കുസാറ്റ് ദുരന്തം: അനുഭവം പാഠമാകണം
text_fieldsകളമശ്ശേരിയിലെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിലുണ്ടായ ദുരന്തം അത്യന്തം നിർഭാഗ്യകരമാണ്. മൂന്ന് വിദ്യാർഥികളടക്കം നാലുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. സർവകലാശാലയുടെ സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ഗാനമേള തുടങ്ങുന്നതിനു മുമ്പേതന്നെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ ഉൾപ്പെടെ ടെക്ഫെസ്റ്റ് നടക്കുന്ന ഓപൺ എയർ ഓഡിറ്റോറിയത്തിലേക്ക് കൂട്ടമായി തള്ളിക്കയറ്റമുണ്ടാകുകയും ഹാളിനുള്ളിൽ താഴേക്കുള്ള ചവിട്ടുപടികളിൽ വീണവർക്കുമേൽ പിറകെയുള്ളവർ ചവിട്ടിക്കയറുകയുമായിരുന്നു. ആഘോഷസന്ധ്യ ദുഃഖവേളയായത് പെട്ടെന്നാണ്. പൂർണമായും മുൻകൂട്ടി കാണാവുന്നതല്ല ഇതുപോലുള്ള വൻമേളകളിലെ അപകടസാധ്യതകൾ. വിചാരിച്ചിരുന്നതിലും എത്രയോ കൂടുതൽപേർ പരിപാടി ശ്രദ്ധിക്കാനെത്തി. പെട്ടെന്നുണ്ടായ മഴയും ഗേറ്റ് തുറന്നപ്പോഴത്തെ തിരക്കും ഓഡിറ്റോറിയത്തിനകത്തെ കുത്തനെയുള്ള പടവുകളെപ്പറ്റി ധാരണയില്ലായ്മയും എല്ലാം ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയുടെ നിയന്ത്രണം വളണ്ടിയർമാർക്കായിരുന്നു. അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു. പേരിനു മാത്രമേ പൊലീസ് ഉണ്ടായിരുന്നുള്ളൂ. ഇതിലൊന്നും അസാധാരണമോ അസ്വാഭാവികമോ ആയി ഒന്നുമില്ല. അതേസമയം സംഭവശേഷം ഉണരുന്ന വിവേകവും വീണ്ടുവിചാരവും പ്രധാനമാണ്. ഏതെല്ലാം വശങ്ങളിൽ വീഴ്ചയുണ്ടായെന്നും എന്തെല്ലാം മറിച്ച് ചെയ്യാമായിരുന്നെന്നും തിരിച്ചറിയുമ്പോഴാണ് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനാകുക. ദുരന്തങ്ങൾ നൽകുന്ന പാഠങ്ങളാണല്ലോ അവയുടെ ഗുണാത്മക വശം. ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലതലത്തിലും ആത്മപരിശോധന നടക്കുമെന്നുതന്നെ കരുതാം. നഷ്ടപ്പെട്ട ജീവൻ വീണ്ടെടുക്കാനാകില്ലെങ്കിലും ഭാവിയിലേക്ക് ഈ അന്വേഷണങ്ങൾ കരുതിവെപ്പാകും.
ആയിരക്കണക്കിനാളുകൾ ഒത്തുചേരുന്ന, പ്രത്യേകിച്ച് ഗാനമേളപോലെ ആവേശം പകരുന്ന പരിപാടിയുടെ നടത്തിപ്പിൽ മുൻകൂർ ആസൂത്രണവും ഒരുക്കവും കുറേക്കൂടി സൂക്ഷ്മതയോടെ വേണമായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. അപകടസാധ്യത തിരിച്ചറിയുന്നിടത്തും പാളിച്ചയുണ്ടായി. പരിപാടി വൈകുന്നതിനെപ്പറ്റി ആൾക്കൂട്ടത്തിന് ധാരണ ഉണ്ടാകാതിരുന്നത് പുറത്തെ തിരക്ക് കൂടാനിടയാക്കി. ഗേറ്റ് മുഴുവൻ തുറക്കാതെ നിയന്ത്രിച്ചശേഷം പെട്ടെന്ന് തുറന്നപ്പോൾ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട ഫലമാണുണ്ടായത്. ആസൂത്രണ ഘട്ടത്തിൽ നിസ്സാരമെന്ന് തോന്നാവുന്ന ഇത്തരം കാര്യങ്ങളാണ് ദുരന്താനന്തരം സാരമായ വീഴ്ചകളായി കാണപ്പെടുക. അത്യാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ അവലോകനം ചെയ്യുന്ന രീതി ഓരോ പരിപാടിക്ക് മുമ്പും അനുവർത്തിക്കേണ്ടതുണ്ട്. പതിവായി ഇത്തരം പരിപാടികൾ സുരക്ഷിതമായി നടക്കുന്നു എന്നതുകൊണ്ടുതന്നെ മുൻകരുതലുകളിൽ ശ്രദ്ധക്കുറവ് വരിക സാധാരണമാണ്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ നടത്തിപ്പിനും നേതൃത്വത്തിനുമൊപ്പം, കൂടുതൽ അനുഭവസമ്പത്തുള്ള അധ്യാപകരുടെ മേൽനോട്ടവും വേണ്ടതാണ്. കുസാറ്റ് ദുരന്തത്തിന് കാരണമായി ഒരൊറ്റ ഘടകം ചൂണ്ടിക്കാട്ടാനുണ്ടെങ്കിൽ അത്, കുത്തനെയുള്ള ചവിട്ടുപടികളെപ്പറ്റി ധാരണയില്ലാതുള്ള ജനപ്രവാഹമാണ്; അത് മുൻകൂട്ടി കാണാനായില്ലെന്നതും. ഇതിൽ കൂടുതൽ കരുതലും സൂക്ഷ്മതയും പുലർത്താനാകുക കാമ്പസിനകത്തുള്ളവർക്കാണ്. കരുതിക്കൂട്ടിയല്ലാതെ, ആകസ്മികമായി ഒത്തുവന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച ദുരനുഭവത്തെച്ചൊല്ലി ആരെയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. എന്നാൽ, പോരായ്മകൾ തിരിച്ചറിയുന്നതിനും വീഴ്ചകൾ ഒഴിവാക്കുന്നതിനും ആവശ്യമായ പുനരാലോചനകളും സ്വയം വിചാരണയും നടക്കേണ്ടതുണ്ടുതാനും.
ധാരാളം ആളുകളുള്ള സ്ഥാപനങ്ങളിലെ കെട്ടിട സംവിധാനങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതത്വ മാനദണ്ഡംവെച്ച് ഇടക്കിടെ പരിശോധിക്കുന്നത് ഫലം ചെയ്യും. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് പരിശീലനവും വിഭവങ്ങളുമുള്ള പൊലീസിന് എപ്പോഴും എല്ലായിടത്തും വൻതോതിൽ എത്താനാകില്ല; അതിന്റെ ആവശ്യവുമില്ല. എന്നാൽ, അടിസ്ഥാന ‘ക്രൗഡ് മാനേജ്മെന്റ്’ പരിശീലനവും സംവിധാനങ്ങളും പൊതു ഇടങ്ങളിൽ സംഘാടകർക്ക് ആവശ്യമാണ്. കുസാറ്റിൽ ആ വശമാണല്ലോ പാളിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുക എന്നതിനോളം പ്രധാനമാണ് ആളുകൾക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും അപ്പപ്പോൾ നൽകിക്കൊണ്ടിരിക്കുക എന്നത്. അടിയന്തരഘട്ടങ്ങളെ നേരിടാനുള്ള സൗകര്യവും പരിശീലനവും നഷ്ടം കുറക്കാൻ സഹായിക്കും. കുസാറ്റിൽ ആഹ്ലാദകരമായ ഒരു ഗാനമേളക്കായി എല്ലാ തയാറെടുപ്പും നടത്തിയിട്ടും ദുരന്തം നടന്നെന്നത്, കൂടുതൽ സൂക്ഷ്മതയോടെ, വിശദമായ മുന്നൊരുക്കങ്ങളുടെ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇത് മെച്ചപ്പെട്ട സംഘാടനശേഷി വളർത്താൻ ഉപകരിക്കട്ടെ. പാതിമുറിഞ്ഞ പാട്ടുപോലെ അകാലത്തിൽ വിടപറഞ്ഞവരുടെ വിയോഗം ആ നിലക്കെങ്കിലും സാർഥകമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.