യുദ്ധവിരാമത്തിന്റെ ആയുസ്സ്
text_fieldsകഴിഞ്ഞ മാസം ഏഴിന് ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഫലസ്തീൻ ചെറുത്തുനിൽപു പ്രസ്ഥാനം ‘ഹമാസ്’ നടത്തിയ ആക്രമണത്തെ തുടർന്ന് ഗസ്സയെ വംശീയമായി നിർമൂലനംചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച യുദ്ധത്തിന് ഇസ്രായേൽ നാലുനാൾ താൽക്കാലിക വിരാമമിട്ടിരിക്കുന്നു. ഹമാസ് പിടിച്ചുകൊണ്ടുപോയ തങ്ങളുടെ പൗരരെ തിരിച്ചെത്തിക്കാനുള്ള പ്രക്രിയക്ക് അവസരമൊരുക്കുകയാണ് ആക്രമണം നിർത്തിവെക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറുഭാഗത്ത്, ഇസ്രായേൽ തടവിലിട്ട ഫലസ്തീനികളെ വിട്ടുകൊടുക്കുന്നതിനനുസൃതമായിരിക്കും ബന്ദികളുടെ മോചനമെന്നു പ്രതികരിച്ച ഹമാസ്, ഇസ്രായേൽ ആക്രമണം തുടർന്നാൽ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്ത്യം കുറിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഹമാസിന്റെ പിടിയിലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50 ഇസ്രായേലുകാരെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രായേലി ജയിലിലുള്ള 150 പേരെ വിട്ടയക്കും. ആദ്യഘട്ടമായി വെള്ളിയാഴ്ച 25 പേരെ ഹമാസും 39 പേരെ ഇസ്രായേലും വിട്ടയച്ചു. ഗസ്സയിലേക്ക് ദുരിതാശ്വാസ വിതരണത്തിനായി 300 വാഹനങ്ങൾ ഇസ്രായേൽ കടത്തിവിടും. ഇന്ധനവിതരണത്തിൽ നേരിയ വർധന വരുത്തും. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷവും തെക്കൻ ഗസ്സയിൽ ഫലസ്തീനികൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ സംഭവം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
പതിനയ്യായിരത്തിലേറെ പേരെ കൊന്നുകൂട്ടിയ യുദ്ധത്തിന്റെ തീമഴ നാമമാത്ര കാലത്തേക്കെങ്കിലും തോർന്നുനിൽക്കുകയും വിദേശരാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും ചെയ്യും യുദ്ധമുക്തനാളുകൾ എന്നത് ലോകത്തെങ്ങും മനുഷ്യത്വമുള്ളവരെ മുഴുവൻ സന്തോഷിപ്പിക്കുന്നുണ്ട്. യുദ്ധത്തെ പിന്തുണക്കുന്ന അമേരിക്കയുടെയും യൂറോപ്യൻ നാടുകളുടെയും തലസ്ഥാനങ്ങളിൽ വെടിനിർത്തലിനു വേണ്ടിയുള്ള മുറവിളി അലയടിച്ചുയർന്നതു ചെവിക്കൊള്ളാതിരിക്കാൻ രാഷ്ട്രനായകർക്ക് നിവൃത്തിയില്ലെന്നായി. അമേരിക്കയിലെ ഭരണകക്ഷിയിൽതന്നെ യുദ്ധവിരുദ്ധർക്ക് ഭൂരിപക്ഷം വർധിക്കുന്നതും യുവതലമുറയിൽ ഫലസ്തീനികൾക്ക് പിന്തുണ കൂടിവരുന്നതും ബൈഡൻ ഭരണകൂടത്തിനു തലവേദന സൃഷ്ടിച്ചുതുടങ്ങി. അറബ് മുസ്ലിം രാഷ്ട്രങ്ങൾ ഫലസ്തീൻ അനുകൂലനിലപാട് കർക്കശമാക്കിയതും ഇസ്രായേൽ-അമേരിക്കൻ-യൂറോപ്യൻ യൂനിയൻ വംശീയസഖ്യത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഗസ്സക്കാരെ പുറത്താക്കി വിശാല ഇസ്രായേലിനു ശ്രമിക്കുന്ന ബിന്യമിൻ നെതന്യാഹുവിന്റെ പദ്ധതി തങ്ങൾക്ക് ബാധ്യതയും ഒഴിയാബാധയുമായിരിക്കുമെന്നു തിരിച്ചറിഞ്ഞ ഈജിപ്തും ജോർഡനും യുദ്ധത്തിനെതിരായി തിരിഞ്ഞു. മറുഭാഗത്ത് ഹമാസിന്റെ ദുർബലമായ ചെറുത്തുനിൽപിനെ താങ്ങിനിർത്താൻ യമനിലെയും ഇറാഖിലെയും പഴയ പോർസംഘങ്ങളും ലബനാനിലെ ഹിസ്ബുല്ലയും പരസ്യമായി രംഗത്തിറങ്ങിയതോടെ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതു കണ്ടു.
പുറത്ത് ഇസ്രായേലിനെതിരായ രാഷ്ട്രീയസമ്മർദം ഉരുണ്ടുകൂടുമ്പോൾ യുദ്ധപരാക്രമത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിനകത്തും യുദ്ധവിരാമത്തിനുള്ള ആവശ്യത്തിന് തീവ്രത കൂടിവന്നു. രാഷ്ട്രീയ കുറ്റാരോപണങ്ങളിൽ നേരത്തേ ദുർബലനായിരുന്ന നെതന്യാഹു, ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിന്റെ കുരിശിൽനിന്നു രക്ഷപ്പെടാൻകൂടിയായിരുന്നു യുദ്ധവുമായി ഇറങ്ങിത്തിരിച്ചത്. എന്നാൽ, അയ്യായിരത്തിലേറെ പിഞ്ചുകുഞ്ഞുങ്ങളടക്കം പതിനായിരങ്ങളെ കൊന്നുമുടിച്ചതിനും ഒരു കൊച്ചു ഉപരോധിത ദേശത്തെ ചുടലക്കളമാക്കിയതിനും ന്യായമൊരുക്കാൻ തല്ലിപ്പടച്ച നുണപ്രചാരണങ്ങളെല്ലാം പൊളിയുകയും ഇസ്രായേലിന്റെ ഊതിവീർപ്പിച്ച ലോകശക്തി പ്രതിച്ഛായക്ക് തുടരത്തുടരെ പ്രഹരമേൽക്കുകയും ചെയ്തതോടെ നെതന്യാഹുവും വിചാരണ ചെയ്യപ്പെട്ടു. ഒക്ടോബർ ഏഴിന്റെ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചത് ഇസ്രായേൽ സൈന്യത്തിന്റെ തന്നെ വെപ്രാളപ്രകടനമാണെന്നു വെളിപ്പെട്ടത്, ഹമാസിനെ ഉന്മൂലനംചെയ്യാനുള്ള ആക്രമണം ഗസ്സൻ ജനതക്കെതിരായ പൈശാചികയുദ്ധമായി കലാശിച്ചത്, കൊട്ടിഗ്ഘോഷിച്ച കരയാക്രമണത്തിന്റെ ഓരോ ഘട്ടത്തിലും ആൾനാശം നേരിടേണ്ടിവന്നത്, ഗസ്സക്കെതിരെ ഓരോ ഇഞ്ചിലും ആക്രമണം വ്യാപിപ്പിച്ചതോടെ ബന്ദികളായ ഇസ്രായേലുകാരുടെ സുരക്ഷ ഉറപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പ് ലഭിച്ചത്, ഹമാസ് താവളമെന്നു പ്രചരിപ്പിച്ച് ശിഫ ആശുപത്രി തകർത്ത ശേഷവും ഹമാസ് സൈനികരെ പിടികൂടാനാവാതെ വന്നത് -എല്ലാം ഇസ്രായേലിൽ കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. യുദ്ധവിരാമത്തിന് ഇസ്രായേൽ കാബിനറ്റ് സമ്മതം മൂളിയതിന്റെ വേഗത്തിൽനിന്ന് അവിടത്തെ ജനരോഷത്തിന്റെ ആഴമളക്കാൻ കഴിയും.
ഇപ്പോൾ യുദ്ധവിരാമത്തിലേക്ക് നയിച്ച ബന്ദികളുടെ മോചനവും ഇസ്രായേലിന്റെ തന്ത്രപരമായ പരാജയംതന്നെ തെളിയിച്ചുകാട്ടുന്നു. ബന്ദികളെ വെച്ചുള്ള ഹമാസിന്റെ വിലപേശലിൽ ഇസ്രായേലിന് നേരത്തേയും അടിതെറ്റിയിട്ടുണ്ട്. ഇപ്പോഴും ഒക്ടോബർ ഏഴിന്റെ ആക്രമണത്തിൽ ബന്ദികളെ പിടിച്ചതു മുതൽ ഖത്തറിന്റെ മുൻകൈയിൽ അമേരിക്കയും ഈജിപ്തും ചേർന്നു നടത്തുന്ന മോചനശ്രമങ്ങളാണ് ഈ നാലുനാൾ യുദ്ധവിരാമത്തിൽ എത്തിച്ചത് എന്നു നാൾവഴികൾ വ്യക്തമാക്കുന്നുണ്ട്. ഖത്തർ-ഈജിപ്ത് മാധ്യസ്ഥ്യത്തിൽ രണ്ട് ഇസ്രായേലി വയോധികരും നാളുകൾക്കു ശേഷം രണ്ടു അമേരിക്കക്കാരും മോചിതരായതോടെ ഈ വഴിക്കു ചർച്ചകൾ പുരോഗമിച്ചാണ് ഒടുവിൽ ബന്ദി കൈമാറ്റത്തിനായി യുദ്ധവിരാമം എന്ന ആശയത്തിലേക്കെത്തിയത്.
എന്നാൽ, യുദ്ധത്തിന്റെ ഈ അവധി നീട്ടിയെടുക്കാനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും തിട്ടമില്ല. ബന്ദി കൈമാറ്റത്തിന് ഇടവേള എന്ന നിലയിലുള്ള ഔദാര്യം മാത്രമാണിതെന്നും അതു കഴിഞ്ഞ് ആക്രമണം പൂർവാധികം ശക്തമായി തുടരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈയൊരു ഇടവേളയിലേക്കെത്തിച്ച സാഹചര്യങ്ങൾ അയയാതെ നിൽക്കെ നെതന്യാഹുവിന്റെ യുദ്ധവെറിക്ക് പടിഞ്ഞാറൻ സഖ്യം പിന്തുണ തുടരുമോ, ബാക്കിയുള്ള ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിൽ നിൽക്കെ ഇസ്രായേലിൽനിന്നുതന്നെ പ്രധാനമന്ത്രിക്ക് പിന്തുണ ലഭിക്കുമോ, അത്തരത്തിൽ ആക്രമണം കടുപ്പിച്ചുകൊണ്ടുപോയാൽ പ്രതിരോധവും പ്രത്യാക്രമണവും ഫലസ്തീനിൽനിന്നു പശ്ചിമേഷ്യയിലേക്ക് പടരുമോ, അത് മേഖലയിലെ മാത്രമല്ല, അന്തർദേശീയതലത്തിൽ തന്നെ രാഷ്ട്രീയ, ശാക്തിക സമവാക്യങ്ങളെ മാറ്റിമറിക്കുമോ എന്നതൊക്കെ സമ്പൂർണ യുദ്ധവിരാമം ആശിക്കുന്ന ലോകർക്കൊക്കെയും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ചോദ്യങ്ങളായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.