലശ്രമങ്ങളാണ് പാർട്ടിയും നേതൃത്വവും നടത്തിക്കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള പടിവാതിലായി ബി.ജെ.പി കാണുന്ന കർണാടകയെന്ന പ്രസ്റ്റീജ് സംസ്ഥാനം പിടിക്കാൻ നരേന്ദ്ര മോദി എന്ന ഒരേയൊരു സ്റ്റാർ കാമ്പയിനറെ ഇറക്കിയതാണ്. എന്നാൽ, അദ്ദേഹത്തിനും സംരക്ഷണക്കുട തീർക്കാൻ കോൺഗ്രസിന്റെ കുടശ്ശീല തന്നെ വേണ്ടിവരുന്നത് എന്തൊരു രാഷ്ട്രീയ പാപ്പരത്തമാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.