ജന്തർമന്തറിൽനിന്നുള്ള മുദ്രാവാക്യങ്ങൾ
text_fieldsരാജ്യത്ത് പൗരാവകാശ സംരക്ഷണത്തിനായി ഏർപ്പെടുത്തിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈസ്തവ ന്യൂനപക്ഷ വിഭാഗം രാഷ്ട്രപതി ദ്രൗപദി മുർമുവിന് സങ്കടഹരജി നൽകിയിരിക്കുന്നു. ദേശീയ ന്യൂനപക്ഷ കമീഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവയെല്ലാം നിലവിലിരിക്കെതന്നെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്പരിവാർ നേതൃത്വത്തിൽ ആസൂത്രിതമായ ഉന്മൂലനശ്രമങ്ങൾ നടന്നുവരുകയാണെന്ന് രാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ അവർ ചൂണ്ടിക്കാട്ടി. ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിൽ ക്രൈസ്തവ വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് സമുദായത്തിനെതിരെ നടക്കുന്ന വ്യാപകമായ ആക്രമണത്തിൽ പ്രതിഷേധിക്കുകയും ഭരണകൂട ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ‘അടിച്ചമർത്താം, ഇല്ലാതാക്കാനാവില്ല’ എന്ന സന്ദേശമുയർത്തി, വിവിധ സഭകളും 79 ക്രൈസ്തവ സംഘടനകളും നടത്തിയ പ്രതിഷേധ സംഗമം ദേശീയശ്രദ്ധയാകർഷിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, കർണാടക സംസ്ഥാനങ്ങളിൽ ക്രൂരമായ പീഡനത്തിനും വ്യാപകമായ കൈയേറ്റങ്ങൾക്കും കുടിയിറക്കിനും ക്രൈസ്തവസമുദായം ഇരയായിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഇതേ നഗരിയിൽവെച്ചാണ് കുപ്രസിദ്ധനായൊരു ഹിന്ദുത്വവാദി നേതാവ്, ന്യൂനപക്ഷങ്ങളെയൊന്നാകെ ഉന്മൂലനംചെയ്യാൻ ആഹ്വാനംചെയ്തത്. ഫാഷിസത്തിന്റെ ഭരണത്തണലിൽ, വംശീയവെറി തീതുപ്പുന്ന നിരവധി ആക്രോശങ്ങളിൽ ഒന്നുമാത്രമായിരുന്നു അത്; ന്യൂനപക്ഷങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ സമീപനത്തിന്റെ നിദർശകമായും അതിനെ കണക്കാക്കാം. ഇത്തരത്തിൽ, ന്യൂനപക്ഷങ്ങളൊന്നാകെയും വലിയ അസ്തിത്വപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ക്രൈസ്തവ സംഘടനകൾ ഈ അനീതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത് ശുഭോദർക്കമാണ്.
ഏതാനും മാസങ്ങളായി, ഛത്തിസ്ഗഢ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനംപ്രതിയെന്നോണം ക്രൈസ്തവ ജനവിഭാഗങ്ങൾക്കുനേരെ സംഘ്പരിവാർ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണ്. വിശ്വാസികളായ സ്ത്രീകളെ അർധനഗ്നരാക്കി വഴിയിലൂടെ നടത്തി ആൾക്കൂട്ടത്തിനു മുന്നിൽ പ്രദർശിപ്പിച്ച സംഭവമടക്കം ഇതിനകംതന്നെ വലിയ വാർത്തയായി; എത്രയോ ആരാധനാലയങ്ങളിലെ ക്രിസ്തുപ്രതിമകൾ തകർക്കപ്പെട്ടു; വീടുകൾ അഗ്നിക്കിരയായി. നിർബന്ധിത മതപരിവർത്തനവും മറ്റും ആരോപിച്ചാണ് ഈ ആക്രമണങ്ങളത്രയും. ചുരുങ്ങിയത് അരഡസൻ സംസ്ഥാനങ്ങളിലെങ്കിലും ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതർ മൗനം തുടരുകയായിരുന്നു; ദേശീയ ന്യൂനപക്ഷ കമീഷൻ അടക്കമുള്ള അർധ ജുഡീഷ്യൽ സ്ഥാപനങ്ങളും വേട്ടക്കാർക്കൊപ്പം നിലയുറപ്പിച്ചു. സഭയുടെ എണ്ണംപറഞ്ഞ ചില നേതാക്കൾ പലപ്പോഴും ഇതേ അധികാരവർഗത്തോട് ചങ്ങാത്തം സ്ഥാപിച്ചവരായിരുന്നുവെന്നോർക്കണം. ആ നിലയിലുള്ള പല സൗഹൃദസംഭാഷണങ്ങൾക്കും അധികാരിവർഗത്തിന്റെ അരമനകൾ എത്രയോ സാക്ഷിയായതുമാണ്. പക്ഷേ, ആ ചങ്ങാത്തത്തിനൊന്നും വേട്ടക്കാരെക്കൊണ്ട് ആയുധം താഴെവെപ്പിക്കാനായില്ല. ഒരുപക്ഷേ, ഈ തിരിച്ചറിവാകാം ക്രൈസ്തവ സംഘടനകളെ പുതിയൊരു അവകാശപ്പോരാട്ടത്തിലേക്ക് എത്തിച്ചത്. രാജ്യത്തെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളും സമാനമായ അവകാശ മുദ്രാവാക്യങ്ങൾ നേരത്തേ ഉയർത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ്, ഡൽഹിയിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംഘടിപ്പിച്ച സമ്മേളനത്തിലും ഉയർന്നുകേട്ടത് അവകാശപ്പോരാട്ട മുദ്രാവാക്യങ്ങൾതന്നെയാണ്. ആർ.എസ്.എസുമായി മുസ്ലിം സംഘടനകൾ നടത്തിയ ചർച്ചയിലും, ഇനിയും അടിച്ചമർത്തലിന് വഴങ്ങാനാകില്ലെന്ന സന്ദേശംതന്നെയാണ് മുന്നോട്ടുവെച്ചത്. രാജ്യത്തെ ദലിത്, ആദിവാസി സംഘടനകളും അവരുടെ സ്വത്വാധിഷ്ഠിതമായ അവകാശപ്രഖ്യാപനങ്ങളുമായി സമരരംഗത്തുണ്ട്. മറ്റൊരർഥത്തിൽ, ഹിന്ദുത്വയുടെ മർദനങ്ങൾക്കിരയായ ജനസമൂഹങ്ങൾ വ്യവസ്ഥാപിത രാഷ്ട്രീയ പ്രതിരോധങ്ങൾക്കപ്പുറമുള്ള പുതിയൊരു സമരമുഖം തുറക്കാനുള്ള ഒരുക്കത്തിലാണ്. ഇത് സംഘ്പരിവാറിനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കുകതന്നെ ചെയ്യും.
ഒരർഥത്തിൽ, രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമായുള്ളൊരു സങ്കടഹരജിയായി ജന്തർമന്തറിൽനിന്ന് ഉയർന്നുകേട്ട മുദ്രാവാക്യങ്ങളെ കാണാം. ന്യൂനപക്ഷങ്ങളില്ലാത്ത, എല്ലാ അർഥത്തിലും ‘ഏകമുഖ’മായൊരു ഇന്ത്യയാണ് ആത്യന്തികമായി ഹിന്ദുത്വ സ്വപ്നംകാണുന്നത്. ഏക സിവിൽ കോഡ് അടക്കമുള്ള നിയമനിർമാണശ്രമങ്ങളെല്ലാം ആ ലക്ഷ്യത്തിലേക്കുള്ള വഴികളാണ്. ഒരുവശത്ത്, ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് പ്രത്യക്ഷത്തിൽതന്നെ ഉന്മൂലനംചെയ്യാനുള്ള പരിപാടികൾ ഭരണവർഗം ആസൂത്രണംചെയ്യുന്നു. മറുവശത്ത്, ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്ക് കൈവന്നിട്ടുള്ള സർവ അവകാശങ്ങളും ഹനിച്ചുകൊണ്ടിരിക്കുന്നു. അതിനായി, പാർലമെന്റിലെ ‘ഭീകര’ ഭൂരിപക്ഷത്തെ ദുരുപയോഗംചെയ്യുന്നു. മുന്നാക്ക സംവരണം എന്ന പേരിൽ നടപ്പാക്കിയ സവർണസംവരണം ഫലത്തിൽ ന്യൂനപക്ഷ, പിന്നാക്ക സംവരണത്തെയും അതുവഴി അവർക്കുണ്ടാകാവുന്ന ഭരണകൂട പ്രതിനിധാനത്തെയുമാണ് ഇല്ലായ്മചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ, ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിവിധ സ്കോളർഷിപ്പുകൾ നിർത്തലാക്കിയതും ന്യൂനപക്ഷ നിഷ്കാസന പദ്ധതിയുടെ ഭാഗമായിട്ടാണ്. പൗരത്വ ഭേദഗതി നിയമംപോലെ, മുസ്ലിം ന്യൂനപക്ഷങ്ങൾക്കുനേരെ സവിശേഷമായ മറ്റുചില പദ്ധതികളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എന്തിനേറെ, പാർലമെന്റിൽ ഭരണപക്ഷത്ത് ഒരു മുസ്ലിം അംഗംപോലും ഇല്ലാതായിരിക്കുന്നു. വ്യവസ്ഥാപിതമായ ഈ ഉന്മൂലനശ്രമങ്ങളെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുവെന്നത് ചെറിയ കാര്യമല്ല. ആ തിരിച്ചറിവിൽനിന്നാണ് ഇത്തരം സമരങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെടുന്നത്. അതിനാൽ, ജനാധിപത്യ-ഭരണഘടന മൂല്യങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന സകലരും ഈ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.