Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘അൺമ്യൂട്ട്’ ചെയ്യാം...

‘അൺമ്യൂട്ട്’ ചെയ്യാം ജനാധിപത്യത്തെ

text_fields
bookmark_border
‘അൺമ്യൂട്ട്’ ചെയ്യാം ജനാധിപത്യത്തെ
cancel

3600 മിനിറ്റ് നേരത്തേക്ക് പ്രവർത്തിക്കേണ്ടിയിരുന്ന പാർലമെന്റിലെ ഇരുസഭകളും കഴിഞ്ഞയാഴ്ച പ്രവർത്തിച്ചത് വെറും 218 മിനിറ്റ് നേരത്തേക്ക്. ഭരണപക്ഷ- പ്രതിപക്ഷ എം.പിമാരുടെ മുദ്രാവാക്യം വിളിയും ബഹളവും പോർവിളിയും മൈക് ഓഫാക്കലും സൻസദ് ടി.വിക്ക് ശബ്ദം നഷ്ടപ്പെട്ടതുമെല്ലാം ചേർന്ന് ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നത സ്ഥാപനങ്ങൾ പരിഹാസപാത്രമാകുന്നതാണ് കണ്ടത്. ഇന്ന് സഭചേരുമ്പോൾ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ പലർക്കുമില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തുചെന്ന് ഇന്ത്യയെ നാണം കെടുത്തിയതിന് മാപ്പുപറയണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനി ഗ്രൂപ്പും തമ്മിലെ ബന്ധത്തെപ്പറ്റി സംയുക്ത പാലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നതോടെ അതിനെ പ്രതിരോധിക്കാനാണ് മാപ്പാവശ്യം എടുത്തിട്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സഭാനടപടികൾ രചനാത്മകമായി നടത്തിക്കൊണ്ടുപോകുന്നതിൽ ‘ഭൂരിപക്ഷ ബെഞ്ചു’കൾക്കും സഭാധ്യക്ഷർക്കും പ്രത്യേക ബാധ്യതയുണ്ട്​​. ഒരാഴ്ച ലോക്സഭ 65 മിനിറ്റും രാജ്യസഭ 153 മിനിറ്റുമാണ് പ്രവർത്തിച്ചതെങ്കിൽ, ആത്മപരിശോധന തുടങ്ങേണ്ടതും അവിടെത്തന്നെ.

രാജ്യഭരണത്തെ നിശിതമായി പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല ഈ ജനപ്രതിനിധികൾക്കുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് അനുഭാവപൂർവമായ പരിഗണന നൽകുന്നതാണ് ജനാധിപത്യത്തിന്റെ രീതിയും നമ്മുടെ പാർലമെന്റിന്റെ കീഴ്വഴക്കവും. ജനങ്ങൾക്കുവേണ്ടി സർക്കാറിനെ നിരൂപണം ചെയ്യുകയെന്ന ഉത്തരവാദിത്തം നിർവഹിക്കാനാവശ്യമായ അന്തരീക്ഷമൊരുക്കേണ്ടത് സ്പീക്കറുടെയും രാജ്യസഭാധ്യക്ഷന്റെയും ഭരണഘടനാപരമായ ബാധ്യതയാണ്. ബഹളമുണ്ടാകുമ്പോൾ തൽക്കാലം നടപടികൾ നിർത്തിവെച്ചാലും കൂടിയാലോചനകളിലൂടെ സാധാരണനില വീണ്ടെടുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്നത് ഭരണപക്ഷത്തിന്റെയും അധ്യക്ഷപദവിയിലിരിക്കുന്നവരുടെയും അംഗീകൃത രീതിയാണ്.

ഇന്ത്യയിൽ ജനാധിപത്യം ദുർബലമാകുന്നു എന്ന രാഹുലിന്റെ പരാതിക്ക് സാധൂകരണം നൽകുന്നതാണ് സഭയിലെ അവസ്ഥ എന്നതല്ലേ സത്യം? അത്തരം പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കുന്നതാണ് ജനാധിപത്യരീതി. പാർലമെന്റിൽ രാഹുലിനെതിരെ നാലു മന്ത്രിമാർ ഏകപക്ഷീയമായി ആരോപണമുന്നയിച്ചതിന് മറുപടി പറയാൻ അവസരം നിഷേധിച്ചത് ജനാധിപത്യത്തിന്റെ ദൗർബല്യം തന്നെയല്ലേ കാണിക്കുന്നത്? വെള്ളിയാഴ്ച തനിക്ക് സംസാരിക്കാൻ അവസരം നൽകണമെന്നഭ്യർഥിച്ച് രാഹുൽ വ്യാഴാഴ്ച സ്പീക്കർ ഓം ബിർലയെ നേരിട്ടു കണ്ടിരുന്നു. പക്ഷേ, അത് നൽകിയില്ല. ജനാധിപത്യത്തിന്റെ ശക്തിയല്ലല്ലോ ഇത് വിളിച്ചറിയിക്കുന്നത്. പ്രതിപക്ഷാംഗങ്ങളുടെ മൈക്ക് ഓഫാക്കുന്ന രീതിയുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് സഭാ ടെലിവിഷൻ ‘മ്യൂട്ടാ’യിപ്പോയത്. സാങ്കേതിക തകരാറുകൊണ്ടാണെന്ന് വിശദീകരണമുണ്ടെങ്കിലും, ആ സമയത്തെ ദൃശ്യങ്ങളിലും പ്രതിപക്ഷത്തെ ഏറക്കുറെ അവഗണിച്ചു എന്നതാണ് വസ്തുത. സ്പീക്കറുടെ നിർത്തിവെക്കൽ പ്രഖ്യാപനത്തിന്റെ സമയത്താണ് നിശ്ശബ്ദമാക്കപ്പെട്ട സഭ ടി.വി ശബ്ദം വീണ്ടെടുത്തത്.

രാഹുലിന് മറുപടി പറയാൻ അവസരം നൽകുക അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചവരുടെതന്നെ താൽപര്യമാകേണ്ടതാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശബ്ദവും ‘മ്യൂട്ട്’ ചെയ്യപ്പെടുന്നത്? രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി നഡ്ഡ ആവർത്തിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെടുന്നത് രാജ്യത്തെ വിദേശങ്ങളിൽ നിന്ദിച്ചതിന് പ്രധാനമന്ത്രി മോദി മാപ്പുപറയണമെന്നാണ്. ഇന്ത്യയിൽ ജനിക്കാനിടയായത് ഏതു മുജ്ജന്മ പാപം മൂലമാണെന്നുവരെ വിദേശത്തുചെന്ന് ചോദിച്ചിട്ടുണ്ട്​ അദ്ദേഹം. ദക്ഷിണ കൊറിയയിലും ജർമനിയിലും ചൈനയിലും അമേരിക്കയിലും കാനഡയിലുമെല്ലാം മോദി ചെയ്ത ചില പ്രസംഗങ്ങൾ മറുപക്ഷം പുറത്തുവിട്ടിട്ടുണ്ട്. രാഹുലിന്റേത് വിമർശനമാണെന്നും മോദിയുടേത് നിന്ദയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഭരണസംവിധാനങ്ങൾ വിഭാഗീയ ശക്തികൾ തട്ടിയെടുത്തതായി ആരോപിക്കുന്ന രാഹുൽ, ഇന്ത്യയുടെ വിദേശനയം അദാനിഗ്രൂപ്പിനുവേണ്ടി വളച്ചു എന്ന ഗുരുതരമായ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. അദാനിയും മോദിയും ഒപ്പം നടത്തിയ വിദേശയാത്രകൾ, മോദിക്കു പിന്നാലെ അദാനി നടത്തിയ യാത്രകൾ, അവിടങ്ങളിൽ അദാനി ഒപ്പുവെച്ച വൻ കരാറുകൾ എന്നിവയെപ്പറ്റി രാഹുലിന് നൽകാവുന്ന ഏറ്റവും നല്ല തിരിച്ചടി, ആ വിവരങ്ങൾ പുറത്തുവിട്ടും പാർലമെന്റിൽ ചർച്ച അനുവദിച്ചും ആരോപണങ്ങൾ ഖണ്ഡിക്കുകയാണ്. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ ജെ.പി.സി അന്വേഷണം രാഹുലിന് നൽകാവുന്ന നല്ല മറുപടിയാകും. എന്നാൽ, സുതാര്യമാണെല്ലാം എന്ന് സ്ഥാപിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്താതെ, എല്ലാം അതാര്യമാണെന്ന ആരോപണത്തിന് ബലംനൽകുന്ന രീതിയിലാണ് സർക്കാറിന്റെ സമീപനം. ജനാധിപത്യത്തിലെ നിശിത പരിശോധനയുടെയും വിയോജിപ്പുകളുടെയും വേദിയാകേണ്ട പാർലമെന്റിന്റെ വായ മൂടിക്കെട്ടുന്നു എന്നുവരുന്നത് രാജ്യത്തിന് മാത്രമല്ല, ഭരണപക്ഷത്തിനും അഭിമാനകരമല്ല. രാഹുൽ ഗാന്ധിക്ക് തന്റെ നിലപാട് വ്യക്തമാക്കാനും പ്രതിപക്ഷത്തിന് സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാനും കഴിയേണ്ടതുണ്ട്. ജനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നതും വൻ പണച്ചെലവിൽ സഭകൾ നടത്തുന്നതും ചർച്ചകൾ സ്തംഭിപ്പിച്ച് ജനാധിപത്യത്തെ അവഹേളിക്കാനല്ല. പാർലമെന്റിന് അതിന്റെ ശബ്ദം വീണ്ടെടുത്തു കൊടുക്കണം. ‘മ്യൂട്ട്’ ചെയ്യപ്പെട്ട ജനാധിപത്യം ജനാധിപത്യമേയല്ല. സർക്കാറിന്റെ കൈകൾ ശുദ്ധമാണെങ്കിൽ, വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെങ്കിൽ, പ്രതിപക്ഷാവശ്യം അനുവദിച്ചു കൊടുക്കാൻ മടിക്കേണ്ടതില്ല. ഇനി വരുന്ന ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും ജനാധിപത്യത്തിനനുസൃതമായി പ്രവർത്തിക്കുമെന്നും ജനാധിപത്യം ദുർബലപ്പെടുന്നില്ലെന്ന് തെളിയിക്കാനാകുമെന്നും പ്രതീക്ഷിക്കാമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial -Democracy can be 'unmuted'
Next Story