നിലവാരം തകർന്ന തെരഞ്ഞെടുപ്പ് പ്രചാരണം
text_fieldsകർണാടക തെരഞ്ഞെടുപ്പും കഴിഞ്ഞു. ഒരുവശത്ത് ആഘോഷവും മറുഭാഗത്ത് നിരാശയും ബാക്കിയാക്കിയ, ചൂടും പുകയും നിറഞ്ഞ പ്രചാരണസമാപ്തി. പിന്നാലെവരുന്നു വേറെയും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ. അതിനപ്പുറം 2024ലെ പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകൾ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണോ അതോ ദുർബലപ്പെടുത്തുകയാണോ എന്ന് ചിന്തിക്കാനുള്ള സമയം ഇപ്പോഴത്തേതുപോലുള്ള ഇടവേളകളാണ്. തൂക്കുസഭയായാൽ എങ്ങനെ അധികാരം പിടിച്ച് മന്ത്രിസഭ തട്ടിക്കൂട്ടാമെന്ന് തങ്ങൾക്കറിയാമെന്ന് കർണാടകയിലെ ഇപ്പോൾ സ്ഥാനമൊഴിയുന്ന മന്ത്രി പറഞ്ഞതിൽ, എല്ലാവർക്കുമറിയാവുന്ന അനേകം സത്യങ്ങളുണ്ട്. അധികാരമുണ്ടെങ്കിൽ പണവും പണമുണ്ടെങ്കിൽ അധികാരവും സ്വന്തമാക്കുന്ന തന്ത്രങ്ങൾ ചാക്കുപിടിത്തം മുതൽ റിസോർട്ട് രാഷ്ട്രീയവും ഭീഷണിയും പ്രലോഭനവുമായി നീണ്ടുകിടക്കുന്നു. ഇത്തരം ഇടപാടുകളിൽ സാധാരണ പൗരജനങ്ങൾ എങ്ങുമില്ല. വോട്ട് കുത്തലിൽ ഒതുങ്ങും അവരുടെ പങ്ക്.
ഗൗരവചിന്തക്ക് വിഷയമാകേണ്ട മറ്റൊരു കാര്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിലവാരം. ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, അവ എങ്ങനെ പരിഹരിക്കും എന്നതിനെപ്പറ്റി, പറയേണ്ടവർ അവയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കാറ്. ചെലവേറിയ റോഡ് ഷോകളിൽ സ്വയം പ്രദർശിപ്പിക്കുന്ന താരങ്ങളായാണ് ഉന്നത നേതാക്കൾപോലും ജനങ്ങളോട് സംവദിക്കുന്നത്. മാതൃകയാകേണ്ട നേതാക്കൾതന്നെ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധമാറ്റുന്നതും വൈകാരികവും വിഭാഗീയവുമായ കാര്യങ്ങളെടുത്തുകാട്ടി ഉന്മാദം സൃഷ്ടിക്കുന്നതും കർണാടകയിൽ കണ്ടു. പ്രധാനമന്ത്രിപോലും തെരഞ്ഞെടുപ്പ് കാമ്പയിന്റെ നിലവാരത്തകർച്ചക്ക് സ്വന്തം സംഭാവന നൽകിയെന്ന് മുമ്പെന്നപോലെ ഇപ്പോഴും വിമർശനമുയർന്നുകഴിഞ്ഞു. മണിപ്പൂരിൽ ദിവസങ്ങളോളം അക്രമങ്ങൾ തീ പോലെ പടർന്നപ്പോൾ പ്രധാനമന്ത്രിയുടെ ശ്രദ്ധ കർണാടകയിലായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം വിളിച്ചുചേർക്കാൻ തക്ക ഗൗരവം മണിപ്പൂരിനുണ്ടെന്ന് മോദിക്ക് തോന്നിയില്ല. സമാധാനത്തിന് ആഹ്വാനം നൽകുന്ന പ്രസ്താവനയെങ്കിലും മോദിയിൽനിന്ന് പ്രതീക്ഷിച്ചവർ കണ്ടത്, കർണാടകയിൽ കോൺഗ്രസിന്റെ ‘രാജ്യദ്രോഹ’ത്തിനെതിരെ അദ്ദേഹത്തിന്റെ രൂക്ഷമായ ട്വീറ്റുകളാണ്. ‘കേരള സ്റ്റോറി’ എന്ന പ്രോപഗണ്ട സിനിമയെ ന്യായീകരിക്കാനും ‘ബജ്റംഗ്ബലി’യെ ആയുധമാക്കാനും അദ്ദേഹം തയാറായി. ഇത്തരം ‘മാതൃക’യാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പലരും പിൻപറ്റിയത്.
ഇലക്ഷൻ പ്രചാരണത്തിന്റെ നിലവാരത്തകർച്ച ഇപ്പോൾ തുടങ്ങിയതല്ലെങ്കിലും മുമ്പെല്ലാം തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടം ഫലം ചെയ്തിരുന്നു. പക്ഷേ ഇന്ന്, ടി.എൻ. ശേഷൻ ചീഫ് ഇലക്ഷൻ കമീഷണറായിരുന്ന കാലത്തെപ്പറ്റി സുപ്രീംകോടതി തന്നെ ഗൃഹാതുരത്വത്തോടെ പരാമർശിക്കുന്നിടത്തോളം ഇലക്ഷൻ കമീഷന്റെ ആർജവം വിദൂര ഓർമയായിരിക്കുന്നു. ഉന്നത നേതാക്കൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാലും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം വിരളമല്ല. കമീഷന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പിന്റെ തന്നെ വിശ്വാസ്യതയാണ് എന്നിരിക്കെ അടിയന്തരമായ തിരുത്തൽ നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. ഇലക്ടറൽ ബോണ്ട്, വോട്ടുയന്ത്രം, പ്രചാരണ വിഷയങ്ങളും രീതികളും, മാതൃകാചട്ടങ്ങൾ മുതലായ കാര്യങ്ങളിൽ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകണം. കർണാടകയിൽ നൽകിയ സൂചന, 2024ലെ തെരഞ്ഞെടുപ്പിലെ പ്രചാരണം അത്യന്തം മലിനമാകാൻ സാധ്യതയുണ്ട് എന്നാണ്. അത് തടയാൻ ഇലക്ഷൻ കമീഷന് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.