പിന്നെയും ആൾക്കൂട്ടക്കൊലകൾ
text_fieldsരാജ്യവും സംസ്ഥാനവും പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട മഹത്തായ ജനകീയപ്രക്ഷോഭത്തിൽ തിളച്ചുമറിയുന്ന സന്ദർഭത്തിലായതുകൊണ്ടാവണം നമ്മുടെ സംസ്ഥാനത്ത് ഈയാഴ്ച നടന്ന രണ്ട് ആൾക്കൂട്ടക്കൊലകൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം വാളകം അണ്ടൂർ രത്നവിലാസത്തിൽ അനിൽകുമാറും (40) തിരുവനന്തപുരം വെള്ളായണി തെക്കുംകര പുതുവൽവിള വീട്ടിൽ അജേഷും (30) ആൾക്കൂട്ടത്തിെൻറ ക്രൂരമായ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കൊല്ലത്ത് സദാചാര ഭ്രംശം ആരോപിച്ചാണ് കൊലപാതകമെങ്കിൽ തിരുവനന്തപുരത്ത് മോഷണാരോപണമാണ് കാരണം. ആൾക്കൂട്ടക്കൊലകളെ കുറിച്ച് ഈ കോളത്തിൽ പലകുറി എഴുതിയതാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ പലവിധത്തിലുള്ള വിവാദങ്ങൾക്കും വിധേയമായതാണ് ആൾക്കൂട്ടക്കൊലകൾ. ഹിന്ദുത്വ വലതുപക്ഷം അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്നതാണ് ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ. അതിനാൽ അവ വലിയ രാഷ്ട്രീയവിവാദമാവുക സ്വാഭാവികം. സാർവദേശീയ തലത്തിൽ ഇന്ത്യയെ കുറിച്ച ഭാവനയെ വലിയ രീതിയിൽ മോശമാക്കുന്നതിൽ ഇത്തരം കൊലകൾ നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വർഗീയസ്വഭാവമുള്ള ആൾക്കൂട്ടക്കൊലകളിൽനിന്ന് കേരളം മുക്തമായിരുന്നു. അതേസമയം, മണ്ണാർക്കാട്ട് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ അരി മോഷ്ടിച്ചുവെന്ന് പറഞ്ഞ് അടിച്ചു കൊന്നത് കേരള മനഃസാക്ഷിയെ വലിയ തോതിൽ വേദനിപ്പിച്ച സംഭവമായിരുന്നു.
അന്ന് കേരളം ഒന്നടങ്കം മധുവിനും മധുവിെൻറ കുടുംബത്തിനും ഒപ്പം നിന്നു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാറും നല്ല ശ്രദ്ധ പുലർത്തി. മധുവിെൻറ മരണം ആൾക്കൂട്ടക്കൊലകളെ കുറിച്ചു മാത്രമല്ല, ആദിവാസി ജീവിതങ്ങളെ കുറിച്ചും ഗൗരവത്തിൽ ചിന്തിക്കാൻ കേരളത്തെ പ്രാപ്തമാക്കി. ആൾക്കൂട്ട വിചാരണക്കും മർദനങ്ങൾക്കും കൊലകൾക്കും സാമൂഹിക പിന്തുണ ലഭിക്കാത്ത പൊതുമാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ആൾക്കൂട്ടക്കൊലയിലെ പ്രതികൾ ആദരിക്കപ്പെടുകയും രാഷ്ട്രീയമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ അവസ്ഥയിൽനിന്ന് കേരളത്തെ മാറ്റി നിർത്തുന്ന ഘടകമാണത്. അതേസമയം, ആൾക്കൂട്ട അധികാരത്തിന് നമ്മുടെ ജനാധിപത്യ, പ്രബുദ്ധ ബോധത്തിൽ ഇപ്പോഴും ഒരു മുറി ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ് തിരുവനന്തപുരത്തും കൊല്ലത്തും നടന്ന സംഭവങ്ങൾ.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട അജേഷ് എന്ന ചെറുപ്പക്കാരൻ മാനസികാസ്വാസ്ഥ്യം ഉള്ളയാൾ കൂടിയാണ്. അവനിൽ ആരോപിക്കപ്പെട്ട കുറ്റമാകട്ടെ, മൊബൈൽ ഫോൺ മോഷണവും. അതേസമയം, മോഷ്ടിക്കപ്പെട്ടു എന്നു പറയുന്ന മൊബൈൽ ഫോൺ അയാളെ അടിമുടി ഭേദ്യം ചെയ്തിട്ടു പോലും കണ്ടെടുക്കാൻ ആക്രമണകാരികൾക്ക് സാധിച്ചിട്ടില്ല. കണ്ടെടുത്തിരുന്നെങ്കിൽ ആ ആക്രമണം ശരിയായിരുന്നു എന്ന അർഥത്തിലല്ല ഇതു പറഞ്ഞത്. അതായത്, ആൾക്കൂട്ടത്തിെൻറ ന്യായത്തിൽ പോലും തെറ്റ് തെളിയിക്കപ്പെടാത്ത ഒരു യുവാവാണ് അവിടെ കൊല്ലപ്പെടുന്നത്.
എന്തുമാത്രം ഹീനമായ ചെയ്തിക്കാണ് ആ യുവാവ് വിധേയനായത്? ഇരുമ്പ് പഴുപ്പിച്ച് ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിക്കുക, വായിൽ തുണിതിരുകി ക്രൂരമായി മർദിക്കുക, അത് വിഡിയോയിൽ പകർത്തുക തുടങ്ങിയ മാനസികവും ശാരീരികവുമായ പീഡകൾക്കാണ് ആ ചെറുപ്പക്കാരൻ വിധേയമായത്. അങ്ങേയറ്റം ദുർബലമായ പശ്ചാത്തലത്തിൽനിന്നു വരുന്നയായാളാണ് കൊല്ലപ്പെട്ട വ്യക്തി. കൗതുകകരമായ കാര്യം, പ്രതികളിലാരുടെയും മൊബൈൽ അല്ല നഷ്ടപ്പെട്ടത് എന്നതാണ്. ഓട്ടോയിൽ യാത്ര ചെയ്തയാൾ തെൻറ മൊബൈൽ നഷ്ടപ്പെട്ടുവെന്ന് ഓട്ടോ ൈഡ്രവർമാരോട് പറയുകയും തിരിച്ചുകിട്ടുകയാണെങ്കിൽ പകുതിപ്പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ആ പകുതിപ്പണത്തിൽ ആർത്തി പൂണ്ട ഓട്ടോ ൈഡ്രവർമാരാണ് ഈ ക്രൂരതക്ക് നേതൃത്വം നൽകിയത്. പ്രതികളിൽ പലരും മോഷണമടക്കമുള്ള ക്രിമിനൽ കേസുകളിൽ മുമ്പ് പ്രതികളായിരുന്നവരുമാണ്.
ആൾക്കൂട്ടക്കൊലകളെ മൊത്തത്തിൽ പരിശോധിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. സാമൂഹിക മൂലധനം കുറഞ്ഞ പശ്ചാത്തലങ്ങളിൽനിന്ന് വരുന്നവരാണ് ഇത്തരം ക്രൂരതകൾക്ക് ഏറെയും വിധേയമാവുന്നത് എന്നതാണത്. മണ്ണാർക്കാട്ടെ മധുവിനെ പോലെ അജേഷും അത്തരമൊരു പശ്ചാത്തലത്തിൽനിന്നുള്ളയാളാണ്. പുറമേക്ക് പലവിധത്തിൽ മുന്നേറ്റമുണ്ടാക്കുമ്പോഴും നമ്മുടെ സമൂഹം അകമേ ദുർബലമായിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. മറ്റൊരർഥത്തിൽ പറഞ്ഞാൽ, എവിടെയൊക്കെയാണോ നമുക്ക് ദൗർബല്യങ്ങളുള്ളത് അത് അതേപടി, സമൂഹത്തിൽ പൊതുവെയുണ്ടാവുന്ന ചലനാത്മകതകളൊന്നും ഉൾക്കൊള്ളാതെ നിലനിൽക്കുകയാണ് എന്ന് അനുമാനിക്കേണ്ടി വരും.
അതായത്, നമ്മുടെ സാമൂഹിക നവോത്ഥാനം എവിടെയോ സ്തംഭിച്ചുനിൽക്കുകയാണ്. ദുർബലമായി നിൽക്കുന്ന സാമൂഹികവിഭാഗങ്ങളും മേഖലകളും അതേ അവസ്ഥയിൽതന്നെ തുടരുകയാണ്. നമ്മുടെ പുരോഗമന അഹന്തകളൊന്നും അവരെ/അത്തരം മേഖലകളെ സ്പർശിച്ചിട്ടില്ല. നിയമവാഴ്ചയോടുള്ള ആദരവ്, ഉയർന്ന ജനാധിപത്യബോധം തുടങ്ങിയ മൂല്യങ്ങൾ തൃണമൂലതലത്തിൽ പ്രയോഗവത്കരിക്കുന്നതിൽ ഒരു സമൂഹം എന്ന നിലക്ക് നാം പരാജയപ്പെടുകയാണോ എന്ന് ആലോചിക്കേണ്ട അനുഭവങ്ങളാണ് ഇവയൊക്കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.