നിയമത്തെ വഴിക്കുവിടുമോ, വരുതിയിലാക്കുമോ?
text_fieldsഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇതര ലോക ചാമ്പ്യൻഷിപ്പുകളിലും സുവർണപതക്കങ്ങൾ നേടി രാജ്യത്തിന്റെ കീർത്തി വിശ്വത്തോളം ഉയർത്തിയ ഇന്ത്യയുടെ ഗുസ്തിതാരങ്ങൾ പാതാളത്തോളം ക്ഷമിച്ചിട്ടും അവരുടെ സഹനസമരത്തിനുനേരെ അധികാരം പേശീബലമുയർത്തി നിൽക്കുകയാണിപ്പോഴും. വ്യക്തമായ തെളിവുകളുമായി പ്രശസ്തരായ ഗുസ്തിതാരങ്ങൾ വിരൽചൂണ്ടിയ തെറ്റുകാരനെ പിടികൂടി വേണ്ട ശിക്ഷ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനുപകരം കേസിനുനേരെ ചെവിപൊത്തുന്ന നിലപാടാണ് കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്നത്. എല്ലാവരുടെയും വികാസവും പെൺകുട്ടികളുടെ സുരക്ഷയുമൊക്കെ മുദ്രാവാക്യമായി ഉച്ചത്തിൽ മുഴക്കുന്ന പ്രധാനമന്ത്രി ഇന്നോളം ഈ വിഷയത്തിൽ മൻ കീ ബാത്ത് (മനസ്സിലിരിപ്പ്) വ്യക്തമാക്കിയിട്ടില്ല. പൗരസുരക്ഷക്ക് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രിയാകട്ടെ, കഴിഞ്ഞ ശനിയാഴ്ച നടന്ന പാതിരാ ചർച്ചക്കൊടുവിൽ ‘നിയമം അതിന്റെ വഴിക്കുനീങ്ങും’ എന്ന ഒരു പതിവു വർത്തമാനത്തിൽ അവസാനിപ്പിക്കുകയായിരുന്നു. നിയമത്തെ അതിന്റെ വഴിക്കുവിടുകയല്ല, തങ്ങളുടെ വഴിക്കു നടത്തുകയാണ് എന്നു ആരോപിച്ചുകൂടിയാണ് ഗുസ്തിതാരങ്ങൾ ന്യൂഡൽഹിയിലെ ജന്തർമന്തറിൽ പരസ്യപ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ, പ്രതിഷേധ പരിപാടിപോലും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് തടയുകയും ജന്തർമന്തർ ‘പിടിച്ചെടുത്ത്’ സമരനിരോധനം ഏർപ്പെടുത്തുകയുമായിരുന്നു കേന്ദ്രസർക്കാറിനു കീഴിലുള്ള ഡൽഹി പൊലീസ്. ഒടുവിൽ ഗത്യന്തരമില്ലാതെ, തങ്ങളുടെ പതക്കങ്ങൾ ഗംഗയിലെറിയാൻ തീരുമാനമെടുത്തു. 1960ൽ ലോകചാമ്പ്യൻ പട്ടംകെട്ടിയിട്ടും വർണവിവേചന പീഡനത്തിൽനിന്നു രക്ഷകിട്ടാതെവന്ന നിസ്സഹായതയിൽ സ്വന്തം സ്വർണമെഡൽ ഓഹിയോ നദിയിൽ എറിഞ്ഞ ലോക ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ പിന്തുടരുകയായിരുന്നു പീഡനത്തിനെതിരെ വിഫലസമരം നയിക്കേണ്ടിവന്ന താരങ്ങൾ. എന്നാൽ, അതിനിടെ കർഷക പ്രക്ഷോഭ നായകൻ നരേഷ് ടികായത് അവരെ തടഞ്ഞ് ചെറിയൊരു ഇടവേള വാങ്ങിയെടുക്കുകയായിരുന്നു. അങ്ങനെ ജൂൺ ഒമ്പതിന് മുമ്പായി കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നു അവർ ആവശ്യപ്പെട്ടു. അതേത്തുടർന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷായെ അവർ വീട്ടിലെത്തി കണ്ടത്. മണിക്കൂർ നീണ്ട ചർച്ചയുടെ ഒടുവിൽ ഫലം നിരാശയായിരുന്നു എന്നാണ് സമരക്കാരുടെ ആദ്യപ്രതികരണങ്ങൾ വ്യക്തമാക്കിയത്. അതേസമയം, പ്രക്ഷോഭത്തിന്റെ മുൻനിരയിൽനിന്ന പ്രമുഖ താരങ്ങൾ കഴിഞ്ഞ ദിവസം ജോലിയിൽ പുനഃപ്രവേശിച്ചതായാണ് റിപ്പോർട്ട്. പ്രക്ഷോഭത്തിൽനിന്നു പിറകോട്ടില്ല എന്ന് അവർ വ്യക്തമാക്കിയിട്ടുമുണ്ട്.
നിയമത്തെ വഴിക്കുവിടുമെന്നുപറഞ്ഞ കേന്ദ്രം ഏതുവഴിയാണ് ഉദ്ദേശിച്ചത് എന്നു വരുംനാളുകളിൽ വ്യക്തമാകാനിരിക്കുന്നേയുള്ളൂ. മാസങ്ങളായി തുടരുന്ന സമരത്തിൽ ഉയർന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനോ, ഈ വിഷയത്തിൽ ലോക ഗുസ്തി ഫെഡറേഷൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളുടെ അഭിപ്രായത്തിനു ചെവികൊടുക്കാനോ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തയാറായിട്ടില്ല. പകരം സമരത്തെ താറടിക്കാനും തകർക്കാനുമുള്ള ശ്രമമാണ് നിർഭാഗ്യവശാൽ ഔദ്യോഗിക സംവിധാനങ്ങളിൽനിന്നുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവും പിന്നീട് കർഷക സമരവും പൊളിച്ചുകളയാൻ ശ്രമിച്ച രീതിയിൽതന്നെ ഈ സമരത്തെയും നേരിടുന്നതിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. അതേസമയം, കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺസിങ് പലവുരു മാധ്യമങ്ങൾക്കുമുന്നിൽ ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടുകയും പ്രശ്നത്തിന് വർഗീയ രാഷ്ട്രീയമാനം നൽകി തനിക്കു പിന്തുണയൊപ്പിക്കാനുള്ള വേലകളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇര വിരൽചൂണ്ടിയാൽ മതി, ജാമ്യമില്ലാ കേസിൽ കുടുങ്ങി പ്രതി പൊടുന്നനെ അകത്താകുന്ന പോക്സോ വകുപ്പ് അടക്കമുള്ള രണ്ടു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടയാളാണ്, കുറ്റം തെളിയിക്കാൻ സി.സി.ടി.വി വിഡിയോയും പടങ്ങളും ദൃക്സാക്ഷികളെയും കൊണ്ടുവരൂ എന്നു മാധ്യമങ്ങൾക്കുമുന്നിൽനിന്ന് വെല്ലുവിളിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ പരസ്യപിന്തുണ പോലും അയാൾക്കു ലഭിക്കുന്ന വിചിത്രവിശേഷമുണ്ടായി. സർക്കാറിന്റെ പ്രചാരവേലകൾക്കു മുന്നിലുണ്ടാവാറുള്ള വാർത്ത ഏജൻസി എ.എൻ.ഐ അടക്കമുള്ള മാധ്യമങ്ങൾ ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്, കുറ്റാരോപിതനായ സിങ്ങിനെതിരെ മതിയായ തെളിവു കണ്ടെത്താനായില്ലെന്നു വാർത്ത നൽകി. അതു ഡൽഹി പൊലീസിന് നിഷേധിക്കേണ്ട സ്ഥിതിയുണ്ടായി. പോക്സോ പരാതിയിലെ ഇരയുടെ അമ്മാവനെന്നു പറഞ്ഞൊരാൾ, താരങ്ങൾ കുട്ടിയെ നിർബന്ധിച്ചു ഫെഡറേഷൻ പ്രസിഡന്റിനെതിരെ പറയിക്കുകയായിരുന്നു എന്ന വിഡിയോ ക്ലിപ്പുമായി രംഗത്തെത്തി. അതിൽ പോക്സോ വകുപ്പുകൾക്കു വിരുദ്ധമായി ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകപോലും ചെയ്തു. പോക്സോ രാജ്യവ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമം പുനഃപരിശോധിക്കാനും താനും പിന്തുണക്കാരും കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്നും സിങ് പരസ്യപ്രസ്താവനയിറക്കി. അതും പോരാഞ്ഞ് അയോധ്യയിൽ ഹിന്ദുമത നേതാക്കളുടെ മഹാറാലി വിളിച്ചുചേർത്ത് ബലാത്സംഗവിരുദ്ധ നിയമവും പോക്സോ നിയമവും കൈയൊഴിക്കുകയോ ഇല്ലെങ്കിൽ നേർപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യം ഉന്നയിപ്പിക്കാനുള്ള ശ്രമം നടന്നു, ഒടുവിൽ അതു കാൻസൽ ചെയ്തെങ്കിലും. ഈ വിധമൊക്കെ നിയമത്തെ സ്വന്തം വരുതിയിൽ നിർത്താനുള്ള കുറ്റാരോപിതന്റെ വഴിവിട്ട നീക്കങ്ങളെ തടസ്സപ്പെടുത്താതിരിക്കാനുള്ള കവിഞ്ഞ ശ്രദ്ധ കേന്ദ്രം പുലർത്തുന്നതാണ് ഈ വിഷയത്തിലുടനീളം കണ്ടത്.
ഏറ്റവുമൊടുവിൽ ആഭ്യന്തര മന്ത്രിയുമായുള്ള ചർച്ചക്കുശേഷം സമരക്കളത്തിൽനിന്നു ജോലിയിലേക്കു തിരിച്ചുകയറാനുള്ള താരങ്ങളുടെ തീരുമാനം വരുന്നതും അതു സർക്കാർ വിലാസം മാധ്യമങ്ങൾ കൊണ്ടാടുന്നതും കാണുമ്പോൾ, മുൻസമരങ്ങളെ കൈകാര്യം ചെയ്ത രീതിയിൽതന്നെ ഗുസ്തിസമരത്തെയും നേരിടുമോ എന്ന സംശയം ബലപ്പെടുകയാണ്. നിയമത്തെ അതിന്റെ വഴിക്കുവിടാൻ തന്നെയാണോ, അതോ ജനകീയ സമരങ്ങളെ മുമ്പെന്നപോലെ നേരിടാനാണോ കേന്ദ്രത്തിന്റെ തീരുമാനമെന്ന് വൈകാതെ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.