കോൺഗ്രസിന്‍റെ പുതുനിശ്ചയങ്ങൾ
text_fieldsഐക്യവും അച്ചടക്കവും ഇച്ഛാശക്തിയുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രഭരണം പിടിക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് കോൺഗ്രസിന്‍റെ 85 ാം പ്ലീനറി സമ്മേളനം ഞായറാഴ്ച സമാപിച്ചത്. ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിലുള്ള രണ്ടേ രണ്ടു സംസ്ഥാനങ്ങളിലൊന്നായ ഛത്തിസ്ഗഢിലെ റായ്പൂരിലെ നാലുനാൾ സമ്മേളനം പിരിഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിനുള്ള കച്ച മുറുക്കിയാണ്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 58 രാഷ്ട്രീയ പ്രമേയങ്ങളുടെ പൊതുശബ്ദം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മത്സരമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയും നേതൃദ്വയത്തിലെ രണ്ടാമനുമായ അമിത് ഷായുടെ വെല്ലുവിളിക്കുള്ള മറുപടിയാണ്. ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് സമ്മേളനം തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ശൈലിയിൽനിന്നു ഒരു പടി കടന്ന് 2024-25 സാമ്പത്തികവർഷത്തേക്കു കാണുന്ന ഗവൺമെന്‍റ് നയപരിപാടികളുടെ വിശദാംശങ്ങൾ ചില പ്രമേയങ്ങളിലുണ്ട്. ആരോഗ്യപരിരക്ഷയുടെ ബജറ്റ് വിഹിതം ഇരട്ടിപ്പിക്കൽ, ഭരണഘടന സ്ഥാപനങ്ങളുടെ കെട്ടുറപ്പ്, തെരഞ്ഞെടുപ്പ് ശുദ്ധീകരണം, ജുഡീഷ്യറിക്കും മീഡിയക്കും സ്വാതന്ത്ര്യം, പൗരാവകാശ, സ്വാതന്ത്ര്യസംരക്ഷണം, പാർശ്വവത്കൃതർക്കും ന്യൂനപക്ഷങ്ങൾക്കും സാമ്പത്തിക, സാമൂഹികശാക്തീകരണം പകരുന്ന പുതിയ പരിപാടികൾ തുടങ്ങി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തിന്റേത്. തൊഴിലില്ലായ്മ, ദാരിദ്ര്യനിർമാർജനം, പണപ്പെരുപ്പം, സ്ത്രീശാക്തീകരണം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു വിഷൻ ഡോക്യുമെന്‍റ് 2024 പുറത്തിറക്കാൻ പാർട്ടിക്ക് പരിപാടിയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്നു ഭിന്നമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുകയല്ല, നാടിനെ പ്രതിസന്ധിയിലാഴ്ത്തിയ മോദിയുടെ ഭരണവീഴ്ചകൾ ചൂണ്ടിയുള്ള പ്രചാരണത്തിനാണ് കോൺഗ്രസ് ഊന്നൽ നൽകുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി വരേണ്യപൂജാരിമാരുടെ പാർട്ടിയായി മാറിയെന്ന് ആരോപിച്ച കോൺഗ്രസ് ജാതി സെൻസസും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും എതിരായ വിദ്വേഷ അതിക്രമങ്ങൾക്കെതിരെ നിയമനിർമാണവും നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി-വർഗ-ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കു ധനസഹായം, പത്ത്, പന്ത്രണ്ട് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാമ്പത്തികസഹായം, വീട്ടമ്മമാർക്ക് അലവൻസ് തുടങ്ങി കീഴാള ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങാനുള്ള പരിപാടികളും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഭരണഘടന ഭേദഗതി ചെയ്ത് പാർട്ടി പദവികളിൽ അമ്പതു ശതമാനം പട്ടികജാതി/വർഗ/ന്യൂനപക്ഷവിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. സംവരണം ചെയ്തതും അല്ലാത്തതുമായ എല്ലാ പദവികളിലും പാതി സ്ത്രീകൾക്കും യുവാക്കൾക്കുമായി നീക്കിവെക്കാനും നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഗരവാസികൾക്കിടയിലാണ് കോൺഗ്രസ് പിന്തള്ളപ്പെട്ടത്. ആം ആദ്മി കടന്നുവന്നതും അതിലേക്കുതന്നെ. അതിനാൽ, നഗരവോട്ടർമാരെ മുന്നിൽകണ്ടുള്ള വികസനപരിപാടികൾകൂടി പുതിയ നയരേഖയുടെ ഭാഗമാകും.
ഹിന്ദുത്വവംശീയ അജണ്ട ബി.ജെ.പി കടുപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതും അതിന്‍റെ മൃദുഭാവം ആം ആദ്മി കൈയിലെടുക്കുകയും ചെയ്തതോടെ വർഷങ്ങളായി ഹിന്ദുത്വയെ നേർപ്പിക്കാനുള്ള വൃഥാവ്യായാമം ഉള്ള വോട്ടുബാങ്ക് നേർപ്പിക്കുന്നതിലേ കലാശിക്കൂ എന്ന തിരിച്ചറിവിൽ പാർട്ടി എത്തിയതിന്‍റെ സൂചനകളും റായ്പൂരിൽ കണ്ടു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചോർച്ച തടഞ്ഞ് ഏകീകരിക്കാനുള്ള ശ്രമത്തിലേക്കു മാറുകയാണ് പാർട്ടി. അതിലെ ശൈഥില്യം ഒഴിവാക്കാനാണ് വിശാല മുന്നണിക്കായി സമ്മേളനം ഇരുകൈയും നീട്ടിയതും മൂന്നാംമുന്നണിയെന്ന ആത്മഹത്യ നീക്കത്തിനെതിരെ ശക്തമായി മുന്നറിയിപ്പ് നൽകിയതും. ബി.ജെ.പിയുടെ ഹിന്ദുത്വവംശീയതയെയും ഭ്രാന്തൻ ദേശീയതയേയും അനുഭവത്തിലെ അപാകങ്ങൾ ചൂണ്ടി ശക്തമായി എതിർക്കാനാണ് തീരുമാനം. ഹിന്ദുത്വത്തിനുപകരം സാമൂഹിക പുനരുജ്ജീവനവും സാമൂഹിക നീതിയും എടുത്തുകാട്ടും. ദേശീയതയെ ധ്രുവീകരണായുധമാക്കുന്ന ബി.ജെ.പി ചൈനയുടെ കടന്നുകയറ്റത്തിനു മുന്നിൽ പകച്ചുനിൽക്കുന്നതും അദാനിയെന്ന മോദികാലത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് രാജ്യം പതിച്ചുനൽകുന്നതും എടുത്തുയർത്തി അവരുടെ കാപട്യം ജനത്തെ ബോധ്യപ്പെടുത്തും. ഇങ്ങനെ ബി.ജെ.പിയെ അധികാരത്തിൽനിന്നിറക്കാനുള്ള സമഗ്രമായ പ്രവർത്തനപരിപാടിയാണ് കോൺഗ്രസ് ആവിഷ്കരിച്ചിരിക്കുന്നത്.
തൃണമൂലതലത്തിലുള്ള ജനവികാരം മനസ്സിലാക്കാൻ ജോഡോ യാത്ര കോൺഗ്രസിനെ സഹായിച്ചു. അരുണാചൽ പ്രദേശ് മുതൽ ഗുജറാത്ത് വരെ മറ്റൊരു യാത്ര തീരുമാനിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടിയാണ് ബഹുജനാടിത്തറയും കേഡർ ഘടനയുമുള്ള കരുത്തുറ്റ പുതു കോൺഗ്രസിനെ അവതരിപ്പിക്കാനും വ്യക്തമായ ദിശാബോധത്തോടെ വരും തെരഞ്ഞെടുപ്പുകളെ നേരിടാനുമുള്ള റായ്പൂർ തീരുമാനം. പ്രമേയങ്ങളൊക്കെ പ്രവൃത്തിപഥത്തിൽ എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിജയമെന്ന് രാഹുൽ, പ്രിയങ്ക ഗാന്ധിമാർ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയെ പുനരുദ്ധരിക്കാനുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടതാണ്. കഴിഞ്ഞ മേയിൽ ഉദയ്പൂരിൽ ചിന്തൻ ശിബിരിലും ദൃഢതീരുമാനങ്ങളുണ്ടായി. അതൊക്കെയും വഴിയിൽ കിടന്ന അനുഭവമാകുമോ അവരെക്കൊണ്ട് ഇതു പറയിച്ചത് എന്നറിയില്ല. എന്നാൽ, ഒന്നുറപ്പിക്കാം. കൈകൾ കോർത്തു മുന്നോട്ട് (ഹാഥ് സേ ഹാഥ് ജോഡോ) എന്നാണ് പുതു കോൺഗ്രസ് മുദ്രാവാക്യം. അകത്തും പുറത്തും ഇതു പ്രയോഗത്തിൽ വരുത്താനായാൽ കോൺഗ്രസിന് ഇനിയും പോർവിളിക്കും പോരാട്ടത്തിനും ബാല്യമല്ല, നിറയൗവനം തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.